വിശുദ്ധ ഖുര്‍ആന്‍ മുഹമ്മദ്‌ നബിയുടെ രചനയോ? (ഭാഗം അഞ്ച്)

അവതരണ ശൈലിയിലെ വേറിട്ടുനില്‍പ്പ്

വിശുദ്ധ ഖുര്ആലന്‍ അവതരണ ശൈലി കൊണ്ട് വേറിട്ടു നില്ക്കുിന്നത് ഒന്ന്. എല്ലാവര്ക്കും അറിയാവുന്ന ഒരു പരമാര്‍ത്ഥമാണ് വിശുദ്ധ ഖുര്‍ആന്‍ ഒറ്റയടിക്ക് ഒരു ഗ്രന്ഥമായി എഴുതി ലോകസമക്ഷം അവതരിപ്പിക്കപ്പെട്ട ഒന്നല്ലയെന്നത്. താരതമ്യേന നീണ്ട 23 വര്‍ഷത്തിനിടെ സന്ദര്‍ഭോചിതം പ്രസക്തമായ മാര്‍ഗദര്‍ശനങ്ങളോടെ സാമൂഹിക സംസ്കരണത്തിനു ഊന്നല്‍ നല്‍കുന്ന ഒരു നവോത്ഥാന മുന്നേറ്റം പോലെയാണ് അറേബ്യയില്‍ ഖുര്‍ആനിക പ്രബോധനം നിര്‍വ്വഹിക്കപ്പെട്ടത്‌.

കാല്‍നൂറ്റാണ്ട്‌ കാലത്തെ ഇസ്‌ലാമിക സമൂഹത്തിന്‍റെ പൂര്‍ണതയിലേക്കുള്ള പ്രയാണത്തിനിടെ ഏതെല്ലാം ഘട്ടങ്ങള്‍ അഭിമുഖീകരിച്ചുവോ ആ ഘട്ടങ്ങളെയും അവസ്ഥകളെയും ആവശ്യങ്ങളെയും അനുഗുണമായി പരിഗണിച്ചു ചിലപ്പോള്‍ ദീര്‍ഘവും മറ്റുചിലപ്പോള്‍ ഹ്രസ്വവുമായ സൂക്തഖണ്ഡങ്ങളായും പ്രഭാഷണങ്ങളുമായാമാണ് ഖുര്‍ആന്‍ അവതീര്‍ണമായിക്കൊണ്ടിരുന്നത്. ഈ സൂക്തങ്ങളും പ്രഭാഷണങ്ങളും വാക്യങ്ങളും തന്റെ സ്വന്തം വാക്യങ്ങളായല്ല ലോകരക്ഷിതാവായ അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ് എന്നാണ് ഓരോ ഘട്ടത്തിലും തിരുപ്രവാചകന്‍ അവകാശപ്പെട്ടത് എന്ന കാര്യം പ്രസ്താവ്യമാണ്.

വിശുദ്ധ ഖുര്‍ആന്‍ തിരുനബി സ്വ.യുടെ സര്‍ഗവൈഭവത്തില്‍ വിരിഞ്ഞ രചനയാണെന്ന് ആരോപണം ഉന്നയിക്കുന്നവര്‍ തത്തുല്യമായ ഒരു സംഭവമെങ്കിലും ഇന്നോളമുള്ള ലോകചരിത്രത്തില്‍ എവിടെ നിന്നെങ്കിലും എടുത്തു കാണിക്കാന്‍ ബാധ്യസ്ഥരാണ്. കാല്‍നൂറ്റാണ്ട്‌ കാലം തിരുനബി സ്വ. എന്തെല്ലാം സാഹചര്യങ്ങളെ അഭിമുഖീകരിച്ചുവെന്നും ഏതെല്ലാം ചുമതലകള്‍ നിര്‍വഹിച്ചിരുന്നുവെന്നുമുള്ള ചരിത്രസത്യങ്ങളെ വിസ്മരിച്ചു കൊണ്ട് നമുക്ക് വസ്തുതയിലെത്താന്‍ സാധിക്കുകയില്ല. മുസ്‌ലിം സമൂഹത്തിന്‍റെ അതിശക്തമായ നേതൃത്വം എന്ന നിലയില്‍ ചിലപ്പോള്‍ സമരസജ്ജരായ ഒരു സൈന്യത്തിന്‍റെ പടനായകനായും ഭരണാധികാരിയായും മറ്റു ചിലപ്പോള്‍ മര്‍ദ്ദിത പീഡിത ജനത്തിലെ അംഗമായും നാം അവിടുത്തെ കാണുന്നു. സദുപദേശകനായും അധ്യാപകനായും പ്രഭാഷകനായും ന്യായാധിപനായും നിയമധാതാവായും അവിടുന്ന് അവര്‍ക്കിടയില്‍ പാര്‍ത്തു.

ഭര്‍ത്താവും പിതാവും സഹോദരനും മകനും എങ്ങനെയാവണമെന്ന് ജീവിതം കൊണ്ട് കാട്ടി. ദേശത്യാഗം ചെയ്തും ദേശത്തിനു മേല്‍ വിജിഗീഷുവായി ജയിച്ചു നിന്നും വൈവിധ്യമാര്‍ന്ന സാഹചര്യങ്ങളെ അടയാളപ്പെടുത്തി. ഇങ്ങനെ തീര്‍ത്തും വ്യത്യസ്തമായ ചുറ്റുപാടുകളിലും സന്ദര്‍ഭങ്ങളിലും വൈവിധ്യമാര്‍ന്ന നിലപാടുതറകളില്‍ നിന്ന് അവസരോചിതമായി പ്രഭാഷണങ്ങള്‍ അവതരിപ്പിക്കുക, എന്നിട്ട് നീണ്ട ഒരു കാലയളവിനിടയില്‍ ഇങ്ങനെ അവതരിപ്പിക്കപ്പെട്ടവ സമാഹരിച്ചു സമ്പൂര്‍ണവും സമഗ്രവും സുഭദ്രവുമായ ഒരു ചിന്താപദ്ധതിയായി ക്രോഡീകരിക്കുക, എന്നിട്ട് അതില്‍ ഒരൊറ്റ വൈരുദ്ധ്യം പോലും ചൂണ്ടിക്കാണിക്കാന്‍ ഇല്ലാതിരിക്കുക, മാത്രമല്ല; ആദ്യാന്തം ഒരേ ആശയവും ചിന്താപദ്ധതിയും തന്നെ ഉള്‍ക്കാമ്പ് ആയി തുടരുക.

നീണ്ട കാലയളവിനിടയില്‍ പലപ്പോഴായി അവതരിക്കപ്പെട്ടതായിരുന്നിട്ടും ആദ്യ ദിനത്തിലെ ഒന്നാം വരിയില്‍ തുടങ്ങിയ മൌലിക യാഥാര്‍ത്യത്തില്‍ തന്നെ ഊന്നി നിന്നു അവസാന വചനം വരേയ്ക്കും നീളുന്ന സമഗ്രമായ ആശയ ആചാര രീതികള്‍ അവതരിപ്പിക്കുക, അവയിലെ ഓരോ രീതികളും തമ്മില്‍ എല്ലാ അര്‍ത്ഥത്തിലും സമ്പൂര്‍ണമായ ഇണക്കവും പൊരുത്തവും ഉണ്ടായിരിക്കുക, ഒരുമിച്ചു ചേര്‍ത്തു വായിക്കുന്ന ആള്‍ക്ക് ഇതിന്റെ ആദ്യ അവതരണ സമയത്ത് തന്നെ അവസാനവാചകം വരെയും ഇതിലെ ഓരോ പദങ്ങളും എന്തായിരിക്കും എന്നും അവ അവതരിപ്പിക്കപ്പെടെണ്ട സമയവും സന്ദര്‍ഭവും ഏതാണെന്നും മുന്‍കൂട്ടി കാല്‍ക്കുലേറ്റ്‌ ചെയ്ത ആളാണ്‌ തീര്‍ച്ചയായും അവതാരകന്‍ എന്ന സത്യം ബോധ്യപ്പെടുന്ന വിധം ഓരോ പദവും ക്രമീകൃതമായിരിക്കുക...

ഇങ്ങനെയിങ്ങനെ ഖുര്‍ആന്‍ പ്രകടമാക്കുന്ന സവിശേഷതകളെ അടയാളപ്പെടുത്തുന്ന സര്‍ഗവൈഭവം കാഴ്ചവെച്ച ഏതെങ്കിലും ഒരു മനുഷ്യന്‍ ചരിത്രത്തില്‍ എന്നെങ്കിലും ജീവിച്ചിരുന്നിട്ടുണ്ടെങ്കില്‍ അത് ചൂണ്ടിക്കാട്ടാന്‍ വിമര്‍ശകര്‍ക്ക് സാധിക്കേണ്ടതാണ്‌. നബി തിരുമേനി ഏതോ ഒരു നാള്‍ എവിടെ നിന്നോ പ്രത്യക്ഷപ്പെട്ട വനായിരുന്നില്ല എന്നോര്‍ക്കണം. നാല്പതാണ്ട് അവര്‍ക്കിടയില്‍ തന്നെ വസിച്ചു അവിടുന്ന് ഇപ്രകാരം ഉള്ളവനാണെന്ന് അവര്‍ക്ക് പകല്‍ വെളിച്ചം കണക്കെ സുതരാം വ്യക്തമായിരുന്നു.

താന്‍ പ്രവാചകനായി രംഗത്ത് വന്നതിനു ശേഷവും അവര്‍ തങ്ങളുടെ സ്വത്തുക്കള്‍ കൊള്ളയടിച്ചോ മറ്റോ നഷ്ടപ്പെടാതിരിക്കാന്‍ തിരുനബി സ്വ. തങ്ങളെ തന്നെയാണ് എല്പ്പിചിരുന്നത് എന്ന വസ്തുത അവിടുത്തെ വ്യക്തിത്വത്തെ പ്രതി അവര്‍ എത്ര മാത്രം വിശ്വസ്തരായിരുന്നു എന്നതിനെ കുറിക്കുന്നു. ഖുര്‍ആനിക വചനങ്ങള്‍ ഒതിക്കെള്‍പ്പിച്ച ശേഷം അവിടുന്ന് ഏതെങ്കിലും ബാലികേറാമലയില്‍ കയറി ഒളിച്ചിരുന്നില്ല എന്നതും എടുത്തു പറയേണ്ടതാണ്.

അവിടുന്ന് തുടര്‍ന്നും പൂര്‍വകാലത്തെപ്പോലെ, അല്ല അതിലേറെ ജനങ്ങളുമായി നന്നായി ഇടപഴകിയാണ് ജീവിച്ചിരുന്നത്. സംസാരിച്ചും ഉപദേശിച്ചും പ്രസംഗിച്ചും സദാ അവര്‍ക്കൊപ്പം ആ ധന്യ സാന്നിധ്യം ഉണ്ടായിരുന്നു. അവിടുത്തെ സംഭാഷണത്തിലും പ്രഭാഷണത്തിലും പ്രകടമായിരുന്ന ഭാഷയും ശൈലിയും അവര്‍ക്ക് വളരെയധികം സുപരിചിതമായിരുന്നുവെന്നു പ്രത്യേകം പറയേണ്ടതില്ല. ഹദീസുകളില്‍ അവയുടെ വിപുലമായ ശേഖരം ഇന്നും സുരക്ഷിതമായി സൂക്ഷിക്കപ്പെടുന്നതും അറബിയില്‍ സാമാന്യജ്ഞാനം ഉള്ള ആര്‍ക്കും വായിക്കാവുന്ന വിധത്തില്‍ ലഭ്യവുമാണ്.

അവ ലളിതമായി വ്യക്തമാക്കുന്ന ഒരു പരമാര്‍ത്ഥമാണ് വിശുദ്ധ ഖുര്‍ആനിന്‍റെയും തിരുനബിയുടെയും ഭാഷയും ശൈലിയും തമ്മില്‍ തീര്‍ത്തും വ്യത്യാസം പുലര്‍ത്തുന്നുവെന്നത്. തിരുനബിയുടെ സമകാലികര്‍ക്കു നന്നായി അനുഭവ ബോധ്യമുണ്ടായിരുന്ന പ്രസ്തുത സത്യം ഇന്നും അറബി അറിയാവുന്ന ആര്‍ക്കും ബോധ്യപ്പെടുന്ന ഒരു പരമാര്‍ത്ഥമത്രേ. എത്രത്തോളമെന്നാല്‍ അവിടുത്തെ നിത്യസംസാരത്തിലോ പ്രഭാഷണങ്ങളിലോ ഏതെങ്കിലും ഒരു ഖുര്‍ആനിക വചനം ഉദ്ധരിക്കാനിട വന്നാല്‍ കേട്ട മാത്രയില്‍ അത് തിരുവാക്യം, ഇത് ഖുര്‍ആനിക സൂക്തം എന്നു അനായാസം തീര്‍പ്പ് പറയാന്‍ സാധിക്കും. ഇവിടെ ലളിതമായ ഒരു ചോദ്യം സ്വാഭാവികമായും കടന്നു വരുന്നു.

റസൂല്‍ കരീം സ്വ. നാല്പ്പതാണ്ട് കാലം തുടര്‍ന്ന് വന്നിരുന്ന ഭാഷയും ശൈലിയും തെല്ലും മാറ്റാതെ, ഒരു പുതിയ ഭാഷയും ശൈലിയും കൃത്രിമമായി ആവിഷ്കരിച്ചു താന്‍ ദൈവികമെന്ന് അവകാശപ്പെടുന്ന വചനങ്ങള്‍ നിരന്തരം ആ ശൈലിയില്‍ മാത്രം തന്‍റെ സ്വകാര്യ വിനിമയ ഭാഷയോട് സ്വല്‍പ്പം പോലും ഇടകലരാതെ ഉപയോഗിച്ചത് എങ്ങനെ? എന്നിട്ട് ഒരിക്കല്‍ പോലും ഈ രണ്ടു ശൈലികളും ഒരാളുടേത്‌ തന്നെയെന്ന രഹസ്യം പുറത്തായില്ലെന്നോ?

ഒന്നല്ല, രണ്ടല്ല, ഇരുപത്തിമൂന്ന് കൊല്ലം നീണ്ട പ്രബോധന ജീവിതത്തിലുടനീളം ഒരിക്കല്‍ പോലും തെറ്റു പറ്റാതെ അല്ലാഹുവില്‍ നിന്നു എന്നു പറഞ്ഞു അവതരിപ്പിക്കുമ്പോളും തന്‍റെതെന്നു പറഞ്ഞു സംസാരിക്കുമ്പോളും രണ്ടു വ്യതിരിക്ത ഭാഷാ ശൈലികള്‍ ഒരേ സമയം ഉപയോഗിക്കാന്‍ തിരുനബി സ്വ.ക്കു സാധിച്ചതു പോലെ പ്രാവീണ്യം കാട്ടിയ മറ്റൊരാളെയെങ്കിലും കാണിച്ചു തരാമോ? ക്ഷണികമോ താത്കാലികമോ ആയിട്ടെങ്കില്‍ പോലും അങ്ങനെ ചെയ്യുന്നത് എത്ര ശ്രമകരമാണെന്ന് ഊഹിച്ചുനോക്കൂ. രണ്ട്. ഒരു നിമിഷം ബാഹ്യചക്ഷസുകള്‍ അടച്ചുവെച്ചു മണക്കണ്ണുകള്‍ തുറന്നു വെച്ച് തിരുജീവിതത്തെ മുന്‍പില്‍ കാണുക.

എന്തെന്തു അനുഭവങ്ങളാണ് അവിടുന്ന് നേരിടാനായിടയായത്. ഇതുവരെയും അല്‍ അമീന്‍ എന്നു വിളിച്ചാധരിച്ചിരുന്നവര്‍ അടുത്ത നിമിഷത്തില്‍ ഭ്രാന്തനെന്നും കവിയെന്നും മനോരോഗിയെന്നും ആക്ഷേപിക്കുന്നു. അക്രമങ്ങളും പീഡനങ്ങളും നിത്യ സംഭവമാകുന്നു. കൂടെയുള്ളവരെ അകാരണമായി മര്‍ദ്ധനമുറകള്‍ക്ക്‌ വിധേയരാക്കുന്നു.

ഭൌതികമായ അളവുകോലില്‍ ഏറ്റവും ദുരിതപൂര്‍ണമെന്നും അസഹ്യമെന്നും പറയാവുന്ന വിധം പട്ടിണിയും ദാരിദ്ര്യവും അനുഭവിക്കുന്നു. മൂന്നാണ്ടോളം പാര്‍വതതാഴ്വാരത്തു ഉപരോധിതനായി കഴിയേണ്ടി വന്നു. ഗത്യന്തരമില്ലാതെ സഹചരെ പാലായനത്തിനു നിര്‍ബന്ധിക്കേണ്ടി വരുന്നു. അരുംകൊല ചെയ്യാന്‍ പദ്ധതിയിട്ട് ശത്രുക്കള്‍ വീട് വളയുന്നു. അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ ശത്രുക്കളുടെ കണ്ണില്‍ പൊടിയിട്ടു രക്ഷ പ്രാപിച്ചു നാനൂറോളം മൈലുകള്‍ അപ്പുറത്തേക്ക് ദുര്‍ഘടം പിടിച്ച മലമ്പാത കടന്നു ഹിജ്റ പോകുന്നു.

ഹിജ്റ ചെന്ന് ചേര്‍ന്നിടത്തും സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കാത്ത വിധം ശാത്രവക്കൂട്ടം അങ്ങോട്ടും കരാളഹസ്തങ്ങള്‍ നീട്ടുന്നു. ഒടുവില്‍, ഏറ്റവും ദരിദ്രമായിരുന്ന ഒരു ഘട്ടത്തില്‍ സായുധപ്രതിരോധത്തിനു ആഞ്ജ വരുന്നു. യുദ്ധങ്ങള്‍ ജയിക്കുന്നു, തോല്‍ക്കുന്നു. ആമൂലാഗ്രം ഇല്ലായ്മ ചെയ്യാന്‍ അലറിപ്പാഞ്ഞു നടന്നിരുന്നവര്‍ അമ്പേ തോല്‍വി സമ്മതിച്ചു തലകുനിച്ചു മുമ്പില്‍ നില്‍ക്കുന്നു.

ആര്‍ക്കും ലഭിക്കാത്ത അധികാരങ്ങളും അംഗീകാരങ്ങളും അവിടുത്തേക്കുണ്ടായി. സാധാരണ ഗതിയില്‍ ഇത്തരം അനുഭവങ്ങള്‍ക്ക് വിധേയനാകുന്നയാളുടെ വാക്കുകളിലും പ്രവൃത്തികളിലും സ്വാഭാവികമായും അവ പ്രകടമാകുമെന്ന കാര്യം അവിതര്‍ക്കിതമാണ്. ഏതു കൃതിയും ഒരു സോഷ്യല്‍ പ്രോഡക്റ്റ് ആണെന്ന നിരൂപണ ഭാഷ്യം നമുക്കറിയാം. തിരുനബി സ്വ.യുടെ സ്വന്തം വാക്കുകളായ ഹദീസുകളില്‍ അവ ദൃശ്യമാണ് താനും. എന്നാല്‍, വിശുദ്ധ ഖുര്‍ആന്‍ അവതരണത്തില്‍ അത്തരത്തിലുള്ള എന്തെങ്കിലും ഒരു സ്വാധീനം തിരുനബിയെ സദാ വീക്ഷിച്ചുകൊണ്ടിരുന്ന സമകാലികര്‍ക്കു പോലും കാണാന്‍ അക്കാലത്തുടനീളം സാധിച്ചിട്ടില്ല എന്നതാണ് പരമാര്‍ത്ഥം.

വെറും സാധാരണക്കാരനായിരുന്ന മറ്റാരെങ്കിലും തന്‍റെ ജീവിതാനുഭവങ്ങള്‍ തെല്ലും സ്വാധീനിക്കാത്ത വിധം ഇങ്ങനെയൊരു ഗ്രന്ഥം രചിച്ചതായി ചൂണ്ടിക്കാണിക്കാമോ? മൂന്നു. ആരെയും പരതന്ത്രരാക്കുന്ന വിശുദ്ധ ഖുര്‍ആനിന്‍റെ ഉള്ളടക്കം മറ്റൊരു ഉദാഹരണമാണ്. വിശുദ്ധ ഖുര്‍ആന്‍ അവതരിക്കുന്നതിനു ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വൈജ്ഞാനികമായ ചില മുന്നേറ്റങ്ങള്‍ പലപ്പോഴായി ഉണ്ടായിട്ടുണ്ട്. റോമിലും ഗ്രീക്കിലും ബാബിലോണിയയിലും നമ്മുടെ ഭാരതത്തില്‍ വരെയും അത്തരം ചില ഉണരലുകള്‍ ഉണ്ടായിട്ടുണ്ട്.

എന്നാല്‍ അമ്മാതിരി അനുഭവങ്ങള്‍ അറേബ്യയില്‍ നാം കാണുന്നില്ല. സാഹിത്യലോകത്ത് ഔന്നത്യം അടയാളപ്പെടുത്തിയപ്പോളും പഠന മനന രംഗങ്ങളില്‍ അവര്‍ തീര്‍ത്തും സംപൂജ്യരായിരുന്നുവെന്നതിനാല്‍ ഖുര്‍ആന്‍ തന്നെ അവരെ ഉമ്മിയ്യുകള്‍ എന്നു വിളിക്കുകയുണ്ടായി. അവര്‍ക്കിടയില്‍ നിന്നാണ് ഭൌതികമായ ഏതെങ്കിലും പള്ളിക്കൂടത്തിന്‍റെ പടിപ്പുര പോലും കണ്ടിട്ടില്ലാത്ത തിരുനബിയുടെ ആഗമനം എന്നത് ശ്രദ്ധേയമാണ്. അറെബ്യയിലെന്നല്ല, ലോകത്തിന്‍റെ ഒരു ഭാഗത്തും അക്കാലത്ത് പ്രകടമായിട്ടില്ലാത്ത ജ്ഞാനത്തിന്‍റെ മഹാചക്രവാളങ്ങളിലേക്ക് വിശുദ്ധ ഖുര്‍ആന്‍ കവാടം തുറന്നു വെക്കുകയുണ്ടായി. ഇരുപതും ഇരുപത്തൊന്നും നൂറ്റാണ്ടുകളില്‍ മാത്രം ശാസ്ത്രം അനുമാനിച്ചു തുടങ്ങിയ കാര്യങ്ങള്‍ അന്നേ തിരുനബി സ്വ. പറഞ്ഞു.

വിവിധ ശാസ്ത്ര ശാഖകളില്‍ പല തരത്തിലുള്ള അനുമാനങ്ങള്‍ ശാസ്ത്രലോകം വെച്ച് പുലര്‍ത്തിയിരുന്നപ്പോളും ഒരേ ഒരുത്തരവുമായി ഖുര്‍ആന്‍ നില കൊണ്ടു. അത്യത്ഭുതമെന്നു പറയട്ടെ, ശാസ്ത്രീയ അനുമാനങ്ങള്‍ മാറിമറിഞ്ഞു ഖുര്‍ആന്‍ പറഞ്ഞു വെച്ചിടത്ത് തീര്‍പ്പിലെത്തിയ കഥകള്‍ ധാരാളം. ഏതെങ്കിലും ഒന്നോ രണ്ടോ ചരിത്രത്തിന്‍റെ കാര്യത്തില്‍ എന്നല്ല, മനുഷ്യനും പ്രപഞ്ചവുമായി ബന്ധപ്പെട്ട സകലമാന കാര്യങ്ങളിലും കൃത്യവും വ്യക്തവുമായ ഖുര്‍ആനിക നിലപാട് ഒരു അര്‍ത്ഥത്തിലും ആറാം നൂറ്റാണ്ടിന്‍റെ സാമൂഹ്യസാഹചര്യങ്ങളില്‍ നിന്നു എത്ര വലിയ ധിഷണാശാലിക്കും അനുമാനിക്കാനോ ദീര്‍ഘവീക്ഷണം ചെയ്യാനോ സാധിക്കാത്തതാണ്. അങ്ങനെയിരിക്കെ തീര്‍ത്തും ഉമ്മിയ്യായ ഒരു പ്രവാചകന്‍ മനുഷ്യ ജീവിതത്തെ എല്ലാ അര്‍ത്ഥത്തിലും ചൂഴ്ന്നു നില്‍ക്കുന്ന സമഗ്രവും സാഹിത്യ വിസ്മയത്തിന്‍റെ അത്യുന്നതിയില്‍ വിരാചിക്കുന്നതുമായ ഒരു മാര്‍ഗദര്ശിനിയെ സമര്‍പ്പിച്ചത്. വിദ്യകള്‍ എങ്ങനെയെല്ലാം പണിതാലും മറ്റൊരു ഉദാഹരണം ചൂണ്ടിക്കാണിക്കാന്‍ സാധിക്കില്ല. വിശുദ്ധ ഖുര്ആനിന്‍റെ അമാനുഷികതക്കെതിരെ അര്ത്ഥശൂന്യമായ ചില അപശബ്ധങ്ങള്‍ ചിലര്‍ ഉയര്ത്താ റുണ്ട്; പ്രധാനമായും ക്രോഡീകരണം സംബന്ധിച്ച്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter