കോട്ട അബ്ദുൽ ഖാദർ മുസ്‌ലിയാര്‍ ഉത്തര കേരളത്തിലെ അറിവിന്റെ കോട്ട
ഉത്തരകേരളത്തിന്റെവൈജ്ഞാനിക രംഗത്ത് വലിയ സ്വാധീനം ചെലുത്തിയ പണ്ഡിത ശ്രേഷ്ഠനായിരുന്നു കോട്ട അബ്ദുൽ ഖാദർ മുസ്ലിയാർ. 1939 നവംബർ 17 (ഹി. 1358 ശവ്വാൽ 6) വെള്ളിയാഴ്ച, കാസറഗോഡ് ജില്ലയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. "കോട്ട ഉസ്താദ്'' എന്ന അപരനാമം വിളിച്ചത് ശൈഖുനാ ശംസുൽ ഉലമ ആയിരുന്നു.
മൊഗ്രാൽ, കുമ്പള ഹൈസ്കൂൾ എന്നിവടങ്ങളിൽ വെച്ച് പ്രാഥമിക പഠനം പൂർത്തിയാക്കിയ അദ്ദേഹം, ഒളവട്ടൂർ, കരുവൻതിരുത്തി, പടന്ന, തൃക്കരിപ്പൂർ, ഇച്ചലങ്ങോട് എന്നിവടങ്ങളിൽ ദർസ് പഠനം നടത്തുകയും ദയൂബന്ദ് (1964), ഡൽഹി എന്നിവിടങ്ങളിലായി ഉപരി പഠനം നടത്തുകയും ചെയ്തു. വെളിമുക്ക് കെ. ടി മുഹമ്മദ് മുസ്ലിയാർ, പറപ്പോട് എ അബ്ദുല്ല മുസ്ലിയാർ, പാനൂർ സയ്യിദ് ഇസ്മാഈൽ പൂക്കോയ തങ്ങൾ, വെല്ലൂർ പി. വി മുഹമ്മദ് മുസ്ലിയാർ, ശൈഖുൽ ഹദീസ് സയ്യിദ് ഫഖ്റുദ്ദീൻ അഹ്മദ് മുസ്ലിയാർ, ചാലിയം അബ്ദുൽ റഹ്മാൻ മുസ്ലിയാർ, ഫഖ്റുൽ ഹസൻ, ഇബ്റാഹിം ഹസ്റത്ത് ബാൽയാവി എന്നിവരാണ് ശൈഖുനയുടെ പ്രധാന ഗുരുനാഥന്മാർ. സമകാലികരായ പലര്‍ക്കും അപ്രാപ്യമായിരുന്ന പല മേഖലകളും സ്വപ്രയത്നത്തിലൂടെ എത്തിപ്പിടിച്ചു. ഗോള ശാസ്ത്രവും അനന്തരാവകാശ നിയമങ്ങള്‍ വിശകലനം ചെയ്യുന്ന ഇല്‍മുല്‍ ഫറാഇദുമെല്ലാം ഉസ്താദിന്റെ ഇഷ്ടമേഖലകളായിരുന്നു.
പഠനശേഷം, നീണ്ട കാലം അധ്യാപന ജീവിതം അനുഷ്ടിച്ചു. എം.ഐ.സി അർശദുൽ ഉലൂം മുത്വവ്വൽ കോളേജ് മാഹിനാബാദ്-ചട്ടഞ്ചാൽ, കർണ്ണാടകയിലെ മുൽക്കി ശാഫി മസ്ജിദ് (13 വർഷം), തായിലങ്ങാടി ഖിളർ പള്ളി, തിരുത്തി ജുമാ മസ്ജിദ്, പറങ്കിപ്പട്ട് ജുമാ മസ്ജിദ് (കർണ്ണാടക), നെല്ലിക്കുന്ന് ജുമാ മസ്ജിദ്, ഇച്ചിലങ്കോട് ജുമാ മസ്ജിദ്, ചെറുവത്തൂർ ജുമാ മസ്ജിദ്, പുതിയങ്ങാടി ജുമാ മസ്ജിദ്, ഉമ്മത്തൂർ കോളേജ് എന്നിങ്ങനെ പലയിടങ്ങളിലായി അദ്ദേഹം അധ്യാപനം നടത്തിയിട്ടുണ്ട്.
ഉത്തര മലബാറിന്റെ മതവൈജ്ഞാനിക രംഗത്ത് അദ്ദേഹം തീർത്ത ചരിത്ര പാത ശ്രദ്ധേയമാണ്. പ്രസംഗ വേദികളിലെയും സജീവസാന്നിധ്യമായിരുന്നു മഹാനാവര്‍കൾ. മലയാളം, അറബി, ഉറുദു, ഇംഗ്ലീഷ്, കന്നട, ഫാരിസി ഭാഷകളിൽ അവഗാഹം ഉള്ള പണ്ഡിതന്‍ കൂടിയായിരുന്നു അദ്ദേഹം.
കേവലം അറിവ് നുകര്‍ന്നും പകര്‍ന്നും കഴിഞ്ഞ് കൂടുന്നതിന് പകരം, താനുള്‍ക്കൊള്ളുന്ന സമൂഹത്തിന്റെ വൈജ്ഞാനിക പുരോഗതിക്ക് വേണ്ടിയും അദ്ദേഹം ഏറെ സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ട്. ഉത്തര കേരളത്തിലെ വിശുദ്ധ ദീനിന്റെ കാവൽക്കാരിലൊരാൾ കൂടിയായിരുന്നു അദ്ദേഹം. ഉത്തരകേരളത്തിന്റെ മണ്ണിൽ സമസ്തക്ക് വേരോട്ടം ലഭിക്കുന്നതിൽ വലിയ പങ്ക് വഹിച്ചും കോട്ട ഉസ്താദ് ആയിരുന്നു.
സമസ്ത കേരളാ ജംഇയ്യത്തുൽ ഉലമാ ജോയിന്റ് സെക്രട്ടറി, മംഗലാപുരം ഖാസി (1990 ഖാസി സ്ഥാനം ഏറ്റെടുത്ത് തുടർച്ചയായ 18 വർഷം നീണ്ടു നിന്നു), സമസ്ത കണ്ണൂർ ജില്ലാ സെക്രട്ടറി, സമസ്ത വിദ്യാഭ്യാസ ബോർഡ് അംഗം, സമസ്ത കാസർഗോഡ് ജില്ലാ വൈസ് പ്രസിഡണ്ട്, മലബാർ ഇസ്ലാമിക് കോംപ്ലക്സ് വൈസ് പ്രസിഡണ്ട്, ഉമ്മത്തൂർ അറബിക് കോളേജ് പ്രിൻസിപ്പാൾ, എം. ഐ. സി അർശദുൽ ഉലും മുത്വവ്വൽ കോളേജ് പ്രിൻസിപ്പാൾ, ചളിയങ്കോട് പളളി മദ്റസ പ്രസിഡണ്ട് എന്നിങ്ങനെ അനേകം സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചിരുന്നു.
വിജ്ഞാനത്തിന്റെയും വിനയത്തിന്റെയും പ്രതീകമായിരുന്ന കോട്ട ഉസ്താദിന്റെ വഫാത്, 1429 റമളാൻ 3 (2008 സെപ്റ്റംബർ 3) ബുധനാഴ്ച വൈകുന്നേരം നാലു മണിക്കായിരുന്നു. മൊഗ്രാൽ കടപ്പുറം വലിയ ജുമുഅത്ത് പള്ളിയിലാണ് ഉസ്താദ് അന്ത്യ വിശ്രമം കൊള്ളുന്നത്.
Leave A Comment