ഇഖ്റഅ് 18- ആത്മാവെന്ന തുറക്കാനാവാത്ത പുസ്തകം

സൃഷ്ടിച്ച നാഥന്റെ നാമത്തില്‍..

ആത്മാവിനെകുറിച്ചു താങ്കളോടവര്‍ ചോദിക്കും. പറയുക: ആത്മാവ് എന്റെ രക്ഷിതാവിന്റെ (രഹസ്യ) കാര്യങ്ങളില്‍ പെട്ടതാണ്. നിങ്ങള്‍ക്കു അല്‍പജ്ഞാനം മാത്രമേ നല്‍കപ്പെട്ടിട്ടുള്ളൂ (സൂറതുല്‍ ഇസ്റാഅ്-85)

വളരെയേറെ മുന്നോട്ട് പോയ ശാസ്ത്രലോകത്തിന് മുന്നില്‍, ഇന്നും പിടികൊടുക്കാതെ നില്ക്കുന്ന അല്‍ഭുതപ്രതിഭാസമാണ് ആത്മാവ്. മനുഷ്യര്‍ മാത്രമല്ല, ജീവനുള്ള സകല ജീവജാലങ്ങള്‍ക്കും ആത്മാവുണ്ടെന്നത് എല്ലാവര്‍ക്കും അറിയുന്നതും അംഗീകരിക്കുന്നതുമാണ്. 

ആത്മാവ് വിട്ട് പിരിയുന്നതോടെ, കേവലം ഭൌതിക ശരീരമായി മാറുന്ന മനുഷ്യന്റെ പേര് പോലും അപ്രത്യക്ഷമാവുന്നതാണ് നാം കാണുന്നത്. അത് വരെ സ്നേഹിച്ചും തൊട്ടുരുമ്മിയും കൂടെ നിന്നവര്‍ പോലും, ആത്മാവില്ലാത്ത ശരീരത്തെ ഭയക്കുന്ന പോലെയാണ്. വേര്‍പാടിന്റെ അഗാധ ദുഖത്തിനിടയിലും എത്രയും വേഗം അതിനെ മറവ് ചെയ്യാനാണ് എല്ലാവരും ശ്രമിക്കുന്നത്.

ആത്മാവിന്റെ സംസ്കരണത്തിലൂടെ ഔന്നത്യങ്ങളുടെ അനന്ത സീമകള്‍ താണ്ടിയവരെയും നമുക്ക് കാണാനാവുന്നു. ഭൌതിക ശരീരത്തിന്റെ പരിധികളും പരിമിതികളുമെല്ലാം അത്തരക്കാര്‍ക്ക് മുന്നില്‍ ഇല്ലാതെയാവുന്നു. ഭൌതിക പരിധികളെയെല്ലാം നിഷ്പ്രഭമാക്കി, രാത്രിയുടെ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ മക്കയില്‍നിന്ന് ഫലസ്തീനിലെ ബൈതുല്‍ മഖ്ദിസിലേക്കും ശേഷം ഏഴാനാകാശങ്ങളിലേക്കുമെല്ലാം പ്രയാണം നടത്തി തിരിച്ചെത്തിയ പ്രവാചകരാണ് അതിന്റെ ഒന്നാമത്തെ ഉദാഹരണം. 

മദീനയിലെ പള്ളി മിമ്പറിലിരുന്ന് ഖുത്ബ നിര്‍വ്വഹിച്ചുകൊണ്ടിരുന്ന ഉമര്‍(റ), പേര്‍ഷ്യയിലെ യുദ്ധക്കളം നേരിട്ട് കാണുന്നതും സൈനികതലവനായ സാരിയാ(റ)നെ വിളിച്ച്, ശത്രുവിന്റെ നീക്കങ്ങളെകുറിച്ച് നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നതും ഈ പരിധികളെ നിഷ്പ്രഭമാക്കുന്ന സംഭവങ്ങളില്‍ ചിലതാണ്. 

മനുഷ്യന്‍ എന്ന് പറയുന്നത് തന്നെ ആത്മാവ് ആണെന്ന് പറയാം. എല്ലാം എന്റേത് എന്ന് പറയുമ്പോഴും ആരാണ് ഞാനെന്ന ചോദ്യം ബാക്കിയാവുകയാണ്. അവിടെയാണ് ആത്മാവ് എന്ന ഉത്തരം കടന്നുവരുന്നത്. അത് നഷ്ടമാവുന്നതോടെ ഇല്ലാതാവുന്നതെന്തോ അതാണ് ഓരോരുത്തരും പറയുന്ന ഞാനെന്ന് പറയാം. 

ഗോളങ്ങളും ഗ്രഹങ്ങളുമെല്ലാം കീഴടക്കി വിജ്ഞാന മേഖലകളില്‍ ശാസ്ത്രലോകം അതിവേഗം ബഹുദൂരം മുന്നോട്ട് പോകുമ്പോഴും, എല്ലാം ചെയ്യുന്ന ഈ ഞാന്‍ ആരെന്ന് അറിയാതെ പകച്ച് നില്ക്കുക തന്നെയാണ്. അതിന് മുന്നില്‍ പറയാവുന്ന മറുപടി ഒന്നേ ഉള്ളൂ,   ആത്മാവ് എന്റെ രക്ഷിതാവിന്റെ (രഹസ്യ) കാര്യങ്ങളില്‍ പെട്ടതാണ്. 
നാഥാ, നീയെത്ര പരിശുദ്ധന്‍.. എല്ലാം നിന്റേതാണ്, നിന്നിലേക്ക് തന്നെയാണ് മടക്കവും..
 
നമുക്ക് വായന തുടരാം... നാഥന്റെ നാമത്തില്‍...

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter