സച്ചാർ കമ്മിറ്റിയിൽ വെള്ളം ചേർത്തത് ആരാണ്?
സച്ചാർ കമ്മിറ്റിയിൽ വെള്ളം ചേർത്തത് ആരാണ്?
മൻമോഹൻ സിംഗ് പ്രധാനമന്ത്രി ആയിരിക്കുമ്പോഴാണ് സച്ചാർ കമ്മിറ്റി രൂപീകരിക്കുന്നത്. ഇന്ത്യയിലെ മുസ്ലിം സമുദായത്തിലെ സാമൂഹ്യവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥ പരിശോധിക്കുന്നതിന് വേണ്ടിയാണ് സച്ചാർ കമ്മിറ്റിയെ നിയോഗിച്ചത്. ഇതിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം സച്ചാർ കമ്മിറ്റി ഇന്ത്യയിലെ മുസ്ലീങ്ങളുടെ വിഷയം പരിശോധിക്കാൻ വേണ്ടി മാത്രം രൂപീകരിച്ചിട്ടുള്ള സമിതിയാണ് എന്നുള്ളതാണ്. സച്ചാർ കമ്മിറ്റി ഏകദേശം 72 ഓളം ശുപാർശകൾ മുന്നോട്ടു വയ്ക്കുകയുണ്ടായി. അതിലൊന്നു മാത്രമാണ് മുസ്ലിം വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള സ്കോളർഷിപ്പ്. എന്നാൽ ഇത് വിവിധ സംസ്ഥാനങ്ങൾ നടപ്പിലാക്കണമെന്ന് ഉത്തരവ് കേന്ദ്ര ഗവൺമെൻറ് ഇറക്കിയപ്പോൾ കേരളത്തിൽ അത് നടപ്പിലാക്കുന്നതിന് പകരം ഒരു പാലോളി കമ്മിറ്റി രൂപീകരിച്ച് പരിശോധിക്കാനാണ് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി പാലോളി കമ്മിറ്റി കേരളത്തിൽ പലസ്ഥലത്തും മുസ്ലിം നേതാക്കളുമായി വിവിധ ചർച്ചകൾ സംഘടിപ്പിക്കുകയുണ്ടായി. അങ്ങനെയാണ് കോഴിക്കോട് സ്വപ്ന നഗരിയിൽ എല്ലാ മുസ്ലീം നേതാക്കന്മാരെയും പങ്കെടുപ്പിച്ച് ഒരു മഹാസമ്മേളനം സംഘടിപ്പിച്ചത്.ഉച്ചസമയത്ത് ഇമാമും ജമാഅത്തുമായി ളുഹർ നമസ്കാരം വരെ നടത്തി മുസ്ലിം സമുദായത്തിന് വേണ്ടി ഇടതുപക്ഷ ഗവൺമെൻറ് പലതും ചെയ്യാൻ പോകുന്നുവെന്ന ഒരു ധാരണയുണ്ടാക്കിയത്. ആ സച്ചാർ കമ്മിറ്റി നടപ്പിലാക്കുന്ന പാലോളി കമ്മിറ്റിയിൽ പല പ്രമുഖരും അംഗമായിരുന്നു. ഒ.അബ്ദുറഹ്മാൻ സാഹിബ് അടക്കം (അബ്ദുറഹ്മാൻ സാഹിബ് പിന്നീട് ഇതിനെതിരെ മാതൃഭൂമിയിൽ ഒരു ലേഖനം എഴുതി പാലോളി കമ്മിറ്റി റിപ്പോർട്ട് ഫ്രീസ് ചെയ്തു വച്ചിരിക്കുന്നു എന്ന് അദ്ദേഹം തന്നെ പറയുകയുണ്ടായി). പാലോളി മുഹമ്മദ് കുട്ടി ആ ഒരു റിപ്പോർട്ട് വിഎസ് അച്യുതാനന്ദൻ ഗവൺമെന്റിനു സമർപ്പിച്ചു. പക്ഷെ 2011 ആകുമ്പോഴേക്കും ഇത് മൈനോറിറ്റി വകുപ്പ് കൈകാര്യം ചെയ്യുന്ന ഒരു വിഷയം ആക്കി മാറ്റി. അങ്ങനെ ജനുവരിയിലും ഫെബ്രുവരിയിലും ഇടതുപക്ഷ സർക്കാർ ഇറക്കിയ രണ്ടു ഉത്തരവുകളാണ് ഇന്നത്തെ പ്രശ്നത്തിന് എല്ലാം കാരണം. മൈനോറിറ്റി വകുപ്പിന് കീഴിൽ ഇത് വന്നതുകൊണ്ട് തന്നെ ഈ വിഷയത്തിൽ 80:20 എന്ന അനുപാതം കൊണ്ടുവരാൻ അവർക്ക് സാധിച്ചു.അതിലൂടെ മതപരമായി രണ്ട് വിഭാഗങ്ങളുടെ പ്രീണനമാണ് ഇടതുപക്ഷം ഉദ്ദേശിച്ചത്.ക്രിസ്തീയ സമൂഹത്തിന്റെയും മുസ്‌ലിം സമൂഹത്തെയും പിന്തുണ ഒരേസമയം നേടിയെടുക്കുക എന്ന ഉദ്ദേശം. എന്നാൽ ആനുപാതികമായി വന്ന 20 ക്രിസ്തീയ സമൂഹത്തിൽ ഉൾപ്പെടുത്തിയത് ലത്തീൻ ക്രിസ്ത്യൻസിനെയും അതുപോലെ പരിവർത്തിത ക്രിസ്ത്യൻസിനേയുമാണ്.ഇത് ധാരാളം
സംശയങ്ങളും അതുപോലെതന്നെ തെറ്റിദ്ധാരണയും ക്രിസ്തീയ സമൂഹത്തിൽ ഉണ്ടാക്കി. മൈനോറിറ്റി കമ്മീഷന്റെ കീഴിൽ ജനസംഖ്യാനുപാതികമായി എല്ലാ മൈനോറിറ്റീസിനും അതിൻറെ അവകാശം കിട്ടേണ്ടത് അല്ലെ എന്ന് ക്രിസ്തീയ സമൂഹം ചോദിച്ചു. ആ സംശയം ന്യായമായതാണ്.കാരണം നാഷണൽ മൈനോറിറ്റി കമ്മീഷൻ ആക്ട് 1992 പ്രകാരം അതിലെ സെക്ഷൻ 2 ഉം 9 ഉം, കേരള സ്റ്റേറ്റ് മൈനോറിറ്റി കമ്മീഷൻ ആക്ട് 2004-ലെ സെക്ഷൻ 9k പ്രകാരവും ന്യൂനപക്ഷ കമ്മീഷൻ അവകാശ പ്രകാരം ഒരു സമൂഹത്തിനും ജനസംഖ്യ ആനുപാതികമായി വേണം ആനുകൂല്യങ്ങൾ കൊടുക്കാൻ. പാലോളി മുഹമ്മദ് കുട്ടിയുടെ വെള്ളം ചേർക്കൽ ആണ് സത്യത്തിൽ ഇവിടെ നല്ല സൗഹാർദ്ദത്തിൽ കഴിഞ്ഞ ക്രിസ്തീയ മുസ്ലിം സമൂഹത്തിനിടയിൽ സ്പർദ്ദ ഉണ്ടാക്കാനും തെറ്റിദ്ധാരണ ഉണ്ടാക്കാനും കാരണമായത്.
നമ്മുടെ മുന്നിലുള്ള ചോദ്യം സച്ചാർ കമ്മിറ്റി റിപ്പോർട്ട് എങ്ങനെ നടപ്പിലാക്കും. അതിന് ഒരു വഴി മാത്രമേ ഉള്ളൂ .സച്ചാർ കമ്മിറ്റി implementation ബോർഡ് രൂപീകരിക്കുകയും ഒരു സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ ഉണ്ടാക്കി കമ്മിറ്റി പറഞ്ഞതനുസരിച്ച് മുസ്ലിം സമൂഹത്തിന് സ്കോളർഷിപ്പ് നൂറുശതമാനവും ലഭ്യമാക്കുക. ആ വിഷയം ന്യൂനപക്ഷ കമ്മീഷൻ ആയി അല്ലെങ്കിൽ ന്യൂനപക്ഷ ഡിപ്പാർട്ട്മെൻറ് ആയി കൂട്ടിക്കുഴക്കരുത്. മുസ്ലിം സമുദായത്തിന് അവകാശപ്പെട്ട സച്ചാർ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശ യിലെ 100% സ്കോളർഷിപ്പ് അവർക്ക് ലഭ്യമായേ മതിയാകൂ. അതിൽ ഒരു തലനാരിഴ വിട്ടു കൊടുക്കേണ്ട ആവശ്യം മുസ്ലിം സമുദായത്തിൽ ഇല്ല. എന്നാൽ ന്യൂനപക്ഷ സമുദായങ്ങൾക്ക് (ക്രിസ്തീയ സമൂഹം അടക്കം) അവർക്ക് അവകാശപ്പെട്ടത് ഒരു തല നാഴിര അവകാശം മുസ്ലിങ്ങൾക്കു ആവശ്യമില്ല (എന്റെ പിതാവ് പറഞ്ഞത് പോലെ). അതുകൊണ്ട് ന്യൂനപക്ഷ കമ്മീഷൻ ആക്ട് പ്രകാരം ഉള്ള വിഷയങ്ങളിൽ 2021ൽ ജനസംഖ്യ വച്ചുകൊണ്ട് ആനുപാതികമായി എല്ലാ ന്യൂനപക്ഷങ്ങൾക്കും അവകാശം കിട്ടാനുള്ള വഴി വേറെ കാണേണ്ടതുണ്ട്.. അതിൽ ലാറ്റിൻ ക്രിസ്ത്യൻസിനും പരിവർത്തിത ക്രിസ്ത്യൻസിനും വേറെ സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ ഉണ്ടാക്കി അവരുടെ ആനുകൂല്യങ്ങൾ വേറെ കൊടുക്കാവുന്നതാണ്.
മുന്നോക്കത്തിൽ പിന്നാക്കമായ മറ്റ് ക്രിസ്തീയ ജനവിഭാഗങ്ങൾക്ക് ന്യൂനപക്ഷം എന്നുള്ള നിലക്ക് കിട്ടേണ്ട ആനുകൂല്യങ്ങൾ മറ്റൊരു സംവിധാനത്തിലൂടെ അവർക്ക് നൽകേണ്ടതാണ്. വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന ഒരു ജനവിഭാഗവും കേരളത്തിൽ ഉണ്ടാകാൻ പാടില്ല. അത് മുസ്ലിങ്ങൾ ആകട്ടെ ക്രിസ്ത്യാനികൾ ആകട്ടെ. എന്നാൽ സച്ചാർ കമ്മിറ്റി റിപ്പോർട്ട് എന്ന് പറയുന്ന ഒരു വിപ്ലവകരമായിട്ടുള്ള മാഗ്നകാർട്ട നടപ്പിലാക്കാൻ ഈ ഗവൺമെന്റിന് ഇച്ചാ ശ്ക്തി ഉണ്ടോ. അത് നടപ്പിലാക്കുന്നതിനുവേണ്ടി ഒരു സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ ഉണ്ടാക്കി സച്ചാർ കമ്മിറ്റി implementation ബോർഡ് പ്രഖ്യാപിക്കാൻ കേരള ഗവൺമെൻറ് അന്തസ്സ് കാട്ടണം.കെ.ടി ജലീലിനെ പോലെയുള്ളവർ ഇതിനകത്ത് ഉപദേശകരായി ഇരിക്കുമ്പോൾ ഈ ഒരു കാര്യം പറഞ്ഞു കൊടുക്കാൻ സന്നദ്ധമാകുമോ. പാലോളി തന്നെ ഇപ്പോൾ പറയുന്നു 80:20 ശരിയല്ല എന്ന്. എല്ലാം ചെയ്തു വെച്ച ശേഷം ഇപ്പോൾ ഇരുന്നുകൊണ്ട് കരഞ്ഞിട്ട് കാര്യമില്ല. ഇത് Moors last Sigh ആണ് എന്ന് പറയുന്നതായിരിക്കും ശരി. തെറ്റുകൾ തിരുത്താൻ ഇനിയും സമയമുണ്ട് ക്രിസ്തീയ വിഭാഗത്തിന് വിഷമിപ്പിക്കാതെ ക്രിസ്തീയ വിഭാഗത്തിലെ തന്നെ ആവശ്യമായിട്ടുള്ള അല്ലെങ്കിൽ പിന്നോക്കം നിൽക്കുന്ന ക്രിസ്തീയ വിഭാഗത്തെയും സമുദ്ധരിച്ചോളൂ.എന്നാൽ മുസ്ലിം സമുദായത്തിനു സച്ചാർ കമ്മിറ്റി 100% നീതിയോടുകൂടി കിട്ടാൻ ഈ മാർഗം അല്ലാതെ വേറെ വഴിയില്ല. അല്ലെങ്കിൽ ഈ കേസ് സുപ്രീം കോടതിയിൽ പോയി CAA കേസ് എങ്ങനെ ഉത്തരം കിട്ടാതെ കിടക്കുന്നുവോ അതുപോലെ മറ്റൊരു കേസായി ഇതും കാലാ കാലത്തേക്കു ഒരു മറുപടിയും കിട്ടാത്ത, ഒരു വിധിയും കിട്ടാത്ത ഒരു കേസ് ആയി പരിണമിക്കാൻ ഉള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല.
തയ്യാറാക്കിയത് ഡോ. എം.കെ മുനീര്‍
Leave A Comment