ഭയപ്പെടാന്‍ ഇനിയും സമയം ആയില്ലയോ

ഫുളൈലുബ്നുഇയാള്, ആ പേര് കേള്‍ക്കുമ്പോഴേക്ക് നാം അറിയാതെ റളിയല്ലാഹു അന്‍ഹു (അല്ലാഹു അദ്ദേഹത്തില്‍ സന്തുഷ്ടനാവട്ടെ) എന്ന് പറഞ്ഞുപോവും. ഇരു ഹറമുകളിലെയും ഇമാമായും വര്‍ഷങ്ങളോളം അവിടെ ആരാധനകളിലായും കഴിച്ച് കൂട്ടിയ മഹാനാണ് ഇമാം ഫുളൈല്‍. 

എന്നാല്‍ ആദ്യകാലത്ത് അദ്ദേഹം കളവും കൊള്ളയുമായി കഴിഞ്ഞ് കൂടിയ മനുഷ്യനായിരുന്നു. രാത്രിയില്‍ മോഷണവും പകല്‍സമയങ്ങളില്‍ വഴികളില്‍ പതിയിരുന്ന് യാത്രാ സംഘങ്ങളെ അക്രമിക്കുന്നതും അദ്ദേഹത്തിന്റെ പതിവായിരുന്നു. ഫുളൈല്‍ എന്ന പേര് കേട്ടാല്‍ തന്നെ ജനങ്ങള്‍ പേടിച്ചു പോകും വിധം കുപ്രശസ്തനായിരുന്നു അദ്ദേഹം. കുട്ടികള്‍ കരുയകയോ വാശി പിടിക്കുകയോ ഭക്ഷണം കഴിക്കാതിരിക്കുകയോ ഒക്കെ ചെയ്യുമ്പോള്‍, പല ഉമ്മമാരും അവരെ പേടിപ്പിച്ചിരുന്നത്, നിന്നെ ഞാന്‍ ഫുളൈലിന് കൊടുക്കും എന്ന് പറഞ്ഞായിരുന്നുവത്രെ. 

ഒരു ദവിസം മോഷ്ടിക്കാനായി അദ്ദേഹം ഒരു വീട്ടിലെത്തി. കൈയ്യില്‍ കരുതിയിരുന്ന കോണി ചുമരില്‍ ചാരി വെച്ച് പുരപ്പുറത്ത് കയറി അകത്തേക്ക് നോക്കിയ അദ്ദേഹം കണ്ടത്, വൃദ്ധനായ ഒരു മനുഷ്യന്‍ ഇരുന്ന് ഖുര്‍ആന്‍ ഓതുന്നതാണ്. ഓരോ സൂക്തങ്ങള്‍ ഓതുമ്പോഴും അദ്ദേഹം കരഞ്ഞുകൊണ്ടേയിരിക്കുന്നു. അപ്പുറത്ത് ആ വൃദ്ധ പിതാവിനായി ഭക്ഷണം ഉണ്ടാക്കുന്ന മകളും ഉണ്ട്. ബലഹീനരായ ആ രണ്ട് പേരെയും ശക്തനായ ഫുളൈലിന് വേണമെങ്കില്‍ എന്തും ചെയ്യാം. 

ഒന്നുമില്ലായ്മയിലും തികഞ്ഞ സംതൃപ്തിയില്‍ കഴിയുന്ന ആ പിതാവിനെയും മകളെയും കണ്ട ഫുളൈലിന് ഒരു വേള തന്നെ കുറിച്ച് വെറുപ്പ് തോന്നി. എത്രമാത്രം അന്തരമുണ്ട് എന്റെയും അദ്ദേഹത്തിന്റെയും ജീവിതമെന്ന് ചിന്ത മനസ്സിലുദിച്ചു. പുരപ്പുറത്ത് തന്നെ ഇരുന്ന് അല്‍പ നേരം അദ്ദേഹം ആ പാരായണം കേട്ടുകൊണ്ടിരുന്നു. സൂറതുല്‍ ഹദീദിലെ 16-ാം സൂക്തമെത്തി, അതിങ്ങനെയായിരുന്നു, വിശ്വസിച്ചവര്‍ക്ക് അവരുടെ ഹൃദയങ്ങള്‍ ഭയപ്പെടാന്‍ ഇനിയും സമയമായില്ലേ. 

അത് കൂടി കേട്ടതോടെ, ഫുളൈല്‍ നാഥനിലേക്ക് കൈകളുയര്‍ത്തി, ഒരു വിതുമ്പലോടെ അദ്ദേഹം മൊഴിഞ്ഞു, നാഥാ, ഞാനിതാ പശ്ചാത്തപിക്കുന്നു. താഴെയിറങ്ങിയ അദ്ദേഹം നേരെ വീട്ടിലെത്തി കുളിച്ച് നല്ല വസ്ത്രം ധരിച്ച് പള്ളിയിലേക്ക് പോയി. നേരം പുലരുവോളം കണ്ണീര്‍ തുള്ളികളുടെ അകമ്പടിയോടെ നാഥനോട് ചെയ്തുപോയതിനെല്ലാം പശ്ചാത്തപിച്ചു. കരഞ്ഞുകലങ്ങിയ കണ്ണുകളുമായാണ് അദ്ദേഹം രാവിലെ വീട്ടിലേക്ക് തിരിച്ചത്. 

ശിഷ്ട ജീവിതം ആരാധനയിലായി കഴിച്ച് കൂട്ടിയ അദ്ദേഹം, വൈകാതെ ഇരു ഹറമുകളിലെയും ഇമാം വരെ ആയി മാറി. പല പണ്ഡിതരില്‍നിന്നും ഹദീസുകള്‍ വരെ നിവേദനം ചെയ്ത അദ്ദേഹത്തില്‍ നിന്ന് ഇമാം ശാഫിഈ അടക്കമുള്ള പല മഹത്തുക്കളും ഹദീസ് നിവേദനം ചെയ്തിട്ടുണ്ട്. പല പണ്ഡിതരും അദ്ദേഹത്തെ പ്രകീര്‍ത്തിച്ച് പദ്യങ്ങളും ഗദ്യങ്ങളും ചമച്ചു. മരണം വരിച്ച് പന്ത്രണ്ട് നൂറ്റാണ്ട് കഴിഞ്ഞിട്ടും ഇന്നും അദ്ദേഹം ജനമനസ്സുകളില്‍ ഇമാം ആയി തന്നെ ജീവിക്കുകയും ചെയ്യുന്നു.

അല്ലാഹുവിന്റെ കൈകളിലാണ് നമ്മുടെ മനസ്സും ഹൃദയവും. അത് എങ്ങോട്ട് നീങ്ങണമെന്ന് തീരുമാനിക്കുന്നത് അവനാണ്. സത്യപാതയിലെത്താനും അതില്‍ അടിയുറച്ച് നില്ക്കാനും നമുക്ക് അവനോട് പ്രാര്‍ത്ഥിക്കാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter