ഐച്ചുമ്മത്ത തന്ന ഇറച്ചിയും പത്തിരിയും തിന്ന് ഞാനും പരീക്കുട്ടിയും വളർന്ന മണ്ണാണിത്; ഈ നാടിനു വേണ്ടി നമ്മൾ ഒരുമിച്ച് പോരാടും
ആലങ്കോട് ലീലാകൃഷ്ണൻ
നാമെല്ലാവരും ഈ മണ്ണിൽ ഒരുമിച്ച് ജീവിച്ചവരാണ്, ഒരേ ദുഃഖങ്ങൾ, ഒരേ സ്നേഹങ്ങൾ ഒരേ സങ്കടങ്ങൾ പങ്കുവെച്ചവരാണ്. ഞാൻ മതേതരത്വത്തിനു വേണ്ടി പ്രവർത്തിക്കുകയല്ല, മനുഷ്യന് വേണ്ടിയാണ് ഞാൻ പ്രവർത്തിക്കുന്നത്. എന്റെ അമ്മമ്മയും അയൽപക്കത്തുള്ള ഐച്ചുമ്മത്തയും ഒരേ പ്രായക്കാർ ആയിരുന്നു. എന്റെ സമപ്രായക്കാരനായ കുഞ്ഞാണി വല്യുമ്മ എന്ന് വിളിക്കുന്നത് കേട്ട് ഞാനും വല്യുമ്മ എന്ന് തന്നെയായിരുന്നു അവരെ വിളിച്ചിരുന്നത്.
ഐച്ചുമ്മയുടെ മകൾ ബീവി ഉമ്മയും എന്റെ അമ്മയും സമപ്രായക്കാരായിരുന്നു. ബീവി ഉമ്മയുടെ മകൻ പരീക്കുട്ടിയും ഞാനും സമപ്രായക്കാരായിരുന്നു. പരീക്കുട്ടിയെ മാപ്പിള സ്കൂളിൽ ചേർക്കാൻ വേണ്ടി കൊണ്ടുപോയപ്പോൾ സ്കൂളിലെ ഹെഡ്മാസ്റ്റർ ബാലൻ മാസ്റ്റർ ചോദിച്ചു, "കുട്ടിക്ക് വയസ്സെത്രയായി? ബീഉമ്മ പറഞ്ഞു, "വയസ്സ് എത്ര എന്ന് എനിക്കറിയില്ല, ഞാൻ രാവിലെ പെറ്റു, അമ്മൂമ്മ വൈകുന്നേരം പെറ്റു, വയസ്സൊക്കെ അമ്മൂമ്മക്കേ അറിയുകയുള്ളൂ" അങ്ങനെ അമ്മൂമ്മയോട് ചോദിച്ചാണ് പരീക്കുട്ടിയുടെ വയസ്സ് തീരുമാനിച്ച് സ്കൂളിൽ ചേർത്തത്.
ഒരു റമദാൻ കാലത്ത് കുഞ്ഞാണി എന്റെ അടുത്തുവന്നു അവന്റെ കൈ മണപ്പിച്ചു, നല്ല പ്രലോഭനമായ മണം! എന്റെ വീട്ടിൽ ഇല്ലാത്ത ഒരു മണമാണത്. ഇറച്ചിയും പത്തിരിയും തിന്ന മണമാണതെന്ന് അവൻ പിന്നീട് എന്നോട് പറഞ്ഞു. എന്റെ വീട്ടിൽ ഇത് കൊണ്ടു വരില്ല, കാരണം എന്റെ മുത്തച്ഛൻ ഒരു നമ്പൂതിരി ആയിരുന്നു, പക്ഷേ ഞാൻ നമ്പൂതിരി അല്ല. അങ്ങനെ ഒരു വ്യവസ്ഥയുണ്ടായിരുന്നു അക്കാലത്ത്. സംബന്ധം എന്ന ഒരു അസംബന്ധ വ്യവസ്ഥയായിരുന്നു അത്. നമ്പൂതിരി സംബന്ധമുള്ള വീട് ആയതുകൊണ്ട് എന്റെ വീട്ടിൽ മത്സ്യ മാംസാധികളൊന്നും കൊണ്ടുവരില്ല. പക്ഷേ ഞാൻ വീട്ടിൽ ചെന്ന് പറഞ്ഞു കുഞ്ഞാണി തിന്ന ഇറച്ചിയും പത്തിരിയും എനിക്കും തിന്നണം. എന്റെ കുട്ടിക്ക് എന്തുപറ്റി ഈശ്വരാ എന്ന് എന്റമ്മ നെഞ്ചത്തടിച്ച് നിലവിളിക്കാൻ തുടങ്ങി.
ഈ ബഹളം അയൽപക്കത്തുള്ള ഐച്ചുമ്മത്താ എങ്ങനെയോ അറിഞ്ഞു. ഒരു ദിവസം നോമ്പ് തുറ കഴിഞ്ഞതിനുശേഷം ഐച്ചുമ്മത്താ തട്ടം കൊണ്ട് ഒരു കുണ്ടൻ പിഞ്ഞാണം മറച്ചുപിടിച്ച് വീട്ടിലേക്ക് വന്നു. അമ്മയെ വിളിച്ചു, "കല്യാണിയമ്മേ, ഇങ്ങ് വരൂ" അടുത്തേക്ക് ചെന്ന് അമ്മയോട് അവർ പറഞ്ഞു, "നിങ്ങൾ തിന്നണമെന്നില്ല അവർക്ക് കൊടുത്തേക്കൂ, അതുകൊണ്ട് ഒന്നും സംഭവിക്കാൻ പോകുന്നില്ല". മത്സ്യ മാംസാദികൾ കൈകൊണ്ടു തൊടാത്ത എന്റെ അമ്മ ആ കുണ്ടൻ പിഞ്ഞാണിയിൽ നിന്ന് ഇറച്ചിയും പത്തിരിയും ഞങ്ങൾക്ക് വിളമ്പി തന്നു. വല്യുമ്മ വിളമ്പിത്തന്ന ഇറച്ചിയും പത്തിരിയും തിന്നാണ് ഞാൻ വളർന്നത്. എന്റെ ശരീരത്തിൽ ഇപ്പോഴും ആ ഇറച്ചിയും പത്തിരിയും ഉണ്ട്. കോഴിയിറച്ചി ദുർലഭമായ അക്കാലത്ത് നല്ല ഒന്നാന്തരം ബീഫ് കഴിച്ചാണ് ഞാൻ വളർന്നത്.
ബിജെപി സർക്കാർ ബീഫ് നിരോധിച്ചപ്പോൾ ഞാൻ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്, ഈ രാജ്യത്ത് ആർഎസ്എസ് അല്ല ബിജെപി അല്ല ദേവേന്ദ്രന്റെ അച്ഛൻ മുത്തുപ്പട്ടര് ബീഫ് നിരോധിച്ചാലും എനിക്ക് ബീഫ് വിലക്കാൻ ഒരാൾക്കും സാധിക്കുകയില്ല. അത് വീണ്ടും ഞാൻ ആവർത്തിക്കുകയാണ്. ഈ രാജ്യത്ത് ആർഎസ്എസ് അല്ല ബിജെപി അല്ല നരേന്ദ്ര മോദി അല്ല, അമിത് ഷാ അല്ല ആര് പൗരത്വഭേദഗതി നിയമം കൊണ്ടുവന്നാലും അതെന്നെ ബാധിക്കുകയില്ല, ജലീൽ ഭായിയുടെ തോളിലിട്ട കൈ ഞാൻ എടുക്കുകയില്ല, നമ്മൾ ഒരുമിച്ച് പോരാടും, മരിച്ചു വീണാലും, നമ്മൾക്ക് വേണ്ടി അല്ല, നമ്മുടെ മക്കൾക്ക് വേണ്ടി. ഇതിനേക്കാൾ ശാന്തിയും സമാധാനവും സംതൃപ്തിയുമുള്ള രാജ്യത്ത് നമ്മുടെ മക്കൾ വളർന്നു വരണം. ആഭ്യന്തര യുദ്ധം മൂലം സിറിയയിൽ നിന്ന് പാലായനം ചെയ്ത ലക്ഷക്കണക്കിന് ജനങ്ങളിൽ കടലിൽ മുങ്ങി മരിച്ച് തുർക്കി കടപ്പുറത്ത് അടിഞ്ഞ ആ കുഞ്ഞിന്റെ ചിത്രം എന്റെ മനസ്സിലുണ്ട്. ഒരു കുഞ്ഞും പലായനത്തിന്‍റെ പേരിൽ കൊലചെയ്യപ്പെടാത്ത ഒരു നാടിനു വേണ്ടി നമ്മൾ പോരാടും, നാം അതിജീവിക്കും.
Leave A Comment