ഇനി പരീക്ഷാ കാലമാണ്, നമുുക്കും ഒന്ന് നിയന്ത്രിക്കാം

കുട്ടികളെല്ലാം പരീക്ഷാ ചൂടിലേക്ക് നീങ്ങുകയാണ്. സ്കൂളുകളിലും അത് കഴിഞ്ഞാലുടന്‍ മദ്റസകളിലും പരീക്ഷകളാണ് ഇനി വരുന്നത്. ഏകദേശം ഏപ്രില്‍ പകുതിയോടെയേ ഇനി പരീക്ഷകള്‍ അവസാനിക്കൂ. കുട്ടികളെല്ലാം നന്നായി പഠിക്കണമെന്നും ഉയര്‍ന്ന മാര്‍ക് വാങ്ങണമെന്നും ആഗ്രഹിക്കാത്ത രക്ഷിതാക്കളില്ല. തങ്ങളുടെ നാട്ടിലെ സ്ഥാപനം നൂറ് മേനി വിജയം കൊയ്യണമെന്ന് ആശിക്കാത്ത നാട്ടുകാരുമില്ല. 

എന്നാല്‍, പരീക്ഷ കഴിഞ്ഞ് ഉയര്‍ന്ന മാര്‍ക് നേടുന്നവരെ ആശംസിക്കാനും അംഗീകാരങ്ങളുടെ പൂമാലകള്‍ ചാര്‍ത്താനും മല്‍സരിക്കുന്ന നാം, അതിന് മുമ്പ് ആവശ്യമായ സാഹചര്യങ്ങളും പരിസരങ്ങളും ഒരുക്കേണ്ടത് കൂടിയില്ലേ. മൈകും ബോക്സും ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്, ചിലപ്പോഴെങ്കിലും അത് പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നു എന്നതും പറയാതിരുന്നുകൂടാ. 
മതപരവും രാഷ്ട്രീയവുമായി രൂപം കൊണ്ട വിവിധ സംഘടനകളും പാര്‍ട്ടികളും പ്രസ്ഥാനങ്ങളും ഇന്ന് അനേകമാണ്. അവയെല്ലാം അവരുടെ സാന്നിധ്യമറിയിക്കാനും പ്രചാരണത്തിനും ഉപയോഗിക്കുന്നത് മൈകും സൌണ്ടും തന്നെ. ഖണ്ഡനമണ്ഡനങ്ങളിലും ആദര്‍ശപ്രചാരണങ്ങളിലും ഇത് കൂടിക്കൂടി വരുന്നു. വളരെ ശാന്തവും സ്വഛന്ദവുമായി നടത്തേണ്ട, പ്രാര്‍ത്ഥനാസദസ്സുകളും ദിക്റ് ഹല്‍ഖകള്‍ പോലും ഇന്ന് ആധുനിക ശബ്ദോപാധികളോടെയാണ് പലപ്പോഴും നടക്കുന്നത്, ആളുകളുടെ എണ്ണം കൂടുന്ന മുറക്ക് എല്ലാവരെയും കേള്‍പ്പിക്കാന്‍ ചിലപ്പോഴൊക്കെ അത് ആവശ്യമാണെന്നത് സത്യം തന്നെ.
എന്നാല്‍, ഇത്തരം ശബ്ദമുഖരിതമായ പരിപാടികളെല്ലാം തല്‍ക്കാം വരുന്ന ഒന്നര മാസത്തേക്കെങ്കിലും നാം നിയന്ത്രിക്കേണ്ടിയിരിക്കുന്നു. പരീക്ഷക്ക് തയ്യാറാവുന്ന നമ്മുടെ മക്കള്‍ക്ക് വേണ്ടി ചെയ്യാനാവുന്ന വലിയൊരു സഹായമായിരിക്കും അത്. ബോധവല്‍ക്കരണങ്ങളും മതപ്രഭാഷണങ്ങളും പാര്‍ട്ടി പരിപാടികളുമൊക്കെ ഈ കാലയളവില്‍ നമുക്ക് ഇന്‍ഡോര്‍ ഹാളുകളിലൊതുക്കാം. ദിക്റും പ്രാര്‍ത്ഥനയുമെല്ലാം കൂട്ടായി ചെയ്യുമ്പോഴും, അത് അവിടെ കൂടിയവര്‍ മാത്രം കേള്‍ക്കുന്ന വിധം ശബ്ദം കുറച്ച് വെക്കാം. ഒന്നാലോചിച്ചാല്‍, എപ്പോഴും അത് അങ്ങനെത്തന്നെയാണല്ലോ ആവേണ്ടതും. ഉറങ്ങുന്നവന് ബുദ്ധിമുട്ടാവുന്ന പക്ഷം, തൊട്ടടുത്തിരുന്ന് ഉറക്കെ ഖുര്‍ആന്‍ പാരായണം ചെയ്യുന്നത്, അത് പള്ളിയിലാണെങ്കില്‍ പോലും നിഷിദ്ധമെന്ന് പഠിപ്പിച്ചതാണ് നമ്മുടെ മതം. ഖുര്‍ആനിനേക്കാള്‍ വലിയ എന്ത് ഉദ്ബോധനവും ദിക്റുമാണ് നമുക്കുള്ളത്. 
ആയതിനാല്‍, ഈ വരുന്ന ഏതാനും ദിവസങ്ങളിലെങ്കിലും നമുക്ക് സ്വയം നിയന്ത്രിക്കാം. അതില്‍ സംഘാടകര്‍ പ്രത്യേകതാല്‍പര്യം കാണിക്കട്ടെ, അതിന് വിരുദ്ധമായി നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ ഇക്കാര്യം അവരെ പ്രത്യേകം ഉണര്‍ത്തട്ടെ. അതിനൊന്നും തയ്യാറാവാതെ, പരീക്ഷാഫലം വരുമ്പോള്‍ വിജയികളെ അനുമോദിക്കാന്‍ മാത്രം മുന്നോട്ട് വരുന്ന സംഘടനകള്‍, ജാള്യത സ്വയം തിരിച്ചറിയട്ടെ.

#onweb campaign - പരീക്ഷകളുടെ മാര്‍ച്ച് 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter