ഇഖ്റഅ് 29-മരണവും താളുകളേറെയുള്ള ഗ്രന്ഥം തന്നെ
സൃഷ്ടിച്ച നാഥന്റെ നാമത്തില്‍....
നിങ്ങളില്‍ ആരാണ് ഏറ്റവും നല്ല പ്രവൃത്തി ചെയ്യുന്നവരെന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണത്തെയും ജീവിതത്തെയും സൃഷ്ടിച്ചവനാണ് (അവന്‍). അവന്‍ പ്രതാപശാലിയും വളരെ പൊറുക്കുന്നവനുമാകുന്നു. (സൂറതുല്‍ മുല്‍ക്)
അല്‍ഭുതസൃഷ്ടിയായ മനുഷ്യന്റെ ജീവിതം പോലെതന്നെയോ അതിലുപരിയോ വിസ്മയകരമാണ് മരണവും. ദേഹത്തില്‍നിന്ന് ദേഹി വിട്ട് പിരിയുന്നതാണ് മരണം എന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അതിന്റെ കാരണങ്ങളെന്തെന്ന് ഒരു പിടിയും കിട്ടാതെ ഇന്നും ശേഷിക്കുകയാണ്. ഒരു കവി വാക്യം ഇങ്ങനെ വായിക്കാം, എത്രയെത്ര ആരോഗ്യദൃഢ ഗാത്രരാണ് യാതൊരു അസുഖവുമില്ലാതെ മരണത്തിന് കീഴടങ്ങിയത്, എന്നാല്‍ നിത്യ രോഗികളായി ശയ്യാവലംബികളായ പലരും കാലങ്ങളോളം ജീവിക്കുകയും ചെയ്യുന്നു.
എത്ര പുരോഗതി പ്രാപിച്ച ചികില്‍സാ സമ്പ്രദായങ്ങള്‍ പോലും മരണത്തിന് മുന്നില്‍ പരാജയപ്പെടുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. എത്ര വലിയ ഭൌതിക സൌകര്യങ്ങളും സാമ്പത്തിക ശേഷിയും ഉള്ള ലോക സമ്പന്നര്‍ പോലും, മരണത്തിന് മുന്നില്‍ ഒന്നും ചെയ്യാനാവാതെ നിസ്സഹായരാവുന്നു. ഒരു ദിവസമെങ്കിലും ആയുസ്സ് നീട്ടി ലഭിക്കാന്‍ ഉള്ളതെല്ലാം ചെലവഴിക്കാന്‍ തയ്യാറായിട്ട് പോലും അത് സാധിക്കാതെ വിടപറയേണ്ടിവരുന്നു. മരണം വരിക്കുന്നതോടെ അവരും കേവലം ഭൌതികജഡമെന്ന പേരിലേക്ക് മാറുകയും ചെയ്യുന്നു.
Read More: റമളാൻ ഡ്രൈവ് (ഭാഗം 29) നവൈതു
ശരീര ധര്‍മ്മങ്ങളെല്ലാം ഭംഗിയായി അത് വരെ നിര്‍വ്വഹിച്ചിരുന്ന ബാഹ്യ-ആന്തരിക അവയവങ്ങളെല്ലാം മരണത്തോടെ പ്രവര്‍ത്തന രഹിതമായി മാറുകയാണ്. കൈകാലുകള്‍ അനക്കാന്‍ പോലും സാധിക്കുന്നില്ല, ഹൃദയം മിടിപ്പ് നിര്‍ത്തുന്നു, രക്ത ചംക്രമണം തന്നെ നിലച്ചുപോകുന്നു, മസ്തിഷ്കത്തിലെ കോശങ്ങളെല്ലാം നിഷ്ക്രിയമായി മാറുന്നു. എല്ലാം ജഡീകരിക്കപ്പെട്ടതോടെ, ആ മനുഷ്യന്റെ പേര് പോലും അപ്രസക്തമായി ഭൌതിക ജഡം എന്നായി മാറുന്നു. ഏതാനും നിമിഷങ്ങള്‍ക്ക് മുമ്പ് വരെ ചലിച്ചും അനങ്ങിയും സംസാരിച്ചും സജീവമായിരുന്ന മനുഷ്യന്‍, ഒരു നിമിഷ നേരം കൊണ്ട് വേറെ ഏതോ ഒരു ലോകത്തെത്തിയ പോലെ നമുക്ക് അനുഭവപ്പെടുന്നു.
ജീവിത കാലത്ത് ഏറ്റവും സ്നേഹിച്ചിരുന്നവര്‍ പോലും മരണത്തോടെ ആ വ്യക്തിയെ ഭയക്കുന്ന പോലെയാണ്. ജീവനില്ലാത്ത ശരീരത്തോടൊപ്പം കഴിച്ച് കൂട്ടാന്‍ പലരും ധൈര്യപ്പെടാറില്ല. മരണം വരിക്കുന്നതോടെ, എത്രയും വേഗം ആ ശരീരം മറമാടാനാണ് ഓരോരുത്തരും ശ്രമിക്കുന്നത്. മരണം ഉറപ്പായ ഉടനെ, അതിനാവശ്യമായ തയ്യാറെടുപ്പുകളിലേക്ക് നീങ്ങുന്നതും അത് കൊണ്ട് തന്നെ. ശേഷം, കര്‍മ്മങ്ങള്‍ മാത്രം കൂട്ടിനുള്ള ലോകത്ത് അയാള്‍ തനിച്ചായി മാറുന്നു.
ഓര്‍ക്കുംതോറും, ജീവിതത്തേക്കാള്‍ അല്‍ഭുതകരമാണ് മരണം. നാഥാ, എല്ലാം നിന്റെ സൃഷ്ടി വൈഭവത്തിന് മുന്നില്‍ ഞങ്ങളിതാ നമ്ര ശിരസ്കരാവുന്നു, നിനക്ക് മാത്രമാണ് ശക്തി, നീയെത്ര പരിശുദ്ധന്‍.
നമുക്ക് വായന തുടരാം... നാഥന്റെ നാമത്തില്‍...
Leave A Comment