റമദാന്‍ 20 – മഗ്ഫിറതിന്റെ പത്തും യാത്രയാവുകയാണ്

ഇന്ന് റമദാന്‍ 20.. ഈ വിശുദ്ധ മാസം സമാഗതമായിട്ട്, നാം നോമ്പെടുത്ത് തുടങ്ങിയിട്ട്, 20 ദിവസമായെന്നത് വിശ്വസിക്കാനേ പ്രയാസം തോന്നുന്നു, അല്ലേ. അതെ, പൊതുവെ അതാണ് റമദാനിന്റെ പ്രകൃതം. എത്ര പെട്ടെന്നാണ് അത് കടന്നുപോകുന്നതെന്ന് പലപ്പോഴും പലരും അല്‍ഭുതപ്പെടാറുണ്ട്. 

അനുഗ്രഹ വര്‍ഷത്തിന്റെ വിശിഷ്ട പത്ത് ദിനങ്ങളാണ് ആദ്യം വിട പറഞ്ഞത്. ഇപ്പോഴിതാ, പാപമോചനത്തിന്റെ പത്ത് ദിനങ്ങളും യാത്ര പറയുകയാണ്. ജീവിതത്തില്‍ എത്രയെത്ര തെറ്റുകള്‍ സംഭവിച്ചവരാണ് നാമൊക്കെ. സ്വന്തത്തോട്, ബന്ധുക്കളും സുഹൃത്തുക്കളുമായ മറ്റുള്ളവരോട്, എല്ലാത്തിലുമുപരി, നമ്മെ സൃഷ്ടിച്ച, ഈ ജീവിതത്തിലേക്കാവശ്യമായതെല്ലാം സംവിധാനിച്ച പടച്ച തമ്പുരാനോട് എന്തൊക്കെ പാപങ്ങളും പാതകങ്ങളുമാണ് നമ്മില്‍ നിന്ന് സംഭവിച്ചുപോയിട്ടുള്ളത്. രഹസ്യവും പരസ്യവുമായത്, അറിഞ്ഞും അറിയാതെയും വന്നുപോയത്, ഒറ്റക്കും കൂട്ടമായും ചെയ്തത്... എല്ലാം നമ്മേക്കാളേറെ കൃത്യമായി അറിയുന്നവനാണ് പടച്ച തമ്പുരാന്‍. നാളെ തിരിച്ചുപോവേണ്ടത് അവന്റെയടുത്തേക്ക് തന്നെയാണ്, എല്ലാത്തിനും മറുപടി പറയേണ്ടതും അവനോട് തന്നെ.
ഈ ചിന്തകള്‍ക്ക് ശക്തികൂടുംതോറും, മഗ്ഫിറതിന്റെ ആവശ്യകത നാം തിരിച്ചറിയുന്നു. ഐഹിക ജീവിതത്തിന്റെ ചുറ്റുപാടുകളില്‍ നിന്നെല്ലാം മാറി നിന്ന്, കാരുണ്യവാനായ പടച്ച തമ്പുരാനോട് ഉള്ളരുകി അതാവശ്യപ്പെടാനുള്ള ചില സന്ദര്‍ഭങ്ങളുടെയും. എന്നും ആ അവസരം നമ്മുടെ മുമ്പില്‍ മലര്‍ക്കെ തുറന്ന് തന്നെ കിടക്കുകയാണ്, എന്നാലും കഴിഞ്ഞ പത്ത് ദിനങ്ങള്‍ അതിന്റെ വിശിഷ്ട ദിനങ്ങളായിരുന്നു എന്ന് വേണം പറയാന്‍.

Also Read:റമദാന് 19 – ജിഹാദുന്നഫ്സ് തന്നെ പ്രധാനം...

പാപങ്ങളില്‍ പെട്ടു പോയ അടിമ തന്നോട് മാപ്പിരക്കുന്നതും കാതോര്‍ത്ത്, വാനലോക വാതായനങ്ങളെല്ലാം മലര്‍ക്കെ തുറന്ന് വെച്ച് നാഥന്‍ കാത്തിരുന്ന ദിനങ്ങള്‍... എല്ലാം കഴിഞ്ഞു പോയി അല്ലേ.. നിരാശപ്പെടേണ്ട... ഏതാനും മണിക്കൂറുകള്‍ കൂടി ബാക്കിയുണ്ട്... ഇനി അത് കഴിഞ്ഞാലും നമുക്കാ ക്ഷമാപണം തുടരുകയും ചെയ്യാം.. അത് അവന്ന് ഒത്തിരി ഇഷ്ടമാണ്. എങ്ങനെ ആവാതിരിക്കും, അവന്റെ പേര് തന്നെ ഗഫൂര്‍ (എല്ലാം പൊറുക്കുന്നവന്‍) എന്നാണല്ലോ. നമുക്ക് ശ്രമിക്കാം, അവന്‍ നമ്മെ സ്വീകരിക്കാതിരിക്കില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter