ഒരു പുതിയ ജീവിതം – 06 സമയം പാഴാക്കാതിരിക്കുക... കര്‍മ്മങ്ങളില്‍ വ്യാപൃതരാവുക...
ഇമാം ഇബ്നു അൽ-ഖയ്യിം ഇങ്ങനെ പറയുന്നുണ്ട്, "സമയം പാഴാക്കുന്നത് നിങ്ങളെ അല്ലാഹുവിൽ നിന്നും പരലോകത്തിൽ നിന്നും അകറ്റുന്നു. അതേസമയം മരണം ഐഹിക ജീവിതത്തിൽ നിന്നും അതിലെ ആളുകളിൽ നിന്നും മാത്രമേ അകറ്റുന്നുള്ളൂ. ആയതിനാല്‍ മരണത്തേക്കാള്‍ കഠിനമാണ് സമയം പാഴാക്കുന്നത്".
ഒന്നും ചെയ്യാതെ വെറുതെ ഇരിക്കുക എന്നത് എത്രമാത്രം വലിയ വിഢിത്തമാണ്. അതിലുപരി, അനാവശ്യ ചിന്തകളും ആശങ്കകളും കടന്നുവരാന്‍ അത് കാരണമാവുകയും ചെയ്യുന്നു. എപ്പോഴും സക്രിയനായിരിക്കുക എന്നതാണ് മനുഷ്യന് ചെയ്യാനാവുന്ന ഏറ്റവും വലിയ കര്‍മ്മം. ഒരു കര്‍മ്മം ചെയ്ത് കഴിഞ്ഞാല്‍ അടുത്തതില്‍ വ്യാപൃതനാവുക എന്ന ഖുര്‍ആനിക ഉപദേശം ഇതിന് അടിവരയിടുകയാണ്. അങ്ങനെയാവുമ്പോഴാണ്, ഉറക്കം പോലും വിശ്വാസിക്ക് ആരാധനയായി മാറുന്നതും, കാരണം അപ്പോള്‍ അത് കര്‍മ്മനൈരന്തര്യത്തിന്റെ ഉപോല്‍പന്നവും അതിന്റെ തുടര്‍ച്ചക്ക് വേണ്ടിയുള്ളതുമാവുന്നു.
മരണസമയമെത്തിയാല്‍ പിന്നെ, അല്പസമയം കൂടി എന്നെ പിന്തിപ്പിക്കാമോ എന്ന് മനുഷ്യന്‍ ചോദിക്കുന്ന രംഗം ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. അഥവാ, നഷ്ടപ്പെടുത്തിയ ഓരോ നിമിഷത്തിന്റെയും വിലയും മൂല്യവും അവന്‍ തിരിച്ചറിയുന്നത് അപ്പോഴാണ് എന്നര്‍ത്ഥം. പിന്നീടങ്ങോട്ട്, അത് വരെ ചെയ്തതിന്റെയെല്ലാം ഫലങ്ങള്‍ അനുഭവിക്കാനും ആസ്വദിക്കാനുമുള്ളതാണ്. ആ സന്നിഗ്ധ ഘട്ടത്തിലെത്തുന്നതിന് മുമ്പ് തന്നെ, സ്വന്തത്തിന്റെ പ്രവൃത്തികൾ പരിശോധിച്ച്, സ്വയം വിചാരണ നടത്തുന്നവനാണ് ബുദ്ധിമാന്‍. പ്രവാചകോപദേശം ഇങ്ങനെ വായിക്കാം, “നിങ്ങളെ വിചാരണ ചെയ്യുന്നതിന് മുമ്പ് സ്വയം വിചാരണ നടത്തുക. നിങ്ങളുടെ പ്രവൃത്തികൾ തൂക്കപ്പെടുന്നതിന് മുമ്പ് സ്വയം തൂക്കിനോക്കുക. (അത്തിർമിദി)
Read More:ഒരു പുതിയ ജീവിതം 05- അനാവശ്യ ഉല്‍കണ്ഠകള്‍ വേണ്ട... വിധിച്ചതേ വരൂ...
ജനങ്ങളെല്ലാം ഈ ഭൂമിയില്‍ അവര്‍ ചെയ്യുന്ന കാര്യങ്ങളുടെ ഒരു റെകോഡ് സൂക്ഷിക്കണമെന്ന് പ്രമുഖ പണ്ഡിനായ ഇബ്നുല്‍മുഖഫഅ് പറയുന്നുണ്ട്. നല്ല കാര്യങ്ങള്‍ വലത്തേ പേജിലും ചെയ്ത് പോവുന്ന തിന്മകള്‍ ഇടത്തേ പേജിലും എഴുതാനും അദ്ദേഹം ഉപദേശിക്കുന്നു. സ്വയം വിചാരണയുടെ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് അത്. അതുപോലെ, ജീവിതത്തിലെ മണ്ടത്തരങ്ങളുടെ ഒരു റെക്കോർഡ് സൂക്ഷിക്കാനും സ്വയം വിമർശിക്കാനും ഡെയ്ൽ കാർനെഗിയും സൂചിപ്പിക്കുന്നുണ്ട്. അദ്ദേഹം പറയുന്നു, "എന്റെ സ്വകാര്യ കാബിനറ്റിൽ 'FTD' എന്ന് അടയാളപ്പെടുത്തിയ ഒരു ഫോൾഡർ എനിക്കുണ്ട് - 'ഫൂൾ തിംഗ്സ് ഐ ഹാവ് ഡൺ' എന്നതിന്റെ ചുരുക്കെഴുത്താണ് അത്. ഞാൻ ചെയ്ത മണ്ടത്തരങ്ങളുടെ രേഖകൾ ഞാൻ ആ ഫോൾഡറിൽ സൂക്ഷിക്കുന്നു. ഇരുപത് നൂറ്റാണ്ടുകൾക്കുമുമ്പ് ശൗൽ രാജാവ് പറഞ്ഞത് എനിക്ക് സത്യസന്ധമായി ആവർത്തിക്കാൻ കഴിയും: 'ഞാൻ വിഡ്ഢിയായി കളിച്ചു, അത്യന്തം തെറ്റ് ചെയ്തു.' ഏറ്റവും ചുരുങ്ങിയത്, എല്ലാ നിർഭാഗ്യങ്ങൾക്കും പാരജയത്തിനും ഞാൻ തന്നെയാണ് ഉത്തരവാദിയെന്ന് മനസ്സിലാക്കാനെങ്കിലും അതെന്നെ സഹായിക്കും, അതോടെ മറ്റാരെയും കുറ്റപ്പെടുത്താന്‍ എനിക്കാവില്ല. സെന്റ് ഹെലീനയിൽ വച്ച് നെപ്പോളിയനും അത് തന്നെയാണല്ലോ പറഞ്ഞത്, 'എന്റെ വീഴ്ചയ്ക്ക് എന്നെയല്ലാതെ മറ്റാരെയും കുറ്റപ്പെടുത്താനാവില്ല. ഞാൻ എന്റെ തന്നെ ഏറ്റവും വലിയ ശത്രുവാണ് - എന്റെ തന്നെ വിനാശകരമായ വിധിയുടെ കാരണം.'" (How to stop worrying, 20).
ഇമാം മുസ്‍ലിം ഉദ്ദരിക്കുന്ന, ഒരു പ്രവാചകവചനത്തില്‍, അല്ലാഹു അടിമകളോട് പറയുന്നതായി ഇങ്ങനെ വായിക്കാം, അിടമകളേ, (ഞാന്‍ നിങ്ങളോട് അക്രമം കാണിക്കുകയേ ഇല്ല...). എല്ലാം നിങ്ങളുടെ കര്‍മ്മങ്ങള്‍ മാത്രമാണ്. അത് കൃത്യമായി രേഖപ്പെടുത്തുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്. പിന്നീട് അത് വിശദമായി ഞാന്‍ നിങ്ങളെ കാണിച്ച് ബോധ്യപ്പെടുത്തും. അപ്പോള്‍ അവയില്‍ നന്മ ദര്‍ശിക്കാനായാല്‍ അവന്‍ അല്ലാഹുവിന് സ്തുതികളര്‍പ്പിക്കട്ടെ. മറിച്ചാണ് അതില്‍ കാണുന്നതെങ്കില്‍ സ്വന്തത്തെയല്ലാതെ മറ്റാരെയും ആക്ഷേപിക്കേണ്ടതില്ല.
********
For daily updates join our Whatsapp Group:
https://whatsapp.com/channel/0029Va5ZyA0FHWpsJ66H2P0R
Leave A Comment