എൽ.ജി.ബി.ടി ആക്ടിവിസം:  ട്രാന്‍സ്ജൻഡറുകളുടെ പ്രശ്നങ്ങളറിയാൻ ആർക്കാണ് നേരം?   (ഭാഗം-മൂന്ന്)

ലിംഗമാറ്റ ശസ്ത്രക്രിയയും ഇസ്ലാമികനിയമവും

മുകളിലെ വിശദീകരണത്തിൽ നിന്നും ഒന്നാമത്തെ മാര്‍ഗ്ഗമായ, കൌണ്‍സിലിംഗ്, മെന്റല്‍ തെറാപ്പി തുടങ്ങിയ മാർഗങ്ങളിലൂടെ ശരീരത്തിന് അനുസരിച്ച് മനസ്സിനെ പരുവപ്പെടുത്തി എടുക്കുക എന്നത് തന്നെയാണ് ഫലപ്രദമായ പരിഹാരം. എന്നാൽ ഈ പരിഹാരത്തിലേക്ക് എത്തിച്ചേരാൻ കൂടുതൽ ഗവേഷണങ്ങൾ നടത്തപ്പെടേണ്ടതുണ്ട്. കേവലം സാധാരണഗതിയിലുള്ള കൌൺസിലിങ്ങിലൂടെ ജെൻഡർ ഡിസ്ഫോറിയ ഉള്ള എല്ലാവരെയും പുനരധിവസിപ്പിക്കാൻ കഴിയണമെന്നില്ല. അവരുടെ പ്രശ്നത്തിൻറെ ആഴമറിഞ്ഞുള്ള നടപടികളാണ് വേണ്ടത്. നിർഭാഗ്യവശാൽ, ഇത്തരം ചികിത്സാരീതികളെ ക്വിയർ ആക്ടിവിസ്റ്റുകൾ തടയുകയും സമ്മർദ്ദം ചെലുത്തി ഇല്ലാതാക്കുകയും ഡോക്ടർമാരെയും വിദഗ്ധരെയും ഗവേഷകരെയും ട്രാൻസ്ഫോബിയയും അവകാശലംഘനവും നടത്തിയവരായി മുദ്രകുത്തുകയും ചെയ്യുന്ന സാഹചര്യം ഇന്ന് വ്യാപകമായി നിലനിൽക്കുന്നുണ്ട്. ഇത് ആത്യന്തികമായി ബാധിക്കുന്നത് ട്രാൻസ് സഹോദരങ്ങളെ തന്നെയാണ്.മാനുഷിക മൂല്യങ്ങളെ കുറിച്ചും സര്‍വ്വോപരി സമൂഹത്തിന്റെയും വ്യക്തിയുടെയും ഭാവിയെകുറിച്ചും ആശങ്കപ്പെടുന്നവര്‍ക്ക് അത്തരം നീക്കത്തെ ഒരിക്കലും പിന്തുണക്കാനാവില്ലല്ലോ.

ലിംഗമാറ്റ ശസ്ത്രക്രിയ എന്ന ആശയം ഉദിക്കുന്നതു തന്നെ മനുഷ്യൻറെ ശരീരശാസ്ത്രത്തെ മാറ്റാനാവും എന്ന പ്രതീക്ഷയിലൂന്നിയാണ്. ഈ പ്രതീക്ഷയുടെ അടിസ്ഥാനം മനുഷ്യൻറെ ശരീരത്തിലുള്ള ലിംഗവും (Sex) അവൻറെ ലിംഗത്വവും (Gender) തമ്മിൽ ബന്ധമില്ല എന്ന സിദ്ധാന്തം അടിസ്ഥാനപ്പെടുത്തിയാണ്. ലിംഗവും ലിംഗത്വവും തമ്മിൽ ബന്ധമില്ലെന്നും, ലൈംഗികാവയവം വേറെയും ലിംഗത്വം വേറെയും ആയതിനാൽ ഒന്ന് മറ്റൊന്നിനെ നിർണയിക്കുന്നില്ലെന്നതുമാണ് ലിബറൽ ആധുനിക ഫെമിനിസ്റ്റ് വാദം. ജെൻഡർ രാഷ്ട്രീയം മുന്നോട്ടുവെക്കുന്നവർ തൻറെ ലിംഗത്വം ഏതാണെന്നു തീരുമാനിക്കാനുള്ള അവകാശം ഓരോരുത്തരുടെയും തോന്നലിന് വിട്ടുകൊടുത്തിരിക്കുകയാണ്. ഈ സ്വയംനിർണയം എത്രത്തോളം അപകടകരമാണെന്നാണ് ഇതുവരെ ചർച്ച ചെയ്തത്. ഈ സ്വയം നിർണയമാണ് ചെരുപ്പിനനുസരിച്ച് കാലുമുറിക്കുന്നതുപോലെ മനസ്സിനനുസരിച്ച് ശരീരം മുറിക്കുന്ന തലത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്. എന്നാൽ, ഇസ്ലാമിൽ ലിംഗവും ലിംഗത്വവുമായി ബന്ധപ്പെട്ട കാര്യത്തിൽ ഓരോ വ്യക്തിക്കും സ്വയംനിർണയാവകാശമില്ല. മറിച്ച് അത് അനുഭവപരവും  (empirical) ശാസ്ത്രീയവും നൂറുശതമാനം പ്രായോഗികവുമാണ്. ലൈംഗികാവയവമാണ് ലിംഗത്വം നിർണയിക്കുന്നതിൻറെ മാനദണ്ഡം.ലൈംഗികാവയവം ആണിൻറേതാണെങ്കിൽ വ്യക്തി ആണും, പെണ്ണിൻറെതാണെങ്കിൽ വ്യക്തി അയാൾ പെണ്ണുമാണ്.അങ്ങനെ വരുമ്പോൾ ജെൻഡർ ഡിസ്ഫോറിയയുള്ള ട്രാൻസുകൾ അനുഭവിക്കുന്ന പ്രശ്നം തീർത്തും മാനസികമാണ്. അപ്പോൾ ചികിത്സവേണ്ടതും മനസ്സിലാണ്. ലിംഗനിർണയം നടത്തുന്നതിൻറെ ഒരേയൊരു മാനദണ്ഡവും ആധാരവും കേന്ദ്രബിന്ദുവും സെക്സ് ആണ്, ജെൻഡർ അല്ല. ഈ തത്വത്തിലൂന്നിയാണ് ലിംഗമാറ്റ ശസ്ത്രക്രിയയുടെ ഇസ്ലാമികമാനവും നിലനിൽക്കുന്നത്. ജീവശാസ്ത്രപരമായി നിലവിലുള്ള ലൈംഗികാവയവത്തെ അടിസ്ഥാനമാക്കി നിർണയിക്കുകയും അതിന് സഹായകമാകുന്ന രീതിയിലേക്ക് മനസ്സിനെയും അനുഭവത്തെയും സാമൂഹികവത്ക്കരണത്തെയും മാറ്റുകയും ചെയ്യുന്ന പ്രക്രിയകയാണ് ലിംഗനിർണയം പ്രയാസമായവരുടെ കാര്യത്തിൽ ചെയ്യാവുന്നത് എന്നാണ് പണ്ഡിതരുടെ അഭിപ്രായങ്ങൾ പരിശോധിക്കുമ്പോൾ എത്തിച്ചേരാവുന്ന നിഗമനം. ആ തരത്തിലുള്ള ചികിത്സകൾ അനുവദനീയവുമാണ്. എങ്കിലും, അതേറെ സങ്കീർണവും ഫലപ്രാപ്തിയെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടക്കേണ്ട മേഖലയുമാണ്. എന്തുതന്നെയായാലും,തീർത്തും അപ്രായോഗികവും അശാസ്ത്രീയവുമായ തരത്തിൽ മനസ്സിനനുസരിച്ച് ശരീരം കീറിമുറിക്കുന്നത് മാത്രമാണ് ഒരേയൊരു പരിഹാരം എന്ന പ്രചാരണം സാമൂഹിക പ്രതിബദ്ധതയുള്ളവർ ചെറുത്തുതോൽപ്പിക്കേണ്ടതുണ്ട്.

Also Read:എൽ.ജി.ബി.ടി ആക്ടിവിസം: ട്രാന്‍സ്ജൻഡറുകളുടെ പ്രശ്നങ്ങളറിയാൻ ആർക്കാണ് നേരം? (ഭാഗം-രണ്ട്)

ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം വിവാഹം, അനന്തരാവകാശം, പരസ്പരം  ഇടപഴകൽ, നമസ്കാരത്തിന് നേതൃത്വം നൽകൽ തുടങ്ങിയ നിരവധി കാര്യങ്ങളിൽ പുരുഷനും സ്ത്രീയും തമ്മിൽ വ്യത്യസ്തമായ നിയമങ്ങളാണുള്ളത്. സാമൂഹികമായ ചില ഉത്തരവാദിത്തങ്ങൾ സ്ത്രീക്കും മറ്റു ചിലത് പുരുഷനുമാണ്. ചില കാര്യങ്ങളിൽ സ്ത്രീക്ക് കൂടുതൽ പരിഗണനയും മറ്റുചില കാര്യങ്ങളിൽ പുരുഷന് കൂടുതൽ പരിഗണനയും നൽകുക എന്നതാണ് ഇസ്ലാമികനിയമത്തിൻറെ അടിസ്ഥാനതത്വം. അപ്പോൾ സമത്വമല്ല, നീതിയാണ് പ്രധാനം. അതിനാൽ സ്ത്രീ-പുരുഷൻ എന്ന ദ്വന്ദത്തിൽ നിന്നും ഇസ്ലാമിൻറെ ലിംഗത്വസങ്കൽപത്തിന് ഒരിക്കലും പുറത്ത് കടക്കാവുന്നതല്ല. അതേ സമയം ആണോ പെണ്ണോ എന്ന് പ്രകടമായി തിരിച്ചറിയാത്തവരെ അവഗണിക്കാതിരിക്കുകയുംഒന്നുകിൽ പുരുഷൻ അല്ലെങ്കിൽ സ്ത്രീ എന്ന കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഏതെങ്കിലും ഒന്നിലേക്ക് ചേർക്കുകയും സമൂഹത്തിൻറെ സുഗമമായ ചലനം ഉറപ്പുവരുത്തുകയും ചെയ്യുക എന്നതാണ് ഇസ്ലാമികനിയമം നിർദ്ദേശിക്കുന്ന രീതി. കാരണം, വ്യക്തിയുടെ അവകാശം എന്നതിനേക്കാൾ ഇസ്ലാം പ്രാധാന്യം നൽകുന്നത് സമൂഹത്തിൻറെ പൊതുനന്മയാണ്.വ്യക്തിയുടെ അവകാശങ്ങളുടെ വ്യാപ്തിസമൂഹത്തെ മോശമായി ബാധിക്കുന്നിടത്ത് അവസാനിക്കുന്നു.

സുന്നിപാരമ്പര്യത്തിൽ നിന്നുള്ള പണ്ഡിതരെല്ലാം ഈ തത്വം പാലിച്ചാണ് ലിംഗമാറ്റശാസ്ത്രക്രിയയെ കുറിച്ച് പ്രതികരിച്ചിട്ടുള്ളത്.ഈജിപ്തിലെ മുഫ്തിയും ശൈഖുൽ അസ്ഹറുമായിരുന്ന ജാദ്ദൽ ഹഖ് 1981 ൽ ലിംഗചികിത്സ സംബന്ധമായ ഫത് വ നൽകിയിട്ടുണ്ട്. 1982 ൽ അൽ അസ്ഹർ യൂണിവേഴ്സിറ്റിയിൽ പഠിച്ചിരുന്ന സയ്യിദ് എന്ന വിദ്യാർഥി ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യുകയും സാല്ലി എന്നു പേരുമാറ്റുകയും ചെയ്തിരുന്നു. അൽഅസ്ഹർ യൂണിവേഴ്സിറ്റി ഇത് അപലപിക്കുകയും ജാദ്ദൽ ഹഖിനു ശേഷം ശൈഖുൽ അസ്ഹറായി സ്ഥാനമേറ്റ സയ്യിദ് മുഹമ്മദ് ത്വൻതാവി 1988 ൽ ഇതുസംബന്ധമായി ഒരു ഫത്വ ഇറക്കുകയും ചെയ്തിരുന്നു. 1989 ൽമുസ്ലിം വേൾഡ് ലീഗിൻറെ ഫിഖ്ഹ് അക്കാദമിയും ലിംഗമാറ്റം സംബന്ധമായ ഫത്വകൾ നൽകിയിട്ടുണ്ട്. ദയൂബന്ദിലെ വൈസ് മുഫ്തിയായിരുന്ന സൈനുൽ ഇസ്ലാം ഖാസിമിയും ഇതു സംബന്ധമായി വിശദമായി ഫത്വ നൽകിയിരുന്നു. എന്നാൽ ഇവരെല്ലാം നൽകിയ ഫത്വകൾ, മനസ്സിൻറെ ചായ് വുകൾ അടിസ്ഥാനമാക്കി ലിംഗത്വത്തിനനുസരിച്ച് ശരീരത്തിൽ ഇടപെടാനുള്ളതായിരുന്നില്ല. മറിച്ച് ശാരീരികമായി പ്രശ്നങ്ങൾ ഉള്ളവർക്കുള്ള ഫത് വകളായിരുന്നു. അതായത്, ട്രാൻസുകൾക്ക് മനസ്സിനനുസരിച്ച് ശരീരത്തിൽ ഇടപെടാം എന്നായിരുന്നില്ല. മറിച്ച് ആണിൻറേയം പെണ്ണിൻറേയുംലൈംഗികാവയവത്തോടെ ജനിച്ചവർ, രണ്ടുമില്ലാതെ ദ്വാരം മാത്രം ഉള്ളവർ, ആണിൻറെയും പെണ്ണിൻറെയും ലൈംഗികാവയവും ഒരുപോലെ ഉണ്ടാവുകയും രണ്ടും പ്രവർത്തനക്ഷമമാവുകയും ചെയ്തതിനാൽ ലിംഗം തീരുമാനിക്കാൻ സാധ്യമല്ലാത്തവർ എന്നിവർക്കായിരുന്നു. ഇവരെ ഖുൻസഎന്നാണ് ഇസ്ലാമിക നിയമഗ്രന്ഥങ്ങൾ പരിചയപ്പെടുത്തുന്നത്. ആണിൻറെയും പെണ്ണിൻറെയും ലൈംഗികാവയവത്തോടെ ജനിക്കുകയും അതിൽ ഏതെങ്കിലുമൊന്ന് പ്രവർത്തനക്ഷമമാവുകയും ചെയ്താൽ പ്രവർത്തനക്ഷമമല്ലാത്തതിനെ ശസ്ത്രക്രിയ ചെയ്ത് ഒഴിവാക്കാം.രണ്ടും പ്രവർത്തനക്ഷമമാവുകയും പ്രായപൂർത്തിയാവുന്നതോടെ ഏതെങ്കിലും ഒരു ലിംഗത്തിൻറെ സ്വഭാവം കൈവരിക്കുകയും (സ്തനവളർച്ച, മീശ) ചെയ്താൽ അതിനോട് ചേരുന്ന അവയവം നിലനിർത്തി ചേരാത്തത് ഒഴിവാക്കാനും ചികിത്സ ആവാം. ഈ ഇനത്തിൽ പെട്ട സർജറിയെയാണ് സുന്നി പണ്ഡിതർ പൊതുവെ താത്വികമായും പ്രായോഗികമായും അംഗീകരിച്ചിട്ടുള്ളത്.

എന്നാൽ ശിയാ പാരമ്പര്യത്തിൽ കാര്യങ്ങൾ വ്യത്യസ്തമാണ്. 1967 ൽ ലിംഗമാറ്റശസ്ത്രക്രിയ ആവാമെന്നും സർജറിയിലൂടെ ലിംഗത്തെ മാറ്റാമെന്നും ആയത്തുല്ലാ ഖുമൈനി ഫത് വ നൽകിയിരുന്നു. ഇത് അടിസ്ഥാനപ്പെടുത്തി ഇറാനിലെ നീതിമന്ത്രാലയവും ലിംഗമാറ്റം അംഗീകരിച്ചിരുന്നു. എന്നാൽ പിന്നീട്ഇക്കാര്യത്തിൽ അഭിപ്രായപ്രകടനം നടത്തിയ പ്രമുഖ ശിയാ പണ്ഡിതനായ ആയത്തുല്ലാ ജഅ്ഫർ സുബ്ഹാനി സുന്നീ നിലപാടിനെയാണ് പിന്തുണച്ചത്[i]

I- ഇൻറർസെക്സ്

നൂറ്റാണ്ടുകൾ പഴക്കമുള്ള ഇസ്ലാമിക നിയമഗ്രന്ഥങ്ങളിൽ പോലും ഖുൻസ എന്ന പേരിൽ വിശദമായി പരാമർശിക്കപ്പെട്ട വിഭാഗമാണ് ഇൻറർ സെക്സ്.മിശ്ര ലിംഗമെന്ന് പരിഭാഷപ്പെടുത്താം. ഏത് ലിംഗമാണെന്ന് തീരുമാനിക്കാനുള്ള ശാരീരിക അവയവങ്ങള്‍ രണ്ടു ലിംഗത്തിന്റേതും ഉള്ളവരോ ഒന്നും ഇല്ലാത്തവരോ ആണ് ഇവര്‍. ഇവരെ സ്ത്രീ-പുരുഷന്‍ എന്നതിലെ ഏതെങ്കിലും ഒരു വിഭാഗത്തിലേക്ക് ചേര്‍ക്കാവുന്നതാണ്. ഇത്തരത്തില്‍ ലോകത്ത് വളരെ കുറഞ്ഞ പേര്‍ മാത്രമേ ജനിക്കുന്നുള്ളൂ എന്നും അവരില്‍ തന്നെ ഭൂരിഭാഗവും ഉപയോഗ ശൂന്യമായ അവയവയം മുറിച്ച് മാറ്റി, ആണോ പെണ്ണോ ആയി തന്നെയാണ് ജീവിതം നയിക്കുന്നത് എന്നും വൈദ്യശാസ്ത്രരേഖകള്‍ പറയുന്നു. വിശുദ്ധ ഖുർആനിൽ നാൽപ്പത്തി രണ്ടാം അധ്യായത്തിൽ ഇവരെക്കുറിച്ച് സൂചനയുണ്ട്:

“ഭുവന-വാനങ്ങളുടെ രാജാധിപത്യം അല്ലാഹുവിന്നാണ്; താനുദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. താനുദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പെണ്‍മക്കളെയും മറ്റു ചിലര്‍ക്ക് ആണ്‍മക്കളെയും കനിഞ്ഞേകുന്നു; അല്ലെങ്കില്‍ ആണും പെണ്ണും കലര്‍ത്തിക്കൊടുക്കും; ഉദ്ദേശിക്കുന്നവരെ വന്ധ്യരുമാക്കും. അവന്‍ എല്ലാം അറിയുന്നവനും സര്‍വശക്തനുമാകുന്നു” (42:49-50).ഈ സൂക്തത്തിലെ ആണും പെണ്ണും കലർത്തിക്കൊടുക്കും എന്ന പ്രയോഗം മിശ്ര ലിംഗക്കാരെ ക്കുറിച്ചാണ് എന്ന് ഇമാം ഖുർത്വുബിയടക്കം അർഥശങ്കക്കിടയില്ലാതെ പറഞ്ഞിട്ടുണ്ട്.

ഇത്തരക്കാരെ കുറിച്ചുള്ള നിയമങ്ങൾ വിശദമായി താഴെ വായിക്കാവുന്നതാണ്.

https://islamonweb.net/ml/fatwa-on-web/Others/8-9206

ചുരുക്കത്തിൽ, ജന്മനായുള്ള അവയവങ്ങളെ നോക്കിയാണ് ആണും പെണ്ണും തീരുമാനിക്കപ്പെടേണ്ടത്. അവയില്‍ അപൂര്‍ണ്ണതകളോ പ്രശ്നങ്ങളോ വരുന്നിടത്ത് ശാരീരികമായി തന്നെ ചികില്‍സിക്കേണ്ടതാണ്. അതേസമയം, ശാരീരികമായി പ്രശ്നങ്ങളൊന്നും  ഇല്ലാതിരിക്കുകയും പ്രശ്നങ്ങള്‍ മനസ്സിനാവുകയും ചെയ്യുമ്പോള്‍ ചികില്‍സനടത്തേണ്ടത് ശരീരത്തിനല്ല, മറിച്ച് മനസ്സിനാണ്.  സമൂഹത്തോടും വ്യക്തികളുടെ ഭാവി ജീവിതത്തോടും പ്രതിപത്തിയുള്ളവര്‍ക്ക് ഈ നിലപാട് സ്വീകരിക്കാനേ സാധിക്കൂ. ഇസ്‍ലാമും അത് തന്നെയാണ് മുന്നോട്ട് വെക്കുന്നത്.

ഇസ്‍ലാമിൽ ജനനേന്ദ്രിയമാണ് ജെൻഡര്‍ നിർണയിക്കാനുള്ള മാനദണ്ഡം. അഥവാ, ജീവശാസ്ത്രപരമായ ലിംഗത്തിന് അനുസരിച്ചാണ് ലിംഗത്വം തീരുമാനിക്കേണ്ടത്. ട്രാൻസ്‍കൾക്കു ശാരീരികമായി പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടാവാറില്ല. ലിംഗോദ്ധാരണം വരെ സാധ്യമായ പുരുഷന്മാരായിരിക്കെ, സ്ത്രീകളുടെ ലിംഗബോധം ഉള്ള ട്രാൻസ്കളെ (എംടുഎഫ്) നമുക്ക് കാണാൻ കഴിയും.  അവർ അനുഭവിക്കുന്ന വേദനയും ഒറ്റപ്പെടലും അതിതീവ്രമാണ്. അവരെ ചേർത്തു പിടിക്കുകയും മാനസികമായ പിന്തുണ നൽകുകയും, ചികിത്സാ മാർഗങ്ങൾ ആരായുകയും ചെയ്യേണ്ട ബാധ്യത സമൂഹത്തിലെ ഓരോ വ്യക്തിക്കുമുണ്ട്, സ്വസഹോദരന്റെ വേദനകള്‍ അകറ്റുന്നത് ധര്‍മ്മമാണെന്ന നിലയില്‍ മുസ്‍ലിമിന് വിശേഷിച്ചും ആ ബാധ്യയുണ്ട്.  അത്തരമൊരു പിന്തുണ ലഭ്യമാകാത്തത് കൊണ്ടാണ് അവർ മനസ്സിന് അനുസരിച്ച് ശരീരം കീറിമുറിക്കുന്നത് മാത്രമേ പരിഹാരമുള്ളൂ എന്ന് വാദിക്കുകയും, പ്രായപൂർത്തി പോലും ആവാത്ത കുട്ടികളെ താൻ ആണാണോ പെണ്ണാണോ എന്ന ആശയക്കുഴപ്പത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്ന ജെൻഡർ ആക്ടിവിസ്റ്റുകളുടെ വലയിൽ പോയി വീഴുന്നത്. ഈ പ്രത്യേക സാഹചര്യത്തിൻറെ അപകടങ്ങൾ മനസ്സിലാക്കുകയും ജെൻഡർ ഡിസ്ഫോറിയ അനുഭവിക്കുകയും മറ്റു പ്രയാസങ്ങൾ അനുഭവിക്കുന്നവരെ ചേർത്തുനിർത്തലും അതിനുവേണ്ടിയുള്ള പദ്ധതികൾ ആവിഷ്കരിക്കലും മുസ്ലിംകളുടെ മേൽ ബാധ്യതയുള്ള കാര്യമാണ്.

[i]Mubeen Vaid and Waheed Jensen, And the Male is not like the Female: Sunni Islam and Gender non-conformity, Part 2

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter