മുഅ്തസിലിസം: അവാന്തര സംഘങ്ങള്‍

സ്വന്തം ബുദ്ധിയും യുക്തിയും ഒന്നാം പ്രമാണമായി പ്രഖ്യാപിക്കുകയും ദിവ്യബോധനത്തെ അതിനനുസരിച്ചു മാത്രം വ്യാഖ്യാനിക്കുകയും ചെയ്ത മുഅ്തസ്‌ലീ നിലപാട് പലപ്പോഴും അവര്‍ക്കുതന്നെ വിനയായിട്ടുണ്ട്. ഓരോ നേതാവും തനിക്ക് ന്യായമെന്നും നീതിയെന്നും തോന്നിയത് മത നിയമമെന്നു വിധിയെഴുതിയപ്പോള്‍ അഭിപ്രായ ഭിന്നതകളും ചേരിതിരിവുകളും ശക്തമായി. അങ്ങനെ ഒരേ ചേരിയില്‍ തന്നെ വിവിധ സംഘങ്ങളും അവര്‍ക്കിടയില്‍ കൊച്ചുഗ്രൂപ്പുകളും ഉടലെടുത്തു. ഓരോരുത്തരും മറ്റുള്ളവരെ കാഫിറാക്കുന്ന രീതിയിലേക്ക് അതു വളര്‍ന്നു.
ഇമാം അബ്ദുല്‍ ഖാഹിര്‍ ബഗ്ദാദി തന്റെ ‘അല്‍ ഫര്‍ഖു ബൈനല്‍ ഫിറഖി’ല്‍ ഇരുപത് മുഅ്തസ്‌ലീ സംഘങ്ങളെ കുറിച്ച് വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ടവയെ പരിചയപ്പെടാം.
1. വാസ്വിലിയ്യ: വാസ്വില്‍ ബിന്‍ അത്വാഇന്റെ അനുയായികളാണിവര്‍. (അദ്ദേഹത്തെക്കുറിച്ച് മുമ്പ് സൂചിപ്പിച്ചുവല്ലോ). പാപം ചെയ്യുന്നവര്‍ മുഅ്മിനും കാഫിറും അല്ല എന്നതാണ് ഇവരുടെ പ്രധാന വാദം. ജമല്‍ യുദ്ധത്തില്‍ പങ്കെടുത്ത സ്വഹാബികളില്‍ ഒരു വിഭാഗം ഫാസിഖാണെന്നു ഇവര്‍ വാദിക്കുന്നു. അലി, ഹസന്‍, ഹുസൈന്‍, ഇബ്‌നു അബ്ബാസ്, അമ്മാര്‍, അബൂഅയ്യൂബ്(റ) തുടങ്ങിയവര്‍ ഒരു പക്ഷത്തും ആയിശ, ത്വല്‍ഹ, സുബൈര്‍(റ) തുടങ്ങിയവര്‍ മറുപക്ഷത്തുമായിട്ടാണ് ജമല്‍ സംഘട്ടനം നടന്നത്. ഇവരില്‍ ആരും ഫാസിഖുകളോ കാഫിറുകളോ അല്ലെന്നും നീതിമാരും സാക്ഷി നില്‍ക്കാന്‍ അര്‍ഹതയുള്ള സത്യവിശ്വാസികളുമാണെന്നും അഹ്‌ലുസ്സുന്ന: വിശ്വസിക്കുന്നു. ജമല്‍ സംഭവത്തില്‍ ഗവേഷണ യോഗ്യരായ അവര്‍ക്ക് അബദ്ധം പിണഞ്ഞിട്ടുണ്ടാകാമെന്നാണ് നാം പറയുന്നത്. ഈ വിശ്വാസത്തിനെതിരായാണ് സ്വഹാബികളില്‍ ചിലര്‍ ഫാസിഖുകളും സാക്ഷി നില്‍ക്കാന്‍ യോഗ്യതയില്ലാത്തവരുമാണെന്ന വാസ്വിഖുകളുടെ വാദം.
2. അംറിയ്യ: ഹിജ്‌റ 142ല്‍ അന്തരിച്ച അംറ്ബിന്‍ ഉബൈദാണിവരുടെ നേതാവ്. ജമല്‍ യുദ്ധത്തില്‍ പങ്കെടുത്ത ഇരു വിഭാഗവും ഫാസിഖുകളാണെന്നും സാക്ഷിത്വത്തിനു യോഗ്യതയില്ലാത്തവരാണെന്നും ഇവര്‍ വാദിക്കുന്നു. വാസ്വിഖുകളെക്കാള്‍ തീവ്രവാദികളാണിവര്‍.
3. ഹുദൈലിയ്യ: അബൂഹുദൈല്‍ മുഹമ്മദ് ഹല്ലാഫ് ആണ് ഇതിന്റെ നായകന്‍. മറ്റു മുഅ്തസിലീ വിഭാഗങ്ങള്‍ക്കില്ലാത്ത പല വാദങ്ങളും ഇദ്ദേഹം ഉയര്‍ത്തി. അതുകൊണ്ട് തന്നെ അവര്‍ അബൂഹുദൈലിനെ തള്ളിപ്പറയുകയും കാഫിറാണെന്നു വിധിയെഴുതുകയും ചെയ്തിട്ടുണ്ട്. കുറേ കാലങ്ങള്‍ക്കുശേഷം അല്ലാഹുവിന്റെ എല്ലാ കഴിവുകളും നശിക്കുമെന്നും പിന്നീടവന്‍ നിഷ്‌ക്രിയനായി ഇരിക്കേണ്ടിവരുമെന്നും ഇയാള്‍ വാദിച്ചു. സ്വര്‍ഗവാസികളുടെ അനുഗ്രഹങ്ങളും നരകവാസികളുടെ ശിക്ഷകളും കുറേ കഴിഞ്ഞാല്‍ നശിക്കും. പിന്നീട് ഇരുവിഭാഗവും ഒന്നിനും സാധിക്കാത്തവരായി കഴിയേണ്ടിവരും. അന്ന് അല്ലാഹുവിന് ജീവിച്ചിരിക്കുന്നവരെ മരിപ്പിക്കാനോ മരിച്ചവരെ ജീവിപ്പിക്കാനോ ഒരു നിശ്ചല വസ്തുവിനെ ചലിപ്പിക്കാനോ ഒരു വസ്തുവിനെ ഉണ്ടാക്കാനോ ഇല്ലാതെയാക്കാനോ സാധിക്കുന്നതല്ല… ഇങ്ങനെ പോകുന്നു ആ വാദം.
പരലോകത്ത് ജനങ്ങള്‍ക്ക് ഇഛാസ്വാതന്ത്ര്യവും സ്വന്തമായ ചലനശേഷിയും ഉണ്ടാവുകയില്ല. സ്വര്‍ഗവാസികളും നരകവാസികളും ഓരോ പ്രവര്‍ത്തനങ്ങളും ചെയ്യാന്‍ നിര്‍ബന്ധിതരാണ്. ഒരു നിര്‍ജ്ജീവ വസ്തുവിനെ നാം അങ്ങുമിങ്ങും മറിച്ചിടുന്നതുപോലെ അല്ലാഹു അവരെക്കൊണ്ട് ഓരോന്നു ചെയ്യിപ്പിക്കുന്നു. ഇതാണ് ഹുദൈലികളുടെ രണ്ടാമത്തെ വാദം. അല്ലാഹുവിന്റെ പ്രീതി കംക്ഷിക്കാത്ത സല്‍കര്‍മ്മങ്ങളും സ്വീകാര്യയോഗ്യവും പ്രതിഫലാര്‍ഹവുമാണെന്ന് ഇബാളികളെ പോലെ ഇവരും വാദിക്കുന്നു. അഭൗതികവും മതപരവുമായ ഒരു കാര്യം വിശ്വസിക്കണമെങ്കില്‍ ചുരുങ്ങിയത് ഇരുപത് പേരെങ്കിലും അത് റിപ്പോട്ട് ചെയ്യണമെന്നും അതിലൊരാള്‍ സ്വര്‍ഗവാശിയാകണമെന്നും ഹുദൈലികള്‍ പറയുന്നു. അല്ലാഹുവിന്റെ ഇല്‍മും ഖുദ്‌റത്തും അല്ലാഹു തന്നെയാണ് എന്നതാണ് ഇവരുടെ മറ്റൊരു വാദം.
4. നള്ളാമിയ്യ: അബൂ ഇസ്ഹാഖ് ഇബ്‌റാഹീം നള്ളാം ആണ് ഈ വിഭാഗത്തിന്റെ നേതാവ്. ബസ്വറാ നഗരത്തില്‍ മാല കോര്‍ത്തു വില്‍ക്കുന്ന ജോലിയായതുകൊണ്ടാണത്രെ നള്ളാം എന്നു പേരു വന്നത്. നന്മക്കും തിന്മക്കും രണ്ടു ദൈവങ്ങളുണ്ടെന്നു വാദിക്കുന്ന സനവി (ദ്വിദൈവവാദി)കളുമായും ഗ്രീക്ക് തത്വശാസ്ത്രജ്ഞരുമായും വലിയ ബന്ധം പുലര്‍ത്തിയിരുന്ന നള്ളാമിനെ അവ ശക്തമായി സ്വാധീനിച്ചു. ഖുര്‍ആനിന്റെ ഘടനയിലും ക്രമത്തിലും അമാനുഷികതയില്ലെന്നു വാദിച്ച നള്ളാം പ്രവാചകത്വത്തെ തള്ളിപറയാന്‍ ശ്രമിച്ചു. അതിന്റെ മുന്നോടിയായി നബി(സ) ചന്ദ്രന്‍ പിളര്‍ത്തിയ സംഭവം, ചരല്‍ക്കല്ലുകള്‍ തസ്ബീഹ് ചൊല്ലിയത്, വിശുദ്ധ വിരലുകള്‍ക്കിടയിലൂടെ വെള്ളം ഉറവയെടുത്തത്.. മുതലായ മുഅ്ജിസത്തുകള്‍ നിഷേധിച്ചു. കര്‍മ്മശാസ്ത്ര നിയമങ്ങള്‍ ഭാരമായി മനസ്സിലാക്കിയ അയാള്‍ക്ക് അതിനെ ഒറ്റയടിക്കു തള്ളിപ്പറയാന്‍ ധൈര്യം വന്നില്ല. അതുകൊണ്ട് തന്നെ അതിന്റെ ഉറവിടമായ ഇജ്മാഅ്, ഖിയാസ്, മുതവാത്തിറല്ലാത്ത ഹദീസുകള്‍, പ്രമുഖ സ്വഹാബികളുടെ ഫത്‌വകള്‍.. തുടങ്ങിയവ പരിഹസിച്ചുതള്ളി. നള്ളാമികളുടെ ചില വാദങ്ങള്‍ കൂടി കാണുക:
1.     അടിമകള്‍ക്ക് നന്മയല്ലാതെ യാതൊന്നും ചെയ്യാന്‍ അല്ലാഹുവിനു സാധിക്കുകയില്ല. സ്വര്‍ഗ്ഗവാസികളുടെ അനുഗ്രഹങ്ങളില്‍ നിന്ന് ഒരു അണു അളവ് കുറക്കുവാനോ നരകവാസികളുടെ ശിക്ഷയില്‍ നിന്ന് അത്ര ചുരുക്കുവാനോ അവനു സാധ്യമല്ല.
2.     ‘മനുഷ്യന്‍’ എന്നു പറയുന്നത് ആത്മാവാണ്. ജഢമല്ല. ഭൗതിക ജഢത്തില്‍ കടന്നുകൂടിയ നേരിയ ജഢമാണ് ആത്മാവ്. ആത്മാവിനു സ്വയം കഴിവും ജീവനുമുണ്ട്.
3.     നിറം, രുചി, വാസന, ശബ്ദം എന്നിവയെല്ലാം ദ്രവ്യങ്ങളാണ്. ഗുണങ്ങളല്ല. ഒരേ ശബ്ദം രണ്ടുപേര്‍ക്ക് കേള്‍ക്കാനാവില്ല.
4.     പരമാണു എന്ന ഒന്നില്ല.
5.     ഒരു വസ്തുവിനെക്കുറിച്ച് ദൃഢമായ അറിവ് ലഭിക്കണമെങ്കില്‍ അതിനെ പഞ്ചേന്ദ്രിയങ്ങളിലൂടെ അറിയണം. അല്ലാതെ അല്ലാഹുവോ റസൂലോ മതനേതാക്കളോ പറഞ്ഞതുകൊണ്ടൊന്നും യഥാര്‍ത്ഥ അറിവ് ലഭിക്കില്ല.
6.     പദാര്‍ത്ഥങ്ങള്‍ക്കു നിലനില്‍പ്പില്ല. ഓരോ സമയത്തും അല്ലാഹു പുതിയവ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.
7.     സര്‍വ്വ ജീവജാലങ്ങളെയും ഭൗതിക വസ്തുക്കളെയും അല്ലാഹു ഒരേ സമയത്താണ് പടച്ചത്. പിതാവിനെ സൃഷ്ടിച്ചത് മകനെക്കാള്‍ മുമ്പല്ല. സൃഷ്ടികള്‍ പ്രത്യക്ഷപ്പെടുന്നിടത്താണ് സമയ വ്യത്യാസമുള്ളത്.
8.     ഖുര്‍ആനിന്റെ ഘടനയിലും ശൈലിയിലും അമാനുഷികതയില്ല. നബി(സ)യുടെ പ്രവാചകത്വം തെളിയിക്കുന്ന യാതൊന്നും അതിലില്ല. അഭൗതിക കാര്യങ്ങളെക്കുറിച്ച് പറയുന്നു എന്നതു മാത്രമാണ് ഖുര്‍ആനിന്റെ പ്രത്യേകത. ഖുര്‍ആനിനെക്കാള്‍ സുന്ദരമായ ശൈലിയിലും ഘടനയിലും മനുഷ്യര്‍ക്ക് ഗ്രന്ഥ രചന നടത്താന്‍ സാധിക്കും.
9.     ഇജ്മാഅ്, ഖിയാസ്, ആഹാദായ ഹദീസുകള്‍ തുടങ്ങിയവയൊന്നും പ്രമാണമല്ല.
ഇങ്ങനെ അബദ്ധജഢിലവും അപകടകരവുമായ നിരവധി വാദങ്ങള്‍ ഉയര്‍ത്തിയതുകൊണ്ട് നള്ളാമിനെയും അനുയായികളെയും കാഫിറുകളെന്നു മുഅ്തസലികള്‍ തന്നെ വിധിയെഴുതുകയായിരുന്നു.
5. മഅ്മരിയ്യ: മഅ്മര്‍ബിന്‍ അബ്ബാദുസ്സുലമിയുടെ അനുയായികള്‍. ദ്രവ്യങ്ങളെ മാത്രമേ അല്ലാഹു സൃഷ്ടിച്ചിട്ടുള്ളൂ. ഗുണങ്ങള്‍ അവന്റെ സൃഷ്ടിയല്ല; നിറം, മണം, രുചി, കേള്‍വി, കാഴ്ച, ജീവന്‍, മരണം തുടങ്ങിയ എല്ലാ ഗുണങ്ങളെയും സൃഷ്ടിച്ചത് ദ്രവ്യങ്ങളാണ്. വസ്തുക്കള്‍ നശിക്കുന്നത് അല്ലാഹുവിന്റെ പ്രവര്‍ത്തനമല്ല. അവയുടെ പ്രവര്‍ത്തിയാണ്. അല്ലാഹുവിന് അവനെക്കുറിച്ച് ഒന്നും അറിഞ്ഞുകൂടാ… ഇങ്ങനെപോകുന്നു മഅ്മറിന്റെ വാദങ്ങള്‍.
6. ബിശ്‌റിയ്യ: മഅ്മറിന്റെ പ്രധാന ശിഷ്യനായിരുന്ന ബിശ്ര്‍ ബിന്‍ മുഅ്തമിറിന്റെ വിഭാഗം. മനുഷ്യനെ ആദ്യം തന്നെ അല്ലാഹു സ്വര്‍ഗ്ഗത്തില്‍ സൃഷ്ടിക്കുകയും അവിടെവെച്ച് അനുഗ്രഹം നല്‍കുകയും ചെയ്തിരുന്നുവെങ്കില്‍ അതായിരിക്കും നല്ലത്. ഒരു കാഫിറിനെ വിശ്വാസത്തിലേക്കു നയിക്കുന്ന അനുഗ്രഹം ചെയ്തുകൊടുക്കാന്‍ അല്ലാഹുവിനു കഴിയും. അല്ലാഹുവിന് വേണ്ടുക (ഇറാദത്ത്) എന്ന ഗുണമുണ്ട്. ഈ മൂന്ന് വാദങ്ങളും മുഅ്തസിലുകളുടെ പൊതു ആശയത്തിനെതിരായതുകൊണ്ട് അവര്‍ ബിശ്‌റിനെ കാഫിറാക്കുന്നു. മനുഷ്യന് ഏറ്റവും ഗുണമുള്ളത് ചെയ്യല്‍ അല്ലാഹുവിന്റെ മേല്‍ നിര്‍ബന്ധമാണ്, അല്ലാഹുവിനു ഒരു ക്രിയാത്മക ഗുണവും ഇല്ല, എന്നീ രണ്ട് മുഅ്തസിലീ തത്വത്തിനു വിരുദ്ധമായതാണ് കാരണം.
എന്നാല്‍ സുന്നികള്‍ അയാളെ എതിര്‍ക്കുന്നത് മറ്റു ചില കാരണങ്ങളുടെ പേരിലാണ്. നിറം, മണം, കാഴ്ച, കേള്‍വി, ചൂട്, തണുപ്പ് തുടങ്ങിയവ സൃഷ്ടിക്കാന്‍ മനുഷ്യന്‍ സാധിക്കുമെന്ന് ബിശ്ര്‍ വാദിച്ചു. ഇപ്രകാരം, ഒരു പാപി പശ്ചാതപിച്ചതിനുശേഷം വീണ്ടും തെറ്റിലേക്കു മടങ്ങിയാല്‍ അല്ലാഹു മുമ്പ് പൊറുത്തുകൊടുത്തത് പിന്‍വലിക്കുമെന്നും ഇയാള്‍ വാദിച്ചു. ഇതുപോലുള്ള വിചിത്രകരമായ ചില വാദങ്ങള്‍ ഉന്നയിച്ചപ്പോള്‍ ബിശ്ര്‍ എല്ലാവരുടെയും എതിര്‍പ്പിനു പാത്രമായി.
7. ഹിശാമിയ്യ: ഹിശാം ബിന്‍ അംറില്‍ ഖുവത്വിയുടെ അനുയായികള്‍. അല്ലാഹുവിനെക്കുറിച്ച് വകീല്‍ (ഏല്‍പ്പിക്കപ്പെട്ടവന്‍) എന്നു പറയാന്‍ പാടില്ലെന്നും അങ്ങനെ ചെയ്യുമ്പോള്‍ അവനു മീതെ ഏല്‍പ്പിച്ച മറ്റൊരാള്‍ ഉണ്ടെന്നു സമ്മതിക്കേണ്ടിവരുമെന്നും വാദിക്കുന്നു. അതുകൊണ്ട് ‘ഹസ്ബുനല്ലാഹു നിഅ്മല്‍ വകീല്‍’ എന്നു പറയാന്‍ പാടില്ലത്രെ. സമുദ്രം പിളര്‍ന്നത്, വടി പാമ്പായത്, ചന്ദ്രന്‍ പിളര്‍ന്നത്.. തുടങ്ങിയ അമാനുഷിക സംഭവങ്ങള്‍ പ്രവാചകത്വവാദം സത്യമാണെന്നതിനു തെളിവല്ല. സ്വര്‍ഗ്ഗവും നരകവും ഇപ്പോള്‍ തന്നെ സൃഷ്ടിക്കപ്പെട്ടു എന്നു പറയുന്നവര്‍ കാഫിറുകളാണ്. സ്വര്‍ഗ്ഗത്തില്‍ കന്യകകളെ ലഭിക്കുകയില്ല തുടങ്ങിയവയാണ് അയാളുടെ മറ്റു വാദങ്ങള്‍.
8. മിര്‍ദാരിയ്യ: ബിശ്ര്‍ ബിന്‍ മുഅ്തമിറിന്റെ ശിഷ്യനായിരുന്ന ഈസ ബിന്‍ സ്വബീഹാണിതിന്റെ നേതാവ്. അബൂമൂസാ മിര്‍ദാര്‍ എന്നറിയപ്പെടുന്ന ഇദ്ദേഹം നള്ള്വാമിനെപ്പോലെ ഖുര്‍ആനിനെക്കാള്‍ സാഹിത്യസമ്പന്നമായ ഗ്രന്ഥങ്ങള്‍ ജനങ്ങള്‍ക്കു രചിക്കാനാവുമെന്നു വാദിച്ചു. അല്ലാഹുവിന് അക്രമം പ്രവര്‍ത്തിക്കാനും കളവു പറയാനും കഴിയും. അല്ലാഹുവിനു രൂപങ്ങളില്ലാതെ കാണാന്‍ കഴിയുമെന്നു പറയുന്നവര്‍ കാഫിറാണ്. അവന്‍ കാഫിറാണോ എന്നു സംശയിക്കുന്നവനും കാഫിറാണ്… ഇങ്ങനെ പോകുന്നു അയാളുടെ വാദങ്ങള്‍.
9. ജഅ്ഫരിയ്യ: ജഅ്ഫര്‍ ബിന്‍ഹര്‍ബ്, ജഅ്ഫര്‍ ബിന്‍ മുബ്ശിര്‍ എന്നീ രണ്ടു ജഅ്ഫര്‍മാരുടെ അനുയായികള്‍. പാപം ചെയ്ത മുസ്‌ലിംകള്‍ ജൂതക്രിസ്ത്യാനികളെക്കാള്‍ നീചരാണെന്നു വാദിച്ചു. വീഞ്ഞ് (ഖംറ്) കുടിച്ചവനെ ശിക്ഷിക്കണമെന്ന സ്വഹാബികളുടെ ഏകകണ്ഠമായ അഭിപ്രായം (ഇജ്മാഅ്) അബദ്ധമാണെന്നു വിധിച്ചു. വിവാഹാലോചന നടത്തിയ സ്ത്രീയെ നികാഹിനു മുമ്പ് ഭോഗിച്ചാല്‍ അതിനു വ്യഭിചാരത്തിന്റെ ശിക്ഷ നല്‍കേണ്ടതില്ല എന്നു വിധിയെഴുതി.
10. ഇസ്‌കാഫിയ്യ: ജഅ്ഫര്‍ ബിന്‍ ഹര്‍ബിന്റെ പ്രധാന ശിഷ്യനായിരുന്ന മുഹമ്മദ് ബിന്‍ അബ്ദില്ലാ ഇസ്‌കാഫിയാണ് ഈ സംഘത്തിന്റെ തലവന്‍. കുട്ടികളെയും ഭ്രാന്തന്മാരെയും ദ്രോഹിക്കാന്‍ അല്ലാഹുവിനു കഴിയും. ബുദ്ധിയുള്ളവരെ അക്രമിക്കാന്‍ സാധിക്കുകയുമില്ല. അല്ലാഹുവിനെക്കുറിച്ച് സംസാരിക്കുന്നവന്‍ (മുകല്ലിം) എന്നു പറയാം. സംസാരം ഉള്ളവന്‍ (മുതകല്ലിം) എന്നു പറയാന്‍ പാടില്ല. അങ്ങനെ പറഞ്ഞാല്‍ സംസാരം അല്ലാഹുവിന്റെ ഗുണമാണെന്നു വരും. തുടങ്ങിയവയാണ് പ്രധാന വാദങ്ങള്‍. ഇയാളെ മറ്റു മുഅ്തസിലുകളും മറ്റുള്ളവരെ ഇയാളും കാഫിറാക്കുന്നു.
11. സുമാമിയ്യ: സുമാമാ ബിന്‍ അശ്‌റസുന്നുമൈരിയുടെ സംഘം. ജൂത-ക്രിസ്ത്യാനികളും പ്രകൃതിവാദികളുമെല്ലാം പരലോകത്ത് മണ്ണായിമാറും. പരലോകം പ്രതിഫലത്തിന്റെയും ശിക്ഷയുടെയും വേദിയായതിനാല്‍ കുട്ടികളും അല്ലാഹുവിനെ അറിയാതെ മരിച്ചുപോയവരും അവിടെ മണ്ണായി മാറും. പ്രതിഫലവും ശിക്ഷയുമൊന്നും അവര്‍ക്കു ലഭിക്കുകയില്ല. എന്നീ വാദങ്ങള്‍ നടത്തി മറ്റുള്ളവരില്‍ നിന്നു വേറിട്ടുനില്‍ക്കുന്നു.
12. ജാഹിളിയ്യ: പ്രമുഖ സാഹിത്യകാരന്‍ അംറ് ബിന്‍ യഹ്‌യാ ജാഹിള് ആണ് ഈ സംഘത്തിന്റെ തലവന്‍. ഉദ്ദേശ്യം (ഇറാദത്ത്) മാത്രമാണ് മനുഷ്യനില്‍ നിന്നുണ്ടാകുന്ന പ്രവര്‍ത്തി. ബാക്കിയെല്ലാം പ്രകൃതിപരമായി അവരില്‍ നിന്നുണ്ടാകുന്നത് കൊണ്ടാണ് മനുഷ്യരിലേക്ക് ചേര്‍ത്തു പറയുന്നത്. ഒരു വസ്തുവിനെ ഉണ്ടാക്കിയശേഷം ഇല്ലാതെയാക്കല്‍ അസംഭവ്യമാണ്. എന്നിങ്ങനെ വാദിക്കുന്നു. അല്ലാഹുവിനു ഒരു വസ്തുവിനെ സൃഷ്ടിക്കാന്‍ കഴിയും. പക്ഷേ, നശിപ്പിക്കാനാകില്ല എന്ന വാദത്തിലേക്ക് ഇതു ചെന്നുചേരുന്നത്. അല്ലാഹു ആരെയും നരകത്തില്‍ പ്രവേശിപ്പിക്കുന്നില്ല. അര്‍ഹരായവരെ നരകം തന്നിലേക്ക് വലിച്ചെടുക്കുകയാണ് എന്നും ജാഹിള് വാദിക്കുന്നു.
13. ജുബാഇയ്യ: അബൂ അലിയ്യില്‍ ജുബാഇയുടെ കക്ഷി. ഒരു കാലത്ത് ബസ്വറയിലെ മുഴുവന്‍ മുഅ്തസിലുകളുടെയും നേതാവായിരുന്ന ഇദ്ദേഹം ഇമാം അബൂല്‍ ഹസനില്‍ അശ്അരി(റ)യുടെ ഗുരുവായിരുന്നു. മറ്റൊരാളുടെ ഉദ്ദേശ്യപ്രകാരം ഒരുകാര്യം ചെയ്തവന്‍ അയാള്‍ക്ക് വഴിപ്പെട്ടവനാണെന്ന് ജുബാഇ വാദിച്ചു. ‘ഇതനുസരിച്ച് ഒരു മനുഷ്യന്റെ ഉദ്ദേശ്യപ്രകാരം അല്ലാഹു പ്രവര്‍ത്തിക്കുമ്പോള്‍ അല്ലാഹു അയാള്‍ക്ക് വഴിപ്പെട്ടവനാണെന്നു പറയേണ്ടി വരില്ലേ?’ എന്നു ഇമാം അശ്അരി(റ) ചോദിച്ചു. പറയേണ്ടിവരുമെന്നു ജുബാഇ സമ്മതിച്ചു. ‘എങ്കില്‍ താങ്കള്‍ മുസ്‌ലിംകളുടെ ഇജ്മാഇനു എതിരു പ്രവര്‍ത്തിക്കുകയും രക്ഷിതാവിനെ നിഷേധിക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹു ഒരു അടിമക്ക് വഴിപ്പെട്ടവനാണെങ്കില്‍ അല്ലാഹുവിനു ആ മനുഷ്യനെ അനുസരിക്കേണ്ടിവരും. അല്ലാഹു ഇതില്‍ നിന്നും പരിശുദ്ധനാണ്’ ഇമാം അശ്അരി(റ) പറഞ്ഞു.
അല്ലാഹുവിന്റെ പ്രവര്‍ത്തിയിലേക്ക് ചേര്‍ത്തുകൊണ്ട് അവന് ഏതു പേരും നല്‍കാമെന്ന് ജുബാഇ വാദിച്ചു. അപ്പോള്‍ ഗര്‍ഭം സൃഷ്ടിച്ച അല്ലാഹുവിനെക്കുറഇച്ച് ‘സ്ത്രീകള്‍ക്ക് വയറ്റിലുണ്ടാക്കിയവന്‍’ എന്നു പറയാമോ എന്ന് ഇമാം അശ്അരി(റ) ചോദിച്ചു. പറയാമെന്ന് ജുബാഇ സമ്മതിച്ചു. ‘എങ്കില്‍ താങ്കളുടെ ഈ പുത്തന്‍വാദം ക്രിസ്ത്യാനികളുടെ വാദത്തെക്കാള്‍ വികലമാണ്. അവര്‍ ‘ഈസയുടെ പിതാവ്’ എന്നേ അല്ലാഹുവിനെക്കുറിച്ച് പറയാറുള്ളൂ. ‘മറിയമിനു ഗര്‍ഭമുണ്ടാക്കിയവന്‍. എന്നു പറയാറില്ല. ഇമാം തുറന്നടിച്ചു. ജുബാഇ, ഔലിയാഇന്റെ കറാമത്ത് നിഷേധിച്ചിരുന്നു.
ശഹ്ഹാമിയ്യ, ഖയാത്വിയ്യ, കഅ്ബിയ്യ, ബഹ്ശമിയ്യ, ഹിമാരിയ്യ, ബിശ്‌രിയ്യ, മുവൈസിയ്യ തുടങ്ങിയ വേറെയും സംഘങ്ങള്‍ മുഅ്തസിലുകള്‍ക്കിടയിലുണ്ട്. വിചിത്രകരമായ നിരവധി വാദമുഖങ്ങളും അവര്‍ക്കുണ്ട്.

(മുഖ്യധാരയും വിഘടിത ചേരികളും: സ്വാദിഖ് ഫൈസി താനൂര്)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter