സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ സംസ്ഥാപനത്തിലും വളര്‍ച്ചയിലും മഹാന്മാരായ സയ്യിദുമാരുടെ പങ്ക് വളരെ വലുതാണ്. സമസ്തയുടെ രൂപീകരണത്തിന് നേതൃത്വം നല്‍കിയത് മര്‍ഹൂം സയ്യിദ് അബ്ദുറഹ്മാന്‍ ബാഅലവി മുല്ലക്കോയ തങ്ങളായിരുന്നുവല്ലോ. 1945-ലെ കാര്യവട്ടം സമ്മേളനത്തിലെ ചരിത്രപ്രസിദ്ധമായ പ്രസംഗത്തിലൂടെ മഹാനായ സയ്യിദ് അബ്ദുറഹ്മാന്‍ ബാഖവി തങ്ങള്‍ സമസ്തയുടെ നേതൃത്വരംഗത്തെത്തുകയായിരുന്നു. ബാഫഖി തങ്ങളുടെ കാര്യവട്ടം പ്രസംഗമാണ് സമസ്തയുടെ കീഴില്‍ മതവിദ്യാഭ്യാസ രംഗത്ത് മഹത്തായ ഒരു വിപ്ലവം സൃഷ്ടിച്ച സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരണത്തിനു പ്രഥമ പ്രചോദനം നല്‍കിയത്. ഇരുപതാം നൂറ്റാണ്ട് കേരളത്തിന് സംഭാവന നല്‍കിയ മത-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ അജയ്യനായിരുന്ന ബാഫഖി തങ്ങള്‍. സര്‍വ്വ സല്‍ഗുണങ്ങളും ഒത്തുചേര്‍ന്ന വര്‍ത്തക പ്രമുഖന്‍, ധിഷണാ ശാലിയായ രാഷ്ട്രീയ നേതാവ്, നിഷ്‌കളങ്കത നിറഞ്ഞ ജനസേവകന്‍, അര്‍പ്പണമനോഭാവം പ്രാവര്‍ത്തികമാക്കിയ ഉത്തമ മതഭക്തന്‍ എന്നീ വിശേഷണങ്ങള്‍ക്കും നൂറുശതമാനം അര്‍ഹമായ തങ്ങള്‍, അള്ളാഹുവിലുള്ള അചഞ്ചലമായ വിശ്വാസം, ഇബാദത്തിന് ഉഴിഞ്ഞു വെച്ച ജീവിതം, അഹങ്കാരരഹിതമായ പെരുമാറ്റം എന്നിവയില്‍ എല്ലാവര്‍ക്കും മാതൃകയായിരുന്നു. കാര്യവട്ടം സമ്മേളനം മുതല്‍ 1973-ല്‍ വഫാത്താവുന്നതുവരെ ബാഫഖി തങ്ങളുടെ നേതൃത്വം സമസ്തയ്ക്ക് വലിയ അനുഗ്രഹമായിരുന്നു. കാര്യവട്ടം സമ്മേളനത്തിനു ശേഷം ചേര്‍ന്ന മുശാവറ യോഗങ്ങളില്‍ തങ്ങളുടെ കാര്യവട്ടം പ്രസംഗത്തിലെ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചചെയ്യപ്പെടുകയുണ്ടായി. പ്രാഥമിക മദ്‌റസകള്‍ നിലവില്‍ വരുന്നതിനും 1951-ല്‍ വിദ്യാഭ്യാസ ബോര്‍ഡ് രൂപീകൃതമാവുന്നതിനും പ്രസ്തുത ചര്‍ച്ചകളാണ് വഴിതെളിച്ചത്. തങ്ങള്‍ മുശാവറ അംഗമാകുന്നതിനു മുമ്പുതന്നെ സമസ്തയുടെ പ്രധാന മുശാവറ യോഗങ്ങളില്‍ ബാഫഖി തങ്ങള്‍ അദ്ധ്യക്ഷം വഹിച്ചിരുന്നതായി റിപ്പോര്‍ട്ടുകളില്‍ കാണാം.
1949 സെപ്തംബര്‍ 01-ന് കോഴിക്കോട് മുദാക്കര പള്ളിയില്‍ ചേര്‍ന്ന യോഗത്തിലാണ് തങ്ങള്‍ ആദ്യമായി അദ്ധ്യക്ഷ പീഠം അലങ്കരിച്ചത്. അന്നത്തെ പ്രസിഡന്ററ് മൗലാനാ അബ്ദുല്‍ബാരി മുസ്‌ലിയാര്‍ അഭിപ്രായപ്പെടുകയും, അന്ന് വൈസ് പ്രസിഡന്റ് ആയിരുന്ന പറവണ്ണ മുഹ്‌യിദ്ദീന്‍കുട്ടി മുസ്‌ലിയാര്‍ പിന്താങ്ങുകയും ചെയ്തതനുസരിച്ചായിരുന്നു തങ്ങള്‍ അന്ന് അദ്ധ്യക്ഷനായത്. സമസ്തയുടെ പല മുശാവറ യോഗങ്ങളും തങ്ങളുടെ വലിയങ്ങാടിയിലെ പാണ്ടികശാലയില്‍ വെച്ചു ചേര്‍ന്നിട്ടുണ്ട്. 01/09/1949 - ന് ബാഫഖി തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ യോഗം ഓരോ മഹല്ലുകളിലും പ്രാഥമിക മദ്‌റസകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടു ഫുള്‍ടൈം ഓര്‍ഗനൈസര്‍മാരെ നിയമിക്കാന്‍ തീരുമാനിക്കുകയുണ്ടായി. വിദ്യാഭ്യാസ ബോര്‍ഡിന്റെ എല്ലാമെല്ലാമായിരുന്ന മര്‍ഹും കെ.പി. ഉസ്മാന്‍ സാഹിബായിരുന്നു പ്രസ്തുത മുശാവറയോഗ തീരുമാനപ്രകാരം നിയമിതമായ ഒരു ഓര്‍ഗനൈസര്‍ എന്‍.കെ. അയമു മുസ്‌ലിയാര്‍ ആയിരുന്നു സാഹിബിന്റെ സഹപ്രവര്‍ത്തകന്‍. 1951 മാര്‍ച്ച് 23, 24, 25 തീയ്യതികളില്‍ വടകര ചേര്‍ന്ന 19-ാം സമ്മേളനത്തില്‍ വെച്ച് സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിക്കാന്‍ തീരുമാനിക്കുകയും അതേവര്‍ഷം സെപ്തംബര്‍ 17-ന് വാളക്കുളം പുതുപ്പറമ്പ് ജുമുഅത്ത് പള്ളിയില്‍ ചേര്‍ന്ന വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ കണ്‍വെന്‍ഷനില്‍ വിദ്യാഭ്യാസ ബോര്‍ഡിന്റെ പ്രഥമ കമ്മിറ്റി നിലവില്‍ വരികയും ചെയ്തപ്പോള്‍ ബാഫഖി തങ്ങളായിരുന്നു ട്രഷറര്‍.
മരിക്കുന്നതുവരെ പ്രസ്തുത സ്ഥാനം തുടരുകയും ചെയ്തു. ഇന്ന് കോടികളുടെ ആസ്തിയുള്ള ബോര്‍ഡിന്റെ മൂലധനം രൂപീകരണ യോഗത്തില്‍ പങ്കെടുത്ത പതിനേഴ് പണ്ഡിതന്മാര്‍ 1/- രൂപ വീതവും, മൗലാനാ അബ്ദുല്‍ബാരി മുസ്‌ലിയാര്‍ 25/- രൂപയും മര്‍ഹും കോഴിക്കോടന്‍ കുഞ്ഞിമുഹമ്മദ്ഹാജി 5/- രൂപയും എടുത്തുകൊണ്ട് സ്വരൂപിച്ച 47/- രൂപയായിരുന്നു. സമസ്തയുടെ കീഴില്‍ ഉന്നത വിദ്യാഭ്യാസ കേന്ദ്രം ഉയര്‍ന്നുവരണമെന്ന് തങ്ങള്‍ വളരെമുമ്പ് ആഗ്രഹിച്ചിരുന്നു. 1954-ല്‍ താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം ഏറ്റെടുത്ത് സമസ്ത നേരിട്ടു നടത്തുന്നതിന് പ്രേരിപ്പിച്ചത് തങ്ങളായിരുന്നു. സമസ്ത ഏറ്റെടുക്കുകയും ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് തങ്ങള്‍ പ്രസിഡണ്ടായി കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. മൗലാനാ ഖുതുബിയടക്കമുള്ള ഉന്നത പണ്ഡിതന്മാര്‍ കോളേജില്‍ ഉസ്താദുമാരാവണമെന്ന് തങ്ങള്‍ ആഗ്രഹിച്ചു. സമസ്തയുടെ കീഴില്‍ സനദ് നല്‍കുന്ന സ്ഥാപനത്തിനുവേണ്ടി തങ്ങള്‍ വീണ്ടും ചിന്തിച്ചു. 1962-ല്‍ മുശാവറ തീരുമാനപ്രകാരം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ അറബിക് കോളേജ് കമ്മിറ്റി രൂപീകൃതമായപ്പോള്‍ ബാഫഖി തങ്ങള്‍ തന്നെയായിരുന്നു പ്രസിഡണ്ട്. ജാമിഅഃ നൂര്യ്യഃയുടെ സംസ്ഥാപനത്തിലൂടെ തങ്ങളുടെ സ്വപ്നം പൂവണിയുകയായിരുന്നു. എം.ഇ.എസിന്റെ തുടക്കത്തില്‍ വളരെയധികം സഹായിക്കുകയും, സഹകരിക്കുകയും ചെയ്ത ബാഫഖി തങ്ങള്‍ മതവിരുദ്ധ പ്രവര്‍ത്തനംമൂലം സമസ്ത മുശാവറ എം.ഇ.എസിനെതിരെ തീരുമാനമെടുത്തപ്പോള്‍ എം.ഇ.എസില്‍ നിന്ന് ആദ്യമായി അംഗത്വം ഒഴിയുന്നത് തങ്ങളായിരുന്നു. വടകര, താനൂര്‍, കക്കാട്, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ നടന്ന സമസ്തയുടെ 19, 20, 21, 22 സമ്മേളനങ്ങളുടെ വിജയത്തില്‍ മുഖ്യപങ്കാണ് തങ്ങള്‍ വഹിച്ചത്.
1972-ല്‍ നടന്ന 23-ാം സമ്മേളനം തിരുനാവായ വെച്ചായത് ബാഫഖി തങ്ങളുടെ പ്രത്യേക നിര്‍ബന്ധം മൂലമായിരുന്നു. തങ്ങള്‍ വഫാത്താകുന്നതിനു മാസങ്ങള്‍ക്കു മുമ്പാണത് നടന്നത്. പ്രസ്തുത സമ്മേളനം ജാമിഅഃയുടെ സനദ് ദാന സമ്മേളനം മുതല്‍ സമ്മേളനത്തിന്റെ എല്ലാ കാര്യങ്ങളിലും തങ്ങളുടെ മേല്‍നോട്ടമുണ്ടായിരുന്നു. സമ്മേളനത്തിന്റെ മൂന്നു ദിവസങ്ങളിലും തങ്ങള്‍ സജീവമായതിത്തന്നെയായിരുന്നു. സമാപന ദിവസം നടന്ന ജനറല്‍ ബോഡിയിലും സമാപന സമ്മേളനം ഉദ്ഘാടനം നിര്‍വ്വഹിച്ചും തങ്ങള്‍ ചെയ്ത പ്രസംഗങ്ങള്‍ ചിന്തിപ്പിക്കുന്നതായിരുന്നു. ഒരു വിടവാങ്ങല്‍ പ്രസംഗത്തിന്റെ ധ്വനി ആ പ്രസംഗങ്ങളില്‍ പ്രകടമായിരുന്നു. ഹിജ്‌റ 1323 ദുല്‍ഹജ്ജ് 25-ന് തങ്ങള്‍ കൊയിലാണ്ടിയില്‍ ജനിച്ചു നബി(സ) യുടെ സന്താന പരമ്പരയില്‍ മുപ്പത്തി ഏഴാമത്തെ കണ്ണിയായ സയ്യിദ് അബ്ദുല്‍ ഖാദര്‍ ബാഫഖി തങ്ങളാണ് പിതാവ്. ഹിജ്‌റ 1392 ദുല്‍ഹജ്ജ് (1973 ജനുവരി 19) വെള്ളിയാഴ്‌ചോ രാവില്‍ പരിശുദ്ധ മക്കയിലാണ് തങ്ങളുടെ വഫാത്ത് ജന്നത്തു മുഅല്ലായില്‍ നബി(സ) തങ്ങളുടെ പ്രഥമ പത്‌നി ഖദീജ (റ) അന്ത്യവിശ്രമം കൊള്ളുന്നതിന്റെ സമീപനം മക്കയിലെ ഉന്നത പണ്ഡിതനായിരുന്ന സയ്യിദ് അലവി മാലികിയുടെ ഖബ്‌റിന്നരികില്‍ മഹാനായ തങ്ങള്‍ അന്ത്യവിശ്രമം കൊള്ളുന്നു.
Leave A Comment