എല്ലാം വൈറലായാല്‍ മാത്രം മതിയോ...
ഏതാനും ദിവസം മുമ്പ് സോഷ്യല്‍ മീഡിയയിലെ ഒരു പോസ്റ്റ് ശ്രദ്ധയില്‍ പെട്ടു, അത് ഇങ്ങനെയായിരുന്നു, എന്റെ മകളുടെ നികാഹ് നടക്കാനിരിക്കുകയാണ്. അതെങ്ങനെ വൈറലാക്കാം എന്ന ആലോചനയിലാണ് ഇപ്പോള്‍. വരനെ കുതിരപ്പുറത്ത് കയറ്റി അവന്റെ തലയില്‍ വധുവിനെ കയറ്റിയാലോ എന്നാണ് ആലോചിക്കുന്നത്. കൂടുതല്‍ ശ്രദ്ധ കിട്ടുന്ന മറ്റു വല്ല മാര്ഗ്ഗങ്ങളുമുണ്ടെങ്കില് അറിയിക്കുക.
വൈറലാവാനായി എന്തും ചെയ്യുന്നവരെ ട്രോളുകയാണ് കുറിപ്പുകാരന് അതിലൂടെ ചെയ്തിരിക്കുന്നത്. സത്യം പറഞ്ഞാല്‍, സമുദായം ഇന്ന് ഇക്കാര്യത്തില്‍ മല്‍സരിക്കുകയാണ്. വളരെ പുണ്യകരമായ, ഭക്ത്യാദരവുകളോടെ നടക്കേണ്ട കര്‍മ്മങ്ങള്‍ പോലും ജനശ്രദ്ധ ലഭിക്കാനായി പേക്കൂത്തുകളായി മാറുന്നു. കര്‍മ്മങ്ങള്‍ ബാതിലായാലും വേണ്ടില്ല, വൈറലായാല്‍ മതിയെന്നതാണ് പലരുടെയും മനോഗതി എന്ന് തോന്നിപ്പോവും.
നികാഹിലും കല്യാണങ്ങളിലുമാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. കല്യാണം കഴിക്കുന്ന ചെറുപ്പക്കാരില്‍, ഒരു പക്ഷേ, പ്രായോചിതമായ അപക്വതയുടെയും ഗൗരവ ബോധത്തിന്റെയും അപര്യപ്തത മൂലം ഇത്തരം ചിന്തകള്‍ കടന്നുവന്നേക്കാം. അതേ സമയം, അവരെ തിരുത്താനും പറഞ്ഞ് മനസ്സിലാക്കാനും മുതിര്‍ന്നവരില്ലാതെ പോകുന്നുവല്ലോ എന്നതാണ് ഏറെ സങ്കടകരം.
അതോടൊപ്പം, ഇത്തരം സംഭവങ്ങളുണ്ടാവുമ്പോള്‍, വ്യക്തിപരമായി അവരെ സമീപിച്ച് ഗുണകാംക്ഷയോടെ, സദുദ്ദേശത്തോടെ അവരെ തിരുത്തുന്നതിന് പകരം, പലരും അത് ഫോട്ടോ എടുത്ത് സമൂഹമാധ്യമങ്ങളിലൂടെ പങ്ക് വെക്കുന്നതും പലപ്പോഴും ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നുണ്ട്. ചിലര്‍ക്കെങ്കിലും അത് വാശി കൂടാനും ചിലപ്പോഴെങ്കിലും സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്ന് തെറിച്ച് പോവാന്‍ വരെയും അത് കാരണമാകുന്നുണ്ട്. തെറ്റുകള്‍ രഹസ്യമായി ചൂണ്ടിക്കാണിക്കുന്നവന് ഗുണകാംക്ഷയോടെ ഉപദേശിക്കുന്നവനാണെന്നും ജനങ്ങള്‍ക്ക് മുമ്പില്‍ അത് പരസ്യമായി പറയുന്നവന് അവനെ മാനം കെടുത്തുകയാണെന്നുമാണ് ഇമാം ശാഫിഈ പറയുന്നത്.
ഉത്തമസമുദായത്തിന്റെ പിന്തലമുറക്കാര്, ഏറ്റവും ഉത്തമമായ കര്‍മ്മങ്ങളില്‍ പോലും ഇങ്ങനെ ച്യുതിയിലകപ്പെട്ടു പോയത് എന്താണാവോ...
2 Comments
-
നാടോടുമ്പോ നടുകെ ഓടുക എന്നപോലെയാണ് എല്ലാ കാര്യങ്ങളും നടക്കുന്നത്. ഉപദേശികൾക്ക് ഒരു പേരുണ്ട്. തന്ത /തള്ള വൈബ്.. ഗുണ ദോഷിക്കുന്നതൊന്നും ഏൽക്കാത്ത അവസ്ഥയാണ്. നന്നായി ചെയ്യുന്നവരും, ദീനി ചിട്ടയിൽ ഒരുങ്ങി ഇറങ്ങിയവരൊക്കെയും വെറൈറ്റി വയറൽ ആക്കും.. ആത്മീയ വയറൽ.. ഒട്ടും മോശമല്ല ഒന്നും.. കാലം അതാണ് വയറലിന്റെ കാലം
-
Leave A Comment