ഇഖ്റഅ് 24- എത്രയെത്ര മുഖങ്ങള്‍... എല്ലാം നമുക്ക് തിരിച്ചറിയാനാവുന്നു...

_സൃഷ്ടിച്ച നാഥന്റെ നാമത്തില്‍....

നിശ്ചയമായും മനുഷ്യനെ നാം ഏറ്റവും നല്ല രൂപത്തില്‍ സൃഷ്ടിച്ചിരിക്കുന്നു (സൂറതുത്തീന്‍-04)

ഭൂമിയിലെ കോടാനുകോടി മനുഷ്യരെ കുറിച്ച് ആലോചിച്ചുനോക്കിയിട്ടുണ്ടോ. കഴിഞ്ഞ് പോയവരും ഇന്ന് ജീവിക്കുന്നവരുമായ പരകോടി മനുഷ്യര്‍, അവര്‍ എത്ര തന്നെയുണ്ടെങ്കിലും ഓരോരുത്തരെയും മുഖം കണ്ടാല്‍ തന്നെ നമുക്ക് തിരിച്ചറിയാനാവുന്നു. ഒരേ മാതാവിനും പിതാവിനും പിറക്കുന്ന മക്കളുടെയും മുഖങ്ങള്‍ വ്യത്യസ്തമാണ്. 

മുഖങ്ങളുടെ രൂപവ്യത്യാസങ്ങള്‍ അല്‍ഭുതാവഹമാണ്. വെളുപ്പിനും കറുപ്പിനുമിടയിലാണ് മനുഷ്യരുടെ നിറം എന്ന് പറയാം. അതുപോലെ, മനുഷ്യരുടെ മുഖത്തെ അവയവങ്ങളില്‍ യാതൊരു മാറ്റവും കാണാനാവുന്നില്ല. എല്ലാവര്‍ക്കുമുള്ളത് രണ്ട് കാണും മൂക്കും വായയും തന്നെ. എന്നിട്ടും ഓരോരുത്തരെയും നമുക്ക് അവരുടെ മുഖം കണ്ടാല്‍ തിരിച്ചറിയാനാവുന്നു. പലപ്പോഴും മുഖത്തിന്റെ ചെറിയൊരു ഭാഗമോ കണ്ണുകളോ കണ്ടാല്‍ തന്നെ പലരെയും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. 

വളരെ പരിമിതമായ സാധ്യതകളില്‍ ഏറ്റവും വൈജാത്യങ്ങള്‍ തീര്‍ക്കപ്പെട്ട സൃഷ്ടിയാണ് മനുഷ്യമുഖം എന്ന് പറയാം. അതോടൊപ്പം, സൌന്ദര്യത്തിന്റെയും ആകര്‍ഷണീയതയുടെയും എല്ലാ ചേരുവകളും ചേര്‍ത്ത് വെച്ചിരിക്കുന്നതും അവിടെ തന്നെ. അതിലുപരി, അതിലുള്‍ക്കൊള്ളുന്ന ഭാഗങ്ങള്‍ക്കെല്ലാം അവയുടെതായ വിവിധ ധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാനുണ്ട് താനും. അതോടൊപ്പം, വിവിധ വികാരങ്ങളും വിക്ഷോഭങ്ങളും കാമവും ക്രോധവുമെല്ലാം പ്രകടമാവുന്നതും ആ മുഖത്ത് തന്നെ. ജനങ്ങള്‍ക്കിടയില്‍ നാണം കെടുമ്പോള്‍ മുഖം തന്നെയാണ് അതിനും ഇരയാവുന്നത്. നാളെ പരലോകത്ത് സന്തോഷം വിവരിക്കുന്നിടത്ത് പോലും, തുഷ്ടിതുടിക്കുന്നതായും വിഷാദ നിര്‍ഭരമായും ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നതും മുഖങ്ങളെ തന്നെയാണ്. 

Read More: റമളാൻ ഡ്രൈവ് (ഭാഗം 24) നവൈതു

മുഖത്തിന്റെ ഇടത് വലത് ഭാഗങ്ങള്‍ക്ക് പോലും നിര്‍വ്വഹിക്കുന്ന ധര്‍മ്മങ്ങളില്‍ വ്യത്യാസങ്ങളുണ്ടെന്നാണ് പറയപ്പെടുന്നത്. വലത് ഭാഗം ചിന്ത, കണക്ക് കൂട്ടലുകള്‍ തുടങ്ങി ആലോചനയും മനനവും ആവശ്യമുള്ള ജോലികളുടെ പ്രതീകമാണെങ്കില്‍, ലോലവും ലളിതവുമായ വ്യക്തി ജീവിതം, കുടുംബ ജീവിതം എന്നിവയുമായി ബന്ധപ്പെട്ടതാണ് ഇടത് ഭാഗമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇരുഭാഗത്തെയും പുരികങ്ങള്‍ പോലും ഇതിനനുസൃതമായാണത്രെ സൃഷ്ടിച്ച് സംവിധാനിക്കപ്പെട്ടിരിക്കുന്നത്.

കര്‍മ്മങ്ങളും ജീവിത നെട്ടോട്ടങ്ങളുമെല്ലാം കഴിഞ്ഞ്, ജീവന്‍ വെടിഞ്ഞ് മണ്ണിലേക്ക് തിരിച്ച് വെക്കപ്പെടുമ്പോള്‍, അവസാനമായി കവിളില്‍നിന്ന് വസ്ത്രഭാഗം നീക്കി മണ്ണുമായി മുഖത്തെ ചേര്‍ത്ത് വെക്കുന്നതും ഇതിനോട് ചേര്‍ത്ത് വായിക്കാം. എല്ലാം സൃഷ്ടിവൈഭവങ്ങളുടെ നേര്‍സാക്ഷ്യങ്ങള്‍. 
നാഥാ, നാളെ വിചാരണ വേളയില്‍ ഞങ്ങളെ നീ മുഖം കെടുത്തരുതേ...

നമുക്ക് വായന തുടരാം... നാഥന്റെ നാമത്തില്‍...

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter