ബദ്‌ഉല്‍ അമാലി: വിശ്വാസശാസ്ത്രത്തിലെ കാവ്യകൃതി
ഇസ്‍ലാമിക വിശ്വാസ കാര്യങ്ങളെ കുറിച്ചുള്ള പഠന ശാഖയായ, അനേകം തർക്കങ്ങളും വാദങ്ങളും ഉള്ള ഇൽമുൽകലാമിനെ പദ്യ രൂപത്തിൽ വിവരിക്കുന്ന അതി ബ്രഹത്തായ ഗ്രന്ഥമാണ് ബദ്ഉൽ അമാലി. പ്രശസ്ത തർക്കശാസ്ത്ര പണ്ഡിതനായ സിറാജുദ്ധീൻ അലിബിൻ ഉസ്മാൻ എന്നവരാണ് പ്രസ്തുത ഗ്രന്ഥത്തിന്റെ രചയിതാവ്. ഇസ്‍ലാമിക തര്‍ക്കശാസ്‌ത്ര മേഖലയില്‍ അന്നോളം നിലനിന്നിട്ടില്ലാത്ത ഒട്ടനവധി നൂതനരീതികളും മാര്‍ഗങ്ങളുമാണ് ഈ ഗ്രന്ഥത്തില്‍ സ്വീകരിച്ചു പോന്നിട്ടുള്ളത്. കവിത രൂപേണ എഴുതപ്പെട്ട തര്‍ക്കശാസ്‌ത്രത്തിലെ മാസ്റ്റര്‍പീസായി ഗണിക്കപ്പെടുന്നത് കൂടിയാണ് പ്രസ്തുത ഗ്രന്ഥം.
സിറാജുദ്ധീൻ അലി ബിൻ ഉസ്മാൻ
ആറാം നൂറ്റാണ്ടിന്റെ മധ്യ കാലങ്ങളിൽ കിർഗിസ്ഥാനിലെ ഔഷ് ഗ്രാമത്തിലായിരുന്നു ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം സമർഖന്ദ്, ബഗ്ദാദ്, ജറുസലേം, ഡമസ്‌കസ്, കയ്‌റോ തുടങ്ങിയ ഇസ്‍ലാമിക നഗരങ്ങളിലേക്ക് പഠനാവശ്യാർത്ഥം യാത്ര ചെയ്‌തു. ചെറുപ്രായത്തിൽ തന്നെ ഹദീസിലും ഇസ്‍ലാമിക ശരീഅത് നിയമങ്ങളിലും അറിവ് സ്വായത്തമാക്കിയിരുന്ന അദ്ദേഹം ഹനഫി കര്‍മ്മശാസ്ത്രത്തിൽ വലിയ അവഗാഹം നേടിയെടുത്തു. അതോടെ അന്നാട്ടിലെ വിധികർത്താവായി തിരഞ്ഞെടുക്കപ്പെട്ടു. എങ്കിലും അദ്ദേഹം അറിയപ്പെടുന്നത് ബദ്ഉൽ അമാലി എന്ന ഈ പ്രശസ്ത ഗ്രന്ഥത്തിലൂടെയാണ്. അദ്ദേഹത്തിന്റെ പ്രസിദ്ധമായ ചില കൃതികൾ ഇവയാണ്:
• ബദ്ഉൽഅമാലീ: ഇസ്‍ലാമിക വിശ്വാസങ്ങളുടെ അടിസ്ഥാനതത്ത്വങ്ങൾ കവിതാ രൂപത്തില്‍ ക്രോഡീകരിച്ചത്.
• നസബുൽഅഖ്ബാർ ലിതദ്കിറതിൽഅഖ്‍യാർ: ഹദീസുകളെ കുറിച്ചുള്ള ഒരു കൃതി.
• അൽദുർറുൽ-അസ്ഹർ: അഖീദ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥം.
• മുജ്മൽ അൽതാലിഫ്: ഫിഖ്ഹിനെക്കുറിച്ചുള്ള ഒരു ഗ്രന്ഥം
ബദ്‌ഉല്‍ അമാലി
ഇസ്‍ലാമിക വിശ്വാസത്തിന്റെ അടിത്തറയായ ഇല്‍മുല്‍കലാമിനെയാണ് ഈ ഗ്രന്ഥത്തില്‍ ഇമാം സിറാജുദ്ദീന്‍ അലി അവതരിപ്പിക്കുന്നത്. അടിസ്ഥാന വിശ്വാസങ്ങൾ, അല്ലാഹുവിന്റെ ഗുണവിശേഷങ്ങൾ, പ്രവാചകത്വം, പരലോകം എന്നിങ്ങനെയുള്ള ഇസ്‍ലാമിക വിശ്വാസങ്ങളുടെ പ്രധാന വിഷയങ്ങൾ ഇത് കൈകാര്യം ചെയ്യുന്നു. അറബി കവിതയുടെ പരമ്പരാഗത ശൈലി പിന്തുടർന്ന്, വളരെ സരളവും ലളിതവും വ്യക്തവുമായ രീതിയില്‍, വിശുദ്ധ ഖുര്‍ആന്റെയും തിരുഹദീസിന്റെയും വെളിച്ചത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. ബിദഈ പ്രസ്ഥാനത്തെയും പുത്തനാശയങ്ങളെയും തുറന്ന് വിമര്‍ശിക്കുകയും നഖശിഖാന്തം എതിര്‍ക്കുകയും ചെയ്‌ത അദ്ദേഹം അഹ്‌ലുസ്സുന്നത്തി വല്‍ജമാഅതിന്റെ ആശയാദര്‍ശങ്ങളില്‍ അടിയുറച്ച്‌നിന്ന് തിരുസുന്നത്തിന്റെ പുനരുജ്ജീവനത്തിന് വലിയൊരു പങ്ക് വഹിക്കുകയാണ് ഇതിലൂടെ ചെയ്തിരിക്കുന്നത്.
വായനക്കാരനെ ഇസ്‍ലാമിക ദൈവശാസ്ത്രത്തെക്കുറിച്ച് പഠിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഇത്. ലളിതവും വളച്ചുകെട്ടില്ലാത്തതുമായ ശൈലിയിലാണ് എഴുതിയിരിക്കുന്നത്. അതിന്റെ കൃത്യതയും സമഗ്രതയും പല പണ്ഡിതരാലും പ്രശംസിക്കപ്പെട്ടതാണ്. തലമുറകളുടെ ഇസ്‍ലാമിക ചിന്തയിൽ ഇത് ഗണ്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. നൂറ്റാണ്ടുകളായി മുസ്‍ലിംകൾ ഇത് വ്യാപകമായി വായിക്കുകയും പഠിക്കുകയും ചെയ്യുന്നു. ഇസ്‍ലാമിക ദൈവശാസ്ത്ര ഗ്രന്ഥങ്ങൾ, വ്യാഖ്യാനങ്ങൾ, കവിതകൾ എന്നിവയുൾപ്പെടെ മറ്റ് ഇസ്‍ലാമിക കൃതികളുടെ വികാസത്തിലും ഇത് സ്വാധീനം ചെലുത്തിയിട്ടുണ്ട്.
നിരവധി പണ്ഡിതർ ഇതിന് വ്യാഖ്യാനങ്ങള്‍ എഴുതിയിട്ടുണ്ട്. അതിൽ ഏറ്റവും പ്രസിദ്ധമായത് ഇവയാണ്:
• സിറാജുദ്ധീൻ അൽ-ഔശി തന്നെ രചിച്ച നിസാബുൽഅഖ്ബാർ ലിതദ്കിറതിൽഅഖ്‍യാര്‍
• ഷംസുദ്ദീൻ അസ്സഖാവി രചിച്ച അൽ-ദുർറതുൽമുദിയ്യ ഫീ ശർഹിൽഖസീദതിൽലാമിയ്യമുഹമ്മദ് ഇബ്ൻ അബീബക്കർ അല്‍റാസിയുടെ ഷർഹു ബദ്ഉൽഅമാലി
Leave A Comment