മുത്തലാഖ് :  സ്വതന്ത്രചിന്തകർ ആരുടെ അടിമകളാണ്

മുത്തലാഖിന്റെ പേരിൽ രാജ്യത്തെ ആദ്യ മുസ്ലിം സ്ത്രീ മുക്കത്ത് താഡനങ്ങളേൽക്കാതെ രക്ഷപ്പെട്ട വാർത്ത ഇന്നലെ നാം വായിച്ചു .മുത്തലാഖ് ചൊല്ലി ഭാര്യയെ കണ്ണീരിലാഴ്ത്താൻ ഒരിമ്പിട്ട വ്യക്തി അറസ്റ്റിലാവുകയും ചെയ്തു. മുത്തലാഖിനെതിരെ കോടതി കയറിയ ഇസ്റത് ജഹാൻ മോദിയുടെ കയ്യിൽ ഇന്നലെ കെട്ടിയ രാഖിക്ക് തങ്കത്തിളക്കം . എന്തൊരു വിരോധാഭാസമാണ് മഹത്തായ നിയമസംഹിതകളുടെ പിൻബലത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. കാര്യത്തിലേക്ക് വരാം ,നിരോധിക്കപ്പെട്ട മുത്തലാഖിന്റെ രാഷ്ട്രീയ നിയാമകത്വം ഇവിടെ ചർച്ചചെയ്യുന്നില്ല , കോടതിയിൽ അത് വിഷയമാവാനിരിക്കുകയാണല്ലോ . പക്ഷെ ,മുത്തലാഖ് മുസ്ലിം സ്ത്രീയെ അടിച്ചമർത്തലാണെന്ന മോദിയുടെ വർത്തമാനം തന്നെയാണല്ലോ ഇവിടെ പലരും പറയുന്നത്. അതിനാൽ ട്രിപ്പിൾ ത്വലാഖിന്റെ മറുയുക്തി ആലോചിക്കാതെ തരമില്ല . മുത്തലാഖ് സ്ത്രീക്ക് അനുകൂലമാണ് വാസ്തവത്തിൽ . മുത്തലാഖ് ഇസ്ലാമികമായി സാധുവാണോ അല്ലയോ എന്നത് മതഗ്രന്ഥങ്ങളിൽ നേരത്തെ ചർച്ചയായതാണ് .ഇരുവീക്ഷണങ്ങൾക്ക് പിന്നിലും ഉയർന്ന പണ്ഡിതന്മാരുണ്ട്. ഒരു പുരുഷൻ തന്റെ സ്ത്രീയോട് മൂന്ന് വിവാഹമോചനവചനം ഒറ്റയിരിപ്പിൽ / ഒറ്റടിക്ക് / ഒറ്റമാത്രയിൽ -- At Singe Sit - മൊഴിഞ്ഞാൽ ഇരുവരും സ്ഥായിയായി വേർപ്പെടുന്നു എന്ന നിയമമാണ് മുത്തലാഖ് . ഇത് സ്വഹീഹ് ( Practicable) ആണെന്ന് പറയുന്നവർ സ്ത്രീ വിരുദ്ധരല്ല ,സ്ത്രീ പരിരക്ഷകരാണ് വാസ്തവത്തിൽ . നമുക്ക് പരിശോധിക്കാം . ഒന്ന് : മൂഘട്ട ത്വലാഖ് പോലെത്തന്നെ മുത്തലാഖ് കളിക്ക് പറഞ്ഞാലും കാര്യത്തിൽ പറഞ്ഞാലും വിവാഹവേർപ്പാട് സംഭവിക്കും എന്ന ഭീഷണാവസ്ഥ പുരുഷനെ താക്കീത് ചെയ്യുകയും ശിക്ഷിക്കുകയുമാണ് .വിവാഹബന്ധത്തിന്റെ പവിത്രതയും പൊരുളും ഉൾക്കൊണ്ട കർമ്മശാസ്ത്ര മാനത്താൽ വായിച്ചാൽ അത് ബോധ്യമാവും .കാരണം അന്യയും സ്വതന്ത്ര്യയുമായിരുന്ന ഒരു പെൺകുട്ടിയെ അവളുടെ രക്ഷിതാവിന്റെ കൈപ്പത്തിയിൽ കൈപ്പള്ള ചേർത്തി ഏറ്റുവാങ്ങിയതിന്റെ പൊരുൾ നിത്യതയോളം ചേരാനും ചേർത്താനുമാണ് .ഇനി , മാനുഷികമായ കാരണങ്ങളാൽ ചേർന്ന്പോവാൻ പറ്റുന്നില്ലെങ്കിൽ സ്വാഭാവികമാർഗമായ തവണത്തലാഖ് എന്ന ' പ്രൊസീജിയർ ' ഉപയോഗിച്ച് ബന്ധഭേദനം വരുത്തി ആ പെണ്ണിനെ തന്നെയേൽപ്പിച്ച രക്ഷിതാവിന്റെ കയ്യിൽ തിരിച്ചേൽപ്പിക്കാം . ഇവിടെ പ്രസ്താവ്യമായ ഒരു കാര്യം ,ത്വലാഖിന്റെ ഭാഷാന്തരം ഒഴിവാക്കൽ എന്നല്ല ,തിരിച്ചേൽപ്പിക്കൽ എന്നാകുന്നു . " ഔ തസ്രീഹുൻ ബി ഇഹ്സാൻ " എന്ന ഖുർആൻ വചനത്തിലെ -ബി ഇഹ്സാൻ - എന്ന അർദ്ധവാക്യം സാരസമ്പന്നമാണ്. മാന്യമായി , പരിക്കും പോറലുമില്ലാതെ , സന്തോഷത്തോടെ തന്നെ ,നല്ലനിലയിൽ , പടച്ചവനെ മറക്കാതെ ... ഇങ്ങനെയേതാശയവും അതിനുണ്ട് . ഇങ്ങനെ ചെയ്യാതെ മുൻകോപം തലയിൽ കയറി ഒറ്റയടിക്ക് ഒരു പുരുഷൻ കാര്യംതീർത്താൽ ആ പുരുഷനെ നല്ലനടപ്പ് പഠിപ്പിക്കുകയാണ് വേണ്ടത്. കുറച്ച് കഴിഞ്ഞ് അവന്റെ കോപം തണുക്കുമ്പോൾ - മുത്തലാഖ് സാധുവാകില്ല എന്ന അഭിപ്രായപ്രകാരം - അവൾ വീണ്ടും അവൻ പറയുന്നത് പോലെ അനുസരിക്കേണ്ട ഭാര്യയാണ്. സത്യത്തിൽ അതല്ലേ അവളെ അപമാനിക്കൽ . ഭർത്താക്കന്മാർക്ക് തോന്നിയ നേരത്ത് തോന്നിയത് വിളിച്ച് പറഞ്ഞ് മാനസികമായി ഭാര്യമാരെ തളർത്താം , പിന്നീട് അവൻ കാമഞരമ്പുകൾ തിളക്കുമ്പോൾ ക്ഷമാപണം പറഞ്ഞ് വരുമ്പോൾ ഭാര്യ കീഴടങ്ങിക്കിടന്നേക്കണം എന്നതിൽപ്പരം വലിയ സ്ത്രീവിരുദ്ധത വേറെയുണ്ടോ .മുത്തലാഖിന്റെ സ്ത്രീപക്ഷവായനയിൽ വലിയ അട്ടിമറി നടക്കുകയാണ് .ഇനി അവിടെ വേണ്ടത് വേർപ്പെടൽ സംഭവിക്കലാണ്. അവന് അവളെ സ്പർശിക്കാൻ പോയിട്ട് കാണാൻ പോലും കിട്ടരുത്. ഈ ദ്രോഹം ചെയ്ത അവൻ നീറണം ,വേദനിക്കണം , മുൻകോപവും എടുത്തുചാട്ടവും കൊണ്ട് പെണ്ണ്കെട്ടരുത് എന്ന് പഠിക്കണം .അതിന് മുത്തലാഖ് സംഭവിക്കണം .എന്നാൽ തുടർന്നുള്ള ജീവിതത്തിൽ അവൻ വേറെ പെണ്ണിനോട് ഈ ദ്രോഹം ചെയ്യില്ല . കട്ടവനെ കരഛേദനം നടത്തുന്നത് എല്ലാ കാലത്തും കൈവെട്ടൽ ഉണ്ടാവാനല്ല ,മോഷണം ഇല്ലായ്മ ചെയ്യാനാണ്. ഇത് പോലെയാണ് ഒരർത്ഥത്തിൽ മുത്തലാഖും . രണ്ട് : ദാമ്പത്യം ഒരു കലയാണ് .നിറവും മണവും നൽകിപ്പുലർത്തേണ്ട കല . ഇണങ്ങലും പിണങ്ങലും വീണ്ടും ഇണങ്ങലുമാണ് ജീവിതം .ഇസ്‌ലാമിക വിവാഹമോചനം ഇസ്‌ലാമിക വിവാഹവുമായി ബന്ധപ്പെട്ടതാണ്. പവിത്രമായ കരാറിന്‍മേല്‍ കെട്ടിപ്പടുക്കുന്ന ഹൃദയമിനാരമാണ് ഇസ്‌ലാമിക ദാമ്പത്യം. നൂലിഴകളുടെ ഇണക്കം പോലെ വിചാര വികാര വായ്പ്പുകളുടെ ഏകവര്‍ണ്ണത്തില്‍ കോര്‍ക്കപ്പെടുന്ന ദമ്പതിമാരെയാണ് ഖുര്‍ആനും തിരുഹദീസും സൃഷ്ടിക്കുന്നത്.  ദാമ്പത്യേതര കലഹങ്ങളില്‍ നിയന്ത്രണം നഷ്ടപ്പെടുന്ന ഘട്ടങ്ങളില്‍ ഉച്ചരിക്കുന്ന മാരക പദങ്ങള്‍ ദാമ്പത്യത്തില്‍ ഒരിക്കലും കടന്നുവരരുതെന്ന് മതത്തിന് കര്‍ശനശാഠ്യമുണ്ട്. ഗൃഹാന്തരീക്ഷം നരകതുല്യമാകാനും സന്താനങ്ങള്‍ക്ക് മനോവൈകല്യങ്ങള്‍ ബാധിക്കാനും ആത്യന്തികമായി അല്ലാഹുവിന്റെ അപ്രീതിക്ക് വിധേയനാവാനും അത് കാരണമാകും. ഈ ഒരു കാഴ്ചപ്പാടില്‍ ദൈവഭയമുള്ള ദമ്പതികള്‍ മുത്വലാഖിന്റെ നിയമസാധ്യത വാക്കുകളുടെ ഉപയോഗ വിഷയത്തില്‍ വലിയ ജാഗ്രതാബോധം ഉണര്‍ത്തുന്നു. പറഞ്ഞുപോയതിന്റെ പേരില്‍ ഖേദിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാന്‍ യഥാര്‍ഥ വിശ്വാസികള്‍ ജാഗ്രതരായിരിക്കും. ഊരാക്കുടുക്കുണ്ടാക്കുന്ന ഉരിയാട്ടമാണ് മൂന്നും ഒന്നിച്ച് ചൊല്ലുന്ന മുത്വലാഖ് എന്നറിയുന്ന സത്യവിശ്വാസികളായ പുരുഷന്‍ ത്വലാഖിന്റെ വാചകങ്ങളില്‍ നിന്നും സ്വയം അകലം തീര്‍ത്ത് സംസാരിക്കും. അതായത്;  മുത്വലാഖ് സാധുത എന്ന ഭീതി മുസ്‌ലിം ദമ്പതികള്‍ക്കിടയില്‍ സംവേദന സൂക്ഷ്മതയും ഫലത്തില്‍ സ്‌നേഹവും വര്‍ധിപ്പിക്കുമെന്നാണ് ചെയ്യുക. പക്ഷേ ഒരേ മുറിയിൽ കാലാകാലം ജീവിക്കുന്നവർ തമ്മിൽ ഇങ്ങനെ വഴക്കും വക്കാണവും പതിവായാൽ അതാവും നരകം പിന്നെ . അത്കൊണ്ട് ദമ്പതികൾ തമ്മിൽ ദേഷ്യം പിടിക്കുമ്പോൾ പരമാവധി ആ വികാരവിക്ഷോപം ആത്മനിയന്ത്രണത്തിലൂടെ അമർച്ച ചെയ്യാൻ പഠിക്കണം . സ്ത്രീയെ അപേക്ഷിച്ച് പുരുഷൻ പൊതുവേ ക്ഷിപ്രകോപിയാണ് . അപ്പോൾ മുത്തലാഖ് ഭീതി ഒരു നിർണ്ണായകറോൾ നിർവ്വഹിക്കും . ഭർത്താവിന്റെ നാവിനെ നിയന്ത്രിക്കും . തോന്നിയത് വിളിച്ച് പറഞ്ഞാൽ അപകടമാണെന്ന ബോധ്യം വിവേകമുണർത്തും . അതായത് Tripple diverse in single sitting is an accidental prone zone എന്നതാണ് ശരി, അപകടസാധ്യതാമേഖല . പറഞ്ഞല്ലോ ,മുത്തലാഖ് നിയമം ബാധകമാവുന്നത് ബാക്കി ഇസ്ലാമിക നിയമവും ബാധകമായവർക്കാണ് .വാക്കും നാക്കും എങ്ങനെ ഉപയോഗിക്കണം എന്നതടക്കമുള്ള ദാമ്പത്യമര്യാദാചട്ടങ്ങൾ മൊത്തത്തിൽ വിലയിരുത്താതെ വേണ്ട കഷ്ണം മാത്രം അടർത്തുന്നത് ആരെ ആരാധിക്കുന്ന മുസ്ലിം പെണ്ണുങ്ങൾക്ക് വേണ്ടിയാണാവോ ! മൂന്ന് : ഇതാണ് വലിയ തമാശ . മുക്കത്ത് ഒരു നിരപരാധി അറസ്റ്റ് ചെയ്യപ്പെട്ടു. മുസ്ലിം വിമൺ പ്രൊട്ടക്ഷൻ ഓഫ് റൈറ്റ്സ് ഓൺ മാരേജ് ആക്ട് 3 ,4 വകുപ്പുകൾ പ്രകാരമെടുത്ത കേസിന്റെ നിജസ്ഥിതിയിൽ അദ്ധേഹം നിരപരാധിയാണ് . യഥാർത്ഥ ദുരുപയോഗം മുത്തലാഖ് നിരോധന നിയമാണ് ,തീർച്ച . മുത്തലാഖ് കൊണ്ടുണ്ടാവുമെന്ന് പറയപ്പെടുന്ന എല്ലാ ദുരിതസാധ്യതയും മുത്തലാഖല്ലാതെ ഉള്ള ത്വലാഖ് കൊണ്ടും ഉണ്ടാവും ,ഉണ്ടാക്കാം . തവണത്തലാഖിൽ ഒന്ന് മാത്രം ചൊല്ലി ദീക്ഷാകാലം കഴിഞ്ഞ് തിരിച്ചെടുക്കാതിരുന്നാലോ അവൾ വേറെ വിവാഹിതയായാലോ ഫലത്തിൽ മുത്തലാഖ് തന്നെയാണ് പ്രയോഗതലത്തിൽ . പെണ്ണിനെ പ്രയാസപ്പെടുത്തണമെന്നുള്ള ഒറ്റത്തവണ ചൊല്ലി ആ ഭാഗം ശ്രദ്ധിക്കാതിരുന്നാൽ മതി. കേസിന് പോവുന്ന പെണ്ണിന് ഒന്നായാലും മൂന്നായാലും തവണ ബാധകവുമല്ല ,വകുപ്പ് മാറ്റി എപ്പോഴും പോവാം . മുത്തലാഖ് നിരോധിച്ചത് കൊണ്ട് പെണ്ണിന് കിട്ടാൻ സാധ്യതയുള്ള അധിക സുരക്ഷിതത്വം എന്താണ് ? ദുരുപയോഗസാധ്യത മൂന്നിനും ഒന്നിനും എല്ലാറ്റിനുമുണ്ടല്ലോ .ദുരുപയോഗ സാധ്യത നിരോധന ന്യായമാവാൻ തുടങ്ങിയാൽ നിരോധിക്കപ്പെടാതെ എന്തുണ്ടാവും ബാക്കി ? ഇന്റർനെറ്റ് ,വൈദ്യതി ,കംപ്യൂട്ടർ മുതൽ മൊട്ടുസൂചി വരെ ദ്വിതലമുള്ളവയാണ്. മനുഷ്യന് പിന്നെന്തിനാണ് വിവേചനശക്തി ! ഒരാൾ ട്രാഫിക്ക് റൂൾ തെറ്റിച്ചാൽ ഡ്രൈവിംഗ് നിരോധിക്കുകയല്ല വേണ്ടത് ,അവന്റെ ലൈസൻസ് റദ്ദ് ചെയ്യുകയോ ഫൈൻ ചുമത്തുകയോ ആണ്. കളയേതാണെന്നും ഔഷധമേതാണെന്നും തിരിയണമെങ്കിൽ ചുരുങ്ങിയത് കാടെന്തെണെന്നെങ്കിലും പഠിക്കണം . അതായത് ,മോദി മുത്തലാഖ് നിരോധിച്ചത് മുത്തലാഖ് നിരോധിക്കാനല്ല ,ത്വലാഖ് തന്നെ നിരോധിക്കാനാണ് .പിന്നെ മുസ്ലിം പേഴ്സണൽ ലോ മൊത്തവും .ശിവജിയുടെ ഭക്തന് ഫതാവാ ആലംഗീരിയോട് കലിപ്പുണ്ടാവുമെന്നത് ആർക്കാണറിയാത്തത് ! സാദാ അതായത് തവണവിവാഹമോചനം, മുത്വലാഖ് തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി പൊതുബോധത്തെ മുസ്‌ലിം വ്യക്തി നിയമത്തിനെതിരേ തിരിക്കാന്‍ തീയില്ലാതെ തിളയ്ക്കുന്ന സ്വതന്ത്രചിന്തകർ എന്ന ഇസ്ലാം വിമർശകരുടെ കപടധാര്‍മ്മികതയും വിഷയമാണിവിടെ .  അടിസ്ഥാനപരമായി രണ്ട് പ്രശ്‌നങ്ങളാണ് ഇവിടെ ഉദിക്കുന്നത് . ഒന്നാമതായി  അവര്‍ കല്‍പിച്ച്കൂട്ടി ഉന്നയിക്കുന്ന ആരോപണങ്ങളുടെ നിജസ്ഥിതിയും പിന്നീട് ഒരു മതസമൂഹത്തിന്റെ അഭ്യന്തര വിഷയത്തില്‍ പ്രാമാണികമായി ഇടപെടാനുള്ള അവരുടെ ആധികാരികതയുമാണവ . തങ്ങളുടെ ശരി സ്ഥാപിക്കുവാന്‍ അവര്‍ ഉപയോഗിക്കുന്ന രേഖകളുടെ സ്രോതസുകളെ മറുവശത്ത് അവര്‍ മൊത്തത്തില്‍ നിരാകരിക്കുന്നവരാണ്താനും.  മുത്വലാഖ് പുരുഷാധിപത്യത്തിന്റെ നഗ്നമായ ചിന്നം വിളിയാണെന്നും പൗരോഹിത്യ സൃഷ്ടിയാണെന്നും പറയുമ്പോൾ ലോകത്തുള്ള ഇസ്‌ലാമല്ലാത്ത സകലമത, മതേതര, നിരീശ്വര പ്രത്യയ ശാസ്ത്രങ്ങളിലും നടക്കുന്ന വിവാഹമോചനങ്ങള്‍ ദമ്പതികള്‍ നേരിട്ടോ അല്ലാതെയോ കൈമാറുന്ന ഒരു വാക്യത്തിന്റെയോ എഴുതി തയാറാക്കിയ കുറിപ്പിന്റെയോ അടിസ്ഥാനത്തില്‍ തന്നെയാണ് എന്നത് വിസ്മൃതമാവുന്നു . നിയമ പീഠത്തിലെ മുന്‍നടപടികളെന്ന വഴിപാടിന്‌ശേഷം ഒരൊപ്പില്‍ പതിറ്റാണ്ടുകളുടെ ദൈര്‍ഘ്യവും എണ്ണം പറഞ്ഞ സന്താനങ്ങളുമുള്ള ദാമ്പത്യം ഇല്ലാതാകുന്നു. ഒരു കുറിവരയില്‍ കോടതിയില്‍ ദാമ്പത്യം തീരുന്നതും ഒറ്റവാചകത്തില്‍ ലോകമാസകലം ദാമ്പത്യം വേര്‍പ്പെടുത്തുന്നതും സ്വാഭാവികമാണെന്ന് അംഗീകരിക്കുന്ന ബുദ്ധിയില്‍, ഒറ്റവാചകത്തില്‍ കാര്യം തീര്‍ക്കാതെ മാസങ്ങളുടെ ഇടവേളയും വീണ്ടുവിചാര സൗകര്യവും ലഭിക്കും വിധം മൂന്ന് ഘട്ടങ്ങളുള്ള മുസ്‌ലിംവിവാഹമോചനം മാത്രം ശരികേടാകുന്നത് എങ്ങനെ? മൂന്നും ഒന്നിച്ച് ചൊല്ലാവുന്ന പഴുത് ചുരുങ്ങിയത് ഫലത്തില്‍ മറ്റുള്ളവര്‍ നടത്തുന്ന ഒറ്റവാക്യവിവാഹമോചനത്തിന് തുല്യമെങ്കിലുമായി കാണേണ്ടതല്ലേ. മാത്രമല്ല , ഭാര്യയും ഭർത്താവും നല്ല നിലയിൽ വേർപ്പിരിയാൻ പൊതുസമ്മതത്തോടെ തീരുമാനിക്കുന്ന ഘട്ടങ്ങളും ഉണ്ടാവാറുണ്ട്. അടിയന്തിര സാമ്പത്തിക ഉടമസ്ഥതാ പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാൻ അപ്പോൾ മുത്തലാഖ് ആവശ്യമായി വരും .അവരുടെ അവകാശം മാനിക്കപ്പെടേണ്ടതല്ലേ . മതത്തില്‍ സൂക്ഷ്മത ഒരു പുണ്യ ഗുണമാണ് . വിവാഹവും ദാമ്പത്യവും തോന്നിയത് പോലെ നടത്തി ജീവിച്ച് , പിന്നീട് വിവാഹമോചനത്തിന്റെ കാര്യത്തില്‍ മാത്രം ഇസ്‌ലാമിനെ വലിച്ച് കൊണ്ടുവരുന്നത് കൊണ്ടാണ് ചില അവ്യക്തതകള്‍ ബാക്കിയാകുന്നത് .ഇത്തരം വിഷയങ്ങളില്‍ ഇത്തരക്കാര്‍ മുസ്‌ലിം വ്യക്തി നിയമത്തിനെതിരേ തിരിയുന്നതിനെ ജനാധിപത്യപരമായി ന്യായീകരിക്കാം. മുസ്‌ലിം വ്യക്തിനിയമം മൗലികാവകാശമാണെന്നതുപോലെ ഭേദഗതിക്കുള്ള സാധ്യതയാരായാല്‍ ഭരണഘടന അനുവദിക്കുന്ന മാര്‍ഗരേഖയുമാണ്. രണ്ടുപക്ഷത്തിനും നിയമപരമായി മുന്നോട്ടു പോകാനുള്ള വിശാലത നിയമവഴികള്‍ക്കുണ്ട്. പക്ഷെ, ഇവ്വിഷയങ്ങളില്‍ ഇതരപ്രത്യയ ശാസ്ത്രങ്ങള്‍ എന്തുപറയുന്നുവെന്ന ചര്‍ച്ച ഇവിടെ നടക്കുന്നില്ല. ഇസ്‌ലാം ഒരു സക്രിയമതമാണെന്നതാണ് ഇതിന്റെ ഒരു കാരണം. പക്ഷെ സെക്യുലര്‍ ആക്ടിവിസ്റ്റുകള്‍ അത് അംഗീകരിക്കുന്നത് അല്ലല്ലോ.  ബ്രാഹ്മണ്യതീവ്രതയുടെ ബൈബിളായ മനുസ്മൃതി 9-81പറയുന്നയ് ഇങ്ങനെയാണ്;  "മച്ചിയായ ഭാര്യയെ എട്ടുവര്‍ഷം കഴിഞ്ഞും  ചാപ്പിള്ള പ്രസവിക്കുന്നവളെ ദശവല്‍സരശേഷവും പെണ്‍കുഞ്ഞിനെ മാത്രം പ്രസവിക്കുന്നവളെ പതിനൊന്ന് വര്‍ഷം കഴിഞ്ഞും തര്‍ക്കുത്തരക്കാരിയെ തല്‍ക്ഷണവും ഉപേക്ഷിച്ച് വേറെ വിവാഹം ചെയ്യാം; ഈ സ്ത്രീകള്‍ക്ക് സന്തോഷത്തിനായി യാതൊന്നും കൊടുക്കേണ്ടതില്ല. ഭര്‍ത്താവ് മരിച്ച സ്ത്രീയെ മനുസ്മൃതി അവതരിപ്പിക്കുന്നത് ഇതിനേക്കാള്‍ മാരകമായാണ്." ഭര്‍ത്താവ് മരണപ്പെട്ട ശേഷം കിഴങ്ങ്, ഫലം, മുതലായ ആഹാരങ്ങള്‍ മാത്രം കഴിച്ച് ദേഹത്തെ ശോഷിപ്പിക്കണം അവള്‍. കാമാര്‍ത്തിയോടെ മറ്റൊരു പുരുഷന്റെ പേര് ഉച്ചരിക്കരുത്. ഭര്‍ത്താവ് മരിച്ചാല്‍ മധുപാനം വെടിഞ്ഞ് ധ്യാനനിരതയായി പതിവ്രതയായി ഇരിക്കേണ്ടതാവുന്നു അവള്‍ " പുരാതനകൃതികളെ അടിസ്ഥാനപ്പെടുത്തി ഇന്ന് ചര്‍ച്ചചെയ്യേണ്ടതില്ലെന്ന വാദം ഇന്നത്തെ പ്രത്യേകസാഹചര്യത്തില്‍ ശരിയല്ല. പ്രത്യേകിച്ച് ഇത്തരം വിഷയങ്ങളില്‍ ഏകസിവില്‍ കോഡിന് വേണ്ടി കോടതിയില്‍ സത്യവാങ്മൂലവും നിയമകമ്മിഷന്റെ ചോദ്യാവലികളും തയാറാക്കിയ കേന്ദ്രഭരണകൂടം ദേശീയത, ദേശീയപ്രതീകങ്ങള്‍, ദേശീയആഘോഷങ്ങള്‍ തുടങ്ങിയവയെ ഹിന്ദുത്വവല്‍ക്കരിക്കാന്‍ മനുസ്മൃതിയെ ഉദ്ധരിക്കുന്നവരും ഉച്ചരിക്കുന്നവരുമാണ്. ഇയ്യിടെ മുംബൈയില്‍ സമാപിച്ച കേന്ദ്രശാസ്ത്രപരിഷത്തിന്റെ സമ്മേളനത്തില്‍ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ പ്രബന്ധാവതരണങ്ങളില്‍ വേദങ്ങളിലെ പരാമര്‍ഷങ്ങള്‍ സൂചിപ്പിച്ചു ഐതിഹ്യങ്ങളെ പോലും ശാസ്ത്രീയമാക്കാന്‍ ശ്രമം നടന്നിരുന്നത് വലിയ വിവാദമായിരുന്നു. സംഘ്പരിവാറിനെ എതിര്‍ക്കുന്ന ബുദ്ധിജീവികളും മുസ്‌ലിം വിമര്‍ശനത്തിന്റെ കാര്യത്തില്‍ മുക്കൂട്ട് മുന്നണിയുണ്ടാക്കുന്ന ചിത്രമാണ് ഒടുവില്‍ കണ്ടത്.  ഇരുപതാം നൂറ്റാണ്ടിന്റെ പ്രത്യയശാസ്ത്രമെന്നപേരില്‍ കടന്നുവന്ന കമ്മ്യൂണിസം ഇതേക്കുറിച്ച് പറയുന്നതും ഒട്ടും വിഭിന്നമല്ല. മാര്‍കിസ്റ്റ് ആചാര്യന്മാര്‍ തന്നെ സംസാരിക്കട്ടെ. ‘ഒരു സ്ത്രീയോടുള്ള വ്യക്തിപരമായ ലൈംഗിക ദാഹം ഒരു പുരുഷന് എത്രകാലം നിലനില്‍ക്കുമെന്ന് പറയാനാവില്ല ; സ്‌നേഹം വറ്റിപ്പോയെന്നോ മറ്റൊരു പാത്രത്തിലേക്ക് തിരിഞ്ഞുപോയെന്നോ ബോധ്യപ്പെട്ടാലുടന്‍ വിവാഹമോചനം നടത്തുകയാണ് വേണ്ടത്.’ (മാര്‍ക്‌സ്, എംഗല്‍സ്. തിരഞ്ഞെടുത്ത കൃതികള്‍ , മൂന്നാം വാള്യം; പുറം-319). ഇ.എം.എസ് ചിന്താവാരികയില്‍ എഴുതിയതും ഇതേപ്രകാരം. പരസ്പര ഇണക്കം നഷ്ടപ്പെട്ടാല്‍ നിരുപാധികം വിവാഹമോചനവും പുനര്‍ വിവാഹവും ആകാം എന്നും ലൈംഗിക തൃഷ്ണ ശമിപ്പിക്കുവാനുള്ള വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്ക് അതിര്‍ വരമ്പുകള്‍ വയ്‌ക്കേണ്ടതില്ലെന്നും അദ്ദേഹം പറയുന്നു (ചിന്ത-നവംബര്‍-25-1983). കമ്മ്യൂണിസ്റ്റ് താത്വിക വിശദീകരണങ്ങളിലെല്ലാം സ്ത്രീ ഉപഭോഗവസ്തുവാണ്. ഇതേ ഇ.എം.എസും പരിവാരങ്ങളും മുസ്‌ലിം വ്യക്തി നിയമം ഭേദഗതി ചെയ്യണമെന്നതില്‍ അന്ധമായ സഖ്യവുമായിരുന്നു. ചരിത്രം വീണ്ടും ആവര്‍ത്തിക്കുമ്പോള്‍ പേരുകളേ മാറുന്നുള്ളൂ; വേരുകള്‍ക്ക് മാറ്റമേയില്ല. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter