ബോസ്നിയയിലെ ഇസ്‍ലാമും മുസ്‍ലിംകളും
യൂറോപ്പിന്റെ തെക്കുഭാഗത്തായി, ബാൽക്കൻ ഉപദ്വീപിൽ സ്ഥിതിചെയ്യുന്ന, 51,129 ചതുരശ്ര കിലോമീറ്ററിൽ പരന്നു കിടക്കുന്ന രാജ്യമാണ് ബോസ്നിയ ഹെർസഗോവിന. യൂറോപ്പിലെ മുസ്‍ലിം ഭൂരിപക്ഷ രാജ്യങ്ങളിലൊന്നായി ബോസ്നിയ കണക്കാക്കപ്പെടുന്നു. 2013ലെ സെൻസസ് പ്രകാരം 51 ശതമാനം സുന്നി മുസ്‍ലിംകളും 31 ശതമാനം സെർബിയൻ ഓർത്തഡോക്സ് ക്രിസ്ത്യൻസും റോമൻ കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകളും ജൂതരും മറ്റു മത വിശ്വാസികളുൾപ്പെടെ 15 ശതമാനം പേരുമാണ് ബോസ്നിയയിൽ കഴിഞ്ഞു കൂടുന്നത്.
പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളിലെ ഉസ്മാനി സൈന്യത്തിന്റെ ബാൽക്കൺ പ്രദേശങ്ങളിലേക്കുള്ള പടയോട്ടത്തിലൂടെയാണ് ബോസ്നിയയിൽ ഇസ്‍ലാമിന്റെ ദീപം തെളിയുന്നത്. 1384 മുതൽക്കെ ഉസ്മാനികള്‍ ബോസ്നിയ കീഴടക്കാൻ ശ്രമിച്ചിരുന്നു. തുടർന്ന് 1463ൽ ബോസ്നിയയെയും 1482ൽ ഹെർസഗോവിനയേയും കീഴ്പ്പെടുത്തിയതിലൂടെ ഉസ്മാനികള്‍ ബോസ്‌നിയൻ - ഹെർസഗോവിന ഭരണത്തിന് തറക്കല്ല് പാകി. നിലവിലെ ബോസ്നിയയുടെ പടിഞ്ഞാറൻ ഭാഗങ്ങൾ കീഴടക്കാൻ അവര്‍ക്ക് വീണ്ടും വർഷങ്ങളോളം കാത്തിരിക്കേണ്ടി വന്നു.
പതിനഞ്ചാം നൂറ്റാണ്ടിലുണ്ടായ ഈ കീഴടക്കലിലൂടെയാണ് ബോസ്‌നിയൻ ജനത ഇസ്‍ലാമിനെ പുണരുന്നത്. ഇസ്‍ലാമിന്റെ സമാധാനപരമായ അദ്ധ്യാപനങ്ങളും മറ്റുമാണ് ബോസ്നിയൻ ജനത ഇസ്‍ലാം പുൽകുന്നതിനുള്ള കാരണമായതെന്നതാണ് പണ്ഡിതന്മാർക്കിടയിലെ പൊതു വീക്ഷണം. 16ഉം 18ഉം നൂറ്റാണ്ടുകളിലായി ഉസ്മാനികളും ഓസ്ട്രിയക്കാരും തമ്മിൽ നിരവധി തവണ യുദ്ധങ്ങളും സംഘർഷങ്ങളുമുണ്ടായി. ഘട്ടം ഘട്ടമായി ശക്തി ക്ഷയിച്ചു കൊണ്ടിരുന്ന ഉസ്മാനിയ്യാ സാമ്രാജ്യം, 1876ൽ പൂർണ്ണമായും ബോസ്നിയയില്‍ നിലം പതിച്ച ശേഷം ബെർലിൻ ഉടമ്പടി പ്രകാരം 1878ൽ ഓസ്ട്രിയ - ഹങ്കറി ഭരണം നിലവിൽ വന്നു. ഈ ഭരണം 1918 വരെ നിലനിന്നു. ബോസ്‌നിയൻ ജനതക്ക് പുതിയ ഭാഷകളെ പരിചയപ്പെടുത്തുകയും, വിദ്യാഭ്യാസ മേഖലയിൽ പുരോഗമനങ്ങൾ കൊണ്ട് വരികയും ചെയ്തതോടെ ബോസ്‌നിയയിൽ പുതിയൊരു സാംസ്കാരിക പരിവർത്തനവുമുണ്ടായി. എന്നാൽ ഈ കാലയളവിൽ പിറവിയെടുത്ത ദേശിയ വാദവും രാഷ്ട്രീയ അസ്ഥിരതയുമെല്ലാം ഈ ഭരണത്തിന് വെല്ലുവിളിയായി. അങ്ങനെ 1918ൽ ഈ ഭരണവും അവസാനിച്ചു. ഓസ്ട്രിയ - ഹങ്കറി ഭരണ കാലയളവിൽ ഉടലെടുത്ത ദേശീയ വാദമാണ് പിന്നീട് ഒന്നാം ലോക മഹാ യുദ്ധത്തിലേക്ക് വരെ നയിച്ചത്.
ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം സെർബ്, ക്രോയേറ്റ്, സ്ലോവേനിയ രാജ്യങ്ങൾ ചേർന്ന് 'യൂഗോസ്ലാവിയ' രാജ്യമായി മാറി. ബോസ്നിയയിൽ കാർഷിക പുരോഗതി വരുത്തുകയും രാഷ്ട്രീയ സ്ഥിരത വീണ്ടെടുക്കുകയും ചെയ്തു. പക്ഷേ ഈ സാമ്പത്തിക പുരോഗതികൾ സംഭവിച്ചത് ചിലയിടങ്ങളിൽ മാത്രമാണ്. ഇത് സാമ്പത്തിക അസമത്വത്തിനു കരണമായി. ഈ അസമത്വ പ്രതിസന്ധി ദേശീയ വാദികളെ സഹായിച്ചു. അതേ തുടര്‍ന്ന്, 1918 മുതൽ 1941 വരെ നില നിന്ന ഈ ഭരണം അവസാനിച്ചു. രണ്ടാം ലോകമഹായുദ്ധവും ഹോളോകോസ്റ്റും ബോസ്‌നിയൻ പ്രവിശ്യകളെയും സാരമായി ബാധിച്ചിരുന്നു. ബോസ്നിയയിലുണ്ടായിരുന്ന ജൂതന്മാരെയും, ക്രോയേറ്റുകളെയും ഇത് വംശീയ ഉന്മൂലത്തിന് വിധേയമാക്കി.
പിന്നീട് 1945ൽ “യൂഗോസ്ലാവ് സോഷ്യലിസ്റ്റ് ഫെഡറൽ റിപ്പബ്ലിക്” ബോസ്നിയയിൽ നിലവിൽ വന്നു. ഈ ഭരണത്തിൽ കൃഷി, വ്യവസായം തുടങ്ങിയവയെല്ലാം സർക്കാരിന്റെ അധീനതയിലാവുകയും, സാമ്പത്തികമായി രാജ്യം വളരുകയും ചെയ്തു. എന്നാൽ രാഷ്ട്ര സ്ഥാപകനായ ജോസഫ് ടീറ്റോയുടെ മരണത്തിലൂടെ രാഷ്ട്രീയ അസ്ഥിരത രൂപപ്പെടുകയും അതിനെ തുടർന്ന് 1991 ൽ ഈ രാജ്യ ഭരണം നിലംപൊത്തുകയും ചെയ്തു. ഇത് യൂഗോസ്ലാവ് യുദ്ധങ്ങൾ ഉടലെടുക്കുന്നത്തിന് കാരണമായി. യുദ്ധ കാരണമായത് ബോസ്നിയ ആൻഡ് ഹെർസഗോവിന സ്വന്തമായി സ്വതന്ത്ര രാജ്യമായി പ്രഖ്യാപിച്ചതും സെർബിയ അത് അംഗീകരിക്കാത്തതുമായിരുന്നു. ഇത് സംഘർഷങ്ങൾക്കും യുദ്ധങ്ങൾക്കും വഴി വെച്ചു. പിന്നീട് 1995 ൽ, ഡേറ്റൺ ഉടമ്പടി പ്രകാരം ഈ യുദ്ധങ്ങൾ അവസാനിപ്പിച്ചു. ഇതിനു പിന്നാലെ ബോസ്‌നിയൻ പ്രവിശ്യയിലെ ഒരു വലിയ ഭാഗം സെർബ് റിപ്പബ്ലിക്ക് ബോസ്നിയ എന്ന രാജ്യമാക്കി മാറ്റി.
നിലവിൽ ബോസ്നിയയിൽ, ആർക്കും ഒറ്റയ്ക്ക് അധികാരമില്ലാത്ത, മൾട്ടി-പാർട്ടി സംവിധാനമാണുള്ളത്. കൂട്ടുകക്ഷി സർക്കാരുകൾ ആണ് ബോസ്നിയയെ ഭരിക്കുന്നത്. പണ്ടുമുതൽക്കേ അധികാരത്തിനു വേണ്ടിയുള്ള സംഘർഷങ്ങൾക്കും യുദ്ധങ്ങൾക്കും സാക്ഷിയായ ബോസ്‌നിയൻ പ്രദേശം ഇന്നും കൂട്ടുകക്ഷി സർക്കാരുകൾക്കിടയിലെ ഭിന്നിപ്പുകൾക്കും വിഭാഗീയതകൾക്കും സാക്ഷിയായി കൊണ്ടിരിക്കുകയാണ്.
ബഹു ഭൂരിപക്ഷം മുസ്‌ലിംകൾ തിങ്ങിപ്പാർക്കുന്ന ബോസ്നിയക്ക് ഒരു ഭീകര വംശഹത്യയുടെ കഥ പറയാനുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ നിഷ്ഠൂരമായ കൂട്ടക്കൊലക്കും ക്രൂരതകള്‍ക്കുമാണ് 1992-95 കാലയളവിൽ ബോസ്നിയൻ നഗരമായ സ്രെബ്രനിക്ക സാക്ഷ്യം വഹിച്ചത്. സെർബുകാർ നടത്തിയ ഈ കൊടും വംശഹത്യയിൽ ജീവൻ നഷ്ടമായത് ഒരു ലക്ഷത്തിലധികം പേർക്കാണ്. ഈ വംശീയ ഉന്മൂലനം യൂറോപ്പിലെ തന്നെ മുസ്‍ലിം ചരിത്രത്തിലെ കറുത്ത അദ്ധ്യായമായി കണക്കാക്കപ്പെടുന്നു.
സെർബിയൻ വംശീയവാദികൾ നടത്തിയ ഈ കൊടും വംശഹത്യയിൽ നിന്ന് ബോസ്നിയയെ വിമോചിപ്പിച്ചത് ദാർശനികനും സമർത്ഥനുമായിരുന്ന അലിജാ അലി ഇസ്സത്ബെഗോവിച്ചായിരുന്നു. ഒരു പരിധിയോളം ബോസ്‌നിയൻ മുസ്‍ലിം സമൂഹത്തിന്റെ നിലനിൽപ്പിനു കാരണമായത് ബെഗോവിച്ചിന്റെ ക്രിയാത്മകവും സമർത്ഥവുമായ ഇടപെടലുകളായിരുന്നു.
മറ്റൊരു സംഭവ ബഹുലമായ ചരിത്രം കൂടി ബോസ്നിയയ്ക്കുണ്ട്. 1994 ലെ ബോസ്നിയയിലെ സാരായാവൊയിൽ നിന്ന് പുറപ്പെട്ട ഒരു കൂട്ടം ജനങ്ങളുടെ ഹജ്ജ് പലായനമായിരുന്നു അത്. സെർബുകാരുടെ അക്രമ - വംശഹത്യാ കാലത്ത് വളരെ ദുരിതം പേറിയായിരുന്നു ഹാജിമാർ ഈ ഹജ്ജ് നിർവഹിച്ചത്. സാരായാവോ ഉപരോധിക്കപ്പെട്ടതിനാൽ സീറ്റുകൾ പോലും ലഭ്യമല്ലാത്ത ചരക്കു വിമാനങ്ങളിലായിരുന്നു ഇവരുടെ യാത്ര ഉണ്ടായിരുന്നത്. ഈ ഹജ്ജ് യാത്രയെ കൗതുകരമാക്കിയത് അക്കാലത്തെ പ്രസിഡന്റായിരുന്ന അലിജാ അലി ഇസ്സത്ബെഗോവിച്ചും അവരോടൊപ്പമുണ്ടായിരുന്നു എന്നതാണ്. ബെഗോവിച്ചിന്റെ ധീരമായ വാക്കുകളായിരുന്നു ഹാജിമാരെ സ്വാന്തനപ്പെടുത്തിയത്.
ബോസ്‌നിയൻ മുസ്‍ലിം സമൂഹത്തിന്റെ നിലവിലെ നേതാവാണ് ഹുസ്സൈൻ കസോവിച്. ബോസ്നിയയിലെ ഗ്രാഡകാക്കിലും സരയാവോയിലെ ഗാസി ഹുസ്രെവ് ബെയ്‌സ് മദ്രസ്സയിലും പഠിച്ച അദ്ദേഹം 1983ൽ അവിടെ നിന്ന് ബിരുദം നേടി. തുടർന്ന് 1985 മുതൽ 1990 വരെ അൽഅസ്ഹറിൽ ഇസ്‌ലാമിക നിയമം പഠിച്ചു. പിന്നീട് 1993 മുതൽ 2012 വരെ തുസ്‌ലയിലെ മുഫ്തിയായി സേവനമനുഷ്ഠിച്ചു. ശേഷം സ്രെബ്രെനിക്കിന്റെയും ഗ്രഡാചാക്കിന്റെയും ഇസ്‍ലാമിക സഭകളിൽ ഇമാം, ഖതീബ്, മുഅല്ലിം എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം 2012 മുതൽ ബോസ്നിയയുടെ മുഖ്യ മുഫ്തിയാണ്.
ഹനഫീ മദ്ഹബാണ് മറ്റു മദ്ഹബുകളേക്കാൾ ബോസ്നിയയിൽ വ്യാപകമായി പിന്തുടരപ്പെടുന്നത്. കൂടാതെ ഒരു ചെറിയ ഷിയാ സമൂഹവും ബോസ്നിയയിൽ നിലനിന്നുപോരുന്നുണ്ട്. 'ഇസ്‍ലാമിക് കമ്മ്യൂണിറ്റി ഓഫ് ബോസ്നിയ ആന്റ് ഹെർസഗോവിന' യാണ് ബോസ്നിയയിലെ പ്രധാനപ്പെട്ട മത സംഘടന.
Leave A Comment