ഉമർ ബിൻ സഈദ്: അടിമത്വത്തിനിടയിലെ വൈജ്ഞാനിക വിപ്ലവം
“എന്റെ ജീവിതം എഴുതാൻ നിങ്ങൾ എന്നോട് ആവശ്യപ്പെടുന്നു. അറബി ഭാഷ പോലെ തന്നെ എന്റെ ജീവിതവും ഞാൻ മറന്നിട്ടുണ്ട്. സഹോദരാ, എന്നെ കുറ്റപ്പെടുത്തരുത്, ദൈവത്തിന്റെ നാമത്തിൽ ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു, കാരണം ഞാൻ ദുർബലമായ കണ്ണുകളും ദുർബലമായ ശരീരവുമുള്ള ആളാണ്”
അമേരിക്കയിലേക്ക് അടിമയായി നാടുകടത്തപ്പെട്ട പ്രമുഖ പണ്ഡിതനായ ഉമർ ബിൻ സഈദ് തൻറെ ജീവചരിത്രത്തിൽ കുറിച്ച വാക്കുകളാണിവ. ആഫ്രിക്കയിൽ നിന്നും മൃഗീയമായി അമേരിക്കയിലേക്ക് നാട് കടത്തപ്പെട്ട ആയിരക്കണക്കിന് മുസ്‍ലിംകളിൽ ഒരാൾ മാത്രമാണ് ഇദ്ദേഹം. “എനിക്ക് എൻറെ ജീവിതം എഴുതാൻ കഴിയില്ല” എന്ന അദ്ദേഹത്തിന്റെ ജീവചരിത്രമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. അമേരിക്കയിലേക്ക് ഇസ്‍ലാം കടന്നുവരുന്നതിന്റെയും മുസ്‍ലിംകളുടെ ജീവിതത്തെയും പറ്റിയുള്ള വ്യക്തമായ വിവരണമാണ് അദ്ദേഹം തന്റെ ജീവിതചരിത്രതിലൂടെ നൽകുന്നത്.
സെനഗലിലെ പൂട്ട ടോറോ ഇമാമെയ്റ്റിൽ സമ്പന്നമായ ഒരു കുടുംബത്തിൽ ജനിച്ച ഇദ്ദേഹം അറബി ഭാഷയും ഇസ്‍ലാമിക വിജ്ഞാനങ്ങളും സ്വായത്തമാകിയിരുന്നു. നിർഭാഗ്യവശാൽ ആയിരത്തി എണ്ണൂറുകളുടെ തുടക്കത്തിൽ അദ്ധേഹത്തിന്റെ നാട് ആക്രമിച്ച് അമേരിക്കക്കാർ പിടിച്ചെടുത്ത അടിമകളിൽ ഇദ്ദേഹവുമുണ്ടായിരുന്നു. അമേരിക്കയിലെത്തിയ ഇദ്ദേഹത്തെ ജോൺസൺ എന്ന വ്യക്തി വാങ്ങുകയും തന്റെ തോട്ടത്തിൽ പണിയെടുപ്പിക്കുകയും ചെയ്തു. എന്നാൽ ഇയാളിൽ നിന്നും രക്ഷപ്പെട്ട് ഫയെറ്റെവില്ലെയിൽ എത്തിയെങ്കിലും പിടിക്കപ്പെട്ട് ജയിലിൽ അടക്കപ്പെട്ടു. ജയിലിൽ കൽക്കരി ഉപയോഗിച്ച് ദുആകളും മറ്റും എഴുതിയ ഇദ്ദേഹത്തെ പത്ത് ദിവസത്തിന് ശേഷം ജെയിംസ് ഓവൻ എന്ന മുതലാളി വാങ്ങുകയും തോട്ടത്തിൽ പണി എടുപ്പിക്കുകയും ചെയ്തു. മുമ്പുള്ളതിനേക്കാൾ പരിഗണനയും ആനുകൂല്യങ്ങളും ഇവിടെ നിന്ന് ഇദ്ദേഹത്തിന് ലഭിച്ചിരുന്നു. ഓവൻ ഫാമിലി കഴിച്ചിരുന്ന അതേ ഭക്ഷണം തന്നെയായിരുന്നു ഇദ്ദേഹത്തിനും നൽകപ്പെട്ടിരുന്നത്. ഒമർ ബിൻ സഈദ് ഓവനെ തന്റെ ആത്മകഥയിൽ പ്രശംസിക്കുന്നതായി കാണാം.
വർഷങ്ങളായി തൻറെ ഇസ്‍ലാമിക ആചാരങ്ങളുമായി മുന്നോട്ട് പോയ ഇദ്ദേഹത്തിന് ഇംഗ്ലീഷ് പഠിക്കാൻ ജെയിംസ് ഓവൻ ഖുർആന്റെ ഇംഗ്ലീഷ് പതിപ്പ് സമ്മാനമായി നൽകി. അദ്ദേഹത്തെ ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തനം ചെയ്യാനുള്ള ഒരുക്കങ്ങളിലേർപെട്ട ഓവൻ പിന്നീട് ബൈബിളിന്റെ അറബി പതിപ്പ് സമ്മാനിക്കുകയും ചെയ്തു. 1821 ഒരു പ്രെസ്ബിറ്റീരിയൻ ചർച്ചിൽ പങ്കെടുക്കുകയും ക്രിസ്ത്യൻ മതം സ്വീകരിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു.
ക്രിസ്ത്യൻ മതത്തിലേക്കുള്ള പരിവർത്തനം അമേരിക്കക്കാർക്കിടയിൽ ഇദ്ദേഹത്തെ പ്രസിദ്ധനാക്കി. എന്നാൽ അദ്ദേഹത്തിന്റെ എഴുത്തുകളും പ്രവർത്തനങ്ങളും ക്രിസ്ത്യൻ മതത്തെ വെറും പേരിനു വേണ്ടി മാത്രം പുൽകിയതാണ് എന്നാണ് വ്യക്തമാക്കുന്നത്. അറബി ഭാഷയിൽ നിപുണനായിരുന്ന അദ്ദേഹം ബൈബിളിന്റെ തുടക്കത്തിൽ ഫാത്തിഹ അറബിയിൽ എഴുതിയിരുന്നു. അറബി അറിയാത്ത വെള്ളക്കാർ അതിനെ വെറും പ്രാർത്ഥന മാത്രമായാണ് കണ്ടിരുന്നത്. മറ്റൊരു കൃതിയിൽ ക്രിസ്ത്യൻ സങ്കീർത്തനം എഴുതിയ ശേഷം അറബിയിൽ ദുആയും എഴുതിയിരുന്നു എന്നതും അദ്ദേഹം ഇസ്‍ലാം മതം ഉപേക്ഷിച്ചിട്ടില്ല എന്നതിന്റെ തെളിവാണ്. 1836 ല്‍ 94-ാം വയസ്സിൽ മരണപ്പെട്ട ഇദ്ദേഹം, തന്റെ ആത്മകഥ തുടങ്ങുന്നത് സൂറത്തുൽ മുൽക്കിലെ ആദ്യ സൂക്തങ്ങൾ ഉദ്ധരിച്ചു കൊണ്ടാണ് എന്നതും അദ്ദേഹം ഇസ്‍ലാം മതം ഉപേക്ഷിച്ചിട്ടില്ല എന്നതിന്റെ വ്യക്തമായ തെളിവാണ്. അദ്ദേഹം ബൈബിളിനെ തന്റെ കൃതികളിൽ പ്രശംസിക്കുന്നുണ്ട് എങ്കിലും അതെല്ലാം തന്റെ അതിജീവനത്തിനും സ്വയം സംരക്ഷണത്തിനും വേണ്ടി മാത്രമായിരുന്നു എന്നാണ് മനസ്സിലാകുന്നത്.
2019 ലൈബ്രറി ഓഫ് കോൺഗ്രസ് അദ്ദേഹത്തിന്റെ കൃതികളെ ഡിജിറ്റലൈസ് ചെയ്തു. 2022 ൽ, ഒമർ എന്ന തലക്കെട്ടിൽ സംഗീതജ്ഞൻ റിയാനൻ ഗിഡൻസും സംഗീതസംവിധായകൻ മൈക്കൽ ആബെൽസും ചേർന്ന് ചാൾസ്റ്റണിലെ സോട്ടിൽ തിയേറ്ററിൽ സംഗീത പരിപാടി അവതരിപ്പിക്കുകയും ചെയ്തിരുന്നു. നോർത്ത് കരോലിനയിലെ ഫയെറ്റെവില്ലെയിലെ ഒരു പള്ളി മസ്ജിദ് ഒമർ ഇബ്ൻ സഈദ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഉമർ ബിൻ സഈദ് ലോകതലത്തിൽ പരക്കെ അറിയപ്പെടുന്നില്ല എങ്കിലും അമേരിക്കൻ സമൂഹത്തിൽ അദ്ദേഹം ചെലുത്തിയ സ്വാധീനത്തെയാണ് ഇവ കാണിക്കുന്നത്. അടിമത്വത്തിനും അടിച്ചമർത്തലിനും എതിരെ തന്റെ തൂലിക കൊണ്ട് വിപ്ലവം തീർത്ത ഉമർ ബിൻ സഈദ് ആധുനിക മുസ്‍ലിം സമൂഹത്തിന് വലിയ മാതൃകയാണ്.
Leave A Comment