ഇഖ്റഅ് 20. ഭൗതികനേട്ടങ്ങള്‍ക്കല്ല.. എല്ലാം അല്ലാഹുവിന് വേണ്ടി...
ഖലീഫ ഉമറുബ്നുഅബ്ദില്‍ അസീസ്(റ) നാട് ഭരിക്കുന്ന കാലം. ധര്‍മ്മയുദ്ധങ്ങളുടെ ഭാഗമായി, ഖുതൈബതുല്‍ ബാഹിലി സൈന്യവുമായി സമര്‍ഖന്ദിലെത്തിയിരിക്കുകയാണ്. അവിടത്തെ ഭൂപ്രകൃതിയും വിളഞ്ഞ് നില്ക്കുന്ന ധാന്യപ്പാടങ്ങളും കണ്ട അദ്ദേഹം, അവരെ വിവരമറിയിക്കുകയോ മതത്തിലേക്ക് ക്ഷണിക്കുകയോ ചെയ്യാതെ, പതിവിന് വിപരീതമായി അവരുമായി നേരിട്ട് യുദ്ധത്തിലേര്‍പെട്ട് വിജയം വരിച്ചു. ഇസ്‍ലാമിക ശരീഅതിന്റെ നിയമപ്രകാരം, മുസ്‍ലിംകളാവുകയോ ജിസ്‍യ നല്കി ഇസ്‍ലാമിക ഭരണത്തിന് കീഴില്‍ നില്‍ക്കുകയോ ചെയ്യാനുള്ള അവസരം നല്കി, അതിന് വിസമ്മതിക്കുന്ന പക്ഷമേ യുദ്ധം ചെയ്യാവൂ എന്ന് അറിയാമായിരുന്ന അവിടത്തെ പുരോഹിതര്‍ ഖലീഫക്ക് ഈ പരാതി ബോധിപ്പിച്ച് കത്തെഴുതി.
പരാതി ലഭിച്ച ഖലീഫ, ഖുതൈബ നടത്തിയ ഈ നിയമലംഘനം അന്വേഷിക്കണമെന്നും ആവശ്യമായ പരിഹാര നടപടികള്‍ സ്വീകരിക്കണമെന്നും പറഞ്ഞ്, അതേ പരാതിയുടെ പുറത്ത് തന്നെ അവിടത്തെ ഖാളിക്ക് സന്ദേശം എഴുതി അയച്ചു. പരാതിയില്‍ പറഞ്ഞ കാര്യം ശരിയാണെന്ന് ബോധ്യപ്പെട്ട ഖാളി ഖുതൈബയെ വിളിച്ച് വിചാരണ നടത്തി. കാരണം ബോധിപ്പിച്ച അദ്ദേഹത്തോട് ഖാളി പറഞ്ഞു, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ധര്‍മ്മസമരം ചെയ്യാനാണ് നാം പുറപ്പെട്ടിരിക്കുന്നത്. അല്ലാതെ, അന്യരുടെ ഭൂമിയും സ്വത്തും വിഭവങ്ങളും പിടിച്ചെടുക്കാനല്ല. താങ്കള്‍ ഈ ചെയ്തത് ശരിയല്ല, എത്രയും വേഗം ഇവിടെ നിന്ന് സൈന്യത്തെ പിന്‍വലിക്കുക.
ഖാളിയുടെ വിധി വന്നതോടെ, തന്റെ പിഴവ് ബോധ്യപ്പെട്ട ഖുതൈബ സൈന്യത്തെ തിരിച്ച് വിളിച്ചു. ശേഷം, സമര്‍ഖന്ദുകാരോട് നിയമാനുസരണമുള്ള മുന്നറിയിപ്പുകള്‍ നല്കി. ഇസ്‍ലാമിക ശരീഅത്തിന്റെ നീതിനിഷ്ഠയിലും അതിന്റെ കൃത്യമായ പ്രയോഗത്തിലും ഏറെ ആകൃഷ്ടരായ സമര്‍ഖന്ദുകാര്‍ മറ്റൊന്നും ആലോചിക്കാന്‍ നില്ക്കാതെ ഇസ്‍ലാമിലേക്ക് കടന്നുവന്നു.
Read More: ഇഖ്റഅ് 19.സ്വര്‍ഗ്ഗം കൊണ്ട് പോയ സഹോദരന്‍
ഇതാണ് ഇസ്‍ലാമിന്റെ അടിസ്ഥാനം. എല്ലാം അല്ലാഹുവിന് വേണ്ടിയാണ്, യുദ്ധരംഗത്തെ ഓരോ നീക്കം പോലും അവന്റെ പ്രീതിയിലും നിയമാനുസൃതവും മാത്രമായിരിക്കണമെന്നാണ് അതിന്റെ പ്രമാണം. സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കോ മറ്റു ലോഭമോഹങ്ങള്‍ക്കോ നഷ്ടലാഭങ്ങളുടെ കണക്കുകള്‍ക്കോ അവിടെ യാതൊരു സ്ഥാനുവമില്ല.
വിശ്വാസിയുടെ ജീവിതം മുഴുക്കെ അങ്ങനെയായിരിക്കണം. പറയുന്നതും ചെയ്യുന്നതും മനോമുകുരത്തിലെ വികാരവിചാരങ്ങള്‍ പോലും അല്ലാഹുവിന് വേണ്ടിയായിരിക്കണം. അല്ലാത്തതെല്ലാം സ്വാര്‍ത്ഥതയും വൈയ്യക്തിക വ്യാമോഹങ്ങളുമാണ്. ഇസ്‍ലാമിന്റെ ദൃഷ്ടിയില്‍ അവക്കൊന്നും സ്ഥാനമില്ല തന്നെ.
നമ്മുടെ ജീവിതവും ഈ രീതിയിലേക്ക് ചിട്ടപ്പെടുത്താന്‍ നമുക്ക് ശ്രമിക്കാം. ഓരോ അടക്കവും അനക്കവുമെല്ലാം നാഥന്റെ പൊരുത്തത്തിലാക്കാന്‍ നമുക്ക് മനസ്സ് വെക്കാം. ഈ റമദാനും നാം നോല്ക്കുന്ന നോമ്പുകളും അതിന് കളമൊരുക്കട്ടെ.



Leave A Comment