റമദാന്‍ ചിന്തകള്‍ - നവൈതു 9. സുബ്ഹിയോടെ തുടങ്ങുന്ന സമൂഹത്തിന്റെ ദിവസം

സുബ്ഹി നിസ്കാരം ഒരു വിശ്വാസിയെ സുരക്ഷിതമാക്കുന്നുവെന്ന് പ്രമാണങ്ങള്‍. ഒറ്റക്ക് നിസ്കരിക്കുന്നതിലുപരി, സമൂഹമായി നിസ്കരിക്കുന്നതാണ് അല്ലാഹുവിന്കൂടുതല്‍ ഇഷ്ടം. അതില്‍തന്നെ, സുബ്ഹി സമൂഹമായി സംഘം ചേര്‍ന്ന് നിസ്കരിക്കുന്നതിന് പുണ്യം ഏറെയാണ്. 

അത്താഴ സമയത്ത് ഉണര്‍ന്ന് അല്ലാഹുവിലേക്ക് മുഖം തിരിച്ച്, അവന് മുമ്പില്‍ സാഷ്ടാംഗം നമിച്ചുകൊണ്ടാണ് ഒരു വ്യക്തിയുടെ ദിവസം തുടങ്ങുന്നതെങ്കില്‍, സുബ്ഹി നിസ്കാരത്തിലൂടെയാണ് മുസ്‍ലിം സമൂഹത്തിന്റെ ദിവസം തുടങ്ങുന്നതെന്ന് പറയാം. എല്ലാവരും പള്ളിയിലെത്തി, യാതൊരു വ്യത്യാസവുമില്ലാതെ ഒന്നായി അണി ചേര്‍ന്ന് തക്ബീര്‍ ചൊല്ലി കൈകള്‍ കെട്ടുന്നതിലൂടെ, വിശ്വാസി സമൂഹത്തിന്റെ പ്രതീകമായി മാറുകയാണ് അത്. ഉള്ളവനെന്നോ ഇല്ലാത്തവനെന്നോ വ്യത്യാസം അവിടെ കാണാനാവില്ല, അടിമയെന്നോ ഉടമയെന്നോ വിവേചനത്തിന് അവിടെ പ്രസക്തിയില്ല, എല്ലാവരും ഒരേ വരിയില്‍, ഒരേ നിരയില്‍, ആര് ആദ്യം എത്തുന്നുവോ അവനാണ് പ്രഥമ സ്ഥാനം... മനുഷ്യ സമത്വത്തിന്റെ ഏറ്റവും വലിയ മാതൃകയാണ് അവിടെ പ്രകടമാവുന്നത്. രാജാവായ മഹ്മൂദും അടിമയായ അയാസും ഇതാ ഒരേ വരിയില്‍ നിന്ന് നിസ്കരിക്കുന്നു, എന്തൊരു സുന്ദരമായ കാഴ്ചയെന്ന് കവി ഇഖ്ബാല്‍ പറഞ്ഞതും ഇതായിരുന്നു.

വിശ്വാസികളുള്ള ഏതൊരു പ്രദേശത്തും ഇങ്ങനെയാണ് അവരുടെ ഒരു സാമൂഹ്യദിവസം തുടങ്ങുന്നത് എന്ന് പറയാം. ഏതെങ്കിലും ഒരു പ്രദേശത്ത് മാത്രമല്ല, വിശ്വാസികള്‍ ഒരു സമൂഹമായി കഴിയുന്നിടത്തെല്ലാം ഇങ്ങനെത്തന്നെ. അഥവാ, സമാനമസയത്ത്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി സുബ്ഹി നിസ്കരിക്കുന്നവരുടെ ഒരു പൂര്‍ണ്ണവലയം തന്നെ വിശുദ്ധ കഅ്ബക്ക് ചുറ്റും രൂപപ്പെടുന്നു എന്നര്‍ത്ഥം.

Read More:റമദാന്‍ ചിന്തകള്‍ - നവൈതു 8. സുബ്ഹി നിസ്കരിക്കുന്നതോടെ സുരക്ഷിതരാവുന്നവര്‍

സമൂഹമായി നില്ക്കുന്നതോടെ, നാമെല്ലാം ഒരേ ലക്ഷ്യത്തിലും മാര്‍ഗ്ഗത്തിലുമാണെന്ന് അവര്‍ വീണ്ടും വീണ്ടും പ്രഖ്യാപിക്കുകയാണ്. അല്ലാഹുവാണ് ഏറ്റവും ഉന്നതനെന്ന വാക്യമാണ് അവരെ ഒന്നിപ്പിക്കുന്നത്.. ഒരു നേതാവിന്റെ കീഴില്‍ അണിനിരന്ന് എല്ലാവരും ഏകകണ്ഠേന ഉരുവിടുന്നതും അത് തന്നെ. അവസാനം ഇരുഭാഗത്തേക്കും സലാം പറഞ്ഞ് ഒരേ സമയത്ത് അവര്‍ അത് മുഴുമിപ്പിക്കുകയും ചെയ്യുന്നു. അഥവാ, ലോകത്താകമാനം സമാധാനം പുലരട്ടെ എന്ന് അതിരാവിലെ തന്നെ ഓരോ വിശ്വാസിയും വ്യക്തിപരമായും സംഘമായും പ്രാര്‍ത്ഥിക്കുന്നു എന്നര്‍ത്ഥം. 

ഇങ്ങനെ തുടങ്ങുന്ന സമൂഹത്തിന്റെ ഒരു ദിനത്തിന് എന്തൊരു ഭംഗിയായിരിക്കും.. പരസ്പരം താങ്ങിയും തുണച്ചും മുന്നോട്ട് പോകുന്ന, ഒരേ മുന്തിരിക്കുലയിലെ നന്മുന്തിരികളെപ്പോലെയായി മാറും അവരെന്ന് നിസ്സംശയം പറയാം...അതാണ് യഥാര്‍ത്ഥത്തില്‍ മുസ്‍ലിം സമൂഹം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter