ഭാഷാ സമരം : ഒരു സമുദായത്തിന്റെ ചെറുത്തുനിൽപ്പ്

കേരള രാഷ്ട്രീയത്തിലും സാമൂഹിക മണ്ഡലങ്ങളിലും മറ്റേത് സമരത്തേക്കാളും മുന്നേറ്റങ്ങളേക്കാളും പ്രാധാന്യമുള്ള സമരമാണ് യൂത്ത് ലീഗിന്റെ ഭാഷാ സമരം. 1980ൽ അരങ്ങേരിയ സമരം ഓരോ വർഷം പിന്നിടുമ്പോഴും അത് കൂടുതൽ പ്രശസ്തിയും പ്രസക്തിയും ആർജ്ജിക്കുന്നതും അത്കൊണ്ട് തന്നെയാണ്. കേവലം അറബി ഭാഷയെന്നതിലുപരി അതിന്റെ ചരിത്രവും പ്രതിനിധാനവും പശ്ചാത്തലവുമടക്കമെടുത്ത് പരിശോധിക്കുമ്പോഴാണ് പ്രസ്തുത സമരത്തിന്റെ രാഷ്ട്രീയവും രാഷ്ട്രീയ പ്രസക്തിയും മനസ്സിലാകുന്നത്.

1980 ജൂലൈ 30നാണ് സമരം നടന്നതെങ്കിലും കാലങ്ങളായിട്ടുള്ള ചർച്ചകളുടെയും ആശയ സംഘട്ടനങ്ങളുടെയും ഫലമായിരുന്നു ആ സമരം. 1980 ജനുവരിയിൽ അധികാരത്തിലേറിയ ഇ.കെ നായനാർ മന്ത്രിസഭയുടെ വിവാദ ബില്ലും തുടർന്നുണ്ടായ സംഭവങ്ങളുമായിരുന്നു സമരത്തിനാധാരം. അറബി ഭാഷാ പഠനത്തിനും  അതിന്റെ പഠന കേന്ദ്രങ്ങൾക്കും അന്നേവരെ ഇല്ലാതിരുന്ന നിയന്ത്രണങ്ങളും നിയമങ്ങളും കൊണ്ടുവന്ന നായനാർ മന്ത്രിസഭയുടെ നടപടി വലിയ രാഷ്ട്രീയ കോളിളക്കങ്ങൾക്കാണ് വഴിവെച്ചത്. അക്കമഡേഷൻ, ഡിക്ലറേഷൻ, ക്വാളിഫിക്കേഷൻ എന്നീ ശ്രവണ സുന്ദര വചനങ്ങൾ കൊണ്ട് ഒരു സമുദായത്തെയും അവർക്ക് പ്രിയപ്പെട്ട ഭാഷയെയും അസ്വീകാര്യമാക്കുകയെന്ന ഭരണകൂട തന്ത്രത്തിനെതിരെയായിരുന്നു യഥാർത്ഥത്തിൽ ആ സമരം അരങ്ങേറിയത്. അറബി ഭാഷ കേരളക്കരയിൽ പഠിപ്പിക്കപ്പെടണമെങ്കിൽ അതിന് തക്കതായ രീതിയിലുള്ള കെട്ടിടങ്ങളും അതുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുടെ ഭാഗത്തുനിന്നും ഡിക്ലറേഷൻ പ്രൊസസും തുടങ്ങി ഒരു മുന്നറിയിപ്പുമില്ലാത്ത രീതിയിലുള്ള നിയമത്തിന്റെ നൂലാമാലകളായിരുന്നു അന്ന് സർക്കാർ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചത്. അതേ തുടർന്ന് മുസ്‍ലിം  സാമുദായിക രാഷ്ട്രീയപാർട്ടിയായ മുസ്‍ലിംലീഗിന്റെ യുവജന വിഭാഗമായ മുസ്‍ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ ശക്തമായ നിരായുധ സമരത്തിന് ആഹ്വാനം ചെയ്യുകയും അതനുസരിച്ച് തക്ക രീതിയിൽ സമരം അരങ്ങേറുകയും ചെയ്തു.

കാലങ്ങളായിട്ട് അറബി ഭാഷാ അധ്യാപകർക്കെതിരെ നിലനിന്നിരുന്ന ഒരു അവഗണനാ ബോധത്തിന് സി എച്ച് മുഹമ്മദ് കോയ സാഹിബ് വിദ്യാഭ്യാസ മന്ത്രിയായതിലൂടെ ഒരു പരിധിവരെ അറുതി വന്നിരുന്നവെങ്കിലും പിന്നീട് പല ബുദ്ധിജീവികളും കൊണ്ടുവന്ന ഭാഷാ ബോധന നയത്തിന്റെ ഭാഗമായിട്ട് ഇടതുപക്ഷ സർക്കാരും അറബി ഭാഷയ്ക്കെതിരെ തിരിയുകയെന്ന നയം സ്വീകരിച്ചു. അറബി, ഉറുദു, സംസ്കൃതം എന്നീ ന്യൂനപക്ഷ ഭാഷകൾക്കെതിരെ ഒരു സർക്കാർ നടപടി കൈക്കൊള്ളുന്നുവെന്നത്‌ ജനാധിപത്യ വിശ്വാസികൾക്ക് കൈയും കെട്ടി നോക്കിയിരിക്കാൻ പറ്റുന്നതായിരുന്നില്ല. അത്കൊണ്ട് തന്നെ 1980 ജൂൺ 11ന് നായനാർ മന്ത്രിസഭ പുറത്തിറക്കിയ ബില്ലിനെതിരെ  അധികം വൈകുന്നതിന് മുമ്പ് തന്നെ യൂത്ത് ലീഗ് പിക്കറ്റിങ് സമരങ്ങൾ പ്രഖ്യാപിച്ചു. ഇതേ തുടർന്നാണ് ജൂലൈ 30ന് കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ സമരങ്ങളിൽ ഒന്നായ ഭാഷാ സമരം അരങ്ങേറുന്നത്‌.

അതൊരു റമദാൻ മാസമായിരുന്നു. വിശ്വാസികളെ സംബന്ധിച്ച് വ്രതമെടുത്ത് ദൈവത്തോട് ആരാധന ചെയ്തു കഴിച്ചു കൂട്ടേണ്ട മാസം. എന്നാൽ സ്വന്തം സമുദായത്തിന്റെ പ്രശ്നങ്ങൾക്ക് വേണ്ടി ശബ്ദിക്കുന്നതാണ് ഏറ്റവും വലിയ ആരാധനയെന്ന നിലപാടായിരുന്നു ആ സമരമുഖത്തിന്. ആചാരനുഷ്ഠാനങ്ങൾ കൊണ്ട് ധന്യമാക്കേണ്ട മാസത്തിൽ സമുദായത്തിന്റെ വിളിക്ക് കാതോർക്കാൻ ആ യുവാക്കളെ പ്രേരിപ്പിച്ചതും അതുതന്നെയാവണം.

കേരളത്തിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും എന്നതുപോലെ വളരെ സമാധാനപൂർവ്വമായിട്ടായിരുന്നു മലപ്പുറത്തും സമരം അരങ്ങേറിയത്. എന്നാൽ വളരെ ആസൂത്രിതമെന്നോണം സമരം സംഘട്ടനത്തിൽ എത്തുകയും രക്തരൂക്ഷിതമായിത്തീരുകയും ചെയ്തു. യൂത്ത് ലീഗിന്റെ സമര സജ്ജരായ  മജീദ്, റഹ്മാൻ, കുഞ്ഞിപ്പ എന്നീ മൂന്ന് യുവാക്കളെയാണ് അന്ന് കേരളത്തിന് നഷ്ടപ്പെട്ടത്. അതുകൊണ്ടുതന്നെ കേരളത്തിലെ അറബി ഭാഷയും അറബി ഭാഷ വിദ്യാലയങ്ങളും ആ മൂന്ന് പേരുടെയും ചരിത്രം കൂടിയാണെന്ന് പറയാം.


ചുരുക്കത്തിൽ അറബി ഭാഷയ്ക്കെതിരെയുള്ള വിവാദ നടപടിയിലൂടെ ഏതൊരു സമുദായത്തെയാണോ ലക്ഷ്യം വച്ചത്  ആ സമുദായത്തിന്റെ തന്നെ പോരാട്ടവീര്യം കൊണ്ട് ആ നടപടി സർക്കാരിന് പിൻവേലിക്കേണ്ടിവന്നുവെന്നാണ് ചരിത്രം. എങ്കിലും ജീവൻ വെടിയേണ്ടി വന്ന ആ സമരത്രയം ഇന്നും ദുഃഖോർമ്മകളാണ്. ഓരോ ഭാഷാസമര ദിനോർമകളിലും ആ മൂന്ന് ചെറുപ്പക്കാരെ ഓര്‍ക്കേണ്ടത് പാര്‍ട്ടിയുടെ മാത്രം ബാധ്യതയല്ല, മറിച്ച് സമുദായത്തിന്റെ ഉയര്‍ച്ചയിലും വളര്‍ച്ചയിലും അവകാശ പോരാട്ടങ്ങളിലും അഭിമാനം കൊള്ളുന്ന ഓരോ ജനാധിപത്യവിശ്വാസിയുടെയും കടമയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter