കൊര്‍ദോവ: ഇസ്‌ലാമിക നാഗരികതയില്‍നിന്നും പടിഞ്ഞാറ് വെളിച്ചം കൊളുത്തിയ കാലം

''മധ്യകാല യൂറോപ്പിന്റെ ധൈഷണിക ചരിത്രപഥത്തില്‍ അതിശോഭനമായൊരു അധ്യായമാണ് മുസ്‌ലിം സ്‌പെയിന്‍ എഴുതിച്ചേര്‍ത്തത്. എട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിനും 13ാം നൂറ്റാണ്ടിന്റെ ആരംഭത്തിനുമിടക്കുള്ള കാലഘട്ടത്തില്‍ അറബ് സംസാരിക്കുന്ന ജനതയാണ് സംസ്‌കാരത്തിന്റെയും നാഗരികതയുടെയും വെളിച്ചവുമായി ലോകമൊട്ടാകെ ഓടിനടന്നത്. പൗരാണിക ശാസ്ത്രവും തത്വചിന്തയും തിരിച്ചുപിടിച്ചവരും കൂടുതല്‍ ഗവേഷണ പര്യവേഷണങ്ങള്‍ നടത്തി നവമുകുളങ്ങള്‍ പൊട്ടിമുളപ്പിച്ചതും പ്രസരിപ്പിച്ചവരും അതുവഴി പശ്ചിമയൂറോപ്പില്‍ പുതിയൊരു നവോത്ഥാനത്തിന്റെ മണ്ണൊരുക്കിയതും ഇവര്‍ തന്നെയാണ്.

ഈ ഉദ്യമങ്ങളുടെയൊക്കെ അമരത്ത് അറബിക് സ്‌പെയിനുണ്ടായിരുന്നു.'' ഭരണത്തിലിരുന്ന കുറഞ്ഞ നൂറ്റാണ്ടുകള്‍ കൊണ്ട് അമൂല്യമായ പലതും ലോകത്തിനു തിരിച്ചുനല്‍കിയ മുസ്‌ലിം സ്‌പെയിനിന്റെ അതിവിസ്മയ സാന്നിധ്യത്തെ അടയാളപ്പെടുത്താന്‍ വിഖ്യാതചരിത്രകാരന്‍ ഫിലിപ്പ് കെ. ഹിറ്റി 'History of the Arabs' (അറബികളുടെ ചരിത്രം) എന്ന തന്റെ പുസ്തകത്തിന്റെ ഒരു അധ്യായത്തിന്റെ ആമുഖത്തില്‍ കുറിച്ചിട്ട വാക്കുകളാണ് മേല്‍ ഉദ്ധരിച്ചത്. എട്ടാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തിലാണ് സ്‌പെയിന്‍ മുസ്‌ലിം അധീശത്വത്തിനു കീഴില്‍ വരുന്നത്. താരിഖ് ബ്‌നു സിയാദ് എന്ന ധീരപടനായകനാണ് സ്‌പെയിനിലേക്കുള്ള മുസ്‌ലിംകളുടെ വഴി തുറക്കുന്നത്. ആ നിര്‍ണായക യുദ്ധമുഖത്ത്, ശത്രുക്കളുടെ പെരുപ്പവും ആയുധക്കോപ്പുകളുടെ വിപുലതയും കണ്ട്, തന്റെ സൈനികപക്ഷത്ത് ചെറിയതോതില്‍ ഭീതിപരന്നപ്പോള്‍, അദ്ദേഹം നടത്തിയ പ്രസംഗവും ചരിത്രത്തില്‍ ഇടം പിടിച്ചതാണ്.

''അല്ലയോ എന്റെ സമൂഹമേ, നിങ്ങളുടെ മുന്നിലതാ നില്‍ക്കുന്നത് സര്‍വായുധവിഭൂഷിരിതരായ ശത്രുസൈനികരാണ്. നിങ്ങളുടെ പിന്നിലാവട്ടെ ക്ഷോഭിക്കുന്ന കടലും. അതുകൊണ്ട് ധീരതയും സ്ഥൈര്യവും വീണ്ടെടുക്കുകയല്ലാതെ ഇന്ന് നിങ്ങള്‍ക്ക് മറ്റൊരു രക്ഷയുടെ വഴിയുമില്ല.'' ഇങ്ങനെ തുടങ്ങിയ പ്രസ്തുത പ്രസംഗത്തിലെ മുഴക്കമുള്ള വാക്കുകള്‍ തന്നെയായാണ് ഒരുപക്ഷേ, എട്ടു നൂറ്റാണ്ടോളം നീണ്ടുനിന്ന മുസ്‌ലിം ഭരണത്തിനു സ്‌പെയിന്റെ മണ്ണില്‍ ശിലയിടാന്‍ വഴിയെളുപ്പമാക്കിയതും പുരാതന കാലത്ത് ഐബീരിയന്‍ ഉപദ്വീപിന്റെ ഭാഗമായിരുന്ന സ്‌പെയിന്‍ റോഡെറിക് എന്ന ക്രിസ്ത്യന്‍ രാജാവില്‍നിന്നാണ് മുസ്‌ലിംകള്‍ പിടിച്ചടക്കുന്നത്. കോര്‍ദോവ സര്‍വ കാലത്തും സ്‌പെയിനിന്റെ ഹൃദയമായിരുന്നു. റോമക്കാരുടെ കാലത്തും അഗസ്റ്റ് ചക്രവര്‍ത്തി ഇവിടെ ഭരണം നടത്തിയപ്പോഴും തുടര്‍ന്നുവന്ന ഓരോ ഭരണാധികാരികളുടെ കാലത്തും കോര്‍ദോവക്ക് സ്‌പെയിന്റെ കണ്ണായ സ്ഥാനമെന്ന പദവി നിലനിര്‍ത്താനായിട്ടുണ്ട്. എന്നാല്‍, കോര്‍ദോവയുടെ ചരിത്രത്തില്‍ തുല്യതയില്ലാത്ത മഹിമയുടെയും മുന്നേറ്റത്തിന്റെയും തിലകക്കുറി ചാര്‍ത്തിയ കാലഘട്ടമായിട്ടാണ് മുഴുവന്‍ ചരിത്രകാരന്‍മാരും നിസ്തര്‍ക്കം എഴുതിവച്ചത്. 750 മുതല്‍ 1050 വരെയുള്ള ഈ കാലയളവില്‍ കോര്‍ദോവ മുസ്‌ലിം സ്‌പെയിനിന്റെ തലസ്ഥാന നഗരിയായിരുന്നു.

ഇന്ന് ശാസ്ത്രത്തിന്റെയും നൂതന കണ്ടുപിടിത്തങ്ങളുടെയും താക്കോല്‍ കുലുക്കിക്കാട്ടി ലോകത്തോട് പല്ലിളിക്കുന്ന പാശ്ചാത്യനെയും യൂറോപ്യരെയും കടലോരത്ത് കക്ക പൊറുക്കുന്ന ജോലി നിര്‍ത്തിച്ച് വിജ്ഞാനാന്വേഷണത്തിന്റെ സാഹസിക വഴിയിലേക്ക് കടന്നുവരാന്‍ പ്രേരണയും പണിയായുധങ്ങളും പ്രത്യയശാസ്ത്രവും മധ്യകാലത്തു തന്നെ പകര്‍ന്നു നല്‍കിയ മുസ്‌ലിം പൈതൃകത്തിന്റെ അനിഷേധ്യ ഭാഗമായ മുസ്‌ലിം സ്‌പെയിന്‍ പൊതുവായും കോര്‍ദോവ പ്രത്യേകിച്ചും. ഹ്രസ്വമായി, വിശ്വസനീയമായ ചരിത്രരേഖകള്‍ ചുരുള്‍ നിവര്‍ത്തി പരിശോധിക്കുകയാണ് ഈ ലേഖനത്തിലൂടെ. റോമക്കാര്‍ 'കൊര്‍ദുബ' എന്നും സ്‌പെയിനുകാര്‍ കൊര്‍ദോബ എന്നും അറബികള്‍ ഖുര്‍ഥുബ എന്നുമാണ് പ്രസ്തുത പ്രദേശത്തെ വിളിച്ചത്. 'നല്ല നഗര'മെന്നാണ് വാക്കിന്റെ അര്‍ത്ഥം. കോര്‍ദോവയുടെ നാളിതുവരെയുള്ള ചരിത്രത്തിന്റെ താവഴികളിലൂടെ സസൂക്ഷ്മം സഞ്ചരിക്കുമ്പോള്‍ ഈ പേര് ആ നാടിനെ അക്ഷരാര്‍ത്ഥത്തില്‍ അന്വര്‍ത്ഥമാക്കുന്നു എന്നു കാണാം. ബീട്രിസ് നദിയുടെ വലത്തേ കരയില്‍, സിയറാ മൊറീനയുടെ കാല്‍ ചുവട്ടിലായി സ്ഥിതിചെയ്യുന്ന ഈ നഗരത്തിന് തെക്കു ഭാഗത്തേക്കും വടക്കു ഭാഗത്തേക്കും പെട്ടെന്ന് സുഗമമായി കടക്കാവുന്ന ഭൂമിശാസ്ത്രപരമായ പ്രവേശന സാധ്യതയുണ്ട്. വെള്ളം, മണ്ണ്, അനുകൂല കാലാവസ്ഥ തുടങ്ങി ബഹുമുഖമായ പ്രകൃതി വിഭവങ്ങള്‍ കൊണ്ടും എക്കാലവും സമ്പന്നമായിരുന്നു കോര്‍ദോവ. ഹിറ്റിയുടെ അഭിപ്രായത്തില്‍ പക്ഷേ, ഒരൊറ്റ കാലഘട്ടത്തില്‍ മാത്രമാണ് ഈ അനന്തമായ വിഭവ സാധ്യതകളെ വേണ്ടവിധം ഉപയോഗപ്പെടുത്തപ്പെട്ടത്.

അത് അറബികളുടെ ഭരണകാലത്തായിരുന്നു. അറബ് ഭരണകാലം സമ്പൂര്‍ണമായും സ്‌പെയിനില്‍ വൈജ്ഞാനിക, സാംസ്‌കാരിക, നാഗരിക പുരോഗതിയുടെ കാലമായിരുന്നെങ്കിലും അതില്‍ തന്നെ 756 മുതല്‍ 1031 വരെ നീണ്ടുനിന്ന ഉമ്മയ്യത്ത് ഭരണകാലം പ്രത്യേകം പ്രസ്താവ്യമാണ്. ഈ കാലഘട്ടം സ്‌പെയിനിലെ തന്നെ ടോലിഡോ, ഡെവില്ല, ഗ്രാനഡ പോലോത്ത പുരോഗതി പ്രാപിച്ച നഗരങ്ങള്‍ക്ക് പോലും കിടപിടിക്കാന്‍ സാധിക്കാത്തവിധം കോര്‍ദോവ, വൈജ്ഞാനിക നാഗരിക പുരോയാനത്തിന്റെ ഉത്തുംഗതിയിലായിരുന്നു. ഹിറ്റി ഈ അഭൂതപൂര്‍വമായ നാഗരിക ഔന്നത്യത്തെ പടിഞ്ഞാറിലെ മറ്റിടങ്ങളുമായി താരതമ്യപ്പെടുത്തി വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. ക്രിസ്ത്യന്‍ ഭരണകൂടങ്ങള്‍ ഇരുട്ടില്‍ തപ്പുമ്പോള്‍ മുസ്‌ലിം കോര്‍ദോവ മനുഷ്യനെ പുരോഗതിയുടെ പടികയറ്റുകയായിരുന്നു; പുതിയ ആശയങ്ങള്‍ രൂപപ്പെടുത്തുകയും ഉന്നതമായ ഗ്രന്ഥരചനകളില്‍ ഏര്‍പ്പെടുകയുമായിരുന്നു. പുതിയ പുതിയ കെട്ടിട സമുച്ചയങ്ങള്‍ വാര്‍ത്തെടുക്കുകയും വിവിധങ്ങളായ കലാസൃഷ്ടികള്‍ക്ക് ജന്മം നല്‍കുകയായിരുന്നു. ഇതെല്ലാം കൂടിയാണ് മുസ്‌ലിം കോര്‍ദോവയെ ഉന്നതമായ നാഗരികതയായി പാകപ്പെടുത്തിയത്. ഒരര്‍ത്ഥത്തില്‍ ഇന്നു കാണുന്ന വിജ്ഞാന വിസ്‌ഫോടനത്തിന്റെ യഥാര്‍ത്ഥ നാമ്പുകള്‍ അണപൊട്ടിയത് മധ്യകാല മുസ്‌ലിം സ്‌പെയിനിന്റെ നഗരങ്ങളില്‍നിന്നു കൂടിയാണ്. സ്‌പെയിന്റെയും കൊര്‍ദോവയുടെ വിശേഷിച്ചും അതിശയകരമായ വളര്‍ച്ചയും പുരോഗതിയും കാണുമ്പോള്‍ ആദ്യം അമ്പരപ്പോടെയും ആസൂയയോടെയുമാണ് യൂറോപ്പും പാശ്ചാത്യലോകവും വീക്ഷിച്ചത്. കാലക്രമേണ ആ നോട്ടം അംഗീകാരത്തിന്റെയും മനസ്സിലാക്കലിന്റേതുമായി. അതു അവസാനിച്ചതാവട്ടെ, സമ്പൂര്‍ണ അനുകരണത്തിലും ഒപ്പിയെടുക്കലിലും. ഈ അനുകരണ സ്വാംശീകരണ ഉദ്യമങ്ങളാണ്.

പില്‍ക്കാലത്ത് അവയ്ക്ക് ശാസ്ത്ര വൈജ്ഞാനിക പുരോഗതിയുടെ കേന്ദ്രമാവാന്‍ ആവശ്യമായ ആശയപരവും വിഭവപരവുമായ അന്നം പകര്‍ന്നുനല്‍കിയത്. മുസ്‌ലിം ഭരണ കാലഘട്ടത്തിലെ കൊര്‍ദോവയുടെ വളര്‍ച്ചയുടെ ആഴവും പരപ്പും മനസ്സിലാക്കാന്‍ അതിന്റെ മുഴുവന്‍ തലങ്ങളും ഹ്രസ്വപരിശോധനക്കെങ്കിലും വിധേയമാക്കേണ്ടതുണ്ട്. കലയുടെയും വാസ്തുവിദ്യയുടെയും ലോകത്ത് സ്‌പെയിനിന് കോര്‍ദോവയ്ക്ക് വിശേഷിച്ചും ഒരു സവിശേഷ ഇടം തന്നെയുണ്ടായിരുന്നു. സ്‌പെയിനിലെ മുസ്‌ലിം ഭരണാധികാരികളില്‍ അധിക പേരും കൃതഹസ്തരായ നിര്‍മാണ വിദഗ്ധരായിരുന്നു. ഇസ്‌ലാമിക കലയുടെ തനത് രൂപങ്ങളായ പല കലാശില്‍പങ്ങളും വാസ്തുവിദ്യകളും ഇക്കാലയളവില്‍ സ്‌പെയിനിന്റെ നഗരങ്ങളില്‍ ജന്മമെടുക്കുകയുണ്ടായി. മുസ്‌ലിം ഭരണകാലത്തിന് അറുതിവരുത്തിക്കൊണ്ട് കടന്നുവന്ന ഭരണാധിപന്‍മാരില്‍ പലരുടെയും നശീകരണ വ്യഗ്രതയാല്‍ പല അമൂല്യവാസ്തു ശില്‍പ മാതൃകകളും നാമാവശേഷമായിപ്പോയെങ്കിലും ആ അഴിഞ്ഞാട്ടങ്ങളെ മുഴുവന്‍ അതിജീവിച്ചുകൊണ്ട്, ആ പ്രതാപ കാലഘട്ടത്തിന്റെ നയനമനോഹര മുഖം അനാവൃതമാക്കി കൊണ്ട് ഇന്നും നിലനില്‍ക്കുന്ന അപൂര്‍വം ചില ചരിത്രസ്മാരകങ്ങളുമുണ്ടവിടെ. ഉമയ്യത്ത് ഭരണകാലത്ത് നിര്‍മിതമായ പ്രസിദ്ധമായ കോര്‍ദോവ പള്ളിയാണതിലൊന്ന്.

മുസ്‌ലിം ഭരണകാലത്തിലെ വിവിധ ഘട്ടങ്ങളില്‍ വിവിധ രാജാക്കന്‍മാരാല്‍ കൂടുതല്‍ അലങ്കാരപ്പണികള്‍ക്കും ചേര്‍ക്കലുകള്‍ക്കും വികസന ശ്രമങ്ങള്‍ക്കും പാത്രമായ ഈ പള്ളി എന്നും സന്ദര്‍ശകരായെത്തുന്നവര്‍ക്ക് അപൂര്‍വ കാഴ്ച വിരുന്നൊരുക്കാന്‍ മതിയായതാണ്. സെവില്ലയിലെ അല്‍ മുഹമ്മദ് പള്ളിയുടെ അപൂര്‍വ മിനാരവും ഗ്രാനഡയിലെ പൂന്തോപ്പും കാലത്തെ അതിജീവിച്ചു നിലനില്‍ക്കുന്ന മുസ്‌ലിം സ്‌പെയിനിന്റെ ഓര്‍മച്ചെപ്പുകളാണ്. ഈ സ്മാരകങ്ങള്‍ക്കു പുറമെ ചില കോട്ടകളും കെട്ടിടങ്ങളുമൊക്കെ പോയകാലത്തിലെ മുസ്‌ലിം നിര്‍മാണ വിദഗ്ധരുടെ ഗരിമയും മഹിമയും പരസ്യപ്പെടുത്തിക്കൊണ്ട് തലയുയര്‍ത്തി നില്‍പ്പുണ്ടവിടെ. ഉമയ്യത്ത് ഭരണകാലത്തിന്റെ മകുടചാര്‍ത്തായിരുന്ന കൊര്‍ദോവ പള്ളി, ഇന്നും നിലനില്‍ക്കുന്നുണ്ടെങ്കിലും അതിന്റെ ആദ്യകാല രൂപസൗകുമാര്യതയും ആകാരഗരിമയും അനന്യതയും ഇന്നും പൂര്‍ണമായി അവശേഷിപിക്കുന്നു എന്നു പറയാനാവില്ല. കാരണം, കൊര്‍ദോവയുടെ ഭരണം മുസ്‌ലിം കരങ്ങളില്‍നിന്ന് ക്രിസ്ത്യന്‍ കരങ്ങളിലേക്കു മാറിയപ്പോള്‍ സ്വാഭാവികമായും ഈ ചരിത്രപ്രധാനമായ വാസ്തുശില്‍പം അതിന്റെ മുസ്‌ലിം പള്ളി എന്ന സ്വഭാവത്തില്‍നിന്ന് ക്രിസ്ത്യന്‍ ചര്‍ച്ച് എന്ന ഭാവത്തിലേക്കു മാറി. ഈ മാറ്റം ചിലപ്പോഴൊക്കെ അതിന്റെ കാമ്പിനെ തന്നെ ബാധിക്കുന്ന തരത്തിലേക്ക് ചില ഭരണാധികാരികളുടെ ശ്രമഫലമായി മാറിയതായി ചില ചരിത്രകാരന്മാര്‍ പഠനം ചെയ്തിട്ടുണ്ട്. ഇത്തരം ചരിത്രസ്മാരകങ്ങള്‍ക്കു പുറമെ കലാമിഴിവും വാസ്തുശില്‍പപരമായ തികവും പ്രകടമാക്കിയ, ഒട്ടേറെ പള്ളികളും കൊട്ടാരങ്ങളും പൂന്തോട്ടങ്ങളും ഉല്ലാസ കേന്ദ്രങ്ങളും പാലങ്ങളും റോഡുകളും പൊതുവിശ്രമ കേന്ദ്രങ്ങളും ആശുപത്രികളുമൊക്കെ മുസ്‌ലിം സ്‌പെയിനിലെ സാധാരണ കാഴ്ചയായിരുന്നു. കൊര്‍ദോവയിലെ മറ്റൊരു വിസ്മയാവഹമായ കൊട്ടാര കാഴ്ച മദീനത്തുസഹ്‌റയാണ്. കൊര്‍ദോവയുടെ പടിഞ്ഞാറു വശത്തോട് ചേര്‍ന്ന് അബ്ദുറഹ്മാന്‍ മൂന്നാമന്‍ പണിതീര്‍ത്ത ഈ കൊട്ടാരം ലോകജനതയെ തന്നിലേക്കാകര്‍ശിപ്പിക്കാനുള്ള കൊര്‍ദോവയുടെ കാന്തിക പ്രഭാവം വര്‍ധിപ്പിക്കുന്നതിനുള്ള കാരണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു. യൂറോപ്പും പടിഞ്ഞാറിലെ മറ്റു നഗരങ്ങളും സ്വപ്നം കണ്ടുതുടങ്ങും മുമ്പുതന്നെ കൊര്‍ദോവയുടെ നഗരപാതകളൊക്കെ നല്ലപോലെ ചെത്തിയൊരുക്കി സഞ്ചാരയോഗ്യമായവയായിത്തീര്‍ന്നിരുന്നു.

തെരുവുവിളക്കുകള്‍ പ്രകാശിതമായിരുന്നു. നദീതീരങ്ങളില്‍ ഹൃദ്യമധുരമായ താമസകേന്ദ്രങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞിരുന്നു. തെരുവുകള്‍ മുഴുവനും വൃത്തിക്കും ഭംഗിക്കും വെടിപ്പിനും അലങ്കാരങ്ങള്‍ക്കും പേരു കേട്ടതായിരുന്നു. എന്നാല്‍, ഭാവനാ വിലാസവും ഭരണചാതുര്യവും കലാവൈഭവം സര്‍വോപരി വിശ്വാസ ആദര്‍ശ നൈര്‍മല്യവും കൈമുതലുള്ള ഭരണാധികാരികള്‍ നാടൊഴിഞ്ഞതോടെ പ്രതാപത്തിന്റെ കലാകാഴ്ചകള്‍ അസ്തമിച്ചുതുടങ്ങി. പ്രതാപകാലത്തെ അമൂല്യ കലാകേന്ദ്രങ്ങള്‍ ഒന്നൊന്നായി നിലം പൊത്താന്‍ തുടങ്ങി. മുസ്‌ലിം ഭരണകാലത്തെ ചിഹ്നങ്ങള്‍ തുടച്ചുമാറ്റാന്‍ വെമ്പല്‍കൊണ്ട പില്‍ക്കാല ഭരണാധിപരുടെ നശീകരണത്വര ഈ ദുഃഖകരമായ പരിണാമത്തിന് ആക്കം കൂട്ടി. പില്‍ക്കാലത്ത് ഈ സ്ഥലങ്ങളിലൂടെ അന്വേഷണ സഞ്ചാരം നടത്തിയ ഒരു ചരിത്രകാരന്‍ പ്രതാപകാലത്തിന്റെ ഓര്‍മകള്‍ പോലും കൂടൊഴിഞ്ഞുകൊണ്ടിരിക്കുന്ന പുതിയ സ്‌പെയിനെ നോക്കി പഴയകാലത്തെ അനുസ്മരിച്ചതിങ്ങനെയാണ്: ''കുമിഞ്ഞുകൂടികിടക്കുന്ന പഴയ കാലത്തിന്റെ നാശാവശിഷ്ടങ്ങള്‍ ഒരു പ്രേതഭൂമിയിലെത്തിയ പോലെയാണെനിക്കനുഭവപ്പെടുത്തിയത്.

മുസ്‌ലിം പ്രതാപകാലത്തെ സൃഷ്ടിപരമായ ഔന്നത്യത്തിന്റെ ഉയരവും പ്രതാപാനന്തര കാലഘട്ടത്തിലെ തകര്‍ച്ചയുടെ ആഴവും ഈ ഹൃദയം തുറന്നുവച്ചുള്ള ആത്മഗതത്തിലുണ്ട്.'' മുസ്‌ലിം സ്‌പെയിനിനു പൊതുവിലും കൊര്‍ദോവയ്ക്ക് വിശേഷിച്ചും ചരിത്രത്താളുകളില്‍ സുവര്‍ണസ്ഥാനം നേടിക്കൊടുത്ത ഏറ്റവും പ്രധാനപ്പെട്ട ഘടകം, അതിന്റെ അതിശയകരമായ വൈജ്ഞാനിക വളര്‍ച്ചയും സാഹിത്യപരതയുമാണ്. ജ്ഞാനത്തിനു വേണ്ടിയുള്ള ദാഹം കൊര്‍ദോവയിലെ ജനങ്ങളുടെ വ്യക്തിപരവും സാമൂഹ്യപരവുമായ സ്വഭാവ സവിശേഷതയുടെ ഭാഗമായിരുന്നു. ജ്ഞാനതല്‍പരരായ സ്‌പെയിന്‍ മുസ്‌ലിംകളുടെ വിജ്ഞാനത്തോടുള്ള അദമ്യമായ അഭിനിവേശം അടയാളപ്പെടുത്താന്‍ പര്യപ്തമായ രസകരമായ അതേസമയം ചിന്താര്‍ഹമായ ഒരു സ്വഭാവം ചരിത്രഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. മുസ്‌ലിം സ്‌പെയിനിലെ പണ്ഡിത പ്രതിഭകളില്‍ പ്രധാനിയായിരുന്ന യഹ്‌യബ്‌നു യഹ്‌യയെ കുറിച്ചാണ് ഈ സംഭവം. അദ്ദേഹം മദീനയില്‍ പഠനകാലത്ത്, ഗുരുനാഥന്റെ അധ്യാപനത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്. അപ്പോഴാണ് തെരുവിലൂടെ ഒരാന കടന്നുപോവുന്നുവെന്ന വിളിയാളം ക്ലാസ്സിലെ കുട്ടികള്‍ കേള്‍ക്കുന്നത്. അന്നാട്ടിലെ അപൂര്‍വ കാഴ്ചയായ ആനയെ കാണാന്‍ കുട്ടികളൊക്കെ പുറത്തേക്കോടി. പക്ഷേ, യഹ്‌യ തന്റെ ഇരിപ്പിടത്തില്‍നിന്ന് എണീറ്റതേയില്ല. ഇതു കണ്ട അധ്യാപകന്‍ പുറത്തുപോയി ആനയെ കണ്ട് വന്നോളൂ. സ്‌പെയിനില്‍ കാണാനൊക്കാത്ത ജീവിയല്ലേ' എന്നു പറഞ്ഞപ്പോള്‍ യഹ്‌യയുടെ മറുപടി ഇതായിരുന്നു: ''ഞാനെന്റെ രാജ്യം വിട്ടത് നിങ്ങളെ നേരില്‍ കാണാനും നിങ്ങളുടെ ഗുരുമുഖത്തു നിന്ന് വിദ്യയഭ്യസിക്കാനുമാണ്. ആനയെ കാണാനല്ല.'' ഈ അത്ഭുതകരമായ മറുപടി കേട്ട് ഗുരുഏറെ ചിന്തിക്കുകയും അത് മുതല്‍ യഹ്‌യയെ സ്‌പെയിനിന്റെ ബുദ്ധിമാന്‍'' എന്നു വിളിക്കാന്‍ തുടങ്ങുകയും ചെയ്തു. വിജ്ഞാനത്തിന്റെ മുഴുവന്‍ മേഖലയിലും കൊര്‍ദോവ നല്‍കിയ സംഭാവന അതിബഹുലമാണ്. മുസ്‌ലിം സ്‌പെയിനിലെ സാക്ഷരതയെക്കുറിച്ച് ചരിത്രകാരമായ ഡോസിയും നിക്കള്‍സനുമൊക്കെ കുറിച്ചിട്ടത്. മുസ്‌ലിം സ്‌പെയിനില്‍ മുഴുവന്‍ ആളുകളും വായിക്കാനും എഴുതാനും അറിയുന്നവരായിരുന്നുവെന്നാണ്. മറ്റൊരു രാജ്യത്തുമില്ലാത്തവണ്ണം പ്രാഥമിക തലം മുതലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാന്നിധ്യം ഈ നിരീക്ഷണത്തെ അരക്കിട്ടുറപ്പിക്കാന്‍ പോന്നതാണ്. പൊതുവെ സഞ്ചാരികളായിരുന്നു സ്‌പെയിനിലെ പണ്ഡിതന്‍മാര്‍. പുണ്യപ്രവാചക വചനങ്ങളില്‍നിന്ന് ഉള്‍ക്കൊണ്ട ജ്ഞാനപ്രേരണകളാവാം ജ്ഞാനമുത്തുകള്‍ അന്വേഷിച്ച് ഉള്ളിടത്തൊക്കെ എത്തിപ്പെടാന്‍ സ്‌പെയിന്‍ മുസ്‌ലിംകളെപ്രേരിപ്പിച്ച ഉത്തേജനം.

അതുകൊണ്ടു തന്നെ കിഴക്കു വിരചിതമാവുന്ന വൈജ്ഞാനിക ഗ്രന്ഥങ്ങളൊക്കെ ഒട്ടും വൈകാതെ സ്‌പെയിനിലുമെത്തി. ഇവിടത്തെ മറ്റൊരു പ്രത്യേക മറ്റുപല സംസ്‌കാരങ്ങളിലും നാഗരികതകളിലും കണ്ടപോലെ വിജ്ഞാനം ഏതെങ്കിലുമൊരു വിഭാഗത്തിന് സ്വന്തമായിരുന്നില്ല. സമൂഹത്തിലെ മുഴുവന്‍ തുറകളിലുമുള്ളവര്‍ക്ക് ഒരേ പോലെ പ്രാപ്യമായിരുന്നു ഇവിടെ വിജ്ഞാനത്തിന്റെ ഇടങ്ങള്‍ മുഴുക്കെ. ഇസ്‌ലാമിന്റെ വിശ്വാസ-കര്‍മശാസ്ത്രങ്ങള്‍ക്കു പുറമെ, കണക്ക്, ഗോളശാസ്ത്രം, തത്വശാസ്ത്രം തുടങ്ങി വിജ്ഞാനത്തിന്റെ നാനാമേഖലകളിലും അനിഷേധ്യ മുദ്രയാണ് മുസ്‌ലിം കൊര്‍ദോവ പതിപ്പിച്ചത്. ലോകം വിജ്ഞാനത്തിന്റെ ഓരോ ശാഖകളിലും ആദരവോടും അംഗീകാരത്തോടും കൂടി ഓര്‍ക്കുന്ന പല ഗ്രന്ഥങ്ങളും ഗ്രന്ഥകാരന്മാരും പണ്ഡിതപ്രതിഭകളും യഥാര്‍ത്ഥത്തില്‍ പറഞ്ഞാല്‍ മുസ്‌ലിം സ്‌പെയിനിന്റെ വിശേഷിപ്പിച്ചും മുസ്‌ലിം കൊര്‍ദോവയുടെ സന്തതികളാണെന്ന് കാണാം. ഒരേ സമയം വൈദ്യനും തത്വചിന്തകനും ശാസ്ത്രകാരനുമായ അബ്ദുല്‍ വലീദ് മുഹമ്മദ് ഇബ്‌നു റുഷ്ദ് (അവിറോസ്) കൊര്‍ദോവയുടെ സന്തതിയാണ്. യൂറോപ്പിനും പാശ്ചാത്യ ലോകത്തിനും വൈദ്യശാസ്ത്ര രംഗത്ത് വിപ്ലവകരമായ വെളിപാട് നല്‍കിയ ചിരകാല പ്രശസ്തമായ വൈദ്യശാസ്ത്ര ഗ്രന്ഥം 'അല്‍ കുല്ലിയാത്തു ഫിഥിബ്' അദ്ദേഹത്തിന്റെ രചനയാണ്. മണലില്‍നിന്ന് ഗ്രാസ് നിര്‍മിക്കുന്നതുപോലോത്ത അനവധി നൂതന കണ്ടുപിടിത്തങ്ങള്‍ നടത്തിയ, ഇബ്‌നു ഫര്‍നാസ് പ്രധാനപ്പെട്ടൊരു വാന നിരീക്ഷണമായിരുന്നു. അല്‍ ഗാഫിഖിയും അബൂജഅ്ഫര്‍ അഹ്മദുബ്‌നു മുഹമ്മദും സസ്യശാസ്ത്ര ഗവേഷണ ലോകത്തേക്ക് കൊര്‍ദോവ സംഭാവന ചെയ്ത കുലപതികളായിരുന്നു. വൈദ്യശാസ്ത്രത്തിന്റെ ബഹുമുഖ മേഖലകളില്‍ കനപ്പെട്ട സംഭാവനകളര്‍പ്പിച്ച അനവധി വിദഗ്ധ ജന്മങ്ങള്‍ക്കു സാക്ഷിയാവാന്‍ കൊര്‍ദോവയ്ക്ക് സാധിച്ചിട്ടുണ്ട്. സാഹിത്യരചനാ മണ്ഡലത്തിലും അനല്‍പമായ ഇടമാണ് സ്‌പെയിനും കൊര്‍ദോവയ്ക്ക് വിശേഷിച്ചുമുള്ളത്. സാഹിത്യ മണ്ഡലത്തില്‍ നിത്യസ്മരണീയമായ ഒരു പേര് 'ഇഖ്ദുല്‍ ഫരീദ്' എന്ന വിഖ്യാത അറബി സാഹിത്യചരിത്രത്തിന്റെ രചയിതാവായ ഇബ്‌നു അബ്ദിറബിഹി ആണ്. സ്‌പെയിനിലെ ഏറ്റവും വലിയ പണ്ഡിതനായ മൗലിക ചിന്തയുടെ ഉടമയായിരുന്നു അലി ഇബ്‌നു ഹസ്മ്. ഒട്ടേറെ കവികളെയും ഈ ഭൂമിക സംഭാവന ചെയ്തിട്ടുണ്ട്. അവരില്‍ വലീദ് അഹ്മദ് സൈദൂനാണ് ഏറ്റവും വിഖ്യാതനായ കവിയായി ഗണിക്കപ്പെടുന്നത്. നൂതനമായ പല കാവ്യരീതികളും ശൈലികളും നാടന്‍ ശീലുകളുമൊക്കെ ഇവിടുത്തെ കവിശ്രേഷ്ടരുടെ ഭാവനാ വിലാസത്തില്‍നിന്ന് പൂവിടരുകയും മറ്റിടങ്ങളിലെ സാഹിത്യകാരന്‍മാരെ ആകര്‍ഷിക്കുകയും ചെയ്തിട്ടുണ്ട്. സ്‌പെയിനില്‍ രൂപപ്പെട്ട 'സല്‍സാല്‍', 'മവഷ്പഹ' തുടങ്ങിയ കാവ്യരൂപകങ്ങള്‍ കടം കൊണ്ട് ക്രിസ്ത്യന്‍ കാവ്യലോകം രൂപപ്പെടുത്തിയ 'വില്ലന്‍ സികോ' കാവ്യമാതൃക ഇതിന് ഒന്നാന്തരം ഉദാഹരണമാണ്. ചരിത്ര രചനാ മേഖലയിലും കൊര്‍ദോവയ്ക്ക് തുല്യതയില്ലാത്ത ഇടമുണ്ട്. വിശ്വചരിത്രകാരനായ ഇബ്‌നു ഖുതൈബ് കൊര്‍ദോവയിലാണു ജനിച്ചതും ജ്ഞാന ചക്രവാളത്തിന്റെ ഉന്നത സീമകളിലേക്ക് വളര്‍ന്നതും. അദ്ദേഹത്തിന്റെ 'താരീഖ് ഇഫ്തിത്താഹു അന്‍ദുലുസ്' ലോക പ്രശസ്തമാണ്. കൊര്‍ദോവയുടെ ജീവചരിത്രകാരന്‍മാരില്‍ പ്രധാനിയാണ് മുഹമ്മദ് ബ്‌നുല്‍ ഫാറാദി. കിതാബുല്‍ ഇബറിന്റെ ആമുഖ കൃതിയിലൂടെ ലോകം മുഴുക്കെ പ്രശസ്തി നേടിയ ഇബ്‌ന് ഖല്‍ദൂന്‍ സ്‌പെയിനിന്റെ സന്തതിയാണ്.

ലോകത്തിന് ആധികാരികമായ ചരിത്ര രേഖകള്‍ സമ്മാനിച്ച പല സഞ്ചാര സാഹിത്യകാരന്‍മാരും ഭൂമിശാസ്ത്രജ്ഞന്‍മാരും കൊര്‍ദോവയുടെ വൈജ്ഞാനിക ഭൂമണ്ഡലത്തില്‍നിന്നുയര്‍ന്നുവന്നിട്ടുണ്ട്. തത്വചിന്തയും സൂഫി ചിന്തകളും മുസ്‌ലിം സ്‌പെയിനില്‍ അതിന്റെ പാരമ്യതയില്‍ തന്നെ എത്തിയതായി കാണാം. ''ഇസ്‌ലാമിക സൂഫിസത്തിന്റെ ഏക്കാലത്തെയും ധൈഷണിക പ്രതിഭ'' എന്ന് ഫിലിപ് കെ. ഹിറ്റി വിശേഷിപ്പിച്ച അല്ലാമാ മുഹയിദ്ദീനുബ്‌നു അറബി മുസ്‌ലിം സ്‌പെയിനിന്റെ മണ്ണിലാണ് തന്റെ ആധ്യാത്മ ചിന്തയുടെ അതിഗംഭീരമായ അടിത്തറ പാകുന്നത്. ലോകം അത്ഭുതത്തോടെ താലോലിക്കുന്ന ഖുര്‍ആന്റെ ആധ്യാത്മിക ധാരയിലെഴുതപ്പെട്ട വ്യാഖ്യാനമടക്കം ഒട്ടേറെ തസ്വവ്വുഫ് വിജ്ഞാനീയ ഗ്രന്ഥങ്ങള്‍ രചന നടത്തിയ അല്ലാമ ഇബ്‌നു അറബിയുടെ ഇടം മാത്രം മതി. മുസ്‌ലിം സ്‌പെയിനിനു പറയാനുള്ള ആധ്യാത്മിക ഔന്നത്യത്തിന്റെ ആഴം മനസ്സിലാക്കാന്‍. മുസ്‌ലിം സ്‌പെയിനിന്റെ വിജ്ഞാനത്തോടും സാഹിത്യത്തോടുമുള്ള അടങ്ങാത്ത താല്‍പര്യം അടയാളപ്പെടുത്തുന്ന ഇടമാണ് അവിടെ തഴച്ചുവളര്‍ന്ന ലൈബ്രറികള്‍. കൊര്‍ദോവയിലെ വിഖ്യാതമായ ഗ്രന്ഥാലയം ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. മുഹമ്മദ് ഒന്നാമന്‍ ആരംഭിക്കുകയും അബ്ദുറഹ്മാന്‍ മൂന്നാമന്‍ വിപുലപ്പെടുത്തുകയും ചെയ്ത ഈ ശ്രദ്ധേയമായ പുസ്തകശാല അതിന്റെ സമ്പൂര്‍ണ ഗരിമ കൈവരിച്ചത് അല്‍ ഹക്കം രണ്ടാമന്‍ തന്റെ അമൂല്യശേഖരങ്ങള്‍ കൂടി ചേര്‍ത്തു വിപുലപ്പെടുത്തിയപ്പോഴാണ്. പാശ്ചാത്യ ലോകത്തെ ഏറ്റവും പേരുകേട്ട ഒരു ഗ്രന്ഥാലയത്തില്‍ വെറും 192 പുസ്തകങ്ങള്‍ മാത്രമുണ്ടായിരുന്നപ്പോള്‍ അല്‍ ഹക്കമിന്റെ ഈ അപൂര്‍വ ഗ്രന്ഥനിധിയില്‍ നാല് ലക്ഷം പുസ്തകങ്ങളാണത്രെ ഉണ്ടായിരുന്നത്. വൈജ്ഞാനിക അഭ്യുന്നതിയുടെയും കലാവൈഭവത്തിന്റെയും ഭരണനൈപുണ്യത്തിന്റെയും പാരമ്യതയില്‍ നൂറ്റാണ്ടുകള്‍ വാണരുളിയ സ്‌പെയിനും അതിന്റെ സംസ്ഥാന നഗരി കൊര്‍ദോവയും പക്ഷേ ഒരു നാള്‍ വന്‍പടയുമായി കുതിച്ചെത്തിയ ക്രിസ്ത്യന്‍ രാജാവിനു മുമ്പില്‍ ദയനീയമായി അടിയറവ് പറഞ്ഞു.

നൂറ്റാണ്ടുകള്‍ക്കു മുമ്പ് സമുദ്രം കണക്കെ ഒഴുകിയെത്തിയ ക്രിസ്ത്യന്‍ വന്‍പടയെ തോറ്റുപോകാത്ത ഇച്ഛാശക്തി കൊണ്ടും ആദര്‍ശ മാഹാത്മ്യം കെണ്ടും കെട്ടുകെട്ടിച്ച താരീഖു ബനൂസിയാദിന്റെ പിന്‍മുറക്കാര്‍ക്ക് ഇവിടെ അടിയറവ് പറയേണ്ടിവന്നതിന്റെ കാരണങ്ങള്‍ പുതിയ കാലത്തെ മുസ്‌ലിംകള്‍ക്കും പാഠമാവേണ്ടതാണ്. ആദര്‍ശനിഷ്ടയും ഇലാഹീ ഭക്തിയും വിശ്വാസിയുടെ കൂടപ്പിറപ്പായി ഏക്കാലവും അവനോടൊപ്പമുണ്ടാവണം. സംസ്‌കാരവും ജനതയും ഉയര്‍ച്ചിയില്‍ നിന്നും തകര്‍ച്ചയിലേക്ക് നീങ്ങാനിടയാക്കുന്ന പ്രേരകങ്ങള്‍, സ്‌പെയിനിലെ ചരിത്രകാരന്‍ ഇബ്‌നുഖല്‍ദൂന്‍ തന്നെ ലോകത്തെ തെര്യപ്പെടുത്തിയിട്ടുണ്ട്. ഭൗതികഭ്രമം മനുഷ്യനില്‍ അലസത വളര്‍ത്തും. ഈ അലസത നിഷ്‌ക്രിയത്വത്തിലേക്കും നിഷ്‌ക്രിയത്വം പരാജയത്തിലേക്കും വഴിതെളിക്കും. കൊര്‍ദോവയുടെ ഉത്ഥാനപതനങ്ങളില്‍നിന്ന് വിശ്വാസി ഊറ്റിയെടുക്കേണ്ട പാഠമതാണ്. വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞുപോയ സ്വത്താണ്. അതിനെ തിരിച്ചെടുക്കാനാവാണം നമ്മുടെ ഓരോ ശ്വാസവും ഓരോ നീക്കവും. ഇങ്ങനെയുള്ളൊരു ചിന്തയും കാഴ്ചപ്പാടും ലോകത്തിന്റെ വിവിധ കോണില്‍ അധിവസിക്കുന്ന മുസ്‌ലിം വിശ്വാസികളൊക്കെ ഹൃദയത്തിനകത്ത് രൂപപ്പെടുത്തുകയും അത് കര്‍മപഥത്തിലേക്ക് പകര്‍ത്താന്‍ ഒരുക്കമാവുകയും ചെയ്താല്‍ മുസ്‌ലിംകളധിവസിക്കുന്ന ഭൂമിയിലെ ഓരോ ഇടവും പുതിയ കാലഘട്ടത്തിലെ കൊര്‍ദോവകളായി രൂപാന്തരപ്പെടാന്‍ അധിക കാലം വേണ്ടിവരില്ല. എന്നാല്‍ അങ്ങനെയൊക്കെ രചനാത്മക ചിന്ത മുസ്‌ലിം മനസ്സുകളില്‍ നാമ്പിടാന്‍ ഇനിയും എത്രനാള്‍ എന്നതാണ് ഇവിടെ ഉയരുന്ന ചോദ്യം.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter