ഉല്ലാസ യാത്രകള്‍ പോവുന്നവരോടും അവരുടെ രക്ഷിതാക്കളോടും
ഏതാനും മാസം മുമ്പ് എന്റെ സമീപം മകന്റെ ലഹരിഅഡിക്ഷനുമായി ബന്ധപ്പെട്ട് ഒരു കേസ് വന്നു. പ്രശ്നത്തിന്റെ തുടക്കം അറിയാനായി നടത്തിയ കൗണ്‍സിലിംഗില്‍ മനസ്സിലായത്, കൂട്ടുകാരോടൊത്ത് നടത്തിയ ഒരു ഉല്ലാസ യാത്രയിലായിരുന്നു ആദ്യമായി ആ കുട്ടി ലഹരി ഉപയോഗിച്ച് തുടങ്ങിയത് എന്നായിരുന്നു. അതിന്റെ വെളിച്ചത്തിലാണ്, ടൂറുകളും പഠനയാത്രകളും പോവുന്ന കുട്ടികളോടും അവരുടെ രക്ഷിതാക്കളോടും ചിലത് പറയണമെന്ന് തോന്നിയത്. അതാണ് താഴെ കുറിപ്പ്.
ഇഷ്ടപ്പെടുന്നവരോടൊത്തുള്ല ഉല്ലാസ യാത്രകള്‍ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളാണ്. ചെറുപ്പത്തില്‍ ബന്ധുക്കളോടൊപ്പവും സ്കൂളില്‍നിന്നും മദ്റസയില്‍നിന്നും പോയ ടൂറുകളും സിയാറത് യാത്രകളും ഇന്നും നാം ഓര്‍ക്കാറുണ്ടല്ലോ. ജീവിതകാലം മുഴുവന്‍ ബാക്കിയാവുന്ന മധുരസ്മരണകള്‍ തന്നെയാണ് അവ, തീര്‍ച്ച.
യാത്രകള്‍ക്ക് നമ്മുടെ മതവും വലിയ വലിയ പ്രോത്സാഹനം നല്‍കുന്നുണ്ട്. യാത്രയില്‍, സാധാരണപോലെ പലതും കൃത്യസമയത്ത് ചെയ്യാന്‍ സൗകര്യപ്പെടില്ല എന്നതിനാല്‍, ഒത്തിരി ഇളവുകളും യാത്രയില്‍ മതം കല്‍പിക്കുന്നുണ്ട്. നിര്‍ബന്ധമായ നിസ്കാരത്തില്‍ പോലും റക്അതുകളുടെ എണ്ണത്തിലും സമയത്തിലുമുള്ള ഇളവുകള്‍ അതാണ് സൂചിപ്പിക്കുന്നത്. കൂടുതല്‍ അറിയാന്‍ ഈ ലിങ്ക് നോക്കുക. (https://islamonweb.net/ml/19-March-2017-661)
ഉല്ലാസ യാത്രകളില്‍ ആസ്വാദനങ്ങള്‍ ആവശ്യമാണ്. അനുവദനീയമായ എല്ലാ ആസ്വാദനങ്ങളും ആകാവുന്നതുമാണ്. അതേസമയം, മതം മുന്നോട്ട് വെക്കുന്ന മൂല്യങ്ങള്‍ക്ക് വിരുദ്ധമായി ഒന്നും ഉണ്ടാവാതിരിക്കാന്‍ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വിശിഷ്യാ, ഇതരമതസ്ഥരായ സുഹൃത്തുക്കളും അധ്യാപകരുമെല്ലാം അടങ്ങുന്ന, സ്കൂളുകളില്‍നിന്ന് നടത്തുന്ന പഠന യാത്രകളില്‍. ജീവിതത്തില്‍ കാത്ത് സൂക്ഷിക്കുന്ന മൂല്യങ്ങളാണ് ഏറ്റവും വലുത്. മനുഷ്യനെ മനുഷ്യനാക്കുന്നതും അത് തന്നെ. ജീവിതത്തിന്റെ ഏത് മേഖലയിലും കാത്ത് സൂക്ഷിക്കേണ്ട ഒരു പിടി മൂല്യങ്ങളാണ് വിശുദ്ധ ഇസ്‍ലാം നമ്മോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. യാത്രയില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട, അവയില്‍ ഏറ്റവും സുപ്രധാനമായ ചിലത് ഇവിടെ സൂചിപ്പിക്കട്ടെ.
1. നിസ്കാരം
ബുദ്ധിയുള്ള കാലത്തോളം നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടതാണ് നിസ്കാരം. യുദ്ധമുഖത്ത് പോലും അതിന് വീഴ്ച വരുത്താന്‍ അനുവാദമില്ല. യാത്രയില്‍, ജംഅ്, ഖസ്റ് എന്നീ ഇളവുകള്‍ ആവശ്യാനുസരണം ഉപയോഗപ്പെടുത്തി അത് കൃത്യമായി നിര്‍വ്വഹിക്കാന്‍ ശ്രദ്ധിക്കുക. ദിവസങ്ങള്‍ നീണ്ട യാത്രകളില്‍ എത്ര പ്രതികൂല സാഹചര്യത്തിലും ഒരു നേരത്തെ നിസ്കാരം എനിക്ക് നഷ്ടപ്പെട്ടില്ലെന്ന് പറയാനാവുന്നത്, നമുക്ക് നല്കുന്നത് വല്ലാത്തൊരു ഊര്‍ജ്ജവും ആത്മസംതൃപ്തിയുമായിരിക്കും. യാത്രയിലെ നിസ്കാര രീതികളെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ ലിങ്ക് നോക്കാം. (https://islamonweb.net/ml/21-May-2017-38)
2. ഭക്ഷണരീതി
എന്ത് കഴിക്കാമെന്നും എന്തൊക്കെ കഴിക്കരുതെന്നുമുള്ള കാര്യത്തില്‍ ഇസ്‍ലാമിന് വ്യക്തമായ നിര്‍ദ്ദേശങ്ങളുണ്ട്. നിഷിദ്ധമായത് ഉപയോഗിക്കാനുള്ള അവസരമായി നമ്മുടെ യാത്രകള്‍ മാറിക്കൂടാ. അത്തരം കാര്യങ്ങളില്‍ നമുക്ക് സ്വയം നിയന്ത്രിക്കാനാവുന്നുണ്ടോ എന്ന് അറിയാനുള്ള അവസരം കൂടിയാണ് യാത്ര.
3. വേഷവിധാനങ്ങള്‍
ഒരു മനുഷ്യന്റെ മാന്യതയാണ് അവന്റെ വസ്ത്രവും വസ്ത്രരീതിയും. പരിചിതമായ നാട്ടില്‍നിന്ന് മാറുമ്പോഴേക്ക് മാറേണ്ടതല്ല അത്. സഭ്യമായതും അനുവദനീയമായതും നമ്മുടെ മാന്യത സൂക്ഷിക്കുന്നതുമായ വസ്ത്രങ്ങളേ ജീവിതത്തിലെവിടെയും നാം അണിയാവൂ.
4. ഫോട്ടോഗ്രഫി
കൂടെ യാത്ര ചെയ്യുന്നതോടെ, പലപ്പോഴും നാം വളരെ അടുത്ത് ഇഴപഴകുന്നതും മാനസികമായി കൂടുതല്‍ അടുക്കുന്നതും സ്വാഭാവികമാണ്. അതിന്റെ ഭാഗമായി ഒന്നിച്ച് ഫോട്ടോകളെടുക്കുന്നതും പതിവാണ്. എന്നാല്‍, ഇത്തരം വേളകളില്‍ അനഭിലഷണീയ രീതികളിലും ഭാവങ്ങളിലും പകര്‍ത്തിയ ഫോട്ടോകള്‍ ശേഷമുള്ള ജീവിതം തന്നെ ദുസ്സഹമാക്കിയതും ആത്മാഹുതിയില്‍ വരെ എത്തിയതും അനേകം അനുഭവങ്ങളുണ്ട്. അതിനാല്‍, ആ രംഗത്തും നല്ല ശ്രദ്ധ പുലര്‍ത്തുക തന്നെ വേണം.
രക്ഷിതാക്കളേ
ഈ രംഗത്ത് നിങ്ങളും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. യാത്രക്കുള്ള അനുവാദം നല്കുന്നതും അതിന് ആവശ്യമായ ചെലവ് വഹിക്കുന്നതും നിങ്ങളായിരിക്കുമല്ലോ. യാത്രക്ക് മുമ്പായി മേല്‍പറഞ്ഞ രീതിയിലുള്ള ഉപദേശങ്ങള്‍ കൂടി മക്കള്‍ക്ക് നല്കേണ്ടതുണ്ട്. അവരുടെ പ്രായത്തില്‍ ഒരു പക്ഷേ, അത്തരം ചിന്തകള്‍ സ്വയം ഉണ്ടാവണമെന്നില്ല. അത് പറഞ്ഞുകൊടുക്കേണ്ടത് നാം ആണ്. എല്ലാവരും ചേര്‍ന്നുപോവുന്ന ഇത്തരം യാത്രകളില്‍ ആ സംഘത്തിലുള്ളവരെയെല്ലാം മൂല്യങ്ങള്‍ പാലിക്കാന്‍ പ്രോല്‍സാഹിപ്പിക്കുന്നത്, സമയമാവുമ്പോള്‍ എല്ലാവരെയും കൂട്ടി നിസ്കരിക്കാന്‍ മുന്‍കൈയ്യെടുക്കുന്നത് നിങ്ങളുടെ മകനോ മകളോ ആണെങ്കില്‍ അത് എത്രമാത്രം അഭിമാനകരമാണ്. അതിന് ആവശ്യമായ നിര്‍ദ്ദേശങ്ങളും ധൈര്യവും നിങ്ങള്‍ വേണം അവര്‍ക്ക് പകര്‍ന്നുകൊടുക്കാന്‍. തിരിച്ചെത്തിയാല്‍ യാത്രയിലെ കാര്യങ്ങളെല്ലാം അടുത്തിരുന്ന് ഒരു സുഹൃത്തിനെ പോലെ ചോദിച്ചറിയാന്‍ കൂടി നിങ്ങള്‍ സമയം കണ്ടെത്തുക. അപ്പോള്‍ മാത്രമാണ് രക്ഷിതാവെന്ന നിലയില്‍ നിങ്ങളുടെ ഉത്തരവാദിത്തം പൂര്‍ണ്ണമാവുന്നത്. അതിലുപരി, മക്കള്‍ക്ക് എന്തും ഏതും പങ്ക് വെക്കാന്‍ സ്വാതന്ത്ര്യമുള്ള ഒരു യഥാര്‍ത്ഥ ഉമ്മയും വാപ്പയുമായി നിങ്ങള്‍ മാറുന്നത്.
നമ്മുടെ യാത്രകളെല്ലാം നന്മയുടെ ഭാഗത്തേക്കുള്ള സഞ്ചാരങ്ങളാവട്ടെ എന്ന പ്രാര്‍ത്ഥനകളോടെ...
Abdul Hakeem Hudawi
Counsellor & International Trainer
Horizon Institute for Trainings (HiT), Doha, Qatar
Leave A Comment