ദീനീ പാരമ്പര്യത്തിന്റെ പെരുമ പേറുന്ന കായൽപട്ടണം

തിരുനെൽവേലിയിൽ നിന്നും കായൽപട്ടണത്തേക്ക് പുറപ്പെടുകയാണ്. സുബ്ഹി നിസ്കാര ശേഷം, അബ്ദുൽ ഖാദിർ സാഹിബ്‌ ചായയുമായി എത്തി. റഹ്‌മത്തു രാജകുമാരൻ എന്ന തൂലിക നാമത്തിൽ തമിഴിൽ ധാരാളം ഇസ്‍ലാമിക ലേഖനങ്ങൾ എഴുതിയിട്ടുള്ള വ്യക്തിത്വമാണ് അബ്ദുൽ ഖാദിർ സാഹിബ്. ചാവക്കാട്ടെ ബുഖാരി സാദാത്തീങ്ങളുടെ പേരിലുള്ള തിരുനെൽവേലിയിലെ ബുഖാരി തൈക്ക്യയുടെ പ്രസിഡന്റാണ് അദ്ദേഹം. ബുഖാരി സാദാത്തീങ്ങളിലെ ഈ തലമുറയിൽപ്പെട്ട ഇപ്പോൾ അവിടെ ബന്ധമുള്ള എന്റെ സുഹൃത്തായ ശബീർ അൻസാരി തങ്ങൾ മുഖേനയാണ് എഞ്ചിനീയറായ അബ്ദുൽ ഖാദിർ സാഹിബുമായി ഞങ്ങൾ പരിചയപ്പെടുന്നത്. 

അബ്ദുൽ ഖാദിർ സാഹിബിന്റെ ചായ കുടിക്കിടയിൽ അദേഹത്തിന്റെ ഖുർആനും ശാസ്ത്രവുമായി ബന്ധപ്പെട്ട ചിന്തകൾ പങ്കു വെച്ചു കൊണ്ടിരുന്നു. അദ്ദേഹത്തിന് മലയാളം അറിയില്ലെങ്കിലും ഏകദേശം ഞങ്ങൾക്ക് മനസിലാകും വിധം അയാൾ ഒപ്പിച്ചു സംസാരിക്കുകയാണ്. അങ്ങനെ മൊത്തത്തിൽ അദ്ദേഹത്തിന്റെ സംസാരത്തിന്റെ കണ്ടന്റ് എന്താണ് എന്ന് ഞങ്ങൾ മനസ്സിലാക്കിയെടുത്തു. ഈ പ്രപഞ്ചത്തെയും മനുഷ്യനെയും സംബന്ധിച്ച ശാസ്ത്രത്തിന്റെ പാഠങ്ങൾ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങൾ എന്ന നിലയിൽ വായിച്ചെടുക്കുകയാണ് അദ്ദേഹം. ശാസ്ത്രം വിവരിച്ച അത്തരം പാഠങ്ങളെ സംബന്ധിച്ച സൂചനകൾ ഖുർആൻ നൽകിയതും അദ്ദേഹം എടുത്തു അടിവരയിടുന്നുണ്ട്. 

അപ്പോഴേക്കും ഞങ്ങൾക്ക് പോകാനുള്ള ഓട്ടോറിക്ഷ വന്നു. തിരുനെൽവേലിയിൽ നിന്നും കായൽപട്ടണത്തേക്ക് പോകുന്ന ബസ് കിട്ടുന്ന സ്ഥലത്തേക്ക് ഞങ്ങളെ ഓട്ടോറിക്ഷയിൽ അവർ എത്തിച്ചു തന്നു. അവിടെ നിന്ന് ബസ് കയറി കായൽപട്ടണത്തേക്ക് പുറപ്പെട്ടു. തിരുനെൽവേലിയിൽ നിന്നും കായൽപ്പട്ടണത്തേക്കുള്ള ബസ്സ് യാത്ര ഏകദേശം ഒരു മണിക്കൂറ് നീണ്ടു നിന്നു. അതിനിടയിൽ തമിഴ്നാടിന്റെ മനോഹരമായ ഭൂപ്രകൃതിയും അവിടുത്തെ മനുഷ്യരുടെ ജീവിതവും കണ്ടാസ്വദിക്കുന്നതിനിടയിൽ കായൽപ്പട്ടണം എത്തിയത് അറിഞ്ഞതേയില്ല. 

കായൽപട്ടണത്ത് താമസിക്കാനും ചരിത്ര സ്ഥലങ്ങളിലേക്ക് കൊണ്ട് പോകാനും അവലംബിക്കാവുന്ന ഒരു വ്യക്തിയെ പ്രിയ സുഹൃത്ത് സൈനുദ്ധീൻ മന്ദലാംകുന്ന് ഏർപ്പാടാക്കി തന്നിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്തും പണ്ഡിതനുമായ മുഹമ്മദ് സുൽത്വാൻ ബാഖവി ഉസ്താദായിരുന്നുവത്. പക്ഷെ, ഞങ്ങൾ തിരുനെൽവേലിയിൽ നിന്നും കായൽപട്ടണത്തേക്ക് പുറപ്പെട്ടത് മുതൽ സുൽത്വാൻ ഉസ്താദിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തെ ലഭിക്കുന്നുണ്ടായിരുന്നില്ല. അങ്ങനെ ഞങ്ങൾ അവിടെ എത്തിയപ്പോൾ ഏറ്റവും പ്രസിദ്ധമെന്ന് തോന്നിയ ഒരു മഖ്ബറയിലേക്ക് പോകാമെന്നു കരുതി. പ്രസിദ്ധമായ മഖ്ബറയാകുമ്പോൾ അവിടെ പ്രാഥമികാവശ്യങ്ങൾക്കും ഭക്ഷണത്തിനുമുള്ള സൗകര്യങ്ങൾ ഉണ്ടാകുമെന്ന കണക്ക് കൂട്ടലിൽ ആയിരുന്നു ഞങ്ങള്‍. അങ്ങനെ ഞങ്ങളുടെ മനസ്സിൽ വന്നത് ഉമറുൽ ഖാഹിരിയുടെ പേരാണ്. തൊപ്പിയും താടിയുമുള്ള ഒരു വൃദ്ധനോട് ആ മഖ്ബറ അന്വേഷിച്ചപ്പോൾ അദ്ദേഹം അവിടേക്കുള്ള വഴി പറഞ്ഞു തന്നു. അത് പ്രകാരം കായൽപട്ടണം ബസ് സ്റ്റാൻഡിൽ നിന്നും നടന്നു പോകാവുന്ന ദൂരമേയുള്ളൂ.... അവിടേക്ക് ഞങ്ങൾ നടക്കുന്നതിനിടയിൽ ഒരു ചായ കുടിക്കാൻ തീരുമാനിച്ചു. ചായ കടയിൽ കയറി ചായയും പ്രാതലും കഴിച്ച് ഞങ്ങൾ മുന്നോട്ട് നീങ്ങി. 

ഉമറുൽ ഖാഹിരിയുടെ മഖ്ബറ മനസിലാക്കാൻ ഞങ്ങൾ വീണ്ടും ചോദിച്ചുവെങ്കിലും ചോദിക്കപെടുന്ന യുവ തലമുറക്കൊന്നും അവരെ അറിയുന്നില്ല. കണ്ണൂരിലെ പോലെ മരുമക്കത്തായം നിലനിൽക്കുന്ന കായൽപട്ടണത്ത് നമ്മൾ കണ്ടുമുട്ടിയ ആ യുവക്കളെല്ലാം അവിടുത്തെ പുതിയാപ്പിളമാരാണ് എന്നാണ് സംസാരിച്ചപ്പോൾ മനസ്സിലായത്. ഉമറുൽ ഖാഹിരിയുടെ മഖ്ബറ അന്വേഷിച്ചപ്പോൾ അവർക്കറിയാതിരിക്കാൻ കാരണം അവിടെ ഉമർ വലിയുല്ലാഹി എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത് എന്നത് കൂടിയായിരുന്നു. സാഹിബു അപ്പ തൈക്ക്യ എന്ന പേരിലാണ് അവിടത്തുകാർ ആ ദർഗയെ വിളിക്കുന്നത്. അവർക്ക് പരിചിതമല്ലാത്ത ഉമറുൽ ഖാഹിരി എന്ന് പറഞ്ഞത് കൊണ്ടാണ് അവർക്ക് അത് മനസ്സിലാകാതിരുന്നത് എന്ന് പിന്നീട് സുൽത്വാൻ ഉസ്താദ് വിവരിച്ചു തന്നു. കായൽപ്പട്ടണം എന്ന അർത്ഥത്തിൽ വരുന്ന ഖാഹിരി കായൽപ്പട്ടണത്തുകാർ ഉപയോഗിക്കേണ്ടതില്ലല്ലോ എന്ന് ഞങ്ങളും ഓര്‍ത്തത് പിന്നീടാണ്. 

അറബി കവി എന്നതാണ് അദ്ദേഹം ഇന്ന് ഏറെ സ്മരിക്കപ്പെടാൻ ഇടയാക്കിയിട്ടുള്ളതെങ്കിലും മതപരമായി ചിന്തിക്കുന്നവരെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഒരു മഹാപണ്ഡിതനും സൂഫിയുമായിരുന്നു. നമുക്ക് അവരെ തേടി സിയാറത്ത് ചെയ്യാനുള്ള ആഗ്രഹം ജനിപ്പിച്ചത് അദേഹത്തിന്റെ അല്ലഫൽ അലിഫ് എന്ന പ്രവാചക പ്രകീർത്തനമാണ്. അദ്ദേഹം ഖാദിരിയ്യത്തിൽ സയ്യിദ് മുഹമ്മദ്‌ മൗലൽ ബുഖാരി(റ)യുടെ ശിഷ്യനാണ്(മുരീദ്). അദ്ദേഹത്തിന്റെ അല്ലഫൽ അലിഫ് എന്ന പ്രവാചക പ്രകീർത്തന കാവ്യം വളരെ പ്രസിദ്ധവും വേറിട്ടതുമാണ്. ഇന്നും അറബി ഭാഷ വിദ്യാർത്ഥികൾക്ക് അതിന്റെ ഭാഷ ശൈലി ഒരു ഗവേഷണ വിഷയമാണ്. എന്നാൽ, അതിലടങ്ങിയിട്ടുള്ള നബി(സ)യോടുള്ള ഇശ്ഖാണ് മർമ പ്രധാനമായിട്ടുള്ളത്. 

ഒടുവിൽ ഉമറുൽ ഖാഹിരിയുടെ മഖ്ബറ സ്ഥിതി ചെയ്യുന്ന സ്ഥലം ഞങ്ങൾ കണ്ടെത്തി. ഒരു ജനവാസ കേന്ദ്രത്തിന് മദ്ധ്യത്തിലാണ് പള്ളി പോലെ തോന്നിക്കുന്ന ആ മഖ്ബറയുടെ കെട്ടിടമുണ്ടായിരുന്നതെങ്കിലും രാവിലെ പത്ത് മണി കഴിഞ്ഞ സമയത്ത് അവിടെ വിജനമായിരുന്നു. 

ഉമറുൽ ഖാഹിരിയെ ചുരുക്കത്തിൽ ഒന്ന് പരിചയപെടുത്താം. പതിനെട്ടാം നൂറ്റാണ്ടിൽ കായൽപട്ടണത്ത് ജീവിച്ചിരുന്ന സുപ്രസിദ്ധ ഇസ്‍ലാമിക പണ്ഡിതനും കവിയും സ്വൂഫിവര്യനുമായിരുന്നു ഉമർ ഖാഹിരി എന്ന ശൈഖ് ഉമറുബ്‌നു അബ്ദിൽ ഖാദിരിൽ ഖുറശി അൽ ഖാഹിരി (1748-1801). ഉമർ വലിയുല്ലാഹ് എന്ന പേരിലാണ് ഇദ്ദേഹം പ്രസിദ്ധിയാർജ്ജിച്ചിട്ടുള്ളത്. ഇദ്ദേഹത്തിന്റെ കുടുംബവേരുകൾ പ്രവാചക അനുചരൻ ഖലീഫ അബൂബക്കർ സിദ്ധീഖ്(റ)വിലേക്ക് ചെന്നെത്തുന്നു. തമിഴിലും അറബിയിലുമായി നിരവധി രചനകൾ നടത്തിയ ഇദ്ദേഹത്തിന്റെ ലോക പ്രശസ്തമായ സാഹിത്യസൃഷ്ടിയാണ് അല്ലഫൽ അലിഫ് കാവ്യം. 

ശൈഖ് അബ്ദുൽ ഖാദിറിന്റെ മകനായി ജനനം. പ്രാഥമിക അറിവ് നേടിയതിന് ശേഷം വിവിധ തലങ്ങളിൽ നിന്നായി മതവിജ്ഞാനം ആർജ്ജിച്ചു. ശാഫിഇ കർമ്മശാസ്ത്രത്തിൽ അഗാധമായ പാണ്ഡിത്യം നേടി. ശൈഖ് മുഹമ്മദുന്നുസ്കി, ശൈഖ് സയ്യിദ് ജിഫ്രി എന്നിവരിൽ നിന്നും ത്വരീഖത്ത് കരസ്ഥമാക്കി ആധ്യാത്മിക മേഖലകളിലേക്ക് പ്രവേശിച്ചു. തുടർന്ന് സയ്യിദ് മുഹമ്മദ് മൗലൽ ബുഖാരി, മദീനയിലെ സയ്യിദ് മുഹ്‌സിൻ അൽ മുഖൈബിലി എന്നിവരുടെയും ശിഷ്വത്വവും നേടി. സയ്യിദ് മുഹ്‌സിനാണ് ഉമർ ഖാഹിരിയുടെ പ്രധാന ഗുരുവായി അറിയപ്പെടുന്നത്. അഞ്ച് വർഷത്തെ മദീനയിലെ ഉപരിപഠനത്തിന് ശേഷം പതിനാല് വർഷം ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിൽ ദേശാടനങ്ങളിലൂടെ ആത്മീയ ജ്ഞാനം കരസ്ഥമാക്കി. സ്വദേശത്തേക്ക് മടങ്ങി വന്ന ഉമർ ഖാഹിരി കായൽപട്ടണം ആസ്ഥാനമാക്കി പ്രവർത്തിച്ചു. ഖാദിരിയ്യ സൂഫികളിൽ പ്രമുഖ സ്ഥാനം അലങ്കരിച്ചിരുന്ന ഇദ്ദേഹത്തിന് നിരവധി പ്രശസ്തരായ ശിഷ്യരുണ്ട്. മലയാള കരയിലെ ഉമർ ഖാളി അതില്‍ പ്രധാനിയാണ്. പ്രശസ്തനായ സൂഫി ശൈഖ് അബ്ദുൽ ഖാദിർ തൈക്ക സാഹിബ് ബിൻ ഉമർ വലിയുല്ലാഹി ഇദ്ദേഹത്തിന്റെ മകനും ശിഷ്യനുമാണ്. 1801-ൽ വഫാത്തായ മഹാനവർകൾ കായൽപട്ടണത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം പിൽക്കാലത്ത് സാഹിബ് അപ്പ തൈക്ക എന്ന പേരിലാണ് അറിയപ്പെടുന്നത്. 

അങ്ങനെ ഉമർ ഖാഹിരിയെ സിയാറത് ചെയ്തു കഴിഞ്ഞ ശേഷവും സുൽത്വാൻ ഉസ്താദിനെ ഫോണിലൂടെ ബന്ധപെടാനുള്ള ശ്രമം തുടർന്നു. പക്ഷെ, അതിന് യാതൊരു ഫലവും ലഭിക്കുന്നില്ല. അങ്ങനെ നിൽക്കുമ്പോഴാണ് തലേ ദിവസം പള്ളിപുറം സൈദാലി സംസാരത്തിനിടയിൽ സുൽത്വാൻ ഉസ്താദിന്റെ ശൈഖിന്റെ ഖാൻക്കാഹ് കാട്ടു മഖ്ധൂം പള്ളിക്ക് അടുത്താണ് എന്ന് പറഞ്ഞത് ഓർമ വന്നത്. അങ്ങനെ അദ്ദേഹത്തെ വിളിച്ചു കൂടുതൽ അന്വേഷിച്ച ശേഷം ഒരു ഓട്ടോ വിളിച്ചു കൊണ്ട് അവിടെക്ക്‌ പുറപ്പെട്ടു. 

കാട്ടു മഖ്ദൂം പള്ളിയിലെത്തിയപ്പോഴേക്കും ളുഹറിനോട്‌ അടുത്ത സമയം ആയിരിക്കുന്നു. അതിനിടയിൽ സുൽത്വാൻ ഉസ്താദിനെ ബന്ധപെടാനുള്ള പരിശ്രമങ്ങൾ നടന്നു കൊണ്ടിരുന്നു. ഒടുവിൽ അദ്ദേഹത്തിന്റെ ഒരു കുടുംബാംഗത്തെ ഫോണിൽ ലഭിച്ചു. അവർ മുഖേന സുൽത്വാൻ ഉസ്താദ് ഞങ്ങൾ കായൽപട്ടണത്ത് എത്തിയ വിവരം അറിഞ്ഞു. ഞങ്ങളെ അവരുടെ തൈക്കാവിലേക്ക്‌ കൊണ്ട് പോകാൻ വേണ്ടി ഒരു ഓട്ടോറിക്ഷ അയച്ചു തന്നു. അപ്പോഴാണ് അമളി പറ്റിയത് മനസിലായത്. ഞങ്ങൾക്ക് പോകേണ്ട തൈക്യാവ് കാട്ടു മഖ്ദൂം പള്ളിക്ക് അടുത്തല്ല. അത് നേരത്തെ നിന്നിരുന്ന ഉമറുൽ ഖാഹിരി ദർഗക്ക്‌ അടുത്ത് തന്നെയാണ്. പക്ഷെ, കാട്ടു മഖ്ദൂം പള്ളിയും അതിന്റെ അടുത്തുള്ള ശുഹദാക്കളുടെ മഖ്ബറയും വളരെ പ്രാധാന്യം ഉള്ള സ്ഥലങ്ങളാണ്. അവിടെ ഞങ്ങൾ യാദൃശ്ചികമായി എത്തി ചേർന്നതാണെങ്കിലും അത് വളരെ പ്രാധാന്യമുള്ള ചരിത്ര കേന്ദ്രമാണെന്ന് പിന്നീടാണ് തിരിച്ചറിയുന്നത്. 

ഏർവാടി ഇബ്‍റാഹീം ബാദുഷ തങ്ങളുടെ പിതൃവ്യന്‍  മുത്തു മഖ്ദൂം ശഹീദ് അൽമദനിയാണ് കാട്ടു മഖ്ദൂം ദർഗയിലുള്ളത്. മഹാനവർകൾ കായൽപ്പട്ടണത്തുണ്ടായിരുന്ന ഹിജ്റ 500-539 കാലഘട്ടത്തിനിടയിലുള്ള ഒരു കാലത്താണ് അവിടുത്തെ ആ പള്ളി നിലവിൽവരുന്നത്. മുത്തു മഖ്ദൂം തെക്കേ ഇന്ത്യയിൽ ഒരുപാട് ദഅവത്തുകൾ നിർവഹിച്ചവരാണ്. അവരുടെ കൂടെ അവരുടെ ഖലീഫമാരും ഖാദിമീങ്ങളും മറ്റു ശിഷ്യന്മാരുമെല്ലാമുണ്ടായിരുന്നു. അവരുടെ അടുത്തേക്ക് രോഗശമനത്തിനും മറ്റു പ്രശ്ന പരിഹാരങ്ങൾക്കുമായി ധാരാളം ആളുകൾ വന്നു ചേരുമായിരുന്നു. അതിൽ പലരും ഇസ്‍ലാം സ്വീകരിക്കലും പതിവായിരുന്നു. 

മുത്തു മഖ്ദൂമിനും സംഘത്തിനും ജനങ്ങൾക്കിടയിൽ ഈ രൂപത്തിൽ ലഭിക്കുന്ന ജനകീയമായ അംഗീകാരം അന്നത്തെ ഭരണാധികാരെ ആശങ്കപ്പെടുത്തി!. അവരെ അന്നത്തെ രാജാവ് നിസ്കാരത്തിൽ സുജൂദ് ചെയ്യുന്ന വേളയില്‍ പിരടി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പണ്ട് മുതൽ തന്നെ സൂഫികളായ പ്രബോധകരുടെ ജനസ്വാധീനം രാജാക്കന്മാരെയും ഭരണകൂടത്തെയും ഭയപ്പെടുത്തുന്നതാണെന്ന് പല ചരിത്ര സംഭവങ്ങളും സൂചിപ്പിക്കുന്നുണ്ട്. ജനങ്ങൾ അവർക്ക് പിന്നിൽ നിൽക്കുമ്പോൾ അത് തങ്ങൾക്ക് എതിരായ ശക്തിയായി വളരുമോ എന്നാണ് എക്കാലത്തും ഭരണാധികാരികൾ ഭയന്നിരുന്നത്. അങ്ങനെയുള്ള ഭയമാണ് ഈ കൊലപാതകത്തിന് കാരണമായത്. ഈ രൂപത്തിൽ ഭരണാധികാരികളിൽ നിന്നുണ്ടായിരുന്ന അക്രമങ്ങളാണ് ഏർവാടി യുദ്ധത്തിലേക്കും നയിച്ചത്. 

സുൽത്വാൻ ഉസ്താദിന്റെ തൈക്യാവ് എന്ന് പറയുന്നത് അവരുടെ ശൈഖ് ആയ അൻവാറുള്ള ഷാഹ് ചിശ്ത്തി ഖാദിരിയുടെ തൈക്യാവ് ആണ്. അവിടേക്ക് ഞങ്ങളെ ഒരു ഓട്ടോറിക്ഷ വന്നു കൂട്ടി കൊണ്ടുപോയി. സുൽത്വാൻ ഉസ്താദ് പറഞ്ഞയച്ചത് പ്രകാരം ഇർഷാദ് അൻവാരിയും അബ്ദുറഹ്‍മാൻ ഹാജിയുമാണ് ഞങ്ങളെ സൽക്കരിക്കാനും സ്വീകരിക്കാനും വന്നത്. അവർ ഞങ്ങൾക്ക് നല്ല വിഭവ സമൃദ്ധമായ ഭക്ഷണമൊക്കെ നൽകി സൽക്കരിച്ചു. ശേഷം അവിടെ തന്നെ കുറച്ചു നേരം വിശ്രമിച്ചു. അസറിനു ശേഷം സുൽത്വാൻ ഉസ്താദ് വരുമെന്ന് പറഞ്ഞു അദ്ദേഹം പോയി. 

അസർ ആയപ്പോൾ ഞങ്ങൾ ജമാഅത്തായി നിസ്കാരം നിർവഹിച്ചു. സുൽത്വാൻ ഉസ്താദിനെയും പ്രതീക്ഷിച്ചിരുന്നു. കാത്തിരിപ്പ് ദീർഘിച്ചപ്പോൾ ഞങ്ങൾ ചായ കുടിക്കാനായി പുറത്തിറങ്ങി. ചായ കട അന്വേഷിച്ചുള്ള നടത്തം ഞങ്ങളെ ബീച്ചിൽ എത്തിച്ചു. അവിടെ നിന്ന് ചായ കുടിച്ചിരിക്കുമ്പോൾ മഗ്‌രിബ് ബാങ്ക് കൊടുത്തു. യാത്രക്കാർ എന്ന ആനുകൂല്യം പറ്റി ഞങ്ങൾ നിസ്കാരം പിന്തിച്ചു ജംആക്കി. പെരുന്നാളിന്റെ തൊട്ടടുത്ത ദിവസങ്ങൾ ആയതിനാൽ ബീച്ചിൽ നല്ല തിരക്കുണ്ടായിരുന്നു. സന്ധ്യ മയങ്ങിയിട്ടും കടപ്പുറത്തെ തിരക്കിന് കുറവുണ്ടായിരുന്നില്ല. മുസ്‍ലിംകളും അമുസ്‍ലിംകളുമായ ധാരാളം സ്ത്രീ-പുരുഷന്മാർ കടപ്പുറത്ത് സജീവമായി കാണുമ്പോൾ അത് കായൽപ്പട്ടണത്തിന്റെ ദീനി ചിട്ടകൾക്ക് വിരുദ്ധമാണല്ലോ എന്ന് ചിന്തിച്ചു പോയി. എന്നാൽ, കടപ്പുറത്ത് കാണുന്ന മുസ്‍ലിംകൾ മറ്റു പല ഭാഗങ്ങളിൽ നിന്നും വരുന്നവരാണെന്നാണ് പിന്നീട് മനസ്സിലാക്കാനായത്. പാരമ്പര്യത്തെ സൂക്ഷിക്കുന്ന കായൽപ്പട്ടണത്തെ സ്ത്രീകൾ കടപ്പുറത്ത് വളരെ വിരളമായിട്ട് മാത്രമേ എത്താറുള്ളൂവത്രെ. 

മഗ്‌രിബ് നിസ്കാരം കഴിഞ്ഞാണ് സുൽത്വാൻ ഉസ്താദ് ഞങ്ങളെ കാണാൻ എത്തുന്നത്. ഞങ്ങളോടൊപ്പം ഇരുന്നു കൊണ്ട് ഏകദേശം ഒന്നര മണിക്കൂർ സമയം അദ്ദേഹം കായൽപട്ടണത്തെ ചരിത്രം വിവരിച്ചു തന്നു. പിറ്റേ ദിവസം ഞങ്ങൾ ഇങ്ങോട്ട് മടങ്ങുകയാണ്. ഈ ചുരുങ്ങിയ സമയം കൊണ്ട് ഈ ചരിത്ര സ്ഥലങ്ങൾ എത്ര ഭാഗം സന്ദർശിക്കാൻ സാധിക്കും?! അത് കൊണ്ട് സമഗ്രമായ സിയാറത് സാധിക്കില്ല. ഉസ്താദിന്റെ കൂടെ രാത്രി ഭക്ഷണം കഴിച്ച ശേഷം സിയാറത്തിന് ഇറങ്ങി. നേരെ നടന്നു പോയത് മഖ്ദൂം പള്ളിയിലേക്കാണ്. ആ പള്ളിയുടെ വളപ്പിലെ കബർ സ്ഥാനിൽ പതിനായിരത്തോളം ഔലിയാക്കളുണ്ടെന്ന് ഉമറുൽ ഖാഹിരിയുടെ മകൻ തൈക്ക അബ്ദുൽഖാദിർ സാഹിബ് വലിയുല്ലാഹി പറഞ്ഞതായി സുൽത്വാൻ ഉസ്താദ് ആ നടത്തതിനിടയിൽ പറഞ്ഞു തന്നു. 

നടന്നു നീങ്ങവെ ഗൾഫ് രാജ്യങ്ങളിൽ ഈദ് ഗാഹ് ഉള്ളത് പോലെ വലിയ മതിൽ കെട്ടിനുള്ളിൽ ഉള്ള ഒരു മൈദാനി കണ്ടു. സുൽത്വാൻ ഉസ്താദ് അവിടേക്ക് ചൂണ്ടി കൊണ്ട് പറഞ്ഞു, "ഇത് കുട്ടികൾക്ക് കളിക്കാൻ വേണ്ടി പൂർവീകർ വഖഫ് ചെയ്ത സ്ഥലമാണ്."!! കുട്ടികൾക്ക്‌ കളിക്കാനായി വഖഫ് ചെയ്തു സ്ഥലം മാറ്റി വെക്കുകയും അവിടെ ഒരിക്കലും കെട്ടിടം പണിയരുത് എന്ന് എഴുതി വെക്കുകയും ചെയ്തിരിക്കുന്നു. ഇസ്‍ലാമിലെ മഹാന്മാരായ മുൻഗാമികൾ കളികൾക്ക് ഇത്ര പ്രാധാന്യം കൊടുത്തിരുന്നോ?. തീർച്ചയായും ഹലാലായ കളികൾ കുട്ടികളുടെ മാനസിക ശാരീരിക വളർച്ചക്കും ഉന്മേഷത്തിനും അനിവാര്യമാണ്. അത് ദീനിയായ രക്ഷാകർതൃത്വം വഹിക്കുന്നവർ തന്നെ മുൻകൈയ്യെടുത്ത് നിർവഹിച്ചില്ലെങ്കിൽ അതിൽ പുലർത്തേണ്ട നല്ല നിയ്യത്ത് പാഴായി പോകുമല്ലോ. മാത്രമല്ല, ഹലാലിന്റെ പരിധി ലംഘിക്കാതെ നിയന്ത്രിക്കാൻ കഴിയണമെങ്കിൽ അതിന്റെ കടിഞ്ഞാണും ദീനീ നേതൃത്വത്തിന്റെ കയ്യിൽ തന്നെയാകണം. അന്നത്തെ കാലഘട്ടത്തിലെ സമൂഹത്തിന്റെ എല്ലാ നേതൃത്വവും സാലിഹീങ്ങളുടെ കയ്യിലായിരുന്നു. അത് കൊണ്ട് വേറെ ആളുകൾ കുട്ടികളെ സ്വാധീനിച്ചു കൊണ്ട് പോകുവാനുള്ള സാധ്യതയും കുറവായിരുന്നു. കുട്ടികളെ തർബിയ്യത് ചെയ്യുമ്പോൾ അനിവാര്യമാകുന്ന കാര്യങ്ങൾ ചെയ്തു കൊണ്ട് അതിനെ സമ്പൂർണ്ണമാക്കാനും അതിന്റെ പ്രതിഫലം പൂർണ്ണമായി കരസ്ഥമാക്കാനും അവർ ശ്രദ്ധിച്ചത് മൂലം അവർ എല്ലാം ചെയ്തു വെച്ചു. ഇന്നും അവിടെ യു.എസ്.സി (യുണൈറ്റഡ് സ്പോർട്ടിംഗ് ക്ലബ്), കെ.എസ്.സി (കായൽപ്പട്ടണം സ്പോർട്ടിംഗ് ക്ലബ്) എന്നീ പേരുകളിൽ ഗ്രൗണ്ടുകൾ കാണാം. 

മഖ്ദൂം പള്ളിക്കരികിൽ എത്തിയപ്പോൾ അവിടെ പള്ളിയുടെ കോമ്പൗണ്ടിൽ ഒരു കെട്ടിടം കണ്ടു. അതിനെ കുറിച്ചും സുൽത്വാൻ ഉസ്താദ് വിവരിച്ചു തന്നു. ഇന്ന് ലൈബ്രറികളോ ക്ലബ്ബുകളോ ഉള്ളത് പോലെ സംഘങ്ങൾ എന്ന പേരിലുള്ള ഒരു കേന്ദ്രം!. ഹലാലിന്റെ പരിധി വിടാതെ വിനോദത്തിലും വി‍‍‍ജ്ഞാനത്തിലും ഏർപ്പെടാൻ വേണ്ട സൗകര്യം. നിസ്കാരം പോലുള്ള ഇബാദത്തിന് ഒത്തു കൂടന്ന പള്ളികൾക്കടുത്ത് തന്നെ ഹലാലായ വിധം ചെസ്സ് പോലുള്ള കളികളിൽ ഏർപ്പെടാനുള്ള അവസരവും ഉണ്ടാക്കിയിരിക്കുകയാണ്. ദാം എന്ന പേരിൽ ചെസ്സ് പോലുള്ള ഒരു കളി കായൽപ്പട്ടണത്ത് പരമ്പരാഗതമായി നിലനിൽക്കുന്നുണ്ട്. കൂടാതെ പത്രങ്ങളും പുസ്തകങ്ങളും സംഘത്തിൽ ഇരുന്ന് വായിക്കാനുള്ള സൗകര്യവുമുണ്ട്. 

മമ്പഉൽ ഫാഇസീൻ എന്ന പേരിലുള്ള ഒരു സംഘത്തെ കുറിച്ച് സുൽത്വാൻ ഉസ്താദ് പറഞ്ഞു. പള്ളിയുടെ പരിധിയിൽ നിന്ന് കൊണ്ട് തന്നെ ഹലാലായ ഉല്ലാസങ്ങളും സാധ്യമാകുമ്പോൾ അത് നിസ്കാരത്തെ ബാധിക്കാത്ത വിധം നടക്കുമല്ലോ. മാത്രമല്ല, ഉല്ലാസങ്ങൾക്കും വിനോദങ്ങൾക്കും വേണ്ടി മറ്റൊരു കേന്ദ്രമാണെങ്കിൽ അവിടെ നിന്നുള്ള സ്വാധീനം മറ്റൊരു സംസ്‍കാരത്തെയും കാഴ്ചപ്പാടിനെയും സൃഷ്ടിക്കാൻ ഇടയാകും. അത്‌ ഈ ഉമ്മത്തിന്റെ ദീനീ സാഹചര്യത്തെ ദുർബലപ്പെടുത്താൻ കാരണമാകുകയും ചെയ്യും. ഉമ്മത്തിന്റെ തർബിയ്യത്തിൽ ശ്രദ്ധിക്കുന്ന പക്വതയുള്ള നേതൃത്വത്തിൽ നിന്നല്ലാതെ ഇത്തരം നടപടികൾ ഉണ്ടാകുന്നതല്ല. 

എന്നാൽ, കായൽപട്ടണത്ത് നിന്ന് അതിന്റെ പ്രതാപ കാലത്ത് വിശ്വ പ്രസിദ്ധരായ സൂഫികളും ഉലമാക്കളും ഉണ്ടായിട്ടുണ്ടെങ്കിലും കായിക കലാ താരങ്ങൾ ഉണ്ടായിട്ടുമില്ല എന്നത് അടിവരയിടേണ്ട കാര്യമാണ്. കലാ-കായിക പരിപാടികൾക്ക് അമിത പ്രാധാന്യം കൈവന്നിട്ടുള്ള ഇക്കാലഘട്ടത്തിലെ കാഴ്ച്ചപ്പാടല്ല അന്നത്തെ മഹത്തുക്കൾ പുലർത്തിയിരുന്നത് എന്നര്‍ത്ഥം. മനുഷ്യന്റെ കായികപരമായ ആരോഗ്യത്തിനും മാനസികമായ വികാസത്തിനും വേണ്ടി മാത്രമുള്ള വേദികളായിരുന്നുവത്. അതല്ലാതെ കലാ-കായിക താരങ്ങളെ സൃഷ്ടിക്കുന്ന ഇന്നത്തെ അതിരുവിട്ട സങ്കൽപ്പങ്ങൾ അവർക്കുണ്ടായിരുന്നില്ല. ഓരോന്നിനെയും അതാതിന്റെ സ്ഥാനത്തു നിർത്താൻ കഴിയുന്ന സൂഫി പ്രബോധകരുടെയും ശൈഖുമാരുടെയും നേതൃത്വമുണ്ടെങ്കിൽ ഈ ഉമ്മത്തിന് അത് പുതുജീവൻ നൽകുക തന്നെ ചെയ്യും. 

മഖ്ദൂം പള്ളിയുടെ ചുറ്റുവട്ടത്തുള്ള പൊതുകബർസ്ഥാനിൽ പതിനായിരത്തോളം ഔലിയാക്കൾ ഉണ്ടെന്ന് തൈക്ക സാഹിബ് വലിയുല്ലാഹിയുടെ വാക്ക് നേരത്തെ സൂചിപ്പിച്ചല്ലോ. അവിടെ നിന്ന് കൊണ്ട് ഞങ്ങൾ അവിടെ മണ്മറഞ്ഞു കിടക്കുന്ന എല്ലാവർക്കും വേണ്ടി ഫാത്തിഹ സൂറത്തുകൾ ഹദിയ ചെയ്തു ദുആ ചെയ്തു. ഈ കബർസ്ഥാനിലാണ് കേരളത്തിലെ പള്ളി ദർസുകളിലടക്കം പാരമ്പര്യമായി പഠിപ്പിക്കപ്പെട്ടിരുന്ന റസാനത്ത് എന്ന ബൈത്ത് കിതാബിന്റെ രചയിതാവ് ശൈഖ് അബ്ദുൽഖാദിർ വലിയുല്ലാഹ് അന്ത്യവിശ്രമം കൊള്ളുന്നത്. തൊട്ടടുത്തു തന്നെ ഉമറുൽ ഖാഹിരിയുടെ പ്രധാന ഉസ്താദായ ശാരിബു ലബൻ പാലപ്പാ എന്ന പേരിൽ അറിയപ്പെടുന്ന ശൈഖ് മുഹമ്മദ് നുസ്കി(റഹ്)യുടെ ഖബ്ർ കണ്ടു. കൂടുതൽ ഇബാദത്തുകളിൽ മുഴുകുന്നത് കൊണ്ടാണ് മഹാനവർകൾക്ക് നുസ്കി എന്ന് പേര് ലഭിച്ചതെന്ന് സുൽത്വാൻ ഉസ്താദ് പറഞ്ഞു. നുസ്കിയുടെ സമകാലികരായ, ഭാഷാ നിഘണ്ടു രചിച്ച ശൈഖ് മുഹമ്മദ് ലുഗവി(റഹ്)യും തഫ്സീറുകൾ രചിച്ചവരും വിത്റിയ്യക്കും മറ്റും ശറഹുകൾ രചിച്ചവരുമൊക്കെ അതിന്റെ പരിസരങ്ങളിലായി കിടക്കുന്നുണ്ട്. 

സമയം രാത്രി ഒമ്പത് മണി കഴിഞ്ഞിരിക്കുന്നു. ഇന്ന് ഒരു സിയാറത്ത് കൂടി കഴിഞ്ഞ് അവസാനിപ്പിക്കാമെന്ന തീരുമാനത്തിൽ സുൽത്വാൻ ഉസ്താദ് നേരെ കൂട്ടി കൊണ്ട് പോയത് ആയിരം കാൽ മസ്ജിദിലേക്കാണ്. റൗളതു ഖാസിം ശാഇര്‍ വലിയുല്ലാ എന്ന പേരിൽ അവിടെ ഒരു മഖ്ബറയുണ്ട്. അവിടെ അന്ത്യവിശ്രമം കൊള്ളുന്ന വലിയ്യിനെ പരിചയപ്പെടുത്തുന്ന മലയാളത്തിലുള്ള നീണ്ട വിവരണം തന്നെയുണ്ട്. മഹാകവി ഖാസിം പുലവര്‍ ഒലി എന്നെഴുതിയിരിക്കുന്നു. കെയ്‌റോയില്‍ നിന്നു വന്ന സയ്യിദുമാരുടെ കുടുംബത്തില്‍ ജനിച്ച വരകവി ഖാസിം പുലവര്‍ 'തിരുപ്പുകള്‍' എന്ന അദ്ഭുതരചന നടത്തിയ മഹാകവിയാണ്. ഹിജ്‌റ 1177ലാണ് വിടവാങ്ങിയത്. മഹാനവർകൾ തമിഴ് പഠിക്കാനായി മഥുരയിലെ തിരുവടിക്കവിരായർ എന്ന തമിഴ് വാദിയാരുടെ അടുക്കൽ പോയി. അവിടെ തമിഴ് ഭാഷ പഠിച്ചു കൊണ്ടിരിക്കെയാണ്, തിരുവണ്ണാമലക്കാരനായ അരുണഗിരിനാഥർ എന്ന പേരിലുള്ള തമിഴ് കവി മുരുകനെ കുറിച്ചെഴുതിയിട്ടുള്ള തിരുപുകഴിനെ കുറിച്ച് തന്റെ ഗുരുവിൽ നിന്ന് കേൾക്കുന്നത്. 

തിരുപ്പുകഴിനെ കവച്ചു വെക്കുന്ന ഒരു കവിതയും തമിഴിൽ വന്നിട്ടില്ല എന്ന് പറഞ്ഞതും ഇത് കേട്ട ഖാസിം വലിയുള്ളാഹി പറഞ്ഞു, അതിനെ കവച്ചു വെക്കുന്ന ഒരു കവിത ഞാൻ എന്റെ നബിയെ കുറിച്ചെഴുതും. ഖാസിം വലിയുള്ളാഹി ഇത് പറഞ്ഞപ്പോൾ ഗുരു അദ്ദേഹത്തെ അനുഗ്രഹിക്കുകയാണ് ചെയ്‌തത്. തന്റെ ശിഷ്യൻ നല്ലൊരു സാഹിത്യ കൃതി രചിക്കുമ്പോൾ അതിന്റെ സന്തോഷം ഉൾകൊള്ളുന്ന വിധം വിശാലമായിരുന്നു അവരുടെ കാഴ്ച്ചപ്പാട്. അങ്ങനെ ഖാസിം വലിയുള്ളാഹ് അതിനായി പ്രയത്നം ആരംഭിച്ചു. പ്രവാചക പ്രകീർത്തനം എങ്ങനെ തുടങ്ങണം എന്നറിയാതെ അദ്ദേഹം അല്ലാഹുവിലേക്ക് അഭയം പ്രാപിക്കുകയും മുത്തു നബി (സ) യുടെ മേൽ സ്വലാത്ത് ചൊല്ലിക്കൊണ്ട് തവസുൽ ആക്കി ദുആ ചെയ്തു കൊണ്ടിരിക്കുകയും ചെയ്തു. അങ്ങിനെയിരിക്കെ നബി(സ) കിനാവിൽ വന്നു കൊണ്ട് ആദ്യ വാചകം തുടങ്ങി കൊടുത്തു. പകരും എന്നായിരുന്നു ആ ആദ്യ വാചകം. അങ്ങിനെ കവിത രചന കുറെ മുന്നോട്ട് പോയി. ''മക്കപ്പതിക്കും'' എന്ന വരിയിലെത്തിയപ്പോൾ വീണ്ടും ബാക്കി വരികൾ കിട്ടാതെ രചന നിലച്ചു പോയ സമയത്തു വീണ്ടും നബി (സ) യോട് ശിക്കായത്ത് പറഞ്ഞു. കാട്ടു മഖ്ദൂം പള്ളിക്ക് മുമ്പിലുള്ള കുളത്തിൽ കഴുത്ത് വരെ വെള്ളത്തിലിറങ്ങി ധ്യാനത്തിൽ നിന്നപ്പോൾ തിരുനബി(സ) ഉണർച്ചയിൽ തന്നെ കാണുകയും പൂരിപ്പിക്കാനുള്ള ബാക്കി ഭാഗം പറഞ്ഞു കൊടുക്കുകയും ചെയ്തു. ''മക്കപ്പതിക്കും'' എന്ന വരിയുടെ ബാക്കിയായി കൊണ്ട് ''ഉയർ സ്വർഗപ്പതിക്കുമുള്ള റസൂലേ'' എന്ന് പൂരിപ്പിച്ചു കൊടുത്തു. അത്ഭുതകരമായ തിരുപ്പുകഴിന്റെ കർത്താവിനെ സിയാറത് ചെയ്തു കൊണ്ട് അന്നത്തെ യാത്ര ഞങ്ങള്‍ അവസാനിപ്പിച്ചു. തിരിച്ച് നടക്കുമ്പോഴും മനസ്സ് നിറയെ ആ മഹാന്മാരും അവരുടെ ചരിതങ്ങള്‍ തീര്‍ത്ത വിസ്മയങ്ങളുമായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter