അദീന പള്ളിയുടെ അകത്തളങ്ങളിലൂടെ..

കൊല്‍ക്കത്ത സിലിഗുരി നാഷനല്‍ ഹൈവേയിലൂടെ ഞങ്ങളുടെ വാഹനം ഓടിതുടങ്ങിയിട്ട് ഏതാണ്ട് ഒരു മണിക്കൂറായി. നീണ്ടു നിവര്‍ന്നു കിടക്കുന്ന റോഡിലൂടെ ഡ്രൈവര്‍ നൂറു കിലോമീറ്റര്‍ വേഗതയില്‍ വണ്ടി പായിക്കുകയാണ്. വെളുപ്പിനേ പുറപ്പെട്ട ഞങ്ങളുടെ മുഖത്ത് ഉറക്കം വിട്ടുമാറാത്തതിന്റെ ചടവ് പറ്റികിടപ്പുണ്ട്. പൊടുന്നനെ റോഡരികില്‍ അദീനയെന്ന ബോര്‍ഡ് കണ്ടു. അദീന മസ്ജിദ് സ്ഥിതിചെയ്യുന്ന അദീന പട്ടണത്തിലെത്തിയിരിക്കുന്നു. തലമുറകളുടെ ഓര്‍മകള്‍ ഘനീഭവിച്ച് കിടക്കുന്ന ഇഷ്ടികക്കെട്ടുകള്‍ നരബാധിച്ച് തകര്‍ന്നടിഞ്ഞ രീതീയില്‍ വഴിയരികില്‍ കണ്ടു തുടങ്ങി. പഴയ ഗോര്‍ പട്ടണത്തിന്റെ മധ്യത്തിലാണ് ഞങ്ങളെന്ന സത്യം ഉള്ളിലൊരു വിറയലുണ്ടാക്കി. ഷാഹി സുല്‍ത്താന്‍മാരും മുഗളരും തുടര്‍ന്ന് ഇഗ്ലീഷുകാരും അടക്കി ഭരിച്ച സമ്പന്നായ ബംഗാളിന്റെ പഴയ രാജധാനിയിലാണ് ഇപ്പോള്‍ ഞങ്ങള്‍ എത്തി നില്‍ക്കുന്നത്. 

എന്നെ സംബന്ധിച്ചിടത്തോളം ഇതെന്റെ മൂന്നാമത്തെ വരവാണ് അദീനയില്‍. ഓരോ യാത്രകളും പുതിയ അനുഭവങ്ങള്‍ സമ്മാനിക്കുമെന്നാണല്ലോ.. ഇത്തവണയും അദീനയില്‍ പുതിയ അത്ഭുതങ്ങള്‍ കണ്ടെത്താനാവുമെന്നാണ് എന്റെ പ്രതീക്ഷ. 2017 ല്‍ ഞാന്‍ കണ്ട അദീന പള്ളിയല്ല ഇന്നത്തെ മസ്ജിദും പരിസരവും എന്നെനിക്ക് തീര്‍ത്ത് പറയാന്‍ സാധിക്കും വിധം വലിയ മാറ്റങ്ങള്‍ ഇവിടെ വന്നുകൊണ്ടിരിക്കുന്നു. 

വാഹനം പാര്‍ക്ക് ചെയ്ത് ഞങ്ങള്‍ റോഡരികില്‍ തന്നെ സ്ഥിതിചെയ്യുന്ന അദീന മസ്ജിദിലേക്ക് നടന്നു. പ്രവേശന കവാടം കടന്ന് ഉള്ളിലോട്ട് പ്രവേശിക്കുമ്പോള്‍ പച്ചപുല്‍മൈതാനിയാണ് നമ്മെ വരവേല്‍ക്കുന്നത്. 14-15 നൂറ്റാണ്ടുകളില്‍ ആയിരങ്ങള്‍ സ്വഫ് കെട്ടി നിസ്‌കരിച്ചിരുന്ന അന്നത്തെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പള്ളികളിലൊന്നിലൂടെയാണ് ഞാന്‍ നടന്നുകൊണ്ടിരിക്കുന്നത്. ഓര്‍ക്കുമ്പോള്‍ അഭിമാനമുള്ളൊരുള്‍ക്കിടിലം ശരീരത്തെ ആവേശിക്കുന്നു. പ്രവേശന കവാടം കടന്ന് നേരെ നടക്കുമ്പോള്‍ ഇടതു വശത്ത് മനോഹരമായി വെട്ടിയൊതുക്കിയ പുല്‍ മൈതാനിയാണെങ്കില്‍ വലതു വശത്തായി മസ്ജിദിന്റെ ഇരുനിറത്തിലുള്ള കൂറ്റന്‍ ചുമരാണ്. അടിഭാഗത്ത് ഏകദേശം  പത്തടിയോളം ഉയരത്തില്‍ ചാരനിറത്തിലുള്ള കല്ലുകൊണ്ടും അതിന് മുകളില്‍ ഇഷ്ടിക കൊണ്ടുമാണ് ചുമര്‍ നിര്‍മിച്ചിരിക്കുന്നത്. അതിനോട് ചാരി നില്‍ക്കുമ്പോഴാണ് പൂര്‍ണരൂപത്തിലുണ്ടായിരുന്ന മസ്ജിന്റെ ആകാരം നമുക്ക് മനസിലാക്കാനാവുക. 

ഇടനാഴിയിലൂടെ നടന്ന് വന്നാല്‍ എത്തിച്ചേരുന്നത് മസ്ജിദിന്റെ ഉള്ളിലേക്ക് പ്രവേശിക്കുന്ന ചെറിയൊരു കവാടത്തിലേക്കാണ്. കറുത്ത കല്ലില്‍ കൊത്തു പണികളോടെ നിര്‍മ്മിച്ച മനോഹരമായ കവാടം പിന്നിട്ട് പള്ളിയുടെ ഉള്‍വശത്തെത്തുമ്പോള്‍ നിരനിരയായി നില്‍ക്കുന്ന തൂണുകളാണ് നമ്മെ വരവേല്‍ക്കുന്നത്. വാസ്തുവിദ്യയുടെ കാര്യത്തില്‍ ശരിക്കും ഒരു വിസ്മയമാണ് മസ്ജിദ്. ചതുരാകൃതിയിലാണ് പള്ളി നിര്‍മിച്ചിരിക്കുന്നത്. വടക്ക് നിന്ന് തെക്കോട്ട് 516 അടിയും കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് 313 അടിയുമാണ് നീളം. കട്ടിയുള്ള ഇഷ്ടിക മതിലുകള്‍ ചുറ്റിലും നിര്‍മിക്കപ്പെട്ട നാല് തൂണുകളിലായി ചെന്നു മുട്ടുന്നു. മുഗള്‍ ശൈലിയോട് സാമ്യമുള്ള മനോഹരമായ കമാനങ്ങള്‍ സെന്‍ട്രല്‍ ഹാളില്‍ കാണാം. പള്ളിയില്‍ ആകെയുണ്ടായിരുന്ന 306 താഴികക്കുടങ്ങളില്‍ ഭൂരിഭാഗവും ഇന്നില്ല, വടക്ക് ഭാഗത്തുള്ള ബാദ്ഷാ-കാ തഖ്ത്തിലെ 18 താഴികക്കുടങ്ങള്‍ മാത്രമാണ് കേടുകൂടാതെ അവശേഷിക്കുന്നത്. സ്ത്രീകള്‍ക്ക് നിസ്‌കാരിക്കാനായി പ്രത്യേക ഇടനാഴികകളുമുണ്ട്. സങ്കീര്‍ണ്ണമായ കൊത്തുപണികളും കാലിഗ്രാഫികളും ലിഖിതാലങ്കാരങ്ങളും പള്ളിക്കുള്ളില്‍ എമ്പാടുമുണ്ട്. ഷാഹി രാജാക്കന്മാരുടെ വാസ്തുവിദ്യാ പ്രഭാവത്തിന്റെ ഉത്തമ ഉദാഹരണണാണ് അദീന മസ്ജിദ്.

ബംഗാളിലെ ഷാഹി ഭരണകാലത്ത് സുല്‍ത്താന്‍ ശംസുദ്ദീന്‍ ഇല്യാസ് ഷായുടെ മകന്‍ സികന്ദര്‍ ഷായാണ് 1369-ല്‍ ഈ പള്ളി നിര്‍മ്മിക്കുന്നത്. സിക്കന്ദര്‍ ഷായുടെ കാലത്ത് നിര്‍മിക്കപ്പെട്ട സ്മാരകങ്ങളില്‍ ഏറ്റവും വലുതും പ്രൗഢിയാര്‍ന്നതുമായ നിര്‍മിതിയായിരുന്നു അദീന മസ്ജിദ്. ബാബരി മസ്ജിദിലും പിന്നീട് നിര്‍മിക്കപ്പെട്ട കുത്തബ് ഷാഹി പള്ളികളിലും അദീനയിലെ പോലെയുള്ള പ്രസംഗപീഠങ്ങള്‍ ഉപയോഗിച്ചിരുന്നതായി കണാം. തൂണുകള്‍ക്കിടയിലൂടെ നടന്ന് പ്രധാന ഹാളിലെത്തുമ്പോള്‍ ഇമാം നില്‍ക്കുന്ന സ്ഥാനവും മിമ്പറും കാണാം. ബസാള്‍ട്ട് ശിലകളില്‍ കൊത്തുപണികളോടെ നിര്‍മിച്ചെടുത്ത മനോഹരമായ മിമ്പര്‍ കേടു കൂടാതെ ഇന്നും നിലനില്‍ക്കുന്നു. മിമ്പറിന്റെ മുഗള്‍ ഭാഗത്തുള്ള കമാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഞങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ ഇഷ്ടിക വെച്ചു ഛായം പൂശുന്ന തിരക്കിലാണ് കുറേ പണിക്കാര്‍. നിറത്തിലെങ്കിലും പതിനാലാം നൂറ്റാണ്ടിനെ തിരിച്ചുകൊണ്ടു വരാന്‍ അവര്‍ ശ്രമിക്കുന്നുണ്ട്. മിമ്പറിന്റെ മുന്നില്‍ നിന്ന് നേരെ നടന്നാല്‍ വലിയൊരു കവാടത്തിലാണ് ചെന്നത്തുക. നീണ്ട ഒരിടനാഴിയാണത്. രാജാവും പരിവാരങ്ങളുമൊക്കെ ഈ കവാടം കടന്നായിരിക്കണം പള്ളിയില്‍ പ്രാര്‍ഥനക്കെത്തിയിരിക്കുക. കവാടത്തിനപ്പുറം ഇന്ന് കാടുപിടിച്ച് കിടപ്പാണ്. ചെറുതാണെങ്കിലും ഞങ്ങള്‍ കടന്നു വന്ന വാതിലിലൂടെ മാത്രമാണ് ഇപ്പോള്‍ പ്രവേശനം അനുവദിക്കുന്നത്. ചുറ്റിലും മതില്‍ കെട്ടി സംരക്ഷിച്ചിട്ടുണ്ട്. പൈതൃക കേന്ദ്രമായതിനാല്‍ ആര്‍ക്കിയോളജി ഡിപാര്‍ട്‌മെന്റിനാണ് ഇപ്പോള്‍ സംരക്ഷണ ചുമതല.

19-20 നൂറ്റാണ്ടുകളുടെ തുടക്കത്തിലുണ്ടായ ഭൂമി കുലുക്കങ്ങളില്‍ പള്ളിക്ക് സാരമായ നാശ നഷ്ടങ്ങളുണ്ടായതായി കരുതപ്പെടുന്നു. പല ഭാഗങ്ങളും പാടെ തകര്‍ന്നു പോയിട്ടുണ്ട്. അന്നത്തെ തൂണുകളുടെയും മറ്റും ശേഷിപ്പുകള്‍ ഇന്നും മസ്ജിദിനകത്ത് കാണാം. മസ്ജിദിനകത്ത് പൂര്‍ണമായും പച്ചപുല്‍ത്തകിടിയാണ് ഇന്ന്. ഏകദേശം 10,000 ആളുകള്‍ ഇവിടെ നമസ്‌കരിക്കാന്‍ എത്തിയിരുന്നതായാണ് കരുതപ്പെടുന്നത്.

മസ്ജിന്റെ ഉളളിലെ പുല്‍ത്തകിടിയില്‍ നല്ല കാറ്റു കൊണ്ടിരിക്കാം. കഴിഞ്ഞ നൂറ്റാണ്ടുകളില്‍ ഇവിടെ നിസ്‌കരിക്കാനെത്തിയെ ആയിരക്കണക്കായ വിശ്വാസികളിലൊരുവനാണിപ്പോള്‍ ഞാനും. പൂര്‍ണതയില്‍ നിലനിന്നിരുന്ന ആ മസ്ജിദിനെ മനസില്‍ വിഭാവനം ചെയ്ത് ഭൂതകാലസ്മരണകളിലൂടെ ഊളിയിട്ടപ്പോള്‍ സമയം പോയതറിഞ്ഞില്ല. തകര്‍ന്ന തൂണുകളുടെ ശേഷിപ്പുകളില്‍ കയറിയിങ്ങി കൊച്ചു കുട്ടികള്‍ കളിക്കുന്നുണ്ട്. ചിലര്‍ ഫോട്ടോക്ക് പോസ് ചെയ്യുന്ന തിരക്കിലാണ്. പള്ളിയുടെ ഉള്ളില്‍ നടന്ന് കണ്ടു കഴിയുമ്പോള്‍ ബാദ്ഷാ കാ തക്തിലേക്കുള്ള കോണി കയറി മുകളിലെത്താം. അവിടെന്ന് പുറത്തേക്കുള്ള വഴിയാണ്. വലിയ കവാടം കടന്ന് പുറത്ത് കടക്കുമ്പോള്‍ പാതി കല്ലിലും ഇഷ്ടികകളിലും തീര്‍ന്ന ഭീമാകരമായ മതിലാണ് ഒരു വശത്ത്.

ജാലിയന്‍ വാലാബാഗിലേത് പോലെ ധാരാളം വെടിയുണ്ടകളുടെ അടയാളങ്ങള്‍ ആ മതിലില്‍ കാണാം. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ജിതു സാന്താളെന്ന സാന്താളി നേതാവിന്റെ നേതൃത്വത്തില്‍ ജന്മിമാരായിരുന്ന ഭൂവുടമകള്‍ക്കെതിരെ നടത്തിയ സമരത്തിന്റെ ശേഷിപ്പുകളാണവ. സാന്താളികള്‍ ജിത്തുവിന്റെ നേതൃത്വത്തില്‍ അദീന മസ്ജിദ് അക്രമിച്ചിരുന്നുവത്രെ. ഖാന്‍ ചൗദരിയെന്ന പ്രഭുവിന്റെ സഹാത്തോടെ ബ്രിട്ടീഷുകാര്‍ അവരെ അടിച്ചമര്‍ത്തുകയും ജിത്തു സാന്താള്‍ കൊല്ലപ്പെടുകയും ചെയ്തുവെന്നാണ് ചരിത്രം.

അദീനയില്‍ നിന്ന് പുറത്ത് കടക്കുമ്പോള്‍ സൂര്യന്‍ കത്തി നില്‍ക്കുകയാണ്. പുറത്തിറങ്ങി നല്ല തണുത്ത വെള്ളം കുടിച്ചു. അല്‍പാല്‍പമായി കച്ചവട സ്ഥാപനങ്ങള്‍ വളര്‍ന്ന് വരുന്നുണ്ട് പള്ളിക്ക് ചുറ്റും. ധാരാളം ഹിന്ദു കുടുംബങ്ങളാണ് അദീനക്കും പരിസരത്തും വീടുവെച്ച് താമസിക്കുന്നത് എന്നത് ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. പാറാവുകാര്‍ മുതല്‍ പുല്ലുവെട്ടുന്നവര്‍ വരെ സാധാരണയായി പള്ളിയില്‍ പ്രവേശിക്കുന്നു. ഒരു പരിസരവാസിയോട് പള്ളിയെ കുറിച്ച് ചോദിച്ചപ്പോള്‍ പഞ്ച പാണ്ഡവ ദാരന്‍ പൊളിച്ചു പണിത ക്ഷേത്രമാണെന്നാണ് കിട്ടിയ മറുപടി. ശിവന്റെ ആദിനാഥ് എന്ന നാമത്തില്‍ നിന്നാണ് അദീന വന്നതെന്നാണ് മറ്റു ചിലര്‍ അവകാശപ്പെടുന്നത്. ബാബരിയുടേതിന് സമാനാമായി അദീനയെ ചുറ്റിപ്പറ്റിയും ക്ഷേത്ര വത്കരണത്തിനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ തകൃതിയാണെന്ന് ചുരുക്കം. 

അദീനയില്‍ ഇതിന് മുമ്പ് രണ്ട് തവണ ഞാന്‍ വന്നിട്ടുണ്ട്. ബംഗാളിലെ മറ്റു മുസ്‌ലിം ചരിത്ര സ്മാരകകങ്ങളിലേതു പോലെ കാവല്‍ക്കാരോ ഗൈഡോ അവിടങ്ങളില്‍ കാണാറില്ല. എന്നാലിപ്പോള്‍ പള്ളിക്കുള്ളില്‍ പ്രവേശിക്കുമ്പോള്‍ തന്നെ ഗൈഡുകളുടെ നിരയാണ്. മുര്‍ഷിദ് ഖുലി ഖാന്‍ നിര്‍മിച്ച ഖത്‌റ മസ്ജിദ് സന്ദര്‍ശിക്കാന്‍ ഹസാര്‍ദാരിയിലെത്തിയപ്പൊഴാണ് ഇതിന്റെ തിക്തവശം ഞന്‍ തിരിച്ചറിഞ്ഞത്. പലപ്പോഴും ആവശ്യപ്പെടാതെ തന്നെ ഗൈഡായി പലരും കൂടെ വരും, ക്ഷേത്രം പൊളിച്ച് പള്ളി പണിതതിന്റെയും ക്ഷേത്രങ്ങളുടെ കല്ലുകള്‍ ഉപയോഗിച്ചതിന്റെയും ചരിത്രങ്ങള്‍ അവര്‍ പൊലിമയോടെ അവതരിപ്പിക്കും. ഈ ചരിത്രങ്ങള്‍ കേട്ട് തെറ്റിദ്ധരിക്കുന്ന പലരുമുണ്ട്.

അദീനയില്‍ നിന്നും മൂന്നു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ എക്‌ലാഖി മൊസോളിയത്തിലെത്താം. സുല്‍ത്താന്‍ ജലാലുദ്ദീന്‍ മുഹമ്മദ് ഷായുടെയും കുടുംബത്തിന്റെയും ഖബറുകളാണ് ഈ മൊസോളിയത്തിലുള്ളത്. 1425 ല്‍ പണികഴിപ്പിക്കപ്പെടുമ്പോള്‍ ഏകദേശം ഒരു ലക്ഷം രൂപയാണ് ചിലവു വന്നത്. അതിനാലാണ് എക്‌ലാഖി (ഒരു ലക്ഷം) എന്ന പേരു വന്നത് എന്ന് മൊസോളിയത്തിന് മുന്നിലുള്ള ബോര്‍ഡില്‍ വായിക്കാന്‍ സാധിച്ചു. 

ഇനിയും ധാരാളം പുരാതന നിര്‍മിതികള്‍ ഗോറിന്റെ പല ഭാഗത്തായി പരന്നു കിടക്കുന്നുണ്ട്. അദീനയില്‍ നിന്നും കൊല്‍ക്കത്ത ഭാഗത്തേക്ക് അല്‍പം യാത്ര ചെയ്താല്‍ ഇടതുവശത്തേക്ക് ഒരു റോഡ് പോകുന്നത് കാണാം. നേരെ ബംഗ്ലാദേശ് വരെ നീളുന്ന ആ റോഡിലൂടെ അല്‍പം സഞ്ചരിച്ചാല്‍ ബല്ലബാട്ടി പാലസും ബാരസോന പള്ളിയുമടക്കം പുരാതന ലക്‌നോത്തിയുടെ അനേകം ഇഷ്ടികക്കെട്ടുകള്‍ കണ്ടെത്താനാവും. ഇന്നത്തെ ബംഗ്ലാദേശിലും മാല്‍ഡ ജില്ലയിലുമായി പരന്നു കിടക്കുന്നതായിരുന്നു പണ്ടത്തെ ഗോര്‍ നഗരം. 

നേരം ഇരുട്ടി തുടങ്ങി. പാലസിലേക്കും മറ്റു ചരിത്രസ്മാരകങ്ങളിലേക്കും മറ്റൊരിക്കാല്‍ വരാമെന്നുറച്ച് ഞങ്ങള്‍ അദീനയോട് യാത്ര പറഞ്ഞു. നൂറ്റാണ്ടുകളുടെ ചരിത്രം പേറി, നഷ്ടപ്രതാപത്തിന്റെ ശിഷ്ട പ്രതീകങ്ങളായി നില്‍ക്കുന്ന ആ ഇഷ്ടികക്കല്ലുകളെ അവസാനമായി ഒന്ന് കൂടി നോക്കി... മനസ്സകങ്ങളില്‍ അറിയാതെ ഒരു നെടുവീര്‍പ്പുയര്‍ന്നു... ഒരു പിടി ചിന്തകളുമായി ഞാന്‍ സീറ്റിലേക്ക് ചാഞ്ഞു.

ബംഗാള്‍ ബീര്‍ഭൂമിലെ ദാറുല്‍ ഹുദാ ഇസ്‍ലാമിക് യൂണിവേഴ്സിറ്റി ഓഫ് കാമ്പസ് അധ്യാപകനാണ് ലേഖകന്‍

▬▬▬▬▬▬▬▬▬▬▬▬
For daily updates join Islamonweb Whatsapp Group:

https://whatsapp.com/channel/0029Va5ZyA0FHWpsJ66H2P0R

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter