"കനിവേ... കണ്ണ് തുറക്കൂ" ഇനി എത്ര കാലം പാടി നടക്കും

ഇന്ത്യൻ ജനാധിപത്യത്യത്തിനും  അതിന്റ അഖണ്ഡതക്കും ഭംഗം വരുത്തിയ ഭരണകൂട ഭീകരതക്കെതിരെ ഇവിടുത്തെ രാഷ്ട്രീയ മേലാളന്മാർക്ക്  എത്രകാലം  മൌനം തുടരാൻ കഴിയും? 
പ്രാണവായു കിട്ടാതെ പിടഞ്ഞു മരിച്ചിട്ടും ഒരു പിടി ചാരമാകാന്‍ പോലും പെരുവെയിലത്ത്‌ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്ന ഹത ഭാഗ്യരായി ഇന്ത്യക്കാർ മാറിയിട്ടും, അതിനൊരു പരിഹാരം കാണാതെ രാജ്യത്തെ കുത്തകമുതലാളിമാർക്ക് മുന്നിൽ പണയംവെച്ച  ഭരണകൂടങ്ങൾക്കെതിരെ ഇനി ഏത് കാലത്താണ് നമുക്ക് കണ്ണ് തുറക്കാനാവുക.

ശവമെടുക്കാൻ പോലും ആളോ സൗകര്യമോ ഇല്ലാതെ ബൈക്കിലും ഓട്ടോയിലും കൊണ്ട് പോകേണ്ടിവരുന്ന നിർഭാഗ്യകരമായ കാഴ്ച... മണിക്കൂറുകൾക്കുള്ളിൽ ഓക്സിജൻ തീരുമെന്ന് അറിഞ്ഞിട്ടും വേണ്ട നടപടികൾ സ്വീകരിക്കാതെ മനുഷ്യൻ പിടഞ്ഞു മരിക്കുന്നത്  കഴുകക്കണ്ണുകളോടെ നോക്കി നിന്നവര്‍... 
അടക്കം ചെയ്യാൻ ഇടമില്ലാതെ, പ്രിയതമയുടെ മൃതശരീരം ചുമന്നു സൈക്കിളുന്തുന്ന വൃദ്ധന്‍... 
ഭരണപോരായ്മകൾ ചൂണ്ടിക്കാണിച്ചതിന് UAPA ചുമത്തി കഠിനതടവിൽ കഴിയുന്നവർ... 
അവസാനിക്കാത്ത ന്യൂനപക്ഷവേട്ട... നിലവിലെ ഇന്ത്യയുടെ നേർചിത്രങ്ങളാണ് ഇതൊക്കെ... !!!

കോവിഡ് രോഗികളുടെ ജീവൻ രക്ഷിക്കാൻ ആവശ്യത്തിന് ഓക്സിജൻ ലഭ്യമല്ലാത്ത ഗുരുതര സാഹചര്യം നേരിടുന്നതിനിടെ ഇന്ത്യക്ക് സഹായ വാഗ്ദാനവുമായി റഷ്യയും സിംഗപ്പൂരും ചൈനയും രംഗത്ത് വന്നു.  ഓക്സിജനും കോവിഡ് മരുന്നായ റംഡെസിവിറും നൽകാൻ തയ്യാറാണെന്ന് റഷ്യ അറിയിച്ചു.

കൂടാതെ ദമാം തുറമുഖത്ത്‌ നിന്ന് ഓക്സിജനും കൊണ്ട് സൗദിയുടെ കപ്പൽ ഇന്ത്യയിലേക്ക് പുറപ്പെട്ടു കഴിഞ്ഞു. ശ്വാസം മുട്ടുന്ന ഇന്ത്യയുടെ ദയനീയാവസ്ഥ കണ്ട് നിൽക്കാനാകാതെ ലോകരാജ്യങ്ങൾ സഹായഹസ്തം നീട്ടികൊണ്ടിരിക്കുകയാണ്. മറ്റുരാജ്യങ്ങളുടെ ദയയിലാണ് ഇന്ന് ഇന്ത്യ ജീവശ്വാസം വലിക്കുന്നത് എന്നർത്ഥം. 

കൂട്ടക്കുരുതിക്ക് വിട്ട് കൊടുത്തിട്ടും അത് വിളിച്ചു പറയാൻ വരെ അവകാശം നിഷേധിക്കപ്പെട്ടവരായി UP യിലെ ജനങ്ങൾ മാറിയതിൽ ആരാണ് ഉത്തരവാദി?  ഇവരൊക്കെ ബി ജെ പി ക്ക് വോട്ട് ചെയ്തവരാകും. അവർക്ക് മിണ്ടാനാകുന്നില്ല, ഓക്സിജൻ ക്ഷാമം പറഞ്ഞു, 'അഭ്യൂഹങ്ങൾ" പരത്തുന്നവരുടെ സ്വത്ത്‌ കണ്ട് കെട്ടുമെന്ന് ഭീഷണിപ്പെടുത്തി യോഗി  അലംഭാവം മറച്ചുവെക്കുകയാണ്. 

Also Reading:കോവിഡ് വാക്സിനും കർമശാസ്ത്ര വിശകലനവും

ഇന്ത്യയുടെ ദയനീയ അവസ്ഥ റിപ്പോർട്ട്‌ ചെയ്ത  അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് ഇന്ത്യയുടെ അവസ്ഥ തൃപ്തികരമാണെന്ന് പറഞ്ഞു മോഡി കത്തയക്കുകയും  ചെയ്തു.
ശ്മശാനങ്ങൾ നിറഞ്ഞ് ഇടമില്ലാതെ, നായകളുടെ ശ്മശാനം പോലും വിട്ട് കൊടുക്കേണ്ടി വന്നിട്ടും കോവിഡ് കണക്കുകൾ മറച്ചു വെച്ചിരിക്കുകയാണ് യോഗി സർക്കാർ  

ആർക്ക് മുന്നിലാണ് ഇവർ മുഖം മിനുക്കാന്‍ പാട് പെടുന്നത്. മുവ്വായിരം കോടിക്ക് പ്രതിമ പണിയുന്നതിനു പകരം  ആശുപത്രികൾ പണിത് അതിനു പട്ടേലിന്റെ പേരിട്ടിരുന്നെങ്കില്‍....

ടാറ്റയെ കുറിച്ചും കായിക താരങ്ങളെ കുറിച്ചും  പറയുമ്പോൾ വിപ്രോയെ കുറിച്ചും അസിം പ്രേംജിയെ കുറിച്ചും പറായാതിരിക്കാനാകില്ല.. അസിം പ്രേംജി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി തന്റെ സമ്പത്തിന്റെയും ലാഭത്തിന്റെയുമൊക്കെ വലിയാരു ഭാഗം ചെലവഴിക്കുന്നു  ഇന്ത്യയിലെ സമ്പന്നരുടെ കാര്യങ്ങളുമായി ബന്ധപ്പെട്ടുള്ള ഹുരുന്‍ ഇന്ത്യ ഫിലാന്ത്രോഫി പട്ടികയുടെ 2020ലെ കണക്കുകള്‍ പ്രകാരം കോവിഡ് കാലത്ത് 22 കോടിയാണ് ഒരോ ദിവസവും അദ്ദേഹം ചെലവഴിക്കുന്നത്. ഇതിനകം തന്റെ ഫൗണ്ടേഷനിലൂടെയും കമ്പനിയിലൂടെയും മറ്റുമായി 7,904 കോടിയാണ് അസിംപ്രേംജി സംഭാവന നല്‍കിയത്.
രാജ്യം വിലക്ക് വാങ്ങിയ അംബാനിയും അദാനിയും എവിടെ? അ൦ബാനിയല്ല പ്രശ്നം. അ൦ബാനിക്ക് ഓശാന പാടി, സൌകര്യങ്ങളൊരുക്കി  ക്കൊടുക്കുന്ന രാഷ്ട്രീയവേതാളങ്ങളാണ് കൂടുതലപകടകാരികൾ....

"ഭരിക്കാൻ അറിയില്ലെങ്കിൽ  ഇറങ്ങി പോകണം "
മൗനം ഒരു ആയുധമല്ലെന്ന് തിരിച്ചറിയുന്ന കാലത്തോളം ഇന്ത്യയുടെ ഗതി ഇത് തന്നെയായിരുക്കും..

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter