ജുനൈദുല്‍ബഗ്ദാദി(റ): സ്വൂഫി ലോകത്തെ പ്രോജ്ജ്വല താരകം

ആധ്യാത്മിക സൂഫീസരണിയിലെ പ്രോജ്വലമായ ഒരധ്യായമാണ് ശൈഖ് ജുനൈദുല്‍ ബഗ്ദാദി(റ). ഐഹികജീവിതത്തിന്റെ സുഖലോലുപതകള്‍ വെടിഞ്ഞ് അല്ലാഹുവിലേക്ക് മാത്രമായി ജീവിതത്തിന്റെ സഞ്ചാരപഥം തിരിച്ചുവെച്ച് ജ്ഞാനപ്രസരണത്തിലും വികലചിന്താഗതികളുടെ നീരാളിപ്പിടുത്തത്തില്‍നിന്ന് അഹ്‌ലുസ്സുന്നയുടെ ആശയങ്ങളെ ആദര്‍ശശുദ്ധികൊണ്ട് സംരക്ഷിച്ചു നിര്‍ത്തുന്നതിലും ബദ്ധശ്രദ്ധനായ ആത്മജ്ഞാനിയായിരുന്നു അദ്ദേഹം.

തസ്വവ്വുഫിലെ നിരവധി ത്വരീഖതുകളുടെ പരമ്പര പ്രവാചകന്‍(സ്വ)യിലേക്ക് ചേരുന്നത് ജനൈദുല്‍ ബഗ്ദാദിയിലൂടെയാണ്. അബുല്‍ ഖാസിം അല്‍ജുനൈദ് മുഹമ്മദ് ബിന്‍ ജുനൈദ് അല്‍ഖസ്സാസ് അല്‍ഖവാരീരി എന്നാണ് അദ്ദേഹത്തിന്റെ പൂര്‍ണനാമം. അബുല്‍ഖാസിം എന്ന നബി(സ്വ)യുടെ വിളിപ്പേരാണ് മാതാപിതാക്കള്‍ അദ്ദേഹത്തിനു നല്‍കിയത്. ജനനവും ജീവിതവും ബഗ്ദാദിലായിരുന്നുവെങ്കിലും നഹാവന്ദിലേക്കാണ് അദ്ദേഹത്തിന്റെ കുടുംബവേര് ചെന്നെത്തുന്നത്. അക്കാലത്ത് നഹാവന്ദ് ഗവര്‍ണറുടെ അധികാര ദുര്‍വിനിയോഗത്തില്‍ പൊറുതിമുട്ടി ബഗ്ദാദിലേക്ക് അഭയം തേടി വന്നതായിരുന്നു അദ്ദേഹത്തിന്റെ പിതാവ് മുഹമ്മദ്. സ്ഫടികക്കച്ചവടക്കാരനായിരുന്ന അദ്ദേഹം ബഗ്ദാദിലെത്തിയ ശേഷവും ആ കച്ചവടം തുടര്‍ന്നു. അങ്ങനെയാണ് സ്ഫടികം എന്നര്‍ഥം വരുന്ന ഖവാരീര്‍ എന്നത് ജുനൈദ്(റ)ന്റെ നാമത്തിലേക്ക് ചേര്‍ക്കപ്പെടുന്നത്. അധികാരവര്‍ഗത്തിന്റെ ദുഷ്‌ചെയ്തികളില്‍നിന്ന് രക്ഷ തേടിയുള്ള ഈ പലായനം ജുനൈദുല്‍ ബഗ്ദാദി തങ്ങളുടെ ജനനത്തിന് മുമ്പായിരുന്നു.

ക്രി. 830 ല്‍ ബഗ്ദാദിലായിരുന്നു സ്മര്യപുരുഷന്‍ ഭൂജാതനാകുന്നത്. നിരവധി മഹത്തുക്കളുടെയും പണ്ഡിതവരേണ്യരുടെയും ജന്മംകൊണ്ട് അനുഗ്രഹീതമായ ടൈഗ്രീസിന്റെ തീരം ജുനൈദ് തങ്ങള്‍ക്ക് വളരാന്‍ വളക്കൂറുള്ള മണ്ണായിരുന്നു. കര്‍മമണ്ഡലവും പ്രവര്‍ത്തനഗോദയും ബഗ്ദാദായിരുന്നതിനാല്‍ അവിടേക്ക് ചേര്‍ത്തി ജുനൈദുല്‍ ബഗ്ദാദി എന്ന നാമത്തില്‍ മഹാന്‍ ചരിത്രത്തില്‍ വിശ്രുതനായി. ത്വരീഖതിന്റെ വഴിയേ നിരവധിയാളുകളെയാണ് മഹാന്‍ നേരായ പന്ഥാവിലേക്ക് വഴിനടത്തിയത്.

വിദ്യാഭ്യാസം

ഐഹികജീവിതത്തോടുള്ള വിരക്തിയും ദൈവികസ്മരണയോടുള്ള പ്രണയവും കൈമുതലാക്കി അനേകായിരങ്ങള്‍ക്ക് വഴിവിളക്കായ ജുനൈദുല്‍ ബഗ്ദാദിയുടെ വിദ്യാര്‍ഥി ജീവിതം തീക്ഷ്ണമായ പരീക്ഷണത്തിന്റെയും കഠിനയത്നത്തിന്റെയും മുള്‍പ്പാതകള്‍ നിറഞ്ഞതായിരുന്നു. പിതാവിന്റെ അകാലവിയോഗത്തില്‍ അനാഥത്വത്തിന്റെ അങ്കലാപ്പ് പേറി ഗതിമാറി ഒഴുകിയ ആ ബാല്യജീവിതത്തിന് മാര്‍ഗദര്‍ശിയാകുന്നത് അക്കാലത്തെ ബഗ്ദാദിലെ പേരുകേട്ട പണ്ഡിതനും മഹാന്റെ മാതുലനുമായിരുന്ന സരിയ്യുസ്സഖ്ത്വി(റ)യായിരുന്നു. ആ സന്നിധിയില്‍നിന്നാണ് ജുനൈദുല്‍ ബഗ്ദാദിയെന്ന പണ്ഡിതപ്രഭുവിന്റെ ജൈത്രയാത്ര ആരംഭം കുറിക്കുന്നത്.

അതിസൂക്ഷ്മ വിശകലനത്തിലൂടെയും സ്ഥിരപരിശ്രമത്തിലൂടെയും അസാമാന്യമായ ബുദ്ധിവൈഭവത്തിലൂടെയും വൈജ്ഞാനിക മേഖലയില്‍ തന്റേതായൊരിടം അദ്ദേഹം സ്ഥാപിച്ചെടുത്തു. കര്‍മശാസ്ത്രം, വിശ്വാസശാസ്ത്രം, ആത്മശാസ്ത്രം, ഹദീസ്, ഖുര്‍ആന്‍ തുടങ്ങി നിരവധി വിജ്ഞാനശാഖകളില്‍ മുദ്രപതിപ്പിക്കുകയും ഖണ്ഡനവിധേയമാക്കാനാകാത്ത വിധം പുത്തനാശയക്കാര്‍ക്കെതിരെ ഉറച്ച ശബ്ദമുയര്‍ത്തുകയും ചെയ്ത അദ്ദേഹം അഹ്‌ലുസ്സുന്നയുടെ നിസ്വാര്‍ഥ സേവകനായിരുന്നു.

ശാഫിഈ മദ്ഹബ് അനുസരിച്ച് പ്രവര്‍ത്തിക്കുകയും ജീവിതരീതിയില്‍ തസ്വവ്വുഫ് അനുധാവനം ചെയ്യുകയും ചെയ്ത അദ്ദേഹം യുവത്വം പിന്നിടും മുമ്പേ ശാഫിഈ മദ്ഹബില്‍ ഫത്‌വ നല്‍കാന്‍ പ്രാപ്തനായി മാറിയിരുന്നു. ഇമാം ശാഫിഈ(റ)യുടെ ശിഷ്യനും മദ്ഹബിന്റെ സന്ദേശവാഹകനുമായിരുന്ന അബൂസൗറില്‍നിന്നാണ് അദ്ദേഹം ഫിഖ്ഹില്‍ പ്രാവീണ്യം നേടുന്നത്. മറുചോദ്യങ്ങള്‍ക്കോ സംശയങ്ങള്‍ക്കോ അവസരമില്ലാത്ത വിധം കൃത്യമായിരുന്നു അദ്ദേഹത്തിന്റെ ഫത്‌വകള്‍. സങ്കീര്‍ണമായ പ്രശ്നങ്ങള്‍ക്കുപോലും ആ സവിധത്തില്‍ പരിഹാരമുണ്ടായിരുന്നു.


തത്ത്വജ്ഞാനികളും സാഹിത്യപരിഷത്തുകളും കവികളും തസ്വവ്വുഫില്‍ അഗ്രേസരരായ അനവധിപേരും ജുനൈദുല്‍ ബഗ്ദാദിയുടെ ഹല്‍ഖകളില്‍വന്ന് ദാഹം തീര്‍ത്തുവെന്ന് അബുല്‍ഖാസിം അല്‍കഅ്ബി അല്‍മുഅ്തസിലി പ്രസ്താവിക്കുന്നുണ്ട്. ഗുരുനാഥന്മാരെ പോലും കവച്ചു വെക്കുന്ന ബുദ്ധികൂര്‍മതയും സൂക്ഷ്മമായ പഠനശൈലിയുമായിരുന്നു അദ്ദേഹത്തിന്റെത്.

ഒരു ഹജ്ജ് വേളയില്‍ നാനൂറോളം പണ്ഡിതപ്രഭുക്കള്‍ സംവദിച്ചു കൊണ്ടിരിക്കുന്ന സദസ്സിലേക്ക് സരിയ്യുസ്സഖ്ത്വി(റ) ജുനൈദ് തങ്ങളെയും കൂട്ടിക്കൊണ്ടുപോയി. ശുക്‌റിനെക്കുറിച്ചുള്ള ഗഹനമായ ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയായിരുന്നു സദസ്സില്‍. പണ്ഡിതന്മാര്‍ അവരുടേതായ അഭിപ്രായങ്ങളും നിര്‍വചനങ്ങളും അവതരിപ്പിച്ച് കൊണ്ടിരുന്നതിനിടയില്‍ സരിയ്യുസ്സഖ്ത്വി(റ) ജുനൈദ് തങ്ങളോട് ചോദിച്ചു: 'എന്താണ് ശുക്റ്?' ജുനൈദ് തങ്ങളുടെ മറുപടി ഇപ്രകാരമായിരുന്നു, 'അനുഗ്രഹങ്ങള്‍ ചെയ്തുതന്ന അല്ലാഹുവിനോട് തെറ്റ് ചെയ്യാതിരിക്കലാണ് ശുക്റ്.' ആ സദസ്സില്‍ പങ്കെടുത്തുകൊണ്ടിരുന്ന പണ്ഡിതന്മാര്‍ക്കിടയില്‍വരെ ആ മറുപടി  അത്ഭുതമുളവാക്കി. അപ്പോള്‍ അദ്ദേഹത്തിന് ഏഴ് വയസ്സായിരുന്നു പ്രായം.

നഹാവന്ദിലെ സ്ഫടികക്കച്ചവടക്കാരനായിരുന്ന പിതാവ് മുഹമ്മദിന്റെ തൊഴിലിലേക്ക് ചേര്‍ത്തി ഖവാരീരി എന്നറിയപ്പെട്ടിരുന്ന മഹാനെ ജുനൈദുല്‍ ബഗ്ദാദിയായി പ്രതിഷ്ഠിക്കുന്നതില്‍ നിസ്തുലമായ പങ്കു വഹിച്ചത് അമ്മാവനായ സരിയ്യുസ്സഖ്ത്വിയും വിശ്വപ്രസിദ്ധ പണ്ഡിതനും കര്‍മശാസ്ത്രവിശാരദനുമായിരുന്ന ഹാരിസുല്‍ മുഹാസിബിയുമായിരുന്നു. സരിയ്യുസ്സഖ്ത്വിയുടേതു പോലെ ജുനൈദുല്‍ ബഗ്ദാദിയുടെ ജീവിതത്തിലും വലിയ പങ്ക് വഹിച്ച വ്യക്തിയാണ് ഹാരിസുല്‍ മുഹാസിബി. പിതാവിന്റെ വേര്‍പാട് നിമിത്തമായി ഗതിമാറിയ ജീവിതത്തിന് മാര്‍ഗദര്‍ശിയാവുകയും ആത്മീയതയുടെ കടലില്‍ ഹഖീഖതിന്റെ മുത്തുകള്‍ സ്വരൂപിക്കാന്‍ അദ്ദേഹത്തെ പ്രാപ്തമാക്കുകയും ചെയ്തത് സരിയ്യുസ്സഖ്ത്വിയാണെങ്കില്‍, ജീവിതവഴിയില്‍ ഇസ്‌ലാമിനെ ശരിയായ രീതിയില്‍ അനുധാവനം ചെയ്യാനാവശ്യമായ വിജ്ഞാനശാഖകളിലേക്ക് ദീപശിഖ തെളിയിച്ച് കൊടുത്തത് ഹാരിസുല്‍ മുഹാസിബിയായിരുന്നു.
മശാഇഖന്മാരെപ്പോലും കവച്ച് വെക്കുന്ന രീതിയിലുള്ള പ്രകടനങ്ങളായിരുന്നു വിദ്യാര്‍ഥി ജീവിതത്തില്‍തന്നെ അദ്ദേഹത്തില്‍നിന്നുണ്ടായിരുന്നത്. ഒരിക്കല്‍ സരിയ്യുസ്സഖ്ത്വിയുടെ വീട്ടില്‍ ഒരാള്‍ ഖുര്‍ആനിലെ ഒരു സൂക്തം കേട്ട് ബോധരഹിതനായി വീണു. എന്തു ചെയ്യണമെന്നറിയാതെ മിഴിച്ച് നില്‍ക്കുകയായിരുന്ന സരിയ്യുസ്സഖ്ത്വിയുടെ അടുത്തേക്കു വന്ന ജുനൈദുല്‍ ബഗ്ദാദി കാര്യമന്വേഷിക്കുകയും അതിനു പ്രതിവിധിയായി ആ വ്യക്തി ബോധരഹിതനാവാന്‍ നിദാനമായ ആ സൂക്തംതന്നെ ഓതാന്‍ നിര്‍ദേശിക്കുകയും ചെയ്തു. സൂക്തമോതിയതോടെ ബോധക്ഷയം സംഭവിച്ച ആ വ്യക്തിക്ക് സുഖം പ്രാപിക്കുകയുണ്ടായി. ശിഷ്യനില്‍നിന്ന് ഇത്തരമൊരു അത്ഭുതസിദ്ധി ദര്‍ശിക്കാനിടയായ സരിയ്യുസ്സഖ്ത്വി എവിടെനിന്നാണ് ഇത് അഭ്യസിച്ചതെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു, 'യഅ്ഖൂബ് നബിയുടെ കണ്ണുകള്‍ക്ക് അന്ധത ബാധിക്കാന്‍ കാരണം യൂസുഫ് നബിയുടെ ഖമീസായിരുന്നു. ആ കണ്ണുകളുടെ അന്ധത നീങ്ങി രോഗമുക്തിക്ക് നിദാനമാകുന്നതും യൂസുഫ് നബിയുടെ ഖമീസ് തന്നെയാണല്ലോ.'

ഗുരുവര്യര്‍

ജീവിതത്തിന്റെ വിവിധ തുറകളിലായി നിരവധി ഗുരുവര്യന്മാരില്‍നിന്നും ജുനൈദുല്‍ ബഗ്ദാദി(റ) ജ്ഞാനസമ്പാദനം നടത്തി. സരിയ്യുസ്സഖ്ത്വിയും ശൈഖ് ഹാരിസുല്‍ മുഹാസിബിയും ഇമാം ശാഫിഈ(റ)യുടെ ശിഷ്യനായ വിഖ്യാത കര്‍മശാസ്ത്ര പണ്ഡിതന്‍ അബൂസൗറുമല്ലാം മഹാന്റെ ജീവിതത്തിന് പ്രകാശം ചൊരിഞ്ഞ പണ്ഡിതവരേണ്യരായിരുന്നു. കര്‍മശാസ്ത്രത്തിലും ആത്മശാസ്ത്രത്തിലും വിശ്വാസശാസ്ത്രത്തിലും ഖുര്‍ആന്‍ പഠനത്തിലുമായി പല ഗുരുമുഖങ്ങളെയും അദ്ദേഹം സമീപിച്ചു. മുഹമ്മദ് ബിന്‍ ഇബ്‌റാഹീം അല്‍ബഗ്ദാദി അല്‍ഖസ്സാസ്, അബൂഹംസ ബിശ്ര്‍ ബിന്‍ ഹാരിസ്, ബഗ്ദാദിലെ പ്രസിദ്ധ പണ്ഡിതനായിരുന്ന ശൈഖ് അബൂജഅ്ഫര്‍ മുഹമ്മദ് ബിന്‍ അലി, കര്‍മശാസ്ത്ര പണ്ഡിതനായിരുന്ന ഇബ്‌റാഹീം ബിന്‍ ഖാലിദ് ബിന്‍ അബുല്‍ യമാനി തുടങ്ങിയവരും ജുനൈദ് തങ്ങളുടെ മാര്‍ഗദര്‍ശികളായ ഗുരുവര്യന്മാരായിരുന്നു. 

ശൈഖ് സരിയ്യുസ്സഖ്ത്വി(റ)

ത്വരീഖതിന്റെ ബലത്തില്‍ നിരവധിപേരെ സല്‍പന്ഥാവിലേക്ക് വഴി നടത്തുകയും മതപ്രബോധന രംഗങ്ങളില്‍ ജീവിതം ഉഴിഞ്ഞു വെക്കുകയും ചെയ്ത ഹിജ്‌റ മൂന്നാം നൂറ്റാണ്ടിലെ പണ്ഡിതന്മാരില്‍ പ്രധാനിയായിരുന്നു സരിയ്യുസ്സഖ്ത്വി. ഹി. 180 ല്‍ ബഗ്ദാദില്‍ തന്നെയാണ് ജനനം. സജീവമായ മതകീയ സേവനങ്ങളിലും കര്‍മനിരതമായ അധ്യാപനവൃത്തിയിലുമായി ജീവിതത്തിന്റെ സിംഹഭാഗവും മാറ്റിവെച്ച മഹാന്‍ ഹി. 253 റമളാന്‍ മാസം ചൊവ്വാഴ്ച്ച ദിവസമാണ് ഇഹലോകവാസം വെടിയുന്നത്. ഭൗതികമായ ജീവിതത്തില്‍നിന്നും പിരിഞ്ഞ് പരലോകപ്രാപ്തനാകുമ്പോള്‍ തന്റെ അനുചരനായ ജുനൈദ് തങ്ങള്‍ക്ക് ശ്രദ്ധേയമായ പല വസ്വിയ്യതുകളും സരിയ്യസ്സഖ്ത്വി(റ) നല്‍കിയിരുന്നു. 

ഹാരിസുല്‍ മുഹാസിബി

ജുനൈദ് തങ്ങളുടെ ജീവിതത്തില്‍ അവിസ്മരണീയമായ സ്വാധീനം ചെലുത്തിയ മറ്റൊരു വിശിഷ്ട വ്യക്തിത്വമാണ് ഹാരിസുല്‍ മുഹാസിബി(റ). 'എന്റെ മരണശേഷം നീ ആരുടെ കൂടെയായിരിക്കും' എന്ന സരിയ്യുസ്സഖ്ത്വിയുടെ ചോദ്യത്തിന് ജുനൈദ് തങ്ങള്‍ കൊടുത്ത മറുപടി ഹാരിസുല്‍ മുഹാസിബിയുടെ കൂടെ എന്നായിരുന്നു. ഹി. 170 ല്‍ ബസ്വറയിലാണ് ഹാരിസുല്‍ മുഹാസിബി ജനിക്കുന്നത്. സ്വന്തത്തെ നിരന്തരം വിചാരണ ചെയ്യാറുള്ളതു കൊണ്ടാണത്രെ മുഹാസിബി (വിചാരണക്കാരന്‍) എന്ന പേരിലറിയപ്പെട്ടത്.

ഹാരിസ് ബിന്‍ അസദ് ബിന്‍ അബ്ദില്ല അല്‍ഗന്‍സി അല്‍മുഹാസിബി അല്‍ബസ്വരി അല്‍ബഗ്ദാദി എന്നാണ് പൂര്‍ണനാമം. നിരവധി കിതാബുകളാണ് ആ വിരല്‍തുമ്പില്‍നിന്ന് പിറവിയെടുത്തത്. കിതാബുര്‍രിആയ ലിഹുഖൂഖില്ലാഹ്, കിതാബുത്തവഹ്ഹും, കിതാബുല്‍ വസ്വായ തുടങ്ങി ഇരുന്നൂറില്‍ പരം ഗ്രന്ഥരചനകള്‍ മഹാനവര്‍കള്‍ നടത്തിയിട്ടുണ്ട്. ഇമാം ഗസാലി(റ)യുടെ വിശ്വപ്രസിദ്ധമായ ഗ്രന്ഥം ഇഹ്‌യാഉ ഉലൂമിദ്ദീനിന്റെ രചനക്ക് അടിസ്ഥാനമാകുന്നത് കിതാബുര്‍രിആയ ആയിരുന്നുവെന്നു കാണാം. ഭക്തിനിര്‍ഭരവും ജ്ഞാനസമ്പുഷ്ടവുമായിരുന്ന ആ ജീവിതത്തിന് വിരാമമാകുന്നത് ഹി. 243/ക്രി.852 ലാണ്.    

അബൂബക്ര്‍ ശിബ്‌ലി, അബൂ മുഹമ്മദ് അല്‍ജരീരി, അബുല്‍ അബ്ബാസ് അഹ്‌മദ് ബിന്‍ മുഹമ്മദ് സിയാന്‍, ഇസ്മാഈല്‍ ബിന്‍ നജീദ്, അബുല്‍ഹസന്‍ അലി ബിന്‍ ബന്‍ദാര്‍ അസ്സ്വയ്‌റഫി, അബ്ദുല്ലാഹ് ബിന്‍ മുഹമ്മദ് ശഅ്‌റാനി, അബൂമുഹമ്മദ് റാസി, അബുല്‍ ഫസല്‍ അലി ബിന്‍ ഹിന്ദ് അല്‍ഖുറശി, ഇബ്‌നു ഫര്‍ഗാനി, അബൂയഅ്ഖൂബ് നാഹര്‍ജൂരി, അലി ബിന്‍ മുഹമ്മദുല്‍ മസീല്‍, അബുല്‍മുഹമ്മദ് അല്‍മുര്‍തള, അബൂബക്ര്‍ ബിന്‍ അബീ സഅ്ദാന്‍ തുടങ്ങിയവരാണ് ശിഷ്യഗണങ്ങള്‍. സഹപാഠികളും സ്‌നേഹിതരുമായ നിരവധിയാളുകള്‍ ആത്മീയലോകത്തേക്ക് കടന്നുവരാന്‍ ജുനൈദ്(റ) കാരണമായിട്ടുണ്ട്. 

ആത്മീയ ജീവിതം

സൂഫികള്‍ സ്വീകരിച്ചിരുന്ന ആത്മസംസ്‌കരണത്തിന്റെ രണ്ട് പാതകളാണ് ഉസ്‌ലതും ഇശ്‌റതും. ജനങ്ങളില്‍നിന്നകന്ന് മലയിടുക്കുകളിലും വനാന്തരങ്ങളിലും ധ്യാനനിമഗ്നരായി സന്യാസമിരുന്ന് ആത്മാവിനെ ശുദ്ധീകരിക്കുന്ന രീതിയാണ് ഉസ്‌ലത്. ഈ പാതയിലൂടെ പരമാനന്ദ ദിവ്യത്വത്തെ പുല്‍കിയവര്‍ വലിയ്യുല്‍ ഉസ്‌ല എന്നാണറിയപ്പെടുന്നത്. ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ ജീവിക്കുകയും സാമൂഹിക സമുദ്ധാരണത്തില്‍ പങ്കുവഹിക്കുന്നതോടൊപ്പം രിയാളയിലൂടെ ആത്മാവിനെ പാപമുക്തമാക്കി അല്ലാഹുവിലേക്കടുപ്പിക്കുന്ന രീതിയാണ് ഇശ്‌റത്. ഈ വിഭാഗത്തില്‍പെട്ട സൂഫികള്‍ വലിയ്യുല്‍ ഇശ്‌റയെന്നും അറിയപ്പെടുന്നു. രണ്ടും സമന്വയിച്ച തസവ്വുഫിന്റെ രീതിയാണ് പ്രവാചകനിലും ഖുലഫാഉര്‍റാശിദയിലും ഉണ്ടായിരുന്നത്.

രണ്ടാം വിഭാഗത്തില്‍ ജീവിതം ചിട്ടപ്പെടുത്തിയ വലിയ്യുല്‍ ഇശ്‌റയായിരുന്നു ജുനൈദുല്‍ ബഗ്ദാദി(റ). സാമൂഹികപരിഷ്‌കരണത്തിലും മതപ്രബോധനത്തിലും ജീവിതം കഴിച്ചു കൂട്ടിയപ്പോഴും പ്രോജ്വലമായ ആത്മീയപരിസരം സൂക്ഷിക്കാന്‍ അദ്ദേഹം മറന്നിരുന്നില്ല. മുത്തബിഉസ്സുന്ന ഇബ്‌നുഉമര്‍(റ)വിനെ സ്മരിപ്പിക്കും വിധമായിരുന്നു അദ്ദേഹത്തിന്റെ സുന്നതനുഷ്ഠാനം. പകല്‍സമയം വ്രതമനുഷ്ഠിച്ചും രാത്രികാലങ്ങളില്‍ നമസ്‌കാരങ്ങളില്‍ വ്യാപൃതനായും ജീവിതത്തിന്റെ ഓരോ നിശ്വാസവും അദ്ദേഹം ആരാധനയാക്കി മാറ്റി. കര്‍മമണ്ഡലങ്ങളില്‍ ഫിഖ്ഹും ജീവിതരീതിയില്‍ തസ്വവ്വുഫും അനുധാവനം ചെയ്തിരുന്ന മഹാന്‍ സൂക്ഷ്മതയുടെയും പരിത്യാഗത്തിന്റെയും പ്രതീകമായാണ് വായിക്കപ്പെടുന്നത്.

സരിയ്യുസ്സഖ്ത്വിയുടെ അടുത്തുനിന്ന് ത്വരീഖത് സ്വീകരിച്ച അദ്ദേഹം പിന്നീട് ത്വരീഖതിന്റെ അമരക്കാരനായും മുറബ്ബിയായ ശൈഖായും മാറി. ആഗോളതലത്തില്‍ കൂടുതല്‍ സ്വാധീനവും വേരോട്ടവുമുള്ള ശാദുലി, രിഫാഇയ്യ തുടങ്ങി നിരവധി സൂഫീസരണികളുടെ ഉന്നതനായ ശൈഖായിട്ടാണ് ചരിത്രമദ്ദേഹത്തെ വാഴ്ത്തുന്നത്. പിതാവ് മുഹമ്മദ് അല്‍ഖവാരീരിയുടെ പാരമ്പര്യം നിലനിര്‍ത്തി, സൂഫീ ജീവിതത്തിനിടക്കും സ്ഫടിക കച്ചവടം നടത്തി ജീവിതോപാധി കണ്ടെത്തിയിരുന്ന അദ്ദേഹം രാപകല്‍ വ്യത്യാസമില്ലാതെ ആരാധനയിലും പ്രാര്‍ഥനകളിലുമായി സ്ഫുടജീവിതം നയിച്ചു. തിരക്കൊഴിയുമ്പോള്‍ പീടികയിലെ മറക്കപ്പുറത്തുനിന്ന് അദ്ദേഹം സുന്നത് നമസ്‌കാരത്തില്‍ വ്യാപൃതനാവുമായിരുന്നു. ഇടവിട്ട ദിവസങ്ങളില്‍ വ്രതമെടുക്കുകയും പാതിരാത്രികള്‍ നമസ്‌കാരത്തിനും ഇബാദതിനുമായി നിദ്രാവിഹീനമാക്കുകയും ചെയ്തു. മുന്നൂറിലേറെ റക്അതുകളാണ് അദ്ദേഹം ദിനംപ്രതി തന്റെ പീടികയില്‍വെച്ച് നിര്‍വഹിച്ചിരുന്നത് എന്ന് ശിഷ്യന്‍ ഉദ്ധരിക്കുന്നുണ്ട്. മുപ്പത് വര്‍ഷത്തോളം ഇശാഇന്റെ വുളൂഅ് കൊണ്ടുതന്നെ സുബ്ഹി നമസ്‌കരിച്ചിരിന്നുവത്രെ.

വിവിധ ഗുരുവര്യന്മാരുടെ വിളക്കത്തിരുന്നും കനല്‍പഥങ്ങള്‍ പിന്നിട്ടുമുള്ള ജ്ഞാനസമ്പാദനത്തിന്റെ ജൈത്രയാത്രക്ക് ശേഷം അദ്ദേഹം അധ്യാപനരംഗത്തായിരുന്നു ചെലവഴിച്ചത്. ഫിഖ്ഹും ഇല്‍മുല്‍ കലാമും ഉലൂമുല്‍ ഖുര്‍ആനുമെല്ലാം വേറിട്ട ശാസ്ത്രശാഖകളായി രൂപപ്പെടുകയും അധ്യാപനവും അധികപാരായണവുമെല്ലാം സാര്‍വത്രികമാവുകയും ചെയ്തിരുന്നെങ്കിലും തസ്വവ്വുഫ് കേന്ദ്രീകരിച്ചുള്ള പഠനങ്ങള്‍ അക്കാലത്ത് കുറവായിരുന്നു. ഈയൊരവസരത്തില്‍ തസ്വവ്വുഫ് കേന്ദ്രീകരിച്ചുള്ള പഠനസദസ്സുകള്‍ രൂപപ്പെടുത്തിയെടുക്കുന്നത് ജുനൈദുല്‍ ബഗ്ദാദി തങ്ങളാണ്.

സരിയ്യുസ്സഖ്ത്വിയുടെ ഇജാസത് സ്വീകരിച്ച് മുപ്പതാമത്തെ വയസ്സില്‍ ജാമിഉല്‍ മന്‍സൂറില്‍ ഹല്‍ഖകള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. രണ്ടാം അബ്ബാസി ഖലീഫ അബൂജഅ്ഫരില്‍ മന്‍സൂര്‍ പണികഴിപ്പിച്ചതാണ് ഈ ഭവനം. നിരവധി വിദ്യാര്‍ഥികളാണ് ആ ഹല്‍ഖകളില്‍ പങ്കെടുത്തിരുന്നത്. ഹൃദയം കീഴടക്കുന്ന പ്രഭാഷകനായിരുന്ന അദ്ദേഹത്തിന്റെ സദസ്സുകളില്‍ ദൂരദേശങ്ങളില്‍നിന്ന് വരെ ജനങ്ങള്‍ എത്തിയിരുന്നു. ത്വരീഖതിലൂടെ ഉന്നതരായി ഉയര്‍ന്ന അദ്ദേഹം ദൈവികസിദ്ധിയിലൂടെ ഹൃദയങ്ങളുടെ ഉള്ളറിഞ്ഞിരുന്നു. ഒരിക്കല്‍ പ്രഭാഷണം നടത്തിക്കൊണ്ടിരിക്കുകയായിരുന്ന അദ്ദേഹത്തോട് ഒരു ക്രിസ്ത്യന്‍ യുവാവ് ചോദിച്ചു: 'വിശ്വാസിയുടെ മുഖലക്ഷണത്തെ നിങ്ങള്‍ സൂക്ഷിക്കുക, അവന്‍ അല്ലാഹുവിന്റെ പ്രഭയോട് കൂടെയാണ് നോക്കുന്നതെന്ന ഹദീസിന്റെ പൊരുളെന്താണ്?' യുവാവിന്റെ ചോദ്യത്തിനു മുന്നില്‍ ചിന്താനിമഗ്നനായി അദ്ദേഹം തലതാഴ്ത്തിയിരുന്നു. ശേഷം പറഞ്ഞു: 'നീ വിശ്വസിക്കുക, നീ മുസ്‌ലിമാവാനുള്ള സമയമടുത്തിരിക്കുന്നു.' ഉടനെ അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചു. 

ബിദ്അതിന്റെയും പുരോഗമനവാദത്തിന്റെയും വൈകല്യത്തോട് അദ്ദേഹം രാജിയാകാതെ ആശയസംഘട്ടനം നടത്തി. കള്ളസൂഫികള്‍ക്കും വ്യാജത്വരീഖതുകള്‍ക്കുമെതിരെയുള്ള ഇടിനാദമായായിരുന്നു അദ്ദേഹത്തിന്റെ നിലപാടുകള്‍. അദ്ദേഹം പറഞ്ഞു: ''വിശുദ്ധ ഖുര്‍ആനും തിരുസുന്നതും ഇജ്മാഉും ഖിയാസുമെല്ലാം വിശ്വാസിയുടെ അവലംബങ്ങളാണ്. നബി(സ്വ)യുടെ മാര്‍ഗം പിന്‍പറ്റാതെയുള്ള ഖുര്‍ആന്‍സ്‌നേഹം ഖുര്‍ആനെതിരെയുള്ള വെല്ലുവിളിയാണ്. വിശുദ്ധ ഖുര്‍ആനും തിരുവചനങ്ങളും കാര്യഗൗരവത്തിലെടുക്കാത്തവരെ പിന്തുടരാവതല്ല. സൂഫികളുടെ വിജ്ഞാനം ഖുര്‍ആന്‍, ഹദീസ് ബന്ധിതമാണ്.'

കറാമതുകള്‍

ഗ്ലാസ് കച്ചവടക്കാരനായ മുഹമ്മദ് ബിന്‍ ജുനൈദ് നഹാവന്ദി എന്ന പിതാവിന്റെയും കിസ്‌റാ രാജാവിന്റെ വംശപരമ്പരയില്‍ വന്ന ഷാഹ് ബിന്‍ത് യസ്ദജിര്‍ എന്ന മാതാവിന്റെയും മകനായി ജനിച്ച ജുനൈദുല്‍ ബഗ്ദാദി(റ) കറകളഞ്ഞ വിശ്വാസത്തിന്റെയും ആത്മജ്ഞാനത്തിന്റെയും വെളിച്ചത്തില്‍ വിശ്രുതനും സ്വാതികനുമായി മാറിയപ്പോള്‍ ആ വിശുദ്ധജീവിതത്തില്‍നിന്നും ദിവ്യസാന്നിധ്യത്തിന്റെ വെളിപാടുകള്‍ ദൃശ്യമായി. ഇസ്‌ലാമിനനുസരിച്ച് ജീവിക്കാന്‍ സൗഭാഗ്യം ലഭിച്ചുവെന്നതാണ് തന്റെ ഏറ്റവും വലിയ കറാമത് എന്നദ്ദേഹം പ്രസ്താവിച്ചിട്ടുണ്ട്. 

ആത്മീയത തെറ്റിദ്ധരിക്കപ്പെടുകയും ത്വരീഖതിന്റെ ആത്മസംസ്‌കരണപാത വികലമാക്കപ്പെടുകയും ചെയ്യുന്ന ഇക്കാലത്ത് മുറബ്ബിയായ ശൈഖിന്, തന്റെ മുരീദിനു വേണ്ടി ദുര്‍മാര്‍ഗത്തില്‍നിന്ന് കാവല്‍ കവചം തീര്‍ക്കാനാകുമെന്ന വലിയ സന്ദേശം ആ ജീവിതത്തില്‍നിന്ന് പ്രതിഫലിക്കുന്നുണ്ട്. അബൂഅംറ് ബിന്‍ ഉല്‍വാന്‍ പറയുന്നു: 'റഹ്ബയിലെ അങ്ങാടിയിലേക്ക് ഒരാവശ്യത്തിന് പുറപ്പെട്ടപ്പോള്‍ ഒരു മയ്യിത്ത് കൊണ്ടുവരുന്നത് കണ്ടു. നമസ്‌കരിക്കുവാനും അനന്തരകര്‍മങ്ങളില്‍ പങ്കെടുക്കുവാനും ഞാന്‍ പുറപ്പെട്ടു. മടങ്ങിവരുമ്പോള്‍ അപ്രതീക്ഷിതമായി ഒരന്യസ്ത്രീയില്‍ എന്റെ നോട്ടം പതിഞ്ഞു. നോട്ടം അല്‍പം നീണ്ടുപോവുകയും ചെയ്തു. മനഃസാക്ഷിക്കുത്തനുഭവപ്പെട്ട ഞാന്‍ പാപമോചനം നടത്തി വീട്ടിലേക്കു മടങ്ങി. വീട്ടിലുണ്ടായിരുന്ന വൃദ്ധന്‍ ചോദിച്ചു: 'നിങ്ങളുടെ മുഖത്തിനെന്തുപറ്റി? വല്ലാതെ കറുത്തിരുണ്ടു പോയിട്ടുണ്ടല്ലോ!.' കണ്ണാടിയെടുത്തു നോക്കിയപ്പോള്‍ മുഖമാകെ കറുത്തിരുണ്ടതായി കണ്ടു. കാരണമറിയാതെ ഭയവിഹ്വലനായി നിന്നപ്പോഴാണ് പ്രസ്തുത നോട്ടത്തെക്കുറിച്ച് ഓര്‍മ വന്നത്. ഞാന്‍ നാല്‍പത് ദിവസം പാപമോചനം നടത്തി ഒരിടത്തു കഴിഞ്ഞുകൂടി. എന്റെ ശൈഖായ ജുനൈദ് തങ്ങളെ സമീപിക്കാന്‍ എനിക്ക് ഉള്‍വിളിയുണ്ടായി. അങ്ങനെ, ബഗ്ദാദ് ലക്ഷ്യമാക്കി പുറപ്പെട്ടു. മഹാനിരിക്കുന്ന മുറിയുടെ കവാടത്തില്‍ ചെന്നു മുട്ടി. ഉടന്‍ അദ്ദേഹം പറഞ്ഞു: 'കടന്നുവരൂ അബൂഅംറ്, റഹ്ബയില്‍നിന്ന് ചെയ്ത ദോഷത്തിന് ബഗ്ദാദില്‍നിന്ന് പൊറുക്കലിനെ തേടാനാണോ താങ്കള്‍ ആഗ്രഹിക്കുന്നത്?' മഹാന്റെ ജീവിതവും ജീവിതാന്ത്യവും അല്‍ഭുതം തന്നെയായിരുന്നു. ഗുരുവര്യരുമായുള്ള സഹവാസവും ഇടപാടുകളിലെ സത്യസന്ധതയും ആ സുകൃത അന്ത്യത്തിന് നിദാനമായി എന്ന് കാണാം.

വഫാത്

ഹി. 297/ക്രി. 910 ശവ്വാല്‍ മാസം ജുനൈദുല്‍ ബഗ്ദാദി(റ) അല്ലാഹുവിന്റെ സന്നിധിയിലേക്ക് യാത്രയായി. മരണവാര്‍ത്ത കേട്ട് വിവിധ ദിക്കുകളില്‍നിന്നെത്തിയ പതിനായിരങ്ങളെക്കൊണ്ട് ബഗ്ദാദ് ജനനിബിഢമായിരുന്നു. അറുപതിനായിരത്തോളമാളുകളാണ് ജനാസയെ പിന്തുടര്‍ന്നത്. മരണാനന്തരക്രിയകള്‍ക്ക് നേതൃത്വം നല്‍കിയത് ശിഷ്യനായ മുഹമ്മദ് അല്‍ജരീരിയായിരുന്നു. മകന്റെ നേതൃത്വത്തില്‍ ജനാസനമസ്‌കാരം നിര്‍വഹിച്ച് ഇറാഖിലെ ശൂനിസിയ്യ മഖ്ബറയില്‍ തന്റെ പ്രിയഗുരു സരിയ്യുസ്സഖ്ത്വിയുടെ ചാരത്ത് മറമാടപ്പെട്ടു. പ്രസിദ്ധ സൂഫീവര്യനായ മഅ്‌റൂഫുല്‍ കര്‍ഖിയുടെ മഖ്ബറയിലെ മണ്ണുപയോഗിച്ചാണ് ജുനൈദുല്‍ ബഗ്ദാദിക്ക് ഖബറിടം ഒരുക്കിയത്. അവസാന നിമിഷം വരെയും ആധ്യാത്മികവഴിയില്‍ പ്രോജ്ജലിച്ചു നില്‍ക്കാനും തിരുസുന്നത്തുമായി ചെലവഴിക്കാനും അദ്ദേഹം കണിശത പുലര്‍ത്തിയിരുന്നു.

പ്രസിദ്ധ പണ്ഡിതനായ അബൂബക്ര്‍ എന്നവര്‍ പറയുന്നു: 'ഞാന്‍ എന്റെ ശിഷ്യന്മാരോടൊപ്പം മരണരോഗത്തില്‍ ജുനൈദ് തങ്ങളെ സന്ദര്‍ശിക്കാന്‍ പോയി. തല്‍സമയം അദ്ദേഹം ഇരുന്ന് നമസ്‌കരിക്കുകയായിരുന്നു. നീരുവന്ന് വീര്‍ത്ത കാല്‍ അല്‍പം നീക്കാന്‍ പോലും അദ്ദേഹം പ്രയാസപ്പെടുന്നുണ്ടായിരുന്നു. രോഗത്തെ കുറിച്ചന്വേഷിച്ച ശിഷ്യനോട് അത് അല്ലാഹുവിന്റെ അനുഗ്രഹമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അല്‍പം വിശ്രമിച്ചിട്ട് നമസ്‌കാരം തുടരാം എന്ന് ശിഷ്യനായ അബൂമുഹമ്മദ് അല്‍ജരീരി അഭ്യര്‍ഥിച്ചപ്പോള്‍ സ്‌നേഹത്തോടെ നിരസിച്ച് ആരാധന തുടരുകയാണദ്ദേഹം ചെയ്തത്. ജുനൈദുല്‍ ബഗ്ദാദി(റ) മരണശയ്യയില്‍ കിടക്കുമ്പോള്‍ ശിഷ്യന്മാര്‍ പറഞ്ഞു: 'ഉസ്താദേ, ലാഇലാഹ ഇല്ലല്ലാഹ് എന്നു  ചൊല്ലിയാലും.' അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: 'ഞാന്‍ അല്ലാഹുവിനെ ജീവിതത്തില്‍ ഒരിക്കലും മറന്നിട്ടില്ല. അതുകൊണ്ടുതന്നെ ഇപ്പോള്‍ പ്രത്യേകമായി ഓര്‍ക്കേണ്ട ആവശ്യമില്ലല്ലോ.' മരണാനന്തരം ഒരു മാസത്തിലേറെ മഹാന്റെ ഖബറിടത്തില്‍ ജനങ്ങള്‍ ഇടതടവില്ലാതെ നിരന്തരമായി വന്ന് പ്രാര്‍ഥിച്ച് കൊണ്ടിരുന്നു.

ഗ്രന്ഥങ്ങള്‍

കാലാന്തരങ്ങളിലുണ്ടായ കേടുപാടുകളെ അതിജീവിക്കാന്‍ ജുനൈദ് തങ്ങളുടെ രചനകള്‍ക്കായിട്ടില്ല എന്നതാണ് ചരിത്രാന്വേഷികളുടെ പക്ഷം. അതിന് വ്യത്യസ്ത കാരണങ്ങള്‍ അവര്‍തന്നെ നല്‍കുന്നുണ്ട്. 2005 ല്‍ ഡോക്ടര്‍ ജമാല്‍ റജബ് സൈദവി ക്രോഢീകരിച്ച റസാഇലുല്‍ ജുനൈദ് എന്ന ഗ്രന്ഥത്തില്‍ ഗ്രന്ഥങ്ങളും സന്ദേശങ്ങളുമായി മുപ്പത്തിയൊന്ന് രചനകള്‍ ജുനൈദ് തങ്ങളുടേതായി പരിചയപ്പെടുത്തിയിട്ടുണ്ട്. സുഹൃത്തുക്കള്‍ക്ക് അയച്ച കത്തുകളാണ് പ്രധാനമായുമുള്ളത്. പലതും കൈമാറ്റങ്ങള്‍ക്കിടയില്‍ കൈമോശം സംഭവിച്ചതായി ജമാല്‍ സൈദവി പറയുന്നുണ്ട്. 'പ്രാഥമിക അന്വേഷണത്തില്‍ അദ്ദേഹത്തിന്റെതായി ലഭ്യമായത് വെറും പതിനൊന്ന് രചനകള്‍ മാത്രമാണ്. പക്ഷെ, അതുകൊണ്ടവസാനിപ്പിക്കാതെ ജുനൈദ്(റ)വിന്റെ സമകാലീനരും അടുത്തകാലത്ത് ജീവിച്ചവരുമായ സൂഫീ പണ്ഡിതന്മാരുടെ ശേഖരണങ്ങള്‍ മുഴുവന്‍ പരിശോധിച്ചാണ് ഈ മുപ്പത്തിയൊന്ന് രചനകള്‍ കണ്ടെത്തിയത്.'

ലഭ്യമായ പ്രധാനരചനകള്‍:
1. അല്‍ഖസ്ദു ഇലല്ലാഹ് 
2. അസിര്‍റു ഫീ അല്‍ഫാളിസ്സൂഫിയ്യ
3. ദവാഉല്‍ അര്‍വാഹ്
4. അദബുല്‍ മുഫ്തഖിരി ഇലല്ലാഹ് 
5. അല്‍ഫര്‍ഖു ബയ്‌നല്‍ ഇഖ്‌ലാസി വസ്സ്വിദ്ഖി 
6. അല്‍ഫനാഅ്
7. ദവാഉത്തഫ്‌രീത്
8. കിതാബുല്‍ ജുനൈദി ഇലാ അംര്‍ ബിന്‍ ഉസ്മാന്‍ അല്‍മക്കി
9. നുസ്ഖതുന്‍ മിന്‍ കിതാബില്‍ ജുനൈദി ഇലാ അബീ യഅ്ഖൂബ് ബിന്‍ യൂസുഫ്
10. രിസാലതു അബില്‍ഖാസിം ജുനൈദി ഇലാ യൂസുഫ് ബിന്‍ യഹ്‌യ

അവലംബം:

1. സുആദ് അല്‍ഹകീം, താജുല്‍ ആരിഫീന്‍ ജുനൈദുല്‍ ബഗ്ദാദി
2. അല്‍മുനീര്‍ സൂഫിസം പതിപ്പ്

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter