ലക്ഷദ്വീപ്: ഫണം വിടര്‍ത്തുന്ന ഫാസിസം
സ്‌നേഹവും ആര്‍ദ്രതയും നിറഞ്ഞ വിശാലമനസ്‌കരായ ആളുകള്‍ ശാന്തി സമാധാനത്തോടെ, സ്‌നേഹ സൗഹാര്‍ദത്തോടെ ജീവിക്കുന്ന നാടാണ് ലക്ഷദ്വീപ്. മണ്ണും വിണ്ണും തെളിമയുള്ള, പവിഴപ്പുറ്റുകള്‍ നിറഞ്ഞ പ്രകൃതി രമണീയമായ ഈ മണ്‍തുരുത്തിലെ പുതിയ സാഹചര്യം ഏറെ ഭീതിദവും ആശങ്കാജനകവുമാണ്.
ആതിഥ്യമര്യാദയില്‍ പേരും പെരുമയും ആര്‍ജിച്ചവരാണ് ദ്വീപുകാര്‍. പതിറ്റാണ്ടു മുന്‍പ് ആദ്യമവിടം സന്ദര്‍ശിച്ചപ്പോള്‍ ബോധ്യമായതാണിത്. ഏതു അപരിചിതരെയും ഇരുകൈനീട്ടി സ്വീകരിക്കാനും വയറും മനസ്സും നിറച്ച് സംതൃപ്തരായി യാത്രയയക്കാനും സദാസന്നദ്ധരാണവര്‍. സാംസ്‌കാരിക-പൈതൃക പാരമ്പര്യമുള്ള ദ്വീപുകാര്‍ക്കിടയില്‍ അശാന്തി സൃഷ്ടിക്കാനും അവരുടെ വിശ്വാസവും ആചാരവും ഉച്ചാടനം ചെയ്യാനുമുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. അതിനിഗൂഢവും ആസൂത്രിതവുമായ ഫാസിസ്റ്റ്-സംഘ്പരിവാര്‍ അജണ്ട നടപ്പിലാക്കി കച്ചവട താത്പര്യങ്ങളുടെയും ടൂറിസ്റ്റ വ്യവഹാരങ്ങളുടെയും വിളനിലമാക്കാനാണ് ഭരണകൂടത്തിന്റെ ശ്രമം.
പൂര്‍വ ചരിത്രം
ഇന്ത്യയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത്, കേരളത്തിന്റെ പടിഞ്ഞാറ്, മാലിദ്വീപുകള്‍ക്ക് വടക്കായി അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന ലക്ഷദ്വീപിന്ന് 1973-ലാണ് ഔദ്യോഗികമായി ആ നാമകരണം ചെയ്തത്. ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിന്റെ ആകെ വ്‌സ്തൃതി 32 ചതുരശ്ര കിലോമീറ്റര്‍. 36 ദ്വീപുകള്‍ ഉള്‍പെടുന്നതാണെങ്കിലും വെറും 10 ദ്വീപിലാണ് പ്രധാനമായും ജനവാസമുള്ളത്. മൂന്നിലൊന്നു സര്‍ക്കാര്‍ ഭൂമിയാണ്. 2.5 ചതുരശ്ര കിലോമീറ്റര്‍ മുതല്‍ 4.66 ച.കിലോമീറ്റര്‍ വരെ മാത്രമാണ് ഇവയില്‍ ഓരോന്നിന്റെയും വിസ്തൃതി. ബി.സി 10,000 ന്‍ മുന്‍പ് തന്നെ ഇവിടെ ദ്വീപുകള്‍ നിലവിലുണ്ടായിരുന്നുവെന്നാണ് ചരിത്രം. റോമക്കാര്‍ മലബാറുമായി കച്ചവടം നടത്തിയിരുന്ന കാലത്ത് ലക്ഷദ്വീപ് വഴിയാണ് യാത്രചെയ്തിരുന്നത്. എ.സി ആറാം നൂറാണ്ടില്‍ ബുദ്ധമതക്കാര്‍ ഇവിടം താമസിച്ചിരുന്നുവെന്നും രേഖകളിലുണ്ട്.
എ.സി 662-ലാണ് ഇസ്‌ലാം മത പ്രബോധനാര്‍ത്ഥം ഹസ്രത്ത് ഉബൈദുല്ല ബ്‌നു മുഹമ്മദ് അമിനി ദ്വീപിലെത്തുന്നത്. വിവിധ ദ്വീപുകളില്‍ ചെന്ന് അദ്ദേഹം പ്രബോധനം നടത്തുകയും പള്ളികള്‍ സ്ഥാപിക്കുകയും ചെയ്തു. എ.സി 1050-ല്‍ ചിറക്കല്‍ ഭരണത്തിലെ കോലത്തിരി രാജാവ് തന്റെ പ്രതിനിധിയെ കണ്ണൂരും ലക്ഷദ്വീപും ഭരിക്കാന്‍ എല്‍പിച്ചു. 1183-ലാണ് അറക്കല്‍ രാജവംശത്തിനു കീഴിലാകുന്നത്. പോര്‍ച്ചുഗീസുകാരുടെ അധിനിവേശകാലത്ത് നിരവധി തവണ ദ്വീപുവാസികള്‍ക്കെതിരെ അക്രമണങ്ങളണ്ടായി. വിവിധ കാലഘട്ടങ്ങളില്‍ ദ്വീപുവാസികളില്‍ നിന്നു പറങ്കികള്‍ക്കു പ്രത്യാക്രമണങ്ങളും നേരിടേണ്ടിവന്നിട്ടുണ്ട്.
1787-ലാണ് ദ്വീപുകളുടെ അധികാരം അറക്കല്‍ കുടുംബം ടിപ്പുസുല്‍ത്താന് കൈമാറിയത്. എന്നാല്‍, 1799-ല്‍ ടിപ്പുസുല്‍ത്താന്റെ മരണത്തോടെ ദ്വീപുകള്‍ ബ്രിട്ടീഷ് ആധിപത്യത്തിലായി. പിന്നീട് അറക്കല്‍ രാജാവിനെ അവര്‍ ഭരണച്ചുമതല ഏല്‍പിച്ചു. 1875 ല്‍ മലബാര്‍ കലക്ടര്‍ ദ്വീപുകളില്‍ എക്‌സിക്യൂട്ടീവ് ഭരണം തുടങ്ങി. 1912 ലാണ് ദ്വീപ് റെഗുലേഷന്‍ ആക്ട് നിലവില്‍ വന്നത്. 1947-ല്‍ ഇന്ത്യ സ്വതന്ത്രമായതോടെ ലക്ഷദ്വീപ് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായി. 1956 ലാണ് കേന്ദ്രഭരണ പ്രദേശമായത്. 1967 ല്‍ പി.എം. സഈദ് ദ്വീപിലെ തെരഞ്ഞെടുക്കപ്പെട്ട പ്രഥമ പാര്‍ലിമെന്റ് മെംബറായി.
ഭാഷയും സംസ്‌കാരവും
കേരളീയരുമായി വംശീയമായും സാംസ്‌കാരിമായും സാദൃശ്യ സ്വഭാവമുള്ളവരാണ് ദ്വീപ് നിവാസികള്‍. പൗരാണിക കാലം തൊട്ടേ കേരളക്കരയുമായി സവിശേഷ ബന്ധം പുലര്‍ത്തിയവരാണവര്‍. കേരളത്തിന്റെ തെക്കുപടിഞ്ഞാറ് തീരത്തുനിന്ന് 200 മുതല്‍ 400 കി.മി വരെ മാറി അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന ദ്വീപുസമൂഹമാണ് ലക്ഷദ്വീപ്. അഗത്തി, അമിനി, ആന്ത്രോത്ത്, ബിത്ര, ചെത്ത്‌ലത്ത്, കടമത്ത്, കവരത്തി, കല്‍പേനി,കില്‍ത്താന്‍, മിനിക്കോയ് തുടങ്ങിയ ദ്വീപുകളിലാണ് ജനവസാമുള്ളത്. ബംഗാരം എന്ന ദ്വീപ് ടൂറിസ്റ്റ് കേന്ദ്രമാണ്. ദ്വീപിലെ 99 ശതമാനം ജനങ്ങളും മുസ്‌ലിംകളാണ്. ജസ്‌രി, മഹല്‍ ഭാഷകള്‍ സംസാരിക്കുന്നവരുമുണ്ട്. മാലിദ്വീപിനോട് ചേര്‍ന്ന് നില്‍ക്കുന്ന മിനിക്കോയ് ദ്വീപില്‍ മഹലാണ് സംസാരിക്കുന്നത്. ജസ്‌രി വെറും സംസാര ഭാഷ മാത്രമാണെങ്കിലും മഹല്‍ ഭാഷക്ക് സ്വന്തമായ ലിപിയുമുണ്ട്.
മലബാറിലെ മാപ്പിള സമൂഹത്തിന്റെ ജീവിത രീതികളും സംസ്‌കാരങ്ങളം പിന്തുടരുന്ന ദ്വീപുനിവാസികളെ പ്രത്യേക പരിരക്ഷയുള്ള പട്ടിക വര്‍ഗ വിഭാഗമായിട്ടാണ് ഗണിക്കുന്നത്. മത്സ്യബന്ധനവും കേര കൃഷിയുമാണ് പ്രധാനവരുമാന മാര്‍ഗം. മദ്യം, മയക്കുമരുന്ന്, മോഷണം, കുറ്റകൃത്യങ്ങള്‍ എന്നിവ തീരെയില്ലാത്ത പ്രദേശം കൂടിയാണിത്. ജീവിത വ്യവഹാര മേഖലകളില്‍ ലളിതമാര്‍ഗം കൈകൊള്ളുന്ന ദ്വീപുസമൂഹത്തിന്റെ ചരിത്രവും പാരമ്പര്യവും അത്യപൂര്‍വമെന്നാണ് വിശേഷിപ്പിക്കാറുള്ളത്.
വിവാദങ്ങളുടെ നാള്‍വഴികള്‍
മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ദിനേശ്വര്‍ ശര്‍മയുടെ മരണത്തെത്തുടര്‍ന്ന,് കേന്ദ്ര ഭരണ പ്രദേശങ്ങളായ ദാദ്ര നഗര്‍ ഹവേലി, ദാമന്‍ ദിയു എന്നിവയുടെ അഡ്മിനിസ്‌ട്രേറ്ററായ പ്രഫുല്‍ ഖോഡെ പട്ടേലിനു ലക്ഷദ്വീപിന്റെ അധികച്ചുമതല നല്‍കിയത് മുതലാണ് ദ്വീപില്‍ വിവാദങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും സമീപസ്ഥനും ഗുജറാത്ത് മുന്‍ അഭ്യന്തര സഹമന്ത്രിയുമായ പട്ടേലിന്റെ നിയമനം ദ്വീപില്‍ സംഘ്പരിവാര്‍ അജണ്ട നടപ്പിലാക്കാനുള്ള നീക്കമാണെണ ആരോപണം വ്യാപകമായുണ്ടായി. ചുമതല ഏറ്റെടുത്തതിനു പിന്നാലെ വിവാദം നിറഞ്ഞ പല നിയമനങ്ങളും നീക്കങ്ങളും പ്രഫുല്‍ പട്ടേല്‍ നടത്തി. അതോടെ ലക്ഷദ്വീപിനെ മറ്റൊരു കാശ്മീരാക്കാന്‍ വിട്ടുകൊടുക്കരുതെന്ന മുറവിളികള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞു. ദേശീയ അന്തര്‍ദേശീയ തലങ്ങളിലേക്ക് വരെ പ്രതിഷേധങ്ങള്‍ വ്യാപിച്ചിരിക്കുകയാണിപ്പോള്‍. രാജ്യത്തെ മതേതര സമൂഹം വിവിധ മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തി ശക്തമായ പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നു.
ദ്വീപ് ജില്ലാ പഞ്ചായത്തിന്റെ അധികാരങ്ങള്‍ വെട്ടിക്കുറച്ച് അഡ്മിനിസ്‌ട്രേറ്റര്‍ തന്നെ പ്രമുഖ വകുപ്പുളുടെയെല്ലാം ചുമതല ഏറ്റെടുത്തു, കരാര്‍ ജീവനക്കാരെ പിരിച്ചുവിട്ടു, മദ്യവിരുദ്ധ മേഖലയായ ദ്വീപില്‍ ടൂറിസത്തിന്റെ പേരില്‍ മദ്യം അനുവദിച്ചു, ഗോവധന നിരോധനം ഏര്‍പ്പെടുത്തി, സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഉച്ചഭക്ഷണ മെനുവില്‍ നിന്ന് മാംസം ഒഴിവാക്കി, കുറ്റ കൃത്യനിരക്ക് ഏറ്റവും കുറവുള്ള ദ്വീപില്‍ ഗുണ്ടാആക്ട് ഏര്‍പെടുത്തി, 2 മക്കളില്‍ കൂടുതലുള്ളവര്‍ക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്നതിനു വിലക്കേര്‍പ്പെടുത്തി.. ഇങ്ങനെ ഒട്ടേറെ വിവാദ നടപടികളാണ് പട്ടേലിനെതിരെയുള്ള പ്രധാന ആരോപണങ്ങള്‍.
രാജ്യത്തിന്റെ നിയമ സംവിധാനം പോലും പ്രത്യേക പരിരക്ഷയും സുരക്ഷയും കല്‍പിച്ച ദ്വീപുസമൂഹത്തെ ഇല്ലായ്മ ചെയ്യാനും ടൂറിസ്റ്റ് കച്ചവട ലോബികള്‍ക്കും ബിസിനസ് ബിനാമികള്‍ക്കും തീറെഴുതി നല്‍കാനുമുള്ള ഗൂഢനീക്കമാണ് ഇതിനു പിന്നില്‍. മുസ്‌ലിം പാരമ്പര്യവും പൈതൃകവും കാത്തുസൂക്ഷിക്കുകയും മതകീയ-ധാര്‍മിക അന്തരീക്ഷത്തില്‍ ജീവിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ സാംസ്‌കാരിക അധഃപതനത്തിലേക്ക് തള്ളിനീക്കാനും അതുവഴി അരാജത്വം സൃഷ്ടിച്ചെടുക്കാനുമുള്ള ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ഒളിയജണ്ടകളാണ് ഇതിനു പിന്നില്‍ എന്ന് ന്യായമായും സംശയിക്കേണ്ടതുണ്ട്. ലോക സഞ്ചാരികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കണമെന്ന് ചിന്തിക്കുകയും മാലിദ്വീപു പോലെ ടൂറിസത്തില്‍ വന്‍ സാമ്പത്തികനേട്ടം സ്വപ്‌നംകാണുകയും ചെയ്യുന്ന ഭരണകൂടം പ്രത്യേക സംരക്ഷണം നല്‍കപ്പെടേണ്ട ഒരു പട്ടിക വിഭാഗത്തിന്റെ ജീവിതവും സമ്പാദ്യവും കൊള്ളയിടിക്കാനുള്ള ശ്രമങ്ങളാണിപ്പോള്‍ നടത്തികൊണ്ടിരിക്കുന്നത്.
അശാസ്ത്രീയവും ദുരൂഹവും വിവാദപരവുമായ വിചിത്ര നടപടികളും ഉത്തരവുകളുമാണ് ദ്വീപില്‍ അഞ്ചുമാസമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ദ്വീപുസമൂഹത്തിനിടയില്‍ സമഗ്രാധിപത്യമുണ്ടാക്കി, പ്രതികരിക്കാനും പ്രതിഷേധിക്കാന്‍ പോലും ഇടം നല്‍കാത്തവിധം അവരെ നിശ്ശബ്ദരാക്കാനുള്ള നീക്കങ്ങളും നടക്കുന്നു. സര്‍ക്കാറിനു കീഴില്‍ വിവിധ വകുപ്പുകളില്‍ ജോലിചെയ്യുന്ന താത്കാലിക ജീവനക്കാരെ പിരിച്ചുവിടുക, മത്സ്യത്തൊഴിലാളികുളടെ ഷെഡുകള്‍ പൊളിക്കുക, സബ്‌സിഡി നിര്‍ത്തലാക്കുക, കപ്പലുകള്‍ ഷിപ്പിംഗ് കോര്‍പറേഷനു കൈമാറുക, വികസനത്തിന്റെ പേരുപറഞ്ഞ് പാവങ്ങളുടെ കിടപ്പാടങ്ങളും തുണ്ട് ഭൂമികളും തട്ടിയെടുത്ത് നിരാശ്രയരാക്കുക, പൊതുമേഖകളില്‍ സ്വകാര്യവത്കരണം നടത്തുക, ആരോഗ്യ ഇന്‍ഷൂറന്‍സ്, പ്രത്യേക മെഡിക്കല്‍ സേവനം എന്നിവ നിര്‍ത്തലാക്കുക, കപ്പല്‍ ടിക്കറ്റ്, വൈദ്യുതി നിരക്ക് എന്നിവ വര്‍ധിപ്പിക്കുക തുടങ്ങിയ മനുഷ്യത്വരിഹിതമായ ഉത്തരവുകളിലൂടെ ഒരു സമൂഹത്തെ നിഷ്‌കാസനം ചെയ്യുന്നതിനുള്ള പൈശാചിക പ്രവൃത്തികളാണിപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
ദ്വീപുകാരുടെ കൈവശമുള്ള ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ പോകുന്നു എന്നതാണ് ഏറെ അപകടകരമായ പുതിയ നീക്കം. ഭൂമി ഏറ്റെടുത്തതിന് ശേഷം ജനങ്ങള്‍ക്ക് ഒരു പ്രത്യേക പെര്‍മിറ്റ് നല്‍കി താമസിക്കാനുള്ള അനുവാദം നല്‍കുന്നു. കൃത്യസമയത്ത് പെര്‍മിറ്റ് പുതുക്കിയില്ലെങ്കില്‍ ഭാരിച്ച പിഴചുമത്തി അവരുടെ നട്ടെല്ലൊടിക്കാനും പ്രതിഷേധിച്ചാല്‍ തുറങ്കിലടക്കാനമുള്ള കരിനിയമങ്ങളാണ് പാസാക്കിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതെല്ലം ദേശസൂരക്ഷയുടെ ഭാഗമായി നടപ്പിലാക്കുന്ന നീക്കങ്ങളാണെന്നാണ് അഭ്യന്തര മന്ത്രാലയത്തിന്റെ ന്യായീകരണം. മയക്കുമുരുന്നിനും ആയുധ കൈമാറ്റത്തിനും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും ഇടത്താവളമായി ലക്ഷ്ദ്വീപ് മാറുന്നുണ്ടെന്നും അതിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളാണ് ഇത്തരം നടപടികള്‍ക്കു പിന്നിലെ ഹേതുകമെന്നുള്ള കല്ലുവെച്ച നുണയാണ് ഭരണകൂടത്തിന്റെ പ്രതിപാദനം. ഫിഷറീസ്, ഡയറി ഫാം, അഗ്രികള്‍ച്ചര്‍,ടൂറിസം, വ്യവസായം, ഉദ്യോഗം തുടങ്ങി ജനജീവിത മേഖലകളൊക്കെ ഫാസിസ്റ്റ് ചൊല്‍പടിയിലാക്കിക്കൊണ്ടിരിക്കുകയാണിപ്പോള്‍.
പ്രതിഷേധങ്ങളുടെ രീതികള്‍
ഒരു പ്രത്യേക മതവിഭാഗത്തിനു നേരെയുള്ള നീക്കങ്ങളാണിതെന്നു വിലയിരുത്തി അത്തരം പ്രതിഷേധരീതികളും സമരങ്ങളുമല്ല നാം ആസൂത്രണം ചെയ്യേണ്ടത്. ജനാധിപത്യ ധ്വംസനം നടത്തുന്ന ഭരണകൂടത്തിനെതിരെ മതേതര ജനാധിപത്യ രീതിയിലുള്ള പോരാട്ടങ്ങള്‍ക്ക് നാം നീക്കങ്ങള്‍ നടത്തണം. കക്ഷി രാഷ്ട്രീയ മത സംഘടനാ വ്യത്യാസങ്ങളേതുമില്ലാതെ, ജനീകയ പോരാട്ടങ്ങള്‍ക്കു രാജ്യം സാക്ഷിയാവണം. ശക്തമായ നിയമപോരാട്ടങ്ങളും ശ്രമങ്ങളുമുണ്ടാകണം. അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന പിന്നോക്ക പട്ടിക വിഭാഗങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ ശക്തമായ പ്രതിഷേധങ്ങളും അലയടിക്കണം.
ആര് എങ്ങനെയൊക്കെ പ്രതിഷേധിച്ചാലും എതിര്‍ത്താലും അഡ്മിനിസ്‌ട്രേറ്ററെ പിന്‍വലിക്കില്ലെന്നും ഇത്തരം നിയമങ്ങളുമായി മുന്നോട്ടുതന്നെ പോകുമെന്നുമുള്ള ധാര്‍ഷ്ട്യം നിറഞ്ഞ പ്രസ്താവം ഈ അവസാന വരികളെഴുതുമ്പോള്‍ ഇന്ദ്രപ്രസ്ഥത്തില്‍ നിന്നു പുറത്തുവന്നിരിക്കുന്നു. കൂടാതെ, കവരത്തിയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള വടക്കേ പള്ളി എന്ന് അറിയപ്പെടുന്ന മസ്ജിദ് പൊളിച്ചു നീക്കാൻ അധികൃതർ ആവശ്യപ്പെട്ടിരിക്കുകയാണ്. കോവിഡ് ബാധിച്ചു മരിച്ച പരശ്ശതം പേരുടെ മൃതദേഹങ്ങള്‍ ഗംഗയിലും മറ്റുമൊഴുകുകയും നായ്ക്കള്‍ കടിച്ചുകീറുകയും ചെയ്യുന്നതോ ആറുമാസമായി മൂക്കിന് താഴെ കര്‍ഷകര്‍ സമരം നടത്തിക്കൊണ്ടിരിക്കുന്നതോ കാണാത്ത ഭരണകൂടം ഈ ദ്വീപുദുരന്തവും കാണാതെ പോകുമോ?
തയ്യാറാക്കിയത്:ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി
കടപ്പാട് സുപ്രഭാതം
Leave A Comment