വിദ്യാഭ്യാസം ആവശ്യമല്ല, അത്യാവശ്യമാണ്
'നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക, അല്ലാഹു നിങ്ങള്‍ക്ക് പഠിപ്പിച്ചുതരികയാകുന്നു. അല്ലാഹു എല്ലാം അറിയുന്നവനാകുന്നു' (ഖുര്‍ആന്‍, സൂറത്തുല്‍ ബഖറ 282).
പരിശുദ്ധ ഖുര്‍ആനിന്റെ അവതീര്‍ണം തന്നെ വായനയുടെ ആഹ്വാനവുമായാണ്. 'സൃഷ്ടാവായ നാഥന്റെ നാമത്തില്‍ വായിക്കുക' (ഖുര്‍ആന്‍, സൂറത്തുല്‍ അലഖ്: 1). ഈ ഖുര്‍ആനിക സൂക്തം വായനയുടെ മഹത്വവും വിദ്യ നേടുന്നതിന്റെ മാഹാത്മ്യവും ബോധിപ്പിച്ചുത്തരുന്നുണ്ട്. ജ്ഞാനാര്‍ജ്ജനത്തെ പ്രോത്സാഹിപ്പിക്കുകയും അതിനായി മനസ്സുകളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.
നബി (സ്വ) പറയുന്നു: 'ജ്ഞാനാര്‍ജ്ജനം ഓരോ വിശ്വാസിയുടെയും നിര്‍ബന്ധ ബാധ്യതയാണ്' (ഹദീസ് ഇബ്‌നു മാജ, ത്വബ്‌റാനി).
വിദ്യനേടലും അതിനായി പരിശ്രമിക്കലും ഓരോ വ്യക്തിയുടെയും ദീനി ബാധ്യതയെന്നതോടൊപ്പം സാമൂഹിക ബാധ്യത കൂടിയാണ്.
വിജ്ഞാനമാണ് മനുഷ്യന്റെ ബുദ്ധി നിര്‍മ്മിക്കുന്നതിലെ ആദ്യ ശില. വിജ്ഞാനം അവന്റെ അനുഭവങ്ങളില്‍ നിന്ന് നല്ലതിനെ മാത്രം സാംശീകരിച്ചുകൊടുക്കുന്നു.
മനുഷ്യകുലം സമ്പാദിക്കുന്നതില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠമായത് ജ്ഞാനമത്രെ. ഏറ്റവും ഉപരിക്കുന്നതും അതു തന്നെ. നാടിന്റെ വിഭവങ്ങളില്‍ വെച്ച് ഏറ്റവും മഹത്തരമായത് വിദ്യാസമ്പാദനത്തിനായി മുന്നിട്ടിറങ്ങുന്ന പൗരന്മാരുടെ ബുദ്ധി തന്നെയാണ്. അവര്‍ നാടിന്റെ പുരോഗതിയിലും സംസ്‌കാര രൂപീകരണത്തിലും നേട്ടങ്ങള്‍ കൈവരിക്കുന്നതിലും കണ്ടുപിടിത്തങ്ങള്‍ നടത്തുന്നതിലും പ്രധാന പങ്ക് വഹിക്കുന്നു.
സമൂഹത്തിന്റെ ഉന്നതി വിദ്യകൊണ്ട് മാത്രമാണ്. വിദ്യ കൊണ്ട് മാത്രമേ അന്തസ്സിന്റെയും മേന്മയുടെയും പടവുകള്‍ കയറിപ്പറ്റാനാവുകയുള്ളൂ. അറിവ് നേടാനായി പരിശ്രമിക്കുകയും അതിനുള്ള മാര്‍ഗങ്ങള്‍ തേടലും ഓരോര്‍ത്തരുടെയും ബാധ്യതയാണ്. വിദ്യാര്‍ത്ഥി ക്ഷമയോടെയും സമചിത്തതയോടെയും കാര്യഗൗരവത്തോടെയും സ്ഥിരോത്സാഹത്തോടെയുമാണ് വിദ്യ നുകരേണ്ടത്. നബി (സ്വ) പറയുന്നു: 'വിജ്ഞാനം ഉണ്ടാവുന്നത് പഠനം കൊണ്ട് മാത്രമാണ'് (ഹദീസ് ബുഖാരി). അതായത് വിജ്ഞാനം തനിയെ ഉണ്ടാവുന്നതല്ല. അതിനുള്ള മാര്‍ഗങ്ങള്‍ തേടുകയും അധ്യാപകനെ സമീപിക്കുകയും വേണം. അങ്ങനെയുള്ള പഠനം മാത്രമേ ഉപകാരപ്രദമായ അറിവ് സാധ്യമാകുകയുള്ളൂ.
പഠനം ചോദ്യങ്ങളും ഉത്തരങ്ങളുമാണ്. നല്ല ചോദ്യങ്ങളാണ് യഥാര്‍ത്ഥ വിജ്ഞാനത്തിന്റെ പകുതിയും സാധ്യമാക്കുന്നത്.
പ്രമുഖ അറബി ഭാഷാപണ്ഡിതനായ അസ്വ്മഈയോട് ഒരാള്‍ ചോദിച്ചു: 'താങ്കള്‍ എങ്ങനെയാണ് ഇത്രയും വിജ്ഞാനീയങ്ങള്‍ കരഗതമാക്കിയത്? അദ്ദേഹം മറുപടി പറഞ്ഞു: 'ഞാന്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിക്കുകയും അതിലൂടെ യുക്തിപരമായ കാര്യങ്ങള്‍ ഗ്രഹിക്കുകയും ചെയ്യും'. അതായത് വിദ്യാര്‍ത്ഥിയുടെ അധ്യാപകനോടുള്ള നിരന്തര ചോദ്യങ്ങളും തിരിച്ച് അധ്യാപകന്‍ പകര്‍ന്നുതരുന്ന യുക്തികളും വിജ്ഞാനീയങ്ങളുമാണ് പണ്ഡിതനെ രൂപപ്പെടുത്തുന്നത്.
വിദ്യാര്‍ത്ഥികള്‍ പാഠഭാഗങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ഉത്സാഹിക്കണം. അതിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തുകയും വേണം. അധ്യാപകനോട് നല്ലരീതിയില്‍ സമ്പര്‍ക്കം പുലര്‍ത്തുന്നതോടൊപ്പം സശ്രദ്ധം ശ്രവിക്കുകയും പഠിക്കുകയും വേണം. മാത്രമല്ല, ബഹുമാനാദരവുകളോടെ അധ്യാപകനോടുള്ള ബാധ്യത പൂര്‍ത്തീകരിക്കുകയും വേണം.
നബി (സ്വ) ശക്തമായി താക്കീത് ചെയ്യുന്നു: 'നമ്മളിലെ മുതിര്‍ന്നവരോട് ബഹുമാനം കാട്ടാത്തവരും ചെറിയവരോട് കരുണ കാണിക്കാത്തവരും പണ്ഡിതരോടുള്ള ബാധ്യത അറിയാത്തവരും എന്റെ സമുദായത്തില്‍പ്പെട്ടവരല്ല' (ഹദീസ് അഹ്മദ്).
വിദ്യാര്‍ത്ഥി സഹപാഠികളോട് സല്‍സ്വഭാവത്തോടെ വര്‍ത്തിക്കുകയും നല്ലനിലയില്‍ പെരുമാറുകയും ചെയ്യണം. ഉന്നതങ്ങളിലേക്ക് കൈപ്പിടിച്ചുയര്‍ത്തുകയും നേട്ടങ്ങള്‍ക്കായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സുഹൃത്തുക്കളോട് മാത്രമേ കൂട്ട് കൂടാവൂ. എന്നാല്‍ മാത്രമേ നാടിനും നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും അഭിമാനമായി വളര്‍ന്നുവരികയുള്ളൂ.
സമൂഹം വിദ്യാര്‍ത്ഥികളില്‍ നിന്ന് പ്രതീക്ഷിക്കുന്നത് കൂടുതല്‍ കൂടുതല്‍ വികസനവും മികവുമാണ്. പുതിയ പുതിയ കാര്യങ്ങള്‍ കണ്ടെത്തി സാമൂഹികാഭിവൃതിക്കും പുരോഗതിക്കും ആക്കം കൂട്ടുന്നവരാകണം അവര്‍.
രക്ഷിതാക്കള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് അനുയോജ്യമായ അന്തരീക്ഷം സൗകര്യപ്പെടുത്തിക്കൊടുക്കുകയും ഉപകാരപ്രദമായ വിജ്ഞാനീയ മേഖലകള്‍ തെരഞ്ഞെടുക്കാന്‍ അവരോട് സഹകരിക്കുകയും വേണം. എന്നാല്‍ മാത്രമേ നാടിനെ സേവിക്കുകയും ഭാസുര ഭാവി ലക്ഷ്യമിടുകയും ക്രിയാത്മകതയും മികവും സാധ്യമാക്കുന്ന മികച്ചൊരു തലമുറയെ വാര്‍ത്തെടുക്കാനാവുകയുള്ളൂ.
വിദ്യാസമ്പാദനത്തില്‍ സ്ഥിരോല്‍സാഹിയാവാന്‍ രക്ഷിതാക്കള്‍ മക്കളെ പ്രേരിപ്പിക്കണം. 'ഒരുത്തന്‍ വിജ്ഞാനം തേടി ഒരു വഴി പ്രവേശിച്ചാല്‍ അല്ലാഹു അവനിക്ക് സ്വര്‍ഗത്തിലേക്കുള്ള മാര്‍ഗ്ഗം എളുപ്പമാക്കിക്കൊടുക്കും' (ഹദീസ് മുസ്ലിം) എന്ന പ്രവാചകാധ്യാപനം മക്കള്‍ക്ക് അറിയിച്ചുക്കൊടുക്കണം.
വിദ്യാലയങ്ങളുടെ ശ്രമങ്ങള്‍ക്കൊപ്പം മാതാപിതാക്കളുടെ ഇടപെടല്‍ ഉണ്ടായെങ്കില്‍ മാത്രമേ പഠനം യഥാവിധി സാധ്യമാവുകയുള്ളൂ. മക്കളുടെ പഠനനിലവാരം തുടരെ തുടരെ അന്വേഷിക്കലും വിദ്യാലയവുമായി നിരന്തരം ബന്ധപ്പെടലും മാതാപിതാക്കളുടെ ബാധ്യതയാണ്. അങ്ങനെയാണ്. കൂട്ടൂത്തരവാദിത്വം നിറവേറ്റപ്പെടുക.
തീര്‍ച്ചയായും അധ്യാപകര്‍ക്ക് ഭാരിച്ച ഉത്തരവാദിത്വമുണ്ട്. സമൂഹനിര്‍മിതിയിലെ അടിസ്ഥാന ശിലകളാണവര്‍. അവരിലാണ് പ്രതീക്ഷകളൊക്കെയും. അവരിലൂടെയാണ് മക്കള്‍ വലിയൊരു സാംസ്‌കാരിക മുന്നേറ്റത്തിനായി പണ്ഡിതരും ശാസ്ത്രജ്ഞരും സാഹിത്യകാരന്മാരും സംഘാടകരുമായി വളര്‍ന്നു വരുന്നത്. അവരില്‍ നാട് സ്വപ്നം കാണുന്ന ആശകളും അഭിലാഷങ്ങളും അനന്തമാണ്.
പൊതുജനത്തില്‍ നിന്ന് ബഹുമാനവും നന്ദിയും അര്‍ഹിക്കുന്നത് അധ്യാപകര്‍ തന്നെയാണ്. മാത്രമല്ല അല്ലാഹു അധ്യാപകര്‍ക്ക് മഹത്തായ പ്രതിഫലം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. നബി (സ്വ) പറയുന്നു: 'അല്ലാഹുവും അവന്റെ മാലാഖമാരും ആകാശ ഭൂമിയിലുള്ളവരൊക്കെയും എത്രത്തോളമെന്നാല്‍ മാളത്തിലെ ഉറുമ്പുകളും വമ്പന്‍ മത്സ്യങ്ങള്‍ പോലും അധ്യാപന് വേണ്ട് ഓരോര്‍ത്തര്‍ക്കും യോജിച്ച നിലയില്‍ സ്വലാത്ത് ചെയ്യുന്നതായിരിക്കും' (ഹദീസ് തുര്‍മുദി, ദാരിമി).
തലമുറകളെ വാര്‍ത്തെടുക്കുന്നതില്‍ മഹത്തായ ദൗത്യമാണ് അധ്യാപര്‍ ചെയ്തുക്കൊണ്ടിരിക്കുന്നത്. ആ ദൗത്യം തന്നെയാണ് അല്ലാഹുവിന്റെ പ്രവാചകന്മാരും ദൂതന്മാരും നിറവേറ്റിയത്. നബി (സ്വ) തങ്ങള്‍ പറയുന്നു: 'എന്നെ അല്ലാഹു നിയോഗിച്ചത് മര്‍ദകനും അടിച്ചമര്‍ത്തുന്നവനുമായിട്ടല്ല, മറിച്ച് എളുപ്പം സാധ്യമാക്കുന്ന അധ്യാപനായിട്ടാണ്' (ഹദീസ് മുസ്ലിം).
അധ്യാപകര്‍ വിദ്യാര്‍ത്ഥിയുടെ പഠനത്തെ എളുപ്പമാക്കണമെന്നും അവരോട് യുക്തിഭദ്രമായി സമീപക്കണമെന്നും ഉത്തരവാദിത്വബോധത്തോടെ ക്ഷമ കൈവരിക്കണമെന്നും ഈ ഹദീസ് ഉണര്‍ത്തുന്നു. വിദ്യാഭ്യാസം ആര്‍ക്കും നേടാം. അതില്‍ വലിപ്പചെറുപ്പ വിത്യാസമില്ല. അല്ലാഹു പറയുന്നു: 'പറയുക, അറിവുള്ളവരും അറിവില്ലാത്തവരും സമമാകുമോ ബുദ്ധിമാന്മാര്‍ മാത്രമേ ആലോചിച്ചു മനസ്സിലാക്കുകയുള്ളൂ' (ഖുര്‍ആന്‍, സൂറത്തുല്‍ സുമര്‍ 09).
Leave A Comment