ഖിവാമ സ്ത്രീകളോടുള്ള അവഗണനയല്ല, പരിഗണനയാണ്

അവകാശങ്ങളും ബാധ്യതകളുമുള്ള പൂർണമായ സ്വതന്ത്ര അസ്തിത്വമാണ് ഇസ്‍ലാമിക വീക്ഷണത്തിൽ സ്ത്രീ. പുരുഷന്റെ അതേ സത്തയിൽ നിന്ന് സ്ത്രീയെ സൃഷ്ടിക്കുകയും സംവിധാനിക്കുകയും ചെയ്തു എന്നതാണ് സ്ത്രീ-പുരുഷ ബന്ധ വീക്ഷണത്തിലെ അടിസ്ഥാനം. സ്ത്രീകൾക്കുള്ള ജൈവിക പ്രത്യേകതകൾ വിവേചനത്തിന്റേതല്ല, മറിച്ച്, സൃഷ്ടി വൈവിധ്യത്തിന്റേതാണ്. ഇസ്‍ലാം സ്ത്രീയെ പുരുഷന്റെ അടിമയായോ പുരുഷനെ സ്ത്രീയുടെ ഉടമയായോ അല്ല ചിത്രീകരിച്ചിട്ടുള്ളത്. മറിച്ച് രണ്ടുപേരെയും പരസ്പരം ഇണകളായിട്ടാണ് പരിചയപ്പെടുത്തുന്നത്.

പരിശുദ്ധ ദീനിന്റെ അടിസ്ഥാന തത്വങ്ങളിലേക്ക് കണ്ണോടിക്കുമ്പോഴാണ് ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്ന ഇസ്‍ലാമിലെ സ്ത്രീയുടെ പ്രസക്തിയും ഇതിന് അനുബന്ധമായി നടക്കുന്ന കുപ്രചാരങ്ങളുടെ പൊള്ളത്തരവും നമുക്ക് മനസ്സിലാക്കാനാവുക. ഇസ്‍ലാമിൽ സ്ത്രീ പുരുഷ ബന്ധങ്ങളുടെ വ്യവസ്ഥകൾ പറയുന്ന കർമ്മശാസ്ത്രമാണ് ഫിഖ്ഹുൽ ഖിവാമ. ഖിവാമ സ്ത്രീകളുടെ സംരക്ഷണമാണ്. കുടുംബ വ്യവസ്ഥിതി ഭദ്രമായി നിലനിൽക്കാനും അതിലൂടെ സാമൂഹിക വ്യവസ്ഥിതി നിലനിർത്താനും വേണ്ടിയാണ് ഇത്തരത്തിലുള്ള നിയമ സംഹിത ഇസ്‍ലാം നിഷ്കർഷിച്ചത്. യഥാർത്ഥത്തിൽ ഖിവാമ സ്ത്രീകളിൽ മാത്രം പരിമിതമല്ല. അതിന് വിശാലമായ അർത്ഥ തലങ്ങളുണ്ട്. ഇസ്‍ലാമിലെ അധികാരങ്ങളെല്ലാം (ولاية) ഒരർത്ഥത്തിൽ ഖിവാമയാണ്. ഒരു ഭരണാധികാരി പറയുന്നത് അനുസരിക്കൽ ഭരണീയർക്ക് നിർബന്ധമാണ്. അതിനർത്ഥം അത് ഭരണീയരെ അവഹേളിക്കുകയാണ് എന്നല്ലല്ലോ. അത് ആ ഭരണ വ്യവസ്ഥിതി നിലനിൽക്കാൻ വേണ്ടിയുള്ളതാണ്. ഇത്തരത്തിലുള്ള അധികാരം തന്നെയാണ് സ്ത്രീവിഷയത്തിൽ ഇസ്‍ലാമും മുന്നോട്ട് വെക്കുന്നത്. ഭരണാധികാരം പോലെ മറ്റു പല അധികാരങ്ങളും (ولاية) ഖിവാമയുടെ പരിധിയിൽ വരുന്നുണ്ട്. ചെറിയ കുട്ടിയുടെ സ്വത്ത് സംരക്ഷിക്കൽ, മരിക്കുന്ന സമയത്ത് തന്റെ കാര്യങ്ങൾ മറ്റുള്ളവരെ ഏൽപ്പിക്കൽ തുടങ്ങിയവയെല്ലാം ഒരർത്ഥത്തിൽ ഖിവാമയാണ്.

സ്ത്രീയുടെ സംരക്ഷണവും ചിലവും മറ്റുമെല്ലാം പുരുഷന്റെ ബാധ്യതയാണ്. ഭർത്താവും മറ്റു കുടുംബങ്ങളും ജീവിച്ചിരിപ്പില്ലെങ്കിലും സ്ത്രീക്ക് തന്റെ ചിലവ് ഏറ്റെടുക്കേണ്ട അവസ്ഥ ഇസ്‍ലാമിക വീക്ഷണത്തിൽ വരുന്നില്ല. ആരുമില്ലെങ്കിൽ ഭരണാധികാരി (قاضى) യെങ്കിലും അവരുടെ ചിലവ് ഏറ്റെടുക്കണമെന്നാണ് ഇസ്‍ലാമിക വീക്ഷണം. അത്തരം ഉത്തരവാദിത്തങ്ങളെല്ലാം പുരുഷനാണ് ഇസ്‍ലാം നൽകുന്നത്. അങ്ങനെ വരുമ്പോൾ പുരുഷനെ അനുസരിക്കേണ്ടത് സ്ത്രീക്ക് അത്യാവശ്യമായി വരും.

പുരുഷന്മാർ സ്ത്രീകളുടെ കൈകാര്യ കർത്താക്കളാണ്)- (4:34) എന്ന ഖുർആനിക സൂക്തമാണ് പലപ്പോഴും ഇവ്വിഷയകമായി ചര്‍ച്ചക്ക് വരാറുള്ളത്. സ്ത്രീയും പുരുഷനും പ്രകൃതിപരമായും ശാരീരികമായും മാനസികമായും വ്യത്യാസമുണ്ട്. മുകളിൽ പറഞ്ഞ സൂക്തത്തിന്റെ വിശദീകരണത്തിൽ വ്യാഖ്യാതാക്കള്‍ അത് പറയുന്നുമുണ്ട്: രണ്ട് കാരണങ്ങൾ കൊണ്ടാണ് പുരുഷനെ കൂടുതൽ ബാധ്യത ഏൽപ്പിക്കാൻ അല്ലാഹു തിരഞ്ഞെടുത്തത്. അല്ലാഹു നൽകിയ كسبية  (കർമ്മ പരം)ആയതും കാരണം കൊണ്ടും خلقية  (സൃഷ്ടി പരം)ആയതുമായ കാരണങ്ങളാണ് അവ.

കർമ്മപരമായ (خلقية) കാരണങ്ങൾ കൊണ്ട് പ്രധാനമായും അർത്ഥമാക്കുന്നത്  പുരുഷന്റെയും സ്ത്രീയുടെയും ഇടയിലുള്ള ശാരീരിക വ്യത്യാസങ്ങളെയാണ്. സ്ത്രീയെക്കാൾ ശാരീരിക ക്ഷമത പൊതുവേ പുരുഷനാണെന്നത് തെളിവ് ആവശ്യമില്ലാത്ത വസ്തുതയാണ്. അതുകൊണ്ടാണ് ഇസ്‍ലാം സ്ത്രീയെ അച്ചടക്കം പഠിപ്പിക്കാൻ പുരുഷനെ ഏൽപ്പിച്ചതും പുരുഷനെതിരെ പ്രശ്നമുണ്ടെങ്കിൽ ഖാളിയെ സമീപിക്കാൻ സ്ത്രീയോട് പറഞ്ഞതും.

ഇതിലുപരി മറ്റ് പല വിത്യാസങ്ങളും അവർക്കിടയിൽ മുഴച്ച് നിൽക്കുന്നുണ്ട്. പരിശുദ്ധ ഖുർആൻ അത് സമർത്ഥിക്കുന്നുമുണ്ട്. ഖുർആനിലെ (86:7-8) ആയത്തുകളുടെ തഫ്സീറുകളിൽ നമുക്ക് ഇങ്ങനെ കാണാം. 'ബീജം പുരുഷന്റെ മുതുകിൽ നിന്നാണ് വരുന്നത്. അതുകൊണ്ടുതന്നെ അവൻ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടവനും ഭാരങ്ങൾ വഹിക്കേണ്ടവനുമാണ്. എന്നാൽ സ്ത്രീയെ സൃഷ്ടിച്ചത് വാരിയെല്ലുകൾക്കിടയിൽ നിന്നാണ്. അതുകൊണ്ട് അവൾ സ്നേഹം വിളമ്പേണ്ടവളാണ്. സ്ത്രീയും പുരുഷനും തമ്മിലുള്ള പ്രകൃതിപരമായ വ്യത്യാസങ്ങളെ സൂചിപ്പിക്കുന്നവയാണ് ഇവ.

സംരക്ഷകരില്ലാതെ ഒരു കുടുംബവും കഷ്ടപ്പെടരുതെന്ന ശാഠ്യം കൂടി വിശുദ്ധ ഇസ്‍ലാമിനുണ്ട്. നാഥനില്ലാതെ ഒരു കുടുംബവും വ്യവസ്ഥാപിതമായി നിലനിൽക്കില്ലെന്നും അവരെക്കൊണ്ടല്ലാതെ സമൂഹത്തിലെ പ്രശ്നങ്ങളും പ്രയാസങ്ങളും ഇല്ലാതാക്കാൻ സാധിക്കില്ലെന്നുമുള്ള ബോധം കൊണ്ടാണ് കുടുംബ വ്യവസ്ഥിതിക്ക് പ്രാധാന്യം കൽപ്പിച്ചുകൊണ്ട് ഇസ്‍ലാം പല നിയമങ്ങളും നിബന്ധനകളും കൊണ്ടുവന്നത്. ആ നിബന്ധനകളും നിയമങ്ങളും പുരുഷന്റെയും സ്ത്രീയുടെയും ശാരീരിക മാനസിക പ്രകൃതിക്ക് അനുയോജ്യമായിട്ട് നിർമ്മിക്കപ്പെട്ടു എന്ന് മാത്രം. അതുകൊണ്ടാണ് നാഥനില്ലാത്ത ഒരു കുട്ടിക്ക് ഇസ്‍ലാമിൽ നാഥനുണ്ടാകാൻ എളുപ്പമായത്. ഇസ്തിൽഹാഖിലൂടെ (الاستلحاق ) അത് ഏറെ സുഖകരവുമാണ്. എന്നാൽ നാഥനുള്ള ഒരു കുട്ടിക്ക് നാഥനില്ലാതാകുന്ന വഴികളെ പരമാവധി അടക്കുകയാണ് ഇസ്‍ലാം ചെയ്യുന്നത്.

സ്ത്രീ പുരുഷനെതിരെ അച്ചടക്ക രാഹിത്യം കാണിച്ചാൽ പുരുഷന് ശിക്ഷ നടപടി സ്വീകരിക്കാമെന്നാണ് ഇസ്‍ലാം വിധിച്ചത്. എന്നാൽ സ്ത്രീകൾക്ക് ഇത്തരം അധികാരം നൽകുകയാണെങ്കിൽ കുടുംബം ഏറെ വഷളാകുമെന്നത് തീർച്ച. മറിച്ച് ഇത്തരം സന്ദർഭങ്ങളിൽ സ്ത്രീകൾ, പുരുഷനെ കൈകാര്യം ചെയ്യാൻ കഴിയുന്ന ഖാളിയെ സമീപിക്കുകയാണ് വേണ്ടത്. സ്ത്രീകൾക്ക് അവരുടെ പരാതികൾക്ക് പരിഹാരം കണ്ടെത്താൻ ഇതിലൂടെ മാത്രമേ സാധിക്കൂ എന്നതുകൊണ്ടാണ് അങ്ങനെ നിയമമാക്കിയത്.

ഇസ്‍ലാമിക അനന്തരാവകാശ നിയമങ്ങളും ഖിവാമയുടെ ഈ അടിസ്ഥാന തത്വങ്ങളിന്മേലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഇസ്‍ലാമിക വീക്ഷണത്തിൽ പുരുഷനാണ് കുടുംബത്തിന്റെ പരിപാലകൻ. തന്റെ ഭാര്യയുടെയും മക്കളുടെയും ജീവിതച്ചെലവുകളും സംരക്ഷണവും അവന്റെ അനിവാര്യ ചുമതലയാണ്. ഏതൊരു സാഹചര്യത്തിലും അത് സ്ത്രീ വഹിക്കേണ്ടി വരുന്നില്ല. അത് അവളുടെ ബാധ്യതയേയല്ല. അതിനാലാണ് അനന്തര സ്വത്തിന്റെ ഓഹരിയിൽ സ്ത്രീക്ക് ലഭിക്കുന്നതിന്റെ ഇരട്ടി വിഹിതം പുരുഷന് നൽകുന്നത്. അവന്റെ ബാധ്യതകൾ യഥാവിധി നിർവഹിക്കാൻ അത് ആവശ്യവുമാണ്.

സത്യത്തിൽ ഇസ്‍ലാമിലെ അനന്തരവകാശ നിയമത്തെ കുറിച്ച് വ്യക്തമായി പഠിച്ചാൽ നാം അത്ഭുതപ്പെടാതിരിക്കില്ല. അത്രയും വ്യവസ്ഥാപിതമായിട്ടാണ് അത് സംവിധാനിച്ചിരിക്കുന്നത്. അതിൽ കുറഞ്ഞ സ്ഥലങ്ങളിൽ മാത്രമാണ് ആൺ-പെൺ വ്യത്യാസമുള്ളത്. എന്നാൽ ചില സ്ഥലങ്ങളിൽ സ്ത്രീകളുള്ളതുകൊണ്ട് പുരുഷന് അവകാശം ലഭിക്കാത്തതും സ്ത്രീക്കും പുരുഷനും ഒരുപോലെ ഓഹരി ലഭിക്കുന്നതും പുരുഷനേക്കാൾ സ്ത്രീക്ക് ലഭിക്കുന്നതും സ്ത്രീ കാരണം പുരുഷന് ലഭിക്കേണ്ടത് ചുരുങ്ങുന്നതുമായ സാഹചര്യങ്ങളുമുണ്ട്. ഇസ്‍ലാമിക അനന്തരാവകാശ നിയമത്തിലെ മുപ്പതോളം ഇനങ്ങളിൽ അഞ്ചോ ആറോ ഇനങ്ങളിൽ മാത്രമാണ് പുരുഷന് സ്ത്രീയെക്കാൾ കൂടുതൽ ലഭിക്കുന്നത്. എന്നാൽ ഇത്രയും യുക്തിഭദ്രമായ അനന്തരാവകാശ നിയമത്തിലെ ഈ അഞ്ചോ ആറോ സ്ഥലങ്ങൾ മാത്രം ചർച്ച ചെയ്തുകൊണ്ടാണ് ഇസ്‍ലാമിനെതിരെ പലരും സംസാരിക്കാറുള്ളത്.

ഒറ്റ വ്യവസ്ഥതിയായിട്ട് വേണം ഇസ്‍ലാമിനെ മനസ്സിലാക്കാന്‍ എന്നതും ഇവിടെ ഏറെ പ്രധാനമാണ്. ഒരു ഭാഗം മാത്രം എടുത്ത് ചര്‍ച്ചക്കെടുത്താല്‍ ഒരു പക്ഷേ, അത് അപൂര്‍ണ്ണമായി തോന്നിയേക്കാം. അവകാശങ്ങളെ കുറിച്ച് ചർച്ച ചെയ്യുമ്പോള്‍, ബാധ്യതകള്‍ കൂടി കടന്ന് വരണമെന്നര്‍ത്ഥം. കുടുംബത്തിന് വേണ്ടി പുരുഷന്‍ ജോലി ചെയ്യുന്നത് പോലെ സ്ത്രീയും ജോലി ചെയ്യുന്നതാണ് പാശ്ചാത്യ രീതി. അവകാശങ്ങളും തുല്യമാവണമെന്ന വാദത്തെ അതിന്റെ പശ്ചാത്തലത്തില്‍ വേണം കാണാന്‍. അതിനെ ഇസ്‍ലാമിനോട് ചേര്‍ത്ത് വെക്കാന്‍ ശ്രമിക്കുന്നതാണ് യഥാര്‍ത്ഥ പ്രശ്നം.

അതിലുപരി, ചരിത്രപരമായി പാശ്ചാത്യരും പൗരസ്ത്യരും തമ്മിൽ ഏറെ വ്യത്യാസമുണ്ട്. ധർമ്മം, മൂല്യം എന്ന ദിശയിലൂടെയാണ് പൗരസ്ത്യ ലോകം ജീവിതത്തെ നോക്കിക്കാണുന്നത്. ഇസ്‍ലാമിക അധ്യാപനങ്ങളുടെ പ്രതിഫലനമാണിത്. എന്നാൽ സ്വാതന്ത്ര്യം എന്ന ദിശയിലൂടെയാണ് പാശ്ചാത്യലോകം ജീവിതത്തെ വീക്ഷിക്കുന്നത്. കുടുംബവ്യവസ്ഥയിലും ഈ രണ്ട് വ്യത്യാസങ്ങൾ നിഴലിച്ചു നിൽക്കുന്നുണ്ട്. സാമ്പത്തിക-സാങ്കേതിക മുന്നേറ്റം, മാധ്യമ അപ്രമാദിത്വം തുടങ്ങിയ മാർഗങ്ങളിലൂടെ പാശ്ചാത്യ സംസ്കാര ചിന്താഗതികൾ പൗരസ്ത്യരിലും സ്വാധീനം ചെലുത്തിയെന്നും പറയേണ്ടതാണ്.

പൗരസ്ത്യ ദേശങ്ങളിൽ പാശ്ചാത്യ സംസ്കാരം ശരിയാണെന്ന ചിന്താഗതി വളർന്നു വന്നത് മുതലാണ് ഇസ്‍ലാമിലെ സ്ത്രീ സ്വാതന്ത്ര്യം ഏറെ ചർച്ച ചെയ്യപ്പെട്ടു തുടങ്ങിയത്. ഇസ്‍ലാമിൽ സ്ത്രീകൾ അടിച്ചമർത്തപ്പെട്ടവരാണ്, അവഗണിക്കപ്പെട്ടവരാണ്, സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവരാണ് എന്നൊക്കെയാണ് ഇസ്‍ലാമിലെ സ്ത്രീ സ്വാതന്ത്ര്യത്തിനെതിരെ ഇത്തരക്കാരുടെ വാദം. എന്നാൽ എന്തുകൊണ്ട് പാശ്ചാത്യൻ സമൂഹം ഇങ്ങനെയൊരു ചിന്താഗതിയിലേക്ക് എത്തിപ്പെട്ടു എന്നത് ചർച്ച ചെയ്യപ്പെടേണ്ട വസ്തുതയാണ്. ലോകത്ത് നിലവിൽ സജീവമായി വർത്തിച്ചുവരുന്ന ഒരു ദൈവിക മതവും പാശ്ചാത്യ ദേശങ്ങളിൽ രൂപം കൊണ്ടതല്ല എന്നതാണ് വസ്തുത. ഇസ്‍ലാം, ക്രിസ്തുമതം, ജൂതമതം, ഹിന്ദു മതം തുടങ്ങിയ എല്ലാ സെമിറ്റിക്ക് മതങ്ങളും വന്നത് മധ്യ പൗരസ്ത്യ ദേശങ്ങളിലോ പശ്ചിമേഷ്യൻ രാജ്യങ്ങളിലോ ആയിരുന്നു.

വ്യക്തിസ്വാതന്ത്ര്യം അനിയന്ത്രിതമായി അനുവദിക്കുക എന്നതാണ് പാശ്ചാത്യൻ ശൈലി. ആ മാനദണ്ഡം വെച്ചാണ് അവർ മതങ്ങളെ അളന്നത്. ആയതിനാൽ ഏറ്റവും കൂടുതൽ സ്വാതന്ത്ര്യം നൽകുന്ന മതം നല്ല മതമായും താരതമ്യേന സ്വാതന്ത്ര്യം നിഷേധിക്കുന്ന മതങ്ങൾ മോശം മതമായും അവർ കണുന്നു. ഈയൊരു ചിന്താഗതി ആധുനിക കാലത്ത് പൗരസ്ത്യദേശങ്ങളെയും സ്വാധീനിച്ചു എന്നതാണ് നിലവിലെ ചർച്ചകളുടെ മൂലകാരണം. ഇത് തിരിച്ചറിയുന്നതിലൂടെ, ഇസ്‍ലാമിലെ സ്ത്രീ സ്വതന്ത്രയല്ലെന്ന വാദം ബാലിശമാണെന്ന് നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter