ഫലസ്തീൻ ചെറുത്തുനിൽപ്പിന്റെ പ്രതീകങ്ങൾ

ലോകമെമ്പാടുമുള്ള  നൂറുകണക്കിന് നഗരങ്ങളിൽ, ജനലക്ഷങ്ങൾ ഗസ്സയിലെ ഫലസ്തീനികൾക്ക്  ഐക്യദാർഢ്യവുമായി അണിനിരക്കുന്നതാണ് കഴിഞ്ഞ മൂന്ന് മാസമായുള്ള കാഴ്ചകള്‍. തെരുവുവീഥികളിലൂടെ സമര സ്വരങ്ങളും മുഴക്കി മുന്നേറുന്ന പ്രകടനക്കാരുടെ കൈകളിൽ വലിയ താക്കോലുകളും പിന്നോട്ട് കയ്യും കെട്ടി തിരിഞ്ഞു നിൽക്കുന്ന ഒരു കുട്ടിയെ ചിത്രീകരിക്കുന്ന കാർട്ടൂണുകളും പാതി മുറിഞ്ഞ തണ്ണിമത്തന്റെ ചിത്രങ്ങളുമെല്ലാം കാണാം. പലസ്തീനിയൻ ലക്ഷ്യത്തെ പിന്തുണക്കുന്ന, അവരുടെ പോരാട്ടത്തെയും പ്രതിസന്ധിയെയും പ്രതിനിധീകരിക്കുന്ന വിവിധ ചിഹ്നങ്ങളാണ് ഇവയെല്ലാം. പതിറ്റാണ്ടുകളായി ഫലസ്തീനികള്‍ നടത്തിക്കൊണ്ടിരിക്കുന്ന അധിനിവേശ പ്രതിരോധ സമരത്തിന്റെ ഇത്തരം പ്രതീകങ്ങളെ പരിചയപ്പെടാം.

കെഫിയ്യ 


അറബ് ലോകത്തിന്റെ പല ഭാഗങ്ങളിലും ആളുകൾ ധരിക്കുന്ന വ്യതിരിക്തമായ ചെക്കർ പാറ്റേണോടുകൂടിയ ചതുരാകൃതിയിലുള്ള കോട്ടൺ ശിരോവസ്ത്രമാണ് കെഫിയ്യ. ചിലര്‍ ഇതിനെ കുഫിയ എന്നും വിളിക്കാറുണ്ട്. ഫലസ്തീൻ പുരുഷന്മാരും സ്ത്രീകളും ഒരുപോലെ ധരിക്കുന്ന ഇത്, സ്വയം നിർണ്ണയാവകാശത്തിനും നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ഫലസ്തീൻ പോരാട്ടങ്ങളെ പ്രതിനിതീകരിക്കുന്നു.

നിരന്തരമായ അദ്ധ്വാനം, ശക്തി, പ്രതിരോധം എന്നിവയെ സൂചിപ്പിക്കുന്ന ഒലിവ്-ഇലകളുടെ പാറ്റേണ്‍, ഫലസ്തീൻ മത്സ്യത്തൊഴിലാളികളെയും മെഡിറ്ററേനിയനുമായുള്ള ജനങ്ങളുടെ ബന്ധത്തെയും അടയാളപ്പെടുത്തുന്ന ഫിഷ്‌നെറ്റ് പാറ്റേൺ, ഫലസ്തീനിലെ അയൽ വ്യാപാരികളുമായുള്ള വ്യാപാര റൂട്ടുകളെ ചിത്രീകരിക്കുന്ന ബോൾഡ് പാറ്റേൺ തുടങ്ങി വിവിധ രീതികളില്‍ ഇത് ലഭ്യമാണ്.

മധ്യപൂർവദേശത്തുടനീളമുള്ള ജനങ്ങൾ സൂര്യതാപത്തില്‍നിന്ന് സംരക്ഷണം കൊള്ളാൻ ഉപയോഗിച്ചിരുന്ന ഈ വസ്ത്രം, 1930-കളിൽ ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിനെതിരായ അറബ് കലാപത്തോടെയാണ് ജനപ്രീതി നേടിയത്. അന്തരിച്ച ഫലസ്തീൻ നേതാവ് യാസർ അറാഫത്തിന്റെ സ്വകാര്യ വ്യാപാരമുദ്രയായതോടെ അദ്ദേഹത്തിന്റെ അനുയായികളും അനുഭാവികളും അതിന് ഒരു ദേശിയ പരിവേഷം നൽകി. കെഫിയ ത്രികോണാകൃതിയിൽ മടക്കി തോളിൽ പൊതിഞ്ഞ് തല മറച്ച് അദ്ദേഹം അത്  ധരിക്കുമായിരുന്നു. ഇന്ന്, ഫലസ്തീൻ ലക്ഷ്യത്തെ പിന്തുണയ്ക്കുന്നതിനായി സാധാരണ ജനങ്ങളും പ്രവർത്തകരും സംഘടനകളും ആഗോളതലത്തിൽ തന്നെ കെഫിയ്യ ധരിച്ച് പ്രത്യക്ഷപ്പെടുന്നത് സാധാരണമായിരിക്കുന്നു. 

ഒലിവ് മരം 

ഒലിവ് മരത്തിന് ഫലസ്തീനിൽ ആഴത്തിലുള്ള ചരിത്രപരവും സാംസ്കാരികവുമായ വേരുകളുണ്ട്. അതിന്റെ ശാഖകൾ നൂറ്റാണ്ടുകളായി സമാധാനത്തോടും സമൃദ്ധിയോടും ബന്ധപ്പെട്ടിരിക്കുന്നു. വരൾച്ച, താപനില, മഞ്ഞ്, തീ തുടങ്ങിയവയെ നിയന്ത്രിക്കാനുള്ള പ്രകൃതിപരമായ കഴിവുണ്ടത്രെ ഒലിവ് മരത്തിന്ന്. ഇസ്രായേൽ അധിനിവേശത്തിനെതിരായ ഫലസ്തീനികളുടെ പ്രതിരോധത്തിന്റെയും ഭൂമിയുമായുള്ള അവരുടെ ബന്ധത്തിന്റെയും പ്രതീകമാണ് ഒലിവ്.

ഒലീവ് ഓയിൽ, ടേബിൾ ഒലിവ് (ഭക്ഷിക്കാനായി ഉപയോഗിക്കുന്ന ഒലിവ് കായ), സോപ്പ് ഉത്പാദനം എന്നിവയിലൂടെ ഫലസ്തീൻ സമ്പദ്‌വ്യവസ്ഥയിൽ ഒലിവ് കൃഷി നിർണായക പങ്ക് വഹിക്കുന്നുണ്ട്. ഏകദേശം 80,000 മുതൽ 100,000 വരെ ഫലസ്തീൻ കുടുംബങ്ങൾ അവരുടെ വരുമാന മാർഗമായി ഒലിവ് വിളവെടുപ്പിനെ ആശ്രയിക്കുന്നു. എല്ലാ വർഷവും ഒക്ടോബർ, നവംബർ മാസങ്ങളിലാണ് സാധാരണ വിളവെടുപ്പ് നടക്കാറുള്ളത്. പരമ്പരാഗതമായി, വിളവെടുപ്പ് കാലം ഉത്സവങ്ങളുടെയും സന്തോഷത്തിന്റെയും സമയമാണ്. എന്നാൽ ഇസ്രായേലി നിയന്ത്രണങ്ങളും അനധികൃത കുടിയേറ്റക്കാരുടെ ആക്രമണങ്ങളും അതിന് തടസമായി തീരുന്നു. 

1974-ൽ ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷന്റെ (പിഎൽഒ) നേതാവായ യാസർ അറാഫത്ത് യുഎൻ പൊതുസഭയെ അഭിസംബോധനം ചെയ്ത ഒരു പ്രസംഗത്തിലെ ചരിത്രപ്രസിദ്ധമായ വരികളിലും ഒലീവ് കടന്ന് വന്നിരുന്നു. അത് ഇങ്ങനെ വായിക്കാം: "ഇന്ന് ഞാൻ ഒരു കൈയിൽ ഒലിവ് മരക്കൊമ്പും മറുകൈയിൽ സ്വാതന്ത്ര്യ സമര സേനാനിയുടെ തോക്കും പിടിച്ചാണ് വന്നിട്ടുള്ളത്. എന്റെ കയ്യിൽ നിന്ന് ഒലിവിന്റെ ശാഖ വീണ് പോകാൻ നിങ്ങൾ അനുവദിക്കരുത്. ഞാൻ ആവർത്തിക്കുന്നു, ഒലിവ് ശാഖ എന്റെ കൈയിൽ നിന്ന് വീഴാൻ നിങ്ങൾ അനുവദിക്കരുത്". 

ഫലസ്തീനിയൻ എംബ്രോയ്‌ഡറി (തത്‍രീസ്)

ഫലസ്തീനിയൻ സ്ത്രീകൾക്ക് തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ഒരു അലങ്കാര സൂചി, അല്ലങ്കിൽ നൂൽ നൂല്‍പ്പ് പരിശീലനമാണ് ഫലസ്തീനിയൻ എംബ്രോയ്ഡറി (അറബിയിൽ തത്‍രീസ് എന്ന് വിളിക്കപ്പെടുന്നു) ഈ കലാ പ്രക്രിയ. ഫലസ്തീനിലെ വിവിധ പ്രദേശങ്ങളിലെ ജീവിതത്തിന്റെയും പ്രാദേശിക അനുഭവങ്ങളുടെയും വ്യത്യസ്‌ത വശങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് ഇത്. ഈ കലയിലെ ഓരോ പാറ്റേണിനും പിന്നിൽ വ്യത്യസ്‌തമായ അർത്ഥങ്ങളോ കഥകളോ ഉണ്ടാകും.

എംബ്രോയ്ഡറി കൊണ്ട് അലങ്കരിച്ച ഏറ്റവും സാധാരണമായ വസ്ത്രം പരമ്പരാഗത തൗബ് (സാധാരണയായി ഫലസ്തീനീ സ്ത്രീകൾ ധരിക്കാറുള്ള അയഞ്ഞ നീണ്ട സ്ലീവുള്ള നീളന്‍ വസ്ത്രം) ആണ്. വസ്ത്രങ്ങൾ സാധാരണയായി ലിനൻ, കോട്ടൺ, കമ്പിളി അല്ലെങ്കിൽ പട്ട് എന്നിവ കൊണ്ടാണ് നെയ്യാറുള്ളത്. അവ കൈകൊണ്ടോ വലിയ നെയ്ത്ത് കേന്ദ്രങ്ങളിലോ നെയ്തെടുക്കുന്നു. എംബ്രോയ്ഡറിയിലെ പ്രധാന നിറം ചുവപ്പാണ്. 2021-ൽ, യുനെസ്കോ അതിന്റെ അദൃശ്യ സാംസ്കാരിക പൈതൃക പട്ടികയിൽ പരമ്പരാഗത ഫലസ്തീൻ എംബ്രോയ്ഡറിയെ ചേർത്തിട്ടുണ്ട്.

മിഫ്താഹുൽ ഔദ

1948-ൽ, സയണിസ്റ്റ് സൈനിക സേന കുറഞ്ഞത് 750,000 ഫലസ്തീനികളെ അവരുടെ വീടുകളിൽ നിന്നും പുറത്താക്കി നാടു വിടാൻ നിർബന്ധിതരാക്കി. അത് നക്ബ (അറബിയിൽ "വിപത്ത്") എന്ന പേരിൽ അറിയപ്പെടുന്നു. കുടിയൊഴിപ്പിക്കപ്പെട്ട ജനങ്ങൾ, അവർ മടങ്ങിവരുമെന്ന ഉറപ്പുമായി വീടുകളുടെ താക്കോൽ അവരോടൊപ്പം കൊണ്ടുപോയി.

നാട് വിട്ട് പോകേണ്ടി വന്ന  ഫലസ്തീനികൾ ഇപ്പോഴും തങ്ങളുടെ യഥാർത്ഥ വീടുകളുടെ താക്കോൽ മുറുകെ പിടിക്കുന്നത് ഒരു ദിവസം മടങ്ങിവരുമെന്നുള്ള പ്രതീക്ഷയുടെയും ദൃഢനിശ്ചയത്തിന്റെയും പ്രതീകമായിട്ടാണ്. ഈ താക്കോലുകൾ തലമുറകളായി കൈമാറ്റം ചെയ്യപ്പെടുകയും ഫലസ്തീനികളുടെ മടങ്ങിവരാനുള്ള അവകാശത്തിന്റെ സൂചകമായി സൂക്ഷിക്കുകയും ചെയ്യുന്നു. സ്വദേശം നഷ്ടമായ വ്യക്തികൾക്ക് അവരുടെദേശത്തേക്ക് മടങ്ങാനുള്ള അവകാശം നല്കുന്നു എന്നതാണ് അന്തർദേശീയ നിയമത്തിൽ പ്രതിപാദിക്കുന്ന തത്വം.

ഗസ്സയിലെ ഇസ്രയേലിന്റെ ഏറ്റവും പുതിയ ആക്രമണത്തിൽ, ദശലക്ഷക്കണക്കിന്ന് ഫലസ്തീനികൾ അവരുടെ വീടുകളിൽ നിന്ന് പുറത്താക്കപ്പെട്ടു. ഫലസ്തീനികളെ സംബന്ധിച്ചിടത്തോളം നക്ബ ഒരു പ്രത്യേക ചരിത്ര സംഭവമല്ല. ഇത് ഒരിക്കലും നിലയ്ക്കാത്ത സ്ഥാനചലന പ്രക്രിയയാണ്. 

ഫലസ്തീനിയൻ ഭൂപടം 

1948-ൽ ഇസ്രായേൽ രാഷ്ട്രം സ്ഥാപിതമാകുന്നതിന് മുമ്പുള്ള ഭൂമിശാസ്ത്രപരമായ പ്രദേശത്തെയാണ് ചരിത്രപരമായ ഫലസ്തീനിന്റെ രൂപരേഖാ ഭൂപടം പ്രതിനിധീകരിക്കുന്നത്. ഫലസ്തീൻ ജനതയുടെ ഭൂമിക്കും സ്വയം നിർണ്ണയാവകാശത്തിനും വേണ്ടിയുള്ള അവകാശവാദങ്ങളുടെ ദൃശ്യാവിഷ്കാരമാണ് ഈ ഭൂപടം.

1948-ൽ സയണിസ്റ്റ് സൈനിക സേന കുറഞ്ഞത് 750,000 ഫലസ്തീനികളെ അവരുടെ വീടുകളിൽ നിന്ന് പുറത്താക്കുകയും പലസ്തീനിന്റെ 78 ശതമാനവും പിടിച്ചെടുക്കുകയും ചെയ്തു. ശേഷിക്കുന്ന 22 ശതമാനം  അധിനിവേശ വെസ്റ്റ് ബാങ്ക്, ഉപരോധിക്കപ്പെട്ട ഗസ്സ മുനമ്പ് എന്നിങ്ങനെ വിഭജിക്കപ്പെട്ടു.
രജിസ്റ്റർ ചെയ്ത ഏഴ് ദശലക്ഷം ഫലസ്തീൻ അഭയാർത്ഥികൾ ഫലസ്തീനിലും അയൽരാജ്യങ്ങളിലുമുള്ള ക്യാമ്പുകളിൽ താമസിക്കുന്നു. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ പരിഹരിക്കപ്പെടാത്ത അഭയാർത്ഥി പ്രശ്നം  ഫലസ്തീൻ അഭയാർത്ഥികളുടേത് തന്നെയാണ്.

പ്രസ്തുത ഭൂപടത്തിന്റെ ആകൃതിയിൽ രൂപകൽപ്പന ചെയ്യപ്പെട്ട നെക്ലേസുകൾ, ഭൂപടം ഉൾക്കൊള്ളുന്ന വിവിധ തരങ്ങളായ ടി ഷർട്ടുകളും ഫലസ്തീൻ ഐക്യദാർഢ്യ പ്രകടനങ്ങളിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. 

അൽ അഖ്സ കോമ്പൗണ്ട് 

ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തിന്റെ കേന്ദ്രമായ വെസ്റ്റ് ബാങ്കിലെ ജറുസലേമിലാണ് അൽ-അഖ്സ കോമ്പൗണ്ട് സ്ഥിതി ചെയ്യുന്നത്. പതിനാല് ഹെക്‌ടർ (35 ഏക്കർ) വിസ്തൃതിയുള്ള ഈ കോമ്പൗണ്ടിൽ മസ്ജിദുൽ ഖിബ്‍ലതൈനും (ചാര താഴികക്കുടം) ഖുബ്ബതുസ്വഖ്റയും (ഡോം ഓഫ് ദി റോക് - സ്വർണ്ണ താഴികക്കുടം) ഉൾകൊള്ളുന്നു. കൂടാതെ ഫലസ്തീനികൾക്ക്‌ പുറമെ മുസ്‍ലിം ക്രിസ്ത്യൻ ജൂത മത വിശ്വാസികൾക്കും ഇവിടെ അഗാധമായ മതപരവും സാംസ്‌കാരികവും രാഷ്ട്രീയവുമായ പ്രാധാന്യമുണ്ട്.

അൽ അഖ്‌സ കോമ്പൗണ്ടിലെ ഖുബ്ബത്തു സ്വഖ്റാഇൽ നിന്നാണ് പ്രവാചകൻ മുഹമ്മദ് നബി (സ്വ) വാനലോകത്തേക്ക് ജിബ്‍രീല്‍(അ)നോടൊപ്പം മിഅറാജ് യാത്രക്ക്‌ പ്രാരംഭം കുറിച്ചത്. അതുപോലെ, മക്കയിലെ കഅ്ബയടങ്ങുന്ന മസ്ജിദുൽഹറമിനും മദീനയിലെ പ്രവാചകന്റെ മസ്ജിദിനും (മസ്ജിദു നബവി) ശേഷം ഇസ്‍ലാമിലെ ഏറ്റവും വിശുദ്ധ കേന്ദ്രമയാണ് മസ്ജിദുൽ അഖ്സ കണക്കാക്കപ്പെടുന്നത്.

മുസ്‍ലിംകൾക്ക് അൽഹറം അല്‍ശരീഫ്, ജൂതന്മാർക്ക്‌ ടെമ്പിൾ മൗണ്ട് എന്നിങ്ങനെയാണ് ഈ കോമ്പൗണ്ട് അറിയപ്പെടുന്നത്. ഈ കേന്ദ്രം നിലകൊള്ളുന്ന സിയോൻ മൌണ്ടിൽ നിന്നാണ് സയണിസം എന്ന ആധുനിക ഇസ്രായേൽ രാഷ്ട്രം സ്ഥാപിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച പ്രത്യയശാസ്ത്രത്തിന്ന് പേര് എടുക്കപ്പെട്ടത്. ഇസ്രായേൽ സേനയുടെ നിരന്തര റെയ്ഡുകളും മുസ്‍ലിം ആരാധകർക്ക് മേൽ പരിമിതികൾ ഏർപെടത്തുന്നതും ഇവിടെ സ്ഥിരകാഴ്ചയാണ്.

ഹൻദല 

ഫലസ്തീനിയൻ കാർട്ടൂണിസ്റ്റ് നാജി അൽ അലി സൃഷ്ടിച്ച ഒരു കാർട്ടൂൺ കഥാപാത്രമാണ് ഹൻദല. അത് തന്റെ കുട്ടിക്കാലത്തെ അഭയാർത്ഥി അനുഭവവും നക്ബയാൽ കുടിയേറി പോകാൻ  നിർബന്ധിതരായ ഫലസ്തീനി ജനതയുടെ നിരന്തരമായ ദുരവസ്ഥയും പ്രതിഫലിപ്പിക്കുന്നു. 

കാർട്ടൂണിന്റെ ആദ്യ പതിപ്പ് 1969-ൽ ഒരു കുവൈറ്റ് പത്രത്തിലാണ് പ്രത്യക്ഷപ്പെട്ടത്. എന്നിരുന്നാലും പ്രതിരോധത്തിന്റെ ബിംബമായി ഹന്‍ദല പുനര്‍ ചിത്രീകരിക്കപ്പെട്ടുകൊണ്ടേയിരുന്നു. ഗസ്സയിലോ ഫലസ്തീനിലോ മാത്രമല്ല, ലോകത്തെവിടെയും നടക്കുന്ന ഫലസ്തീൻ ഐക്യ ദാർഢ്യ റാലികളിൽ, പൊരുതുന്ന ജനതക്ക്‌ വേണ്ടി ഉയർത്തപ്പെട്ടുകൊണ്ടേയിരിക്കുകയാണ് ഹന്‍ദല.

1948 ലെ നഖ്ബാ കാലം, തനിക്ക് പത്തു വയസ്സ് മാത്രമുള്ള സമയം, നാജി അൽ അലി ഗ്രാമം വിട്ടുപോകാൻ നിർബന്ധിതനായ ഘട്ടത്തെ ഓർമിക്കും വിധമാണ് കലാകാരൻ ഈ കലാസൃഷ്ടിയെ ആവിഷ്കരിച്ചിട്ടുള്ളത്. കഥാപാത്രത്തിന്റെ മുഖം എവിടെയും ഇതുവരെ കാണിച്ചിട്ടില്ല. മുഖം മറച്ച ഹൻദലയുടെ മുടിയും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ശത്രുക്കളിൽ നിന്നും സ്വയം പ്രതിരോധത്തിനായി മുള്ളുകൾ പ്രയോഗിക്കുന്ന  മുള്ളൻപന്നിയുടെ മുള്ളുകളെയാണ് ഹൻദലയുടെ മുടിയിലൂടെ കാർട്ടൂണിസ്റ്റ് സൂചിപ്പിക്കുന്നത്. ഹൻദലയുടെ കുപ്പായത്തിന്റെ വലതു തോൾഭാഗത്ത് വസ്ത്രം തുന്നിപ്പിടിപ്പിച്ച നിലയിലാണ് ഉള്ളത്. ഇസ്രായേലിന്റെ അതിക്രമത്തെ അതിജീവിച്ചതിനെയാണ് ഇത് സൂചിപ്പിക്കുന്നത്. 

ഫലസ്തീനിലെ വരണ്ട പ്രദേശങ്ങളിൽ വളരുന്ന ഒരു കയ്പേറിയ ഫലമായ "ഹൻദൽ" എന്ന പേരിലാണ് ഹൻദല അറിയപ്പെടുന്നത്. ഇത് എത്ര മുറിച്ച് മാറ്റാൻ ശ്രമിച്ചാലും വീണ്ടും തഴച്ചു വളരുന്നതും ആഴത്തിൽ വേരുകളുള്ളതുമാണ്.

തണ്ണീർമത്തൻ 

ഫലസ്തീനിനെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഫലമാണ് തണ്ണീർമത്തൻ. ജെനീൻ മുതൽ ഗസ്സ വരെ വളരുന്ന ഈ പഴവർഗം ഫലസ്തീൻ പതാകയുടെ അതേ നിറങ്ങൾ പങ്കിടുന്നു. അഥവാ ചുവപ്പ്, പച്ച, വെള്ള, കറുപ്പ്. അതിനാൽ ഫലസ്തീൻ പതാക നിരോധിച്ച പശ്ചാത്യ രാജ്യങ്ങളിൽ ഇസ്രായേൽ നരമേധത്തിനെതിരെ പ്രതിഷേധിക്കാൻ  തെരുവുകളിലിറങ്ങുന്ന ജനങ്ങൾ തണ്ണീർ മത്തനെ ഉയർത്തിപ്പിടിക്കുന്നു. 

1967-ലെ യുദ്ധത്തെത്തുടർന്ന്, വെസ്റ്റ് ബാങ്കിന്റെയും ഗസ്സ മുനമ്പിന്റെയും നിയന്ത്രണം ഇസ്രായേൽ പിടിച്ചെടുത്തപ്പോൾ, സർക്കാർ അധിനിവേശ പ്രദേശത്ത് ഫലസ്തീൻ പതാക നിരോധിച്ചപ്പോഴെല്ലാം, ചെറുത്തുനിൽപ്പിന്റെ പ്രതീകമായി തണ്ണിമത്തൻ ഉയർത്തപ്പെട്ടു. വിവിധയിനം കലകൾ, ഷർട്ടുകൾ, പോസ്റ്ററുകൾ, സോഷ്യൽ മീഡിയയിലെ സർവ്വവ്യാപിയായ തണ്ണിമത്തൻ ഇമോജി എന്നിവയിലൂടെ ഇത് ദൃശ്യാവിഷ്കൃതമാകുന്നു.

2023 ജനുവരിയിൽ പൊതുസ്ഥലങ്ങളിൽ നിന്ന് ഫലസ്തീൻ പതാകകൾ കണ്ടുകെട്ടാൻ പോലീസിന് ഇസ്രായേൽ സർക്കാരിൽ നിന്ന് നിർദ്ദേശം ലഭിച്ചു. ഇതിന് പിന്നാലെയാണ് ജൂണിൽ സർക്കാർ ധനസഹായത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ പതാക നിരോധിക്കുന്നതിനുള്ള ബിൽ വന്നത്. മറുപടിയായി, അടിസ്ഥാന അറബ്-ഇസ്രായേൽ സമാധാന സംഘടനയായ സാസിം, ഒരു ഡസനോളം ടെൽ അവീവ് സർവീസ് ടാക്സികളിൽ തണ്ണിമത്തൻ രൂപത്തിൽ ഫലസ്തീൻ പതാക സ്ഥാപിച്ചു.

നിലവിൽ തൂഫാനുൽ അഖ്സക്ക് ശേഷം, ഗസ്സയിലെ സമകാലിക സംഭവങ്ങളെക്കുറിച്ച് പോസ്റ്റ് ചെയ്യുമ്പോൾ സോഷ്യൽ മീഡിയയിൽ "ഷാഡോ ബാനിങ്" (അഥവാ, ഏതെങ്കിലും ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ നിന്ന് ഒരു ഉപയോക്താവിനെയോ ഉപയോക്താവിന്റെ  കൺടെന്റിനെയോ തടയുകയോ ഭാഗികമായി തടയുകയോ ചെയ്യുന്ന രീതി) ഉണ്ടാകാതിരിക്കാനുള്ള ഒരു മാർഗമായും ആളുകൾ തണ്ണിമത്തൻ ഇമോജി ഉപയോഗിക്കുക്കുന്നുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter