പുതിയാപ്പള അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍: ഗുരുനാഥന്മാരുടെ ഗുരു
പ്രമുഖ പണ്ഡിതനും സമസ്ത കേരള കേന്ദ്രമുശാവറ അംഗവുമായിരുന്ന പുതിയാപ്പിള അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പാനായിക്കുളം അബ്ദുറഹ്മാന്‍ മുസ്‌ലിയാരുടെ ജനനം ഹിജ്‌റ വര്‍ഷം 1271 (ക്രിസ്തു വര്‍ഷം 1874) ലായിരുന്നു. സമസ്തയിലെ നിരവധി പണ്ഡിത പ്രമുഖരുടെ ഉസ്താദ് ആയിരുന്നു അദ്ധേഹം.
ആലുവക്ക് സമീപം പാനായിക്കുളത്തെ കരുവേലിപ്പറമ്പില്‍ വീട്ടില്‍ ജനിച്ച അദ്ദേഹം, സ്വദേശത്തെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഉപരിഠനത്തിനായി എത്തിയത്, പൊന്നാനി വലിയ ജുമുഅത്ത് പള്ളിയില്‍ നടന്നിരുന്ന പണ്ഡിതപ്രഭയായ വെളിയങ്കോട് തട്ടാങ്ങര കുട്ട്യാമു മുസ്‌ലിയാരുടെ അടുത്തായിരുന്നു. സൂക്ഷ്മതയും അറിവും ഭക്തിയും ഒത്തിണങ്ങിയ ആ ശിഷ്യന് ബുദ്ധിമതിയും പണ്ഡിതയുമായ ഏകമകള്‍ ഖദീജയെ അവര്‍ വിവാഹം ചെയ്തുകൊടുക്കുകയും ചെയ്തു. തുടര്‍ന്നാണ് സ്മര്യപുരുഷന്‍ 'പുതിയാപ്ല' എന്ന പേരില്‍ അറിയപ്പെട്ടത്. അദ്ദേഹത്തിന്റെ ഭാര്യ തഫ്‌സീറും ജംഉല്‍ ജവാമിഅ് ഉള്‍പ്പെടെയുള്ള പല ഉയര്‍ന്ന കിതാബുകളും സ്ത്രീകള്‍ക്ക് ദര്‍സ് നടത്തിയിരുന്ന പണ്ഡിതയാണ്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 1934ല്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നാല്‍പത് മുശാവറാംഗങ്ങളില്‍ പതിനാലാമത്തെ മെമ്പറായിരുന്നു അദ്ദേഹം. തിരൂരങ്ങാടിയിലെ സമസ്ത സമ്മേളനമടക്കം മഹാസഭകളില്‍ നേതൃത്വമലങ്കരിച്ച അദ്ദേഹത്തില്‍നിന്ന് ഒട്ടേറെ ശിഷ്യന്മാരും മുരീദുമാരും തരീഖത്തിന്റെയും വിജ്ഞാനത്തിന്റെയും ദിവ്യപ്രഭ നുകര്‍ന്നിട്ടുണ്ട്. അറിവ് പകരുന്നതോടൊപ്പം ജനങ്ങളുടെ വിഷമങ്ങള്‍ക്ക് പരിഹാരം കാണാനും അദ്ദേഹം സമയം കണ്ടെത്തി.
1921 ജൂലൈ 24ന് ബ്രിട്ടീഷ് അനുകൂലികളുടെ നേതൃത്വത്തില്‍ ചേര്‍ന്ന പണ്ഡിത സഭ തയ്യാറാക്കിയ മഹഖുല്‍ഖലാഫ അലസ്മില്‍ഖിലാഫ (ഖിലാഫത്ത് പ്രക്ഷോഭത്തിന്റെ യാഥാര്‍ത്ഥ്യം) എന്ന തലവാചകത്തോടെ പ്രസിദ്ധീകരിച്ച അതത് കാലത്ത് ഭരിക്കുന്ന സര്‍ക്കാരിനെ അനുസരിക്കല്‍ മുസ്‌ലിംകളുടെ കടമയാണെന്ന് ആഹ്വാനം നല്‍കിയിരുന്ന ഒരു ഫത്‌വ അച്ചടിച്ച് ഇരുപത്തിയ്യായിരം കോപ്പി മലബാറിന്റെ നാനാ ഭാഗങ്ങളിലും വിതരണം ചെയ്തിരുന്നു. ഈ ഫത്‌വയെ കാര്യമായി പ്രതിരോധിച്ചത്, പ്രാദേശിക ഖിലാഫത്ത് കമ്മിറ്റിയുടെ സെക്രട്ടറിയും മലബാര്‍ കലാപ ധീര രക്തസാക്ഷിയും താനൂര്‍ ഉമ്മൈത്താനകത്ത് കുഞ്ഞിക്കാദറിന്റെ സതീര്‍ത്ഥ്യനുമായ താനൂര്‍ ആമിനുമ്മാന്റകത്ത് പരീക്കുട്ടി മുസ്‌ല്യാര്‍ അറബി മലയാളത്തില്‍ രചിച്ച മുഹിമ്മാത്തുല്‍ മുഅ്മിനീന്‍ (സത്യവിശ്വാസികള്‍ അറിഞ്ഞിരിക്കേണ്ട അനിവാര്യ വസ്തുതകള്‍) എന്ന കൃതിയായിരുന്നു. മൗലാനാ ആസാദിന്റെ രചനയാണ് ഇതിന് പ്രേരകം. ഇസ്‌ലാമിന്റെ ശത്രുക്കളായ ബ്രിട്ടീഷുകാരോട് നിസ്സഹകരണം, ഖിലാഫത്ത് സംരക്ഷണം, ജസീറത്തുല്‍ അറബിന്റെ വിശുദ്ധി സംരക്ഷിക്കല്‍ എന്നീ വിഷയങ്ങളാണ് ഉള്ളടക്കത്തില്‍ മുഖ്യ പ്രതിപാദ്യം. ഖുര്‍ആന്‍ വാക്യങ്ങളുടെയും തിരുനബി വചനങ്ങളുടെയും പൂര്‍വ്വ സൂരികളായ പണ്ഡിതശ്രേഷ്ഠരുടെ കൃതികളില്‍ നിന്നുള്ള ഉദ്ധരണികളുടെയും വെളിച്ചത്തിലാണ് വിഷയങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്. ഈ കൃതിയുടെ അവസാനത്തില്‍ ഗ്രന്ഥകാരന്റെ കയ്യൊപ്പും അക്കാലത്തെ പണ്ഡിത ശ്രേഷ്ഠരായ പാനായിക്കുളം അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, ചെറുശ്ശേരി അഹമ്മദ്കുട്ടി മുസ്‌ലിയാര്‍, കൂട്ടായി മുദരിസ് ബാവ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ ഉള്ളടക്കത്തെ അംഗീകരിച്ചുകൊണ്ടെഴുതിയ പ്രസ്താവനകളും കയ്യൊപ്പുകളും ചേര്‍ത്തിയിട്ടുണ്ട്. ഉസ്മാനിയ ഖലീഫയെ അംഗീകരിച്ച് ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ പടപൊരുതുവാനും ഇംഗ്ലീഷ് ഭരണത്തെ അനുകൂലിക്കുന്ന മുസ്‌ലിംകളുണ്ടെങ്കില്‍ അവരെയും എതിര്‍ക്കാനുമാണ് കൃതി ആഹ്വാനം നല്‍കുന്നത്.
പൊന്നാനി ജുമുഅത്ത് പള്ളിക്കരികെ തെക്ക് തരകംകോജിനിയകം തറവാട് പാണ്ടികശാലയില്‍ പ്രശസ്തമായ രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന തലശ്ശേരി അണിയാപുറത്ത് അമ്മുസാഹിബിന്റെ ഉടമസ്ഥതയിലുള്ള ലിത്തോ പ്രസ്സില്‍നിന്നാണ് ഈ പുസ്തകം പ്രിന്റ് ചെയ്തത്. ബ്രിട്ടീഷ് വിരുദ്ധമനോഭാവം വളര്‍ത്താനും ഖിലാഫത്ത് നിസ്സഹകരണ പ്രസ്ഥാനത്തെ ഊര്‍ജ്ജിതപ്പെടുത്താനും ശക്തമായി പ്രേരണ നല്‍കുന്ന ഈ കൃതിക്ക് മറ്റു രചനകളേക്കാള്‍ ആനുപാതികമായി മലബാര്‍ മുഴുവനും വ്യാപകപ്രചാരം സിദ്ധിച്ചു. സ്വാതന്ത്ര്യ സമര നേതാക്കളായ കെ.പി. കേശവമേനോന്‍, എം.പി. നാരായണമേനോന്‍, കെ. മാധവന്‍ നായര്‍ തുടങ്ങിയ പ്രമുഖര്‍ ഈ കൃതി വായിച്ച് പ്രാവര്‍ത്തികമാക്കണമെന്ന് സമരഭടന്മാരോട് ആവര്‍ത്തിച്ച് ആഹ്വാനം ചെയ്തിരുന്നു.
ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ കൃതി ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് പോലീസ് അധികാരി ആമു സൂപ്രണ്ട് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കൃതി കലക്ടര്‍ തോമസ് കണ്ടുകെട്ടി. പുസ്തകത്തിന്റെ പ്രതികള്‍ മുഴുവന്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. കൈവശം വെക്കുന്നവരെ വിചാരണ കൂടാതെ അഞ്ച് വര്‍ഷം വരെ കഠിന തടവിന് ശിക്ഷിക്കുന്നതാണെന്ന് വിളംബരം ചെയ്തു. 1921ലെ മദ്രാസ് ഗസറ്റില്‍ ഈ വസ്തുത വിശദീകരിക്കുന്നു. തുടര്‍ന്ന് ഈ ഗ്രന്ഥത്തെ പിന്തുണച്ചുകൊണ്ട് പല പണ്ഡിതന്മാരും അംഗീകാരം എഴുതിക്കൊടുത്തിരുന്നു. അക്കൂട്ടത്തില്‍ പുതിയാപ്ല അബ്ദുറഹിമാന്‍ മുസ്‌ലിയാരും ഉള്‍പ്പെട്ടിരുന്നു. തന്മൂലം ബ്രിട്ടീഷ് പട്ടാളം അദ്ദേഹത്തെ ഭീഷണിപ്പെടുത്തുകയും താക്കീത് നല്‍കുകയും ചെയ്തിരുന്നു.
ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍, ആയഞ്ചേരി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ തുടങ്ങിയ വലിയ സുഹൃദ് വലയമുള്ള അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍, ഇകെ അബൂബക്കര്‍ മുസ്‌ലിയാര്‍, സദഖത്തുള്ള മുസ്‌ലിയാര്‍ എന്നിങ്ങനെ അനേകം ഉന്നതരുടെ ഗുരുവുമാണ്. വിശ്രുതനായ അദ്ദേഹം ഹിജ്‌റ 1373 (ക്രി.വ. 1953)ന് നിര്യാതനായി. പുറങ്ങ് ജുമുഅത്ത് പള്ളിയുടെ തെക്ക് ഭാഗത്താണ് ഖബറ് സ്ഥിതി ചെയ്യുന്നത്.
Leave A Comment