തൃച്ചിയുടെ ചരിത്രവേരുകളും ത്വബ്‍ലേ ആലമും
തണുത്തുറഞ്ഞ പ്രഭാതത്തിലാണ് തിരുച്ചിറപ്പള്ളിയിൽ (തൃച്ചി) ഞാൻ എത്തിച്ചേരുന്നത്. ഇരുൾമുറ്റിയ വഴികളെ വകഞ്ഞു മാറ്റി ചെമ്മൊഴി എക്സ്പ്രസ്സ് പുതിയ മനുഷ്യരെ തേടി യാത്രയായി. സിയാഫ് അബ്ദുൽ ഖാദറിന്റെ 'തീവണ്ടി യാത്രകൾ' പകർന്നു തന്ന തീവണ്ടിക്കഥകളിൽ ഉള്ളത് പോലെ വിജനമായ ഒരു റെയിൽവേ സ്റ്റേഷൻ. തണുത്തുറഞ്ഞ ഭൂമി. രാത്രി പെയ്ത ഹിമകണങ്ങൾ പാതയോരങ്ങളിലുണ്ട്. ഇരുട്ടും അപരിചിതത്വവും റെയിൽവേ സ്റ്റേഷനുകളെ ചുറ്റിപ്പറ്റിയുള്ള കഥകൾ ഓർമിക്കാൻ പ്രേരണയായി. മങ്ങിയ വെളിച്ചത്തിൽ Thiruchirappalli fort railway station എന്ന ബോർഡ് കാണാം. ഞാൻ റെയിൽവേ സ്റ്റേഷന്റെ പുറത്തിറങ്ങി. വിടരാൻ കാത്തു നിൽക്കുന്ന പൂക്കൾക്കിടയിലൂടെ നടന്നു.
മഞ്ഞിന്റെ പുതപ്പിൽ സുഖനിദ്രയിലാണ്ട തെരുവോരങ്ങൾ. പ്രഭാത പ്രാർത്ഥനക്കായുള്ള ബാങ്കുവിളികൾ സമീപത്തെ പള്ളി മിനാരങ്ങളിൽ നിന്ന് ഉയരുന്നുണ്ട്. തെരുവുനായകളുടെ ബഹളങ്ങൾക്കിടയിലൂടെ തനിച്ചു നടക്കുമ്പോൾ ഭയവും ഏകാന്തതയും മനസ്സിനെ വരിഞ്ഞു മുറുക്കുന്നുണ്ടെങ്കിലും ധൈര്യം പ്രകടിപ്പിച്ചു ഞാൻ മുന്നോട്ടു നീങ്ങി. പുസ്തകങ്ങളിൽ നിന്നും മറ്റും തിരുച്ചിറപ്പള്ളിയെക്കുറിച്ച് ധാരാളം വായിച്ചിട്ടുണ്ട്. ചോള രാജവംശവും പല്ലവരും പാണ്ഡ്യരും മുഗളരും വിജയനഗര സാമ്രാജ്യവും ഭരിച്ച തിരിച്ചിറപ്പള്ളി. വിജയപരാജയങ്ങളുടെ സമൃദ്ധമായ ഓർമകൾ പേറി നിലനിൽക്കുന്ന നഗരം. സൂഫികളും സന്യാസിമാരും മനുഷ്യഹൃദയങ്ങളിൽ സാഹോദര്യത്തിന്റെ പാലങ്ങൾ പണിതതിന് സാക്ഷിയായ നഗരം. തമിഴ് നഗരങ്ങളിലെ തെരുവുകൾക്ക് ഒരു പ്രത്യേക സൗന്ദര്യമാണ്. തെരുവുകൾക്കിടയിൽ തൊട്ടുരുമ്മി നിൽക്കുന്ന കെട്ടിടങ്ങൾ. ചരിത്രപരമായി വളരെ പ്രാധാന്യമുള്ള നഗരമാണ് തിരുച്ചിറപ്പള്ളി.
ഇന്ത്യയിലേക്കുള്ള ഇസ്‍ലാമിക ആഗമനം
ഇന്ത്യൻ മുസ്‍ലിംകളുടെ ചരിത്രവേരുകൾ ആഴ്‌ന്നിറങ്ങിയ പ്രദേശമാണ് തിരുച്ചിറപ്പള്ളി. തമിഴ്നാട്ടിലെ കൊറോമാണ്ഡൽ തീരങ്ങൾക്ക് പുരാതനകാലം മുതൽ തന്നെ വ്യത്യസ്ത നാഗരികതകളുമായി വ്യാപാര വിനിമയ ബന്ധങ്ങൾ നിലവിലുണ്ടായിരുന്നു. ഹിജ്റയുടെ ആദ്യവര്‍ഷങ്ങളില്‍ തന്നെ ദക്ഷിണേന്ത്യൻ തീരങ്ങളുമായി മുസ്‍ലിംകളായ അറബികൾ സജീവമായ വാണിജ്യവിനിമയങ്ങൾ നടത്തിയിരുന്നു. Origin And Early History Of The Muslims Of Keralam എന്ന ഗ്രന്ഥത്തിൽ ക്രിസ്ത്വബ്ദം ഒന്നാം നൂറ്റാണ്ടിൽ തന്നെ അറബികൾക്ക് പൂർവേഷ്യൻ രാജ്യമായ സുമാത്രയുമായി ബന്ധമുണ്ടായിരുന്നുവെന്നും എ.ഡി 626 ൽ (ഹിജ്‌റ 4 or 5) ചൈനയിൽ ഇസ്‍ലാം എത്തിയിട്ടുണ്ടെന്നും J.B.P. MORE പ്രസ്താവിക്കുന്നുണ്ട്. ദക്ഷിണേന്ത്യൻ തീരങ്ങൾ ചുറ്റി സമുദ്ര മാർഗമാണ് ചൈനയിൽ ഇസ്‍ലാം എത്തിയത്(1). സംഘ കാലഘട്ടത്തിലെ 'പുറ നാനൂറ്' എന്ന കവിതാ സമാഹാരത്തിൽ തമിഴ്ജനതക്കും അറബികൾക്കും ഇടയിലുണ്ടായിരുന്ന വ്യാപാര ബന്ധത്തെക്കുറിച്ചു പരാമർശമുണ്ട്. അനിഷേധ്യമായ തെളിവുകളുടെ പിൻബലത്തിൽ പ്രവാചക കാലത്ത് തന്നെ അറബി വ്യാപാരികൾ വഴി ദക്ഷിണേന്ത്യൻ തീരങ്ങളിൽ ഇസ്‍ലാം എത്തിയതായി കരുതപ്പെടുന്നു.
ഉത്തരേന്ത്യയിൽ ഇസ്‍ലാം പ്രചരിക്കുന്നതിന് മുമ്പ് തന്നെ ദക്ഷിണേന്ത്യയിൽ ഇസ്‍ലാം കടന്നുവന്നിരുന്നു.'ആയിനയെ ഹഖീഖത്ത് നുമാ' എന്ന ഗ്രന്ഥത്തിൽ അക്ബർ ഷാഹ് ഖാൻ നജീബ് ആബാദി വ്യക്തമാക്കുന്നു: "മുഹമ്മദ് ബ്നു ഖാസിമിന്റെ നേതൃത്വത്തിൽ സൈനിക നടപടികളിലൂടെ ഇസ്‍ലാം സിന്ധിൽ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ ഇന്ത്യയിലെ മലബാറിലും ദെക്കനിലും കൊറോമാണ്ഡലിലും ഇസ്‍ലാം എത്തിയിട്ടുണ്ട്. മാത്രമല്ല മുഹമ്മദ് ബ്നു ഖാസിമിന്റെ പടയോട്ടത്തിന് മുമ്പ് തന്നെ സിന്ധിൽ ഇസ്‍ലാം പ്രചരിക്കപ്പട്ടിരുന്നു. സയ്യിദ് സുലൈമാൻ നദ്‍വി ഇന്ത്യയിലേക്കുള്ള ഇസ്‍ലാമിക ആഗമനത്തെക്കുറിച്ച് മആരിഫ് മാസികയിൽ 1924 ജനുവരി ലക്കത്തിൽ വളരെ വിശദമായി എഴുതിയിട്ടുണ്ട്. വ്യക്തമായ തെളിവുകൾ നിരത്തി അറബ് ജനത മുഹമ്മദ് നബി(സ്വ)യുടെ കാലത്തിനു മുമ്പ് തന്നെ തെക്കേ ഇന്ത്യൻ തീരങ്ങളിൽ വന്നിരുന്നു എന്ന് അദ്ദേഹം പ്രസ്താവിക്കുന്നുണ്ട് (2).
ശിലാ ലിഖിതങ്ങൾ
ഇന്ത്യയിലേക്കുള്ള ഇസ്‍ലാമിന്റെ ആവിർഭാവ ചരിത്ര നിർദ്ധാരണത്തിൽ എപ്പിഗ്രഫി (epigraphy) പഠനങ്ങൾക്ക് മുതൽക്കൂട്ടാവുന്ന അറബി ലിഖിതങ്ങൾ തിരുച്ചിറപ്പള്ളിയിൽ നിന്ന് കണ്ടെത്തിയിരുന്നു. ഈ ലിഖിതങ്ങൾ (inscription's) ചരിത്രരചനാ ശാസ്ത്രത്തിലെ അദ്വിതീയമായ (primary) സ്രോതസ്സുകളാണ്. എം.അർ.എം. അബ്ദുറഹീം തമിഴിൽ രചിച്ച 'ഇസ്‍ലാമിക കലൈ കളഞ്ചിയം' (ഇസ്‍ലാമിക വിജ്ഞാന കോശം) രണ്ടാം വോള്യം പേജ് 115ൽ പറയുന്നു: "തിരുച്ചിറപ്പള്ളിയിലെ ഫോർട്ട് റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള കല്ലുപള്ളി എന്നറിയപ്പെടുന്ന മസ്ജിദിന്റെ മിഹ്റാബിൽ ഒരു ശിലാലിഖിതമുണ്ട്. അൽഹാജ് അബ്ദുല്ലാഹിബ്നു അൻവർ ഹിജ്റ 116 ൽ (എ ഡി 734) അവിടെ ഒരു മസ്ജിദ് പണിതതായി ഈ ലിഖിതത്തിൽ വ്യക്തമാക്കുന്നുണ്ട്. പ്രസ്തുത കല്ലിൽ വലതു ഭാഗത്ത് ഖുലഫാഉ റാശിദുകളുടെ പേരും മുഹമ്മദ് ബിൻ ഹാമിദ് ബിനു അബ്ദുല്ല എന്ന നാമവും രേഖപ്പെടുത്തിയിട്ടുണ്ട്. തിരുച്ചിറപ്പള്ളിയിലെ ഉറയൂർ തലസ്ഥാനമാക്കി ചോള വംശ രാജാക്കന്മാർ ഭരിച്ചിരുന്നു. തിരുച്ചിറപ്പള്ളി ഫോർട്ട് റെയിൽവേ സ്റ്റേഷന്റെ തൊട്ടടുത്താണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്. "(Annual report of indian epigraphy for 1949-50,dipartment of archeology) (3).
ചരിത്രത്തിന്റെ ഓർമകൾ തുളുമ്പുന്ന നഗര ഹൃദയത്തിലൂടെ ഞാൻ നത്ഹർ വലി (റ)വിന്റെ ദർഗയിലേക്ക് നടന്നു. ദർഗയുടെ ഖുബ്ബയുടെ ചമത്കാരം ആരെയും ആകർഷിക്കും. ദർഗയുടെ സമീപത്തുള്ള പളളിയിൽ നിന്ന് സുബ്ഹി നിസ്കരിച്ചു. നിസ്കാര ശേഷം ആളുകൾ ഒത്തൊരുമിച്ചു ഉർദു കാവ്യങ്ങൾ ആലപിച്ചു. പ്രഭാതത്തിന്റെ നിശബ്ദതയിൽ ഉർദു നഅതുകൾ നൽകിയ ആത്മീയാനന്ദം അവർണ്ണനീയമായിരുന്നു. ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലൂടെയും സഞ്ചരിച്ചപ്പോൾ ആരാധനാ കർമങ്ങൾക്ക് ശേഷവും വിശേഷ ദിവസങ്ങളിലും ഉർദു കാവ്യങ്ങൾ ആലപിക്കുന്ന രീതി നേരിട്ട് അനുഭവിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ലോകപ്രസിദ്ധ ഇന്ത്യൻ പണ്ഡിതൻ അഅ്‍ലാ ഹസ്രത്ത് ഇമാം അഹ്മദ് റസാ ഖാൻ(റ) രചിച്ച "മുസ്തഫാ ജാനേ റഹ്മത് പേ ലാഖോം സലാം... ശംഎ ബസ് മേ ഹിദായത് പേ ലാഖോം സലാം....."
എന്ന കാവ്യശകലങ്ങൾ ഉത്തരേന്ത്യൻ മുസ്‌ലിംകളിൽ വലിയൊരു വിഭാഗം ദിനേനയെന്നോണം ആലപിക്കുന്ന മദ്ഹ് കീർത്തനങ്ങളാണ്. ആദരവോടെ എഴുന്നേറ്റ് നിന്നാണ് അവർ ഈ പ്രവാചകാനുരാഗ കീർത്തനങ്ങൾ ആലപിക്കാറുള്ളത്. അതിന് റബീഉൽ അവ്വൽ എന്ന പരിഗണയില്ല, വെള്ളിയാഴ്ച രാവ് എന്ന പ്രത്യേകതയില്ല. ദിനേന അവർ ഇത് പാടിക്കൊണ്ടേയിരിക്കുന്നു. പ്രവാചക പ്രേമത്തിന്റെ സ്നേഹപ്രപഞ്ചം അനുരാഗികളുടെ ഹൃദയങ്ങളിൽ സൃഷ്ടിക്കാൻ ഈ കവിതകൾക്കാവുന്നുണ്ട്.
നത്ഹർവലി (റ)
ദക്ഷിണേന്ത്യൻ സൂഫി സാന്നിധ്യങ്ങളിൽ ഉന്നത സ്ഥാനമുള്ള മഹാനാണ് തൃച്ചി ത്വബ്‍ലേ ആലം നത്ഹർവലി ബാദുഷ(റ). പ്രവാചക കുടുംബത്തിൽപ്പെട്ട മഹാനവർകളുടെ യഥാർത്ഥ പേര് സയ്യിദ് മുത്വഹറുദ്ദീൻ എന്നാണ്. അമീറുൽ മുഅ്മിനീൻ അലി(റ)വിന്റെ സന്താന പരമ്പരയിൽ എട്ടാമത്തെ പേരമകനാണ് നത്ഹർവലി (റ). അലി(റ)ലേക്ക് എത്തിച്ചേരുന്ന മഹാന്റെ പിതൃപരമ്പര ഇങ്ങനെ വായിക്കാം: സയ്യിദ് നത്ഹർ വലി(റ), സയ്യിദ് അഹ്മദ് കബീർ (റ), സയ്യിദ് ഇഖ്തിയാർ(റ), സയ്യിദ് തഖി(റ), സയ്യിദ് ഹസൻ (റ), സയ്യിദ് അബുൽ ഖാസിം (റ), സയ്യിദ് ഇമാം സൈനുൽ ആബിദീൻ (റ), സയ്യിദ് ഹുസൈൻ (റ), ഹസ്രത് സയ്യിദുനാ അമീറുൽ മുഅമിനീൻ അലി (റ)
ഹിജ്റ 347 ദുൽഹജ്ജ് 2 ന് (എ.ഡി 959) സുൽത്താൻ സയ്യിദ് അഹ്മദ് കബീർ, ഫത്ഹുന്നിസ ദമ്പതികളുടെ മകനായി ബഹ്നസ എന്ന പ്രദേശത്താണ് ബഹുമാനപ്പെട്ടവർ ജനിച്ചത്. പിതാവായ അഹ്മദ് കബീർ ശാമിലെ ഒരു രാജ്യത്തിന്റെ അമീറായിരുന്നു. ദീർഘകാലത്തെ കാത്തിരിപ്പിന് ശേഷമാണ് സുൽത്താൻ അഹ്മദ് കബീറിന് സന്താനലബ്ധി ഉണ്ടാവുന്നത്. പിറക്കാനിരിക്കുന്ന മഹാത്മാവിന്റെ സവിശേഷതകളെ സംബന്ധിച്ച് ഉമ്മയായ ഫത്ഹുന്നിസക്ക് സ്വപ്നദർശനം നല്കപ്പെട്ടിരുന്നു. നത്ഹർവലി (റ)ന്റെ ജനനസമയത്തും ബാല്യകാലത്തും ധാരാളം അത്ഭുത സംഭവങ്ങൾ പ്രകടമായിരുന്നു. പിതാവ് സുൽത്താൻ അഹ്മദ് കബീറിന്റെ മരണശേഷം നത്ഹർവലി (റ) ഭരണമേറ്റെടുത്തു. രാജാക്കന്മാർ തങ്ങളുടെ അനീതി കാരണം നരകത്തിലും ഫഖീറന്മാർ സൽകർമങ്ങൾ കാരണം സ്വർഗത്തിലും പ്രവേശിക്കുന്നതായി ഒരിക്കൽ അദ്ദേഹം സ്വപ്നം കണ്ടു. അതോടെ തന്റെ സഹോദരന്റെ ഉത്തരവാദിത്വത്തിലേക്ക് ഭരണം ഏൽപ്പിച്ച് ഇരുപത്തിരണ്ടാം വയസ്സിൽ കൊട്ടാരം വീട്ടിറങ്ങി. ഇഷ്ടജനങ്ങളിൽ നിന്ന് തൊള്ളായിരത്തോളം ആളുകൾ അദ്ദേഹത്തെ അനുഗമിച്ചു. പട്ടുമെത്തക്ക് പകരം തമോവനങ്ങളിലെ ഗുഹകളെയു വിഭവസമൃദ്ധമായ ഭക്ഷണങ്ങൾക്ക് പകരം പച്ചിലകളേയും കാട്ടുപഴങ്ങളെയും അദ്ദേഹം തിരഞ്ഞെടുത്തു.
ഇലാഹീ സ്മരണയിൽ മുഴുകിയ ദീർഘ യാത്രക്ക് ശേഷം ഹുർമസിൽ വെച്ച് മഹാനവർകൾ ഖുർഷിദ് ബാബാ സയ്യിദ് അലി ജൗലഖി (റ)വിനെ കണ്ടുമുട്ടി. ആത്മീയ ശിഷ്യത്വം സ്വീകരിക്കുകയും ശൈഖിൽ നിന്ന് അറിവുകൾ ശേഖരിക്കുകയും ചെയ്തു. ശിഷ്യന്റെ ഉള്ളറിഞ്ഞ അലി ജൗലഖി (റ) നത്ഹർ വലി(റ)വിനെ തന്റെ ശൈഖായ സയ്യിദ് ഇബ്രാഹിം (റ)വിനെ ഏല്പിച്ചു. ഇരുമഹത്തുക്കളുടേയും സഹവാസത്തിലായി നത്ഹർ വലി(റ) ദീർഘകാലം ചിലവഴിച്ചു. ആത്മീയ ഉന്നതികൾ താണ്ടിയ നത്ഹർ വലി(റ)ക്ക് ത്വരീഖത്തിന്റെ ഖിലാഫത്ത് സ്ഥാനം നല്കപ്പെട്ടു. തൊള്ളായിരം മുരീദുകളോടൊപ്പം നത്ഹർ വലി(റ) മക്കയിൽ പോയി ഹജ്ജ് ചെയ്യുകയും മദീനയിൽ ഒരു വർഷത്തോളം ജീവിക്കുകയും ചെയ്തു.
മദീനയിൽ ജീവിക്കുന്നതിനിടയിലാണ് ഇന്ത്യയിൽ പ്രബോധനം നടത്താനുള്ള ആജ്ഞ മുത്ത് റസൂൽ(സ്വ) തങ്ങളിൽ നിന്ന് നത്ഹർ വലി(റ)ന് ലഭിക്കുന്നത്. അത് പ്രകാരം ഇന്ത്യയിലേക്ക് മഹാനാവർകൾ യാത്ര തിരിച്ചു. ഭട്കൽ, ചിക്കമംഗളൂർ വഴി മഹാനും അനുയായികളും തിരിച്ചിറപ്പള്ളിയിൽ എത്തിച്ചേർന്നു (4). തൃച്ചിയിലെ തള്ളമാൻ മലയിൽ ഇബാദത്തുകളിൽ മുഴുകി. മലക്ക് താഴെ ഒരു ആശ്രമത്തിൽ 'തായ്‌മാൻ സ്വാമി' ജീവിച്ചിരുന്നു. ശൈഖവർകൾ മഠാധിപതിയായ സ്വാമിജിയോട് മലക്ക് താഴെ ജീവിക്കാനുള്ള അഭിലാഷം പ്രകടിപ്പിച്ചു. "നിങ്ങൾ വസിക്കുന്ന മലയിൽ നിന്ന് ഈ വളയം ചുറ്റി എറിയുക. അത് വീഴുന്ന ദിക്കിൽ നിങ്ങൾക്ക് പർണ്ണശാല പണിതു താമസിക്കാം" എന്നായിരുന്നു സ്വാമിജിയുടെ മറുപടി. സ്വാമിജിയുടെ ആശ്രമത്തിനു മുകളിലാണ് വളയം വീണത്. സ്വാമിജി വാക്കുപാലിച്ചു. ആശ്രമം ശൈഖിനെ ഏൽപ്പിച്ചു മലമുകളിലേക്ക് പോയി. നത്ഹർ വലി(റ) മലയിറങ്ങാൻ ആഗ്രഹിച്ചത് ജനസമ്പർക്കത്തിന് വേണ്ടിയായിരുന്നു. നാനാഭാഗത്ത് നിന്നും ജാതിമതഭേദമന്യ ജനങ്ങൾ അവിടുത്തെ സമീപത്തേക്ക് ഒഴുകി. പ്രയാസങ്ങളുടെ ഭാണ്ഡക്കെട്ടുകൾ ആ സവിധത്തിൽ അഴിക്കപ്പെട്ടു.
ത്വബ് ലേ ആലം
നാട്ടിൽ വലിയ വെള്ളപ്പൊക്കം ഉണ്ടായപ്പോൾ ജനങ്ങൾ ഒന്നടങ്കം നത്ഹർ വലി(റ)വിനെ സമീപിച്ച് ആവലാതി ബോധിപ്പിച്ചു. ശൈഖ് അവരെ സമാധാനിപ്പിച്ചു. ത്വബ്‍ല്‍ (ചെണ്ട) കൊണ്ടുവന്ന് ശക്തിയായി മുട്ടാൻ തുടങ്ങി. ത്വബ്‍ല്‍ മുട്ട് ആരംഭിച്ചപ്പോൾ തന്നെ വെളളം ഇറങ്ങി. അത് കാരണം മഹാനായ ആദം നബി (അ) ശൈഖവർകളെ 'ത്വബ് ലേ ആലം' എന്ന് വിളിച്ചുവെന്നാണ് പറയപ്പെടുന്നത്. അഭൗമ ലോകത്ത് വെച്ച് നടന്ന ഈ സംഭവത്തിന്റെ ശേഷമാണ് ബഹുമാനപ്പെട്ടവർ ത്വബ്‍ലേ ആലം എന്ന പേരിൽ പ്രസിദ്ധനായത്(5).
പ്രൗഢമായ ചരിത്ര സംഭവങ്ങൾ മനസ്സിൽ പേറിയാണ് ഞാൻ ദർഗയിൽ പ്രവേശിച്ചത്. ദർഗയുടെ ഭംഗിയാർന്ന ചുമരുകൾ ഏറെ ആകർഷണീയമായി തോന്നി. ഫാരിസി കവിതകൾ ചുമരുകളിൽ ഉല്ലേഖനം ചെയ്തിട്ടുണ്ട്. സ്വർണ്ണച്ചായത്തിൽ മുങ്ങിക്കുളിച്ച ദർഗക്കുള്ളിലെ ഭിത്തികൾ ആരെയും ആകർഷിക്കും. ധാരാളം ആളുകൾ പ്രാർത്ഥനയിൽ മുഴുകുന്നുണ്ട്. കണ്ണുനീർ കവിൾതടങ്ങളിലൂടെ ഒലിച്ചിറങ്ങുന്നവരുണ്ട്. ഞാൻ പതുക്കെ ദർഗയുടെ ചുമരിനോട് ചാരി ഇരുന്നു. വല്ലാത്തൊരു സമാധാനം. ദർഗയുടെ കവാടത്തിനരികെ നാഗൂർ ശൈഖിന്റെ ചില്ല കാണാം. മഹാനായ നഗൂർ ഷാഹുൽ ഹമീദ്(റ) 40 ദിവസം അവിടെയാണ് ഇബാദത്ത് ചെയ്തിരുന്നത്. നത്ഹർ വലി(റ) സ്വന്തം കൈപ്പടയിൽ എഴുതിയ വിശുദ്ധ ഖുർആൻ, വെളിച്ചത്തിന് വേണ്ടി ഉപയോഗിച്ച വിളക്ക്, ചെരുപ്പ്, മറ്റു ആസാറുകൾ എന്നിവ ദർഗയിൽ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. ശൈഖവർകളുടെ സിൽസിലയും വംശ പരമ്പരയും ദർഗയുടെ ചുമരിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.
ഹബീബായ റസൂൽ(സ്വ)യിലേക്ക് എത്തിച്ചേരുന്ന നത്ഹർ വലി(റ)വിന്റെ ആത്മീയ പരമ്പര (സിൽസില) :
സയ്യിദുനാ റസൂലുല്ലാഹി ( സ്വ ) തങ്ങൾ , സയ്യിദുനാ അലി (റ), സയ്യിദുനാ ഇമാം ഹുസൈൻ (റ), സയ്യിദുനാ ഇമാം സൈനുൽ ആബിദീൻ (റ), സയ്യിദുനാ ഇമാം മുഹമ്മദുൽ ബാഖിർ (റ), സയ്യിദുനാ ഇമാം ജഅ്ഫർ സ്വാദിഖ് (റ), സയ്യിദുനാ ഇമാം മുസൽ കാളിം(റ), സയ്യിദുനാ ഇമാം അലി മൂസാ രിളാ (റ), സയ്യിദുനാ ഇമാം മുഹമ്മദ് തഖീ (റ), സയ്യിദുനാ ഇമാം അലി നഖീ (റ), അശൈഖ് സയ്യിദ് ബാബ ജമാലുദ്ദീൻ (റ), അസ്സയ്യിദ് ബാബാ ഇബ്റാഹിം സൂഫി ഹുസൈനി (റ), ശൈഖ് സുൽത്വാൻ സയ്യിദ് ബാബാ അലി ജൗലഖി ഹുസൈനി (റ), സുൽത്വാൻ സയ്യിദ് ബാബായെ നത്ഹർ സർമസ്ത് ത്വബ്‍ലേ ആലം (റ).
ഹിജ്റ 417 റമളാൻ മാസം 14ന് വെള്ളിയാഴ്ചയാണ് (1026 ഒക്ടോബർ 28) നത്ഹർ വലി(റ) വഫാത്തായത്. എന്നാൽ ബഹുമാനപ്പെട്ടവരുടെ വഫാത്തിന്റെ കൃത്യമായ തീയതി നിർണയിക്കുന്നതിൽ അധികപേർക്കും അബദ്ധം സംഭവിച്ചിട്ടുണ്ട്. അതിന് കാരണമായത് മഹാനവർകളുടെ വഫാത്ത് സൂചിപ്പിക്കുന്ന കാവ്യത്തിലെ വരികളിലെ അവസാനത്തിൽ വന്ന നൂറുൽ ഐൻ (417) എന്ന അബ്ജദിന്റെ അക്ഷരക്കണക്ക് കൃത്യതയോടെ നിർണയിക്കാത്തതാണ്. നൂറു നൂരിൽ ഐൻ (673) എന്നാണ് അബദ്ധം പിണഞ്ഞവർ കണക്കാക്കിയിട്ടുള്ളത്(6).
എല്ലാ വർഷവും റമളാൻ 14 ന് ശൈഖിന്റെ പേരിലുള്ള ഉറൂസ് മുബാറക് നടക്കാറുണ്ട്. മന്ത്രിയും സഹയാത്രികനുമായ ബാബാ ശംസ് ഗോയാ(റ)വിന്റെ ഖബർ ശൈഖവർകളുടെ ഖബറിന്റെ തൊട്ടടുത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത്. ദർഗക്കുള്ളിൽ ഹസ്രത് അബ്ദുറഹ്മാൻ ആൽ നൂരി കലന്തർ (റ) വിന്റെയും ഭാര്യ സുൽത്താനുന്നിസാ (റ)യുടേയും ഖബറുകൾ സ്ഥിതി ചെയ്യുന്നുണ്ട്. ബാബാ ഗിയാസുദ്ധീൻ (റ)വിന്റെ ഖബർ ദർഗക്ക് പുറത്താണ് സ്ഥിതി ചെയ്യുന്നത്. ദർഗയുടെ സമീപത്തുള്ള മഖ്ബറയിൽ ശൈഖിന്റെ ഖലീഫമാരുടെയും കുടുംബാംഗങ്ങളുടെയും ധാരാളം ഖബറുകൾ കാണാം. നത്ഹർ വലി(റ)വിന്റെ മുരീദുമാർ കലന്തറുകൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് ദീനീ പ്രബോധനത്തിനു വേണ്ടി കലന്തറുകളെ ബഹുമാനപ്പെട്ട നത്ഹർ വലി(റ) അയച്ചിരുന്നു. ശൈഖിന്റെയും ശിഷ്യന്മാരുടെയും ജീവിത വിശുദ്ധിയിൽ ആകൃഷ്ടരായി ധാരാളം ആളുകൾ ഇസ്‍ലാമിലേക്ക് കടന്നുവന്നു. തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടക, കേരളം, പോണ്ടിച്ചേരി, ശ്രീലങ്ക, ദ്വീപുകൾ എന്നിവിടങ്ങളിലെല്ലാം ഖലീഫമാർ ദീനീ സേവനം അനുഷ്ഠിച്ചതായി പറയപ്പെടുന്നുണ്ട്.
ദർഗയിലെ രാജകുമാരിയുടെ ഖബർ
നത്ഹർ വലി(റ)വിന്റെ ദർഗക്കുള്ളിൽ അന്തിയുറങ്ങുന്ന രാജകുമാരിയെക്കുറിച്ചു വിത്യസ്ത കഥകൾ പ്രചാരത്തിലുണ്ട്. ശൈഖവർകളുടെ കറാമത്തുകൾ പ്രസിദ്ധിയാർജിച്ച കാലത്താണ് കുഞ്ഞുങ്ങളില്ലാത്തത് കാരണം ദുഃഖിച്ചിരിക്കുന്ന തൃച്ചി രാജാവിനും രാജ്ഞിക്കും അംഗവൈകല്ല്യമുള്ള പെൺകുഞ്ഞ് ജനിക്കുന്നത്. ഇരുവരും നത്ഹർ വലി(റ)വിന്റെ സന്നിധിയിലെത്തി. ദീർഘകാലത്തെ കാത്തിരിപ്പിന്റെ കഥയും ദുഃഖത്തിന്റെ കാഠിന്യതയും ദമ്പതികൾ ശൈഖിന്റെ മുമ്പിൽ അവതരിപ്പിച്ചു. ശൈഖ് മന്ത്രിച്ചൂതി നൽകിയ വെള്ളം തെളിച്ചപ്പോൾ കുട്ടിയുടെ വൈകല്യം നീങ്ങിയെങ്കിലും കൊട്ടാരത്തിൽ എത്തിയപ്പോൾ വീണ്ടും പഴയ രൂപത്തിൽ തന്നെയായി. അവസാനം ആ കുട്ടി ശൈഖിന്റെ സംരക്ഷണത്തിൽ തന്നെ കഴിയാൻ തീരുമാനിച്ചു. ശൈഖിൽ നിന്ന് അറിവുകൾ സ്വായത്തമാക്കിയ മഹതി ആത്മീയമായ ഉന്നതസ്ഥാനങ്ങൾ കരസ്ഥമാക്കി. മാമ ജിഗ്നി അമ്മ എന്ന പേരിലവർ അറിയപ്പെട്ടു. മഹതി എപ്പോഴും ഖുർആൻ ഓതിയിരുന്നു. അവരുടെ ഖുർആൻ പാരായണം കേട്ട് വളർത്തുപക്ഷിയായ തത്ത ഖുർആൻ മനപ്പാഠമാക്കി. ശൈഖ് നത്ഹർ വലി (റ) വിന്റെ വളർത്തു പുത്രിയായ മാമ ജിഗ്നി എന്ന മഹതിയുടെയും തത്തയുടെയും ഖബറുകൾ ദർഗക്കുള്ളിലാണ് സ്ഥിതി ചെയ്യുന്നത്(7).
ചോള രാജകുമാരി കുന്ദവൈ നാച്ചിയാരും വിവാദങ്ങളും
തൃച്ചി യാത്രക്ക് പുറപ്പെടുന്നതിന് മുമ്പ് തന്നെ മനസ്സിൽ ഇടംപിടിച്ച പേരാണ് കുന്തവൈ നാച്ചിയാർ. ദക്ഷിണേന്ത്യയിൽ പത്താം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ചോള സാമ്രാജ്യത്തിലെ രാജകുമാരിയായിരുന്നു ഇളയപിരാട്ടി എന്നറിയപ്പെടുന്ന കുന്ദവൈ നാച്ചിയാർ. ചോള സാമ്രാജ്യത്തിന്റെ അധിപൻ സുന്ദര ചോളൻ ചക്രവർത്തിയുടേയും രാജ്ഞി വാനമാ ദേവിയുടേയും മകളായാണ് കുന്ദവൈ ജനിക്കുന്നത്. ജ്യേഷ്ഠൻ അദിത്യ കരികാലന്റേയും അനുജൻ അരുൾമൊഴി വർമന്റേയും സഹോദരിയാണ് കുന്ദവൈ. ബുദ്ധിശക്തി കൊണ്ടും ഭരണ നൈപുണ്യം കൊണ്ടും കുന്ദവൈ പ്രശസ്തയായിരുന്നു. ചോള സാമ്രാജ്യം പ്രതിസന്ധികൾ അഭിമുഖീകരിച്ചപ്പോൾ പ്രതിരോധം തീർക്കാൻ കുന്ദവൈ മുന്നിലുണ്ടായിരുന്നു. സഹോദരൻ അരുൾമൊഴി വർമന്റെ (രാജ രാജ ചോളൻ) നേതൃത്വത്തിൽ രാഷ്ട്രീയ വിജയങ്ങൾ കൊയ്‌തെടുക്കുന്നതിൽ കുന്ദവൈയുടെ അതുല്യമായ ഇടപെടൽ ഉണ്ടായിരുന്നു (8).
കൽക്കി കൃഷ്ണമൂർത്തിയുടെ 'പൊന്നിയൻ സെൽവൻ'എന്ന നോവൽ ആധാരമാക്കി പുറത്തിറങ്ങിയ PS-1 എന്ന സിനിമ പുറത്തിറങ്ങിയതിന് പിന്നാലെയാണ് കുന്ദവൈ നാച്ചിയാരുടെ വിശ്വാസത്തെക്കുറിച്ചുള്ള വിവാദങ്ങൾ തമിഴ്നാട്ടിൽ കത്തിപ്പടരുന്നത്. തൃച്ചിയിലെ ദർഗയിൽ അന്തിയുറങ്ങുന്ന മാമാ ജിഗ്നി എന്ന പേരിലറിയപ്പെട്ട രാജകുമാരി കുന്ദവൈ നാച്ചിയാരാണെന്ന് ചില വായനകളും വീഡിയോകളും പുറത്തിറങ്ങിയപ്പോഴാണ് വിവാദം ആരംഭിച്ചത്. വിവാദത്തിന്റെ നിജസ്ഥിതി പൂർണ്ണമായും മനസ്സിലാക്കുന്നതിന് തമിഴ്ഭാഷ എന്റെ മുന്നിൽ ഒരു തടസ്സമായി മാറി. എന്നാലും പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് ധാരാളം അന്വേഷിച്ചെങ്കിലും തൃപ്തികരമായ മറുപടികൾ ലഭിച്ചിരുന്നില്ല. ശൈവ ഭക്തയായ കുന്ദവൈ നാച്ചിയാരെയാണ് അധിക ഗ്രന്ഥങ്ങളിലും കാണാൻ കഴിഞ്ഞത്. എന്നാൽ കുന്ദവൈ നാച്ചിയാരുടെ ഇസ്‍ലാമാശ്ലേഷണത്തിന്റെ തെളിവായി ഹൊസൂർ രാജൻ രചിച്ച 'ചോയച്ചുടരൊളി കുന്ദവൈ നാച്ചിയാർ' എന്ന ഗ്രന്ഥത്തെയും നൂറുന്നിസ റഹീമുദ്ദീൻ രചിച്ച 'നത്ഹരിയാവിൻ നന്തവനത്ത് റോജാക്കൾ' എന്ന ഗ്രന്ഥത്തെയും അകമീയം പുറത്തിറക്കിയ 'ദക്ഷിണേന്ത്യയിലെ മുസ്‍ലിം വേരുകൾ' (പേജ് 91) അവലംബിച്ചത് ഓർത്തുപോയി. ദർഗയുടെ മുറ്റത്തെ പ്രാവിൻ കൂട്ടങ്ങളുടെ 'കൂട്ടക്കുറുകൽ' എന്നെ ഓർമകളുടെ ആഴപ്പരപ്പിൽ നിന്ന് തട്ടിയുണർത്തി. ചരിത്രം മനസ്സിൽ സൃഷ്ടിക്കുന്ന ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങളുമായാണ് തൃച്ചിയിൽ നിന്ന് ഞാൻ മടങ്ങിയത്.
Reference:
1. എഡിറ്റർ സൈനുദ്ധീൻ മന്ദലാംകുന്ന്, ദക്ഷിണേന്ത്യയിലെ മുസ്‍ലിംവേരുകൾ,അകമീയം ബുക്സ്, തൃശൂർ,2020,പേജ് 45
2. അക്ബർ ഷാഹ് ഖാൻ നജീബ് ആബാദി, ആയിനയെ ഹഖീഖത്ത് നുമാ, നഫീസ് അക്കാദമി,കറാച്ചി,1920, പേജ് 69
3. എഡിറ്റർ സൈനുദ്ധീൻ മന്ദലാംകുന്ന്, ദക്ഷിണേന്ത്യയിലെ മുസ്‍ലിംവേരുകൾ, അകമീയം ബുക്സ്, തൃശൂർ,2020 ,പേജ് 78
4. ബാബാ സയ്യിദ് നസീറുദ്ധീൻ കലന്ദർ, ദാസ്താനേ ത്വബലെ ആലം ബാദുഷ, ദർഗ ഖാദിം, തിരുച്ചിറപ്പള്ളി, പേജ് 33
5. കുഞ്ഞി മുഹമ്മദ് ഫൈസി വലിയ പറമ്പ്, ദക്ഷിണേന്ത്യൻ സിയാറത്ത് ഡയറി, ഇർഷാദ് പബ്ലിക്കേഷൻസ്, 1998, പേജ് 51
6. എഡിറ്റർ സൈനുദ്ധീൻ മന്ദലാംകുന്ന്, ദക്ഷിണേന്ത്യയിലെ മുസ്‍ലിംവേരുകൾ, അകമീയം ബുക്സ്, തൃശൂർ,2020 ,പേജ് 94
7. കുഞ്ഞി മുഹമ്മദ് ഫൈസി വലിയ പറമ്പ്, ദക്ഷിണേന്ത്യൻ സിയാറത്ത് ഡയറി, ഇർഷാദ് പബ്ലിക്കേഷൻസ്,1998,പേജ് 49
8. Undying legacy of Princess Kundavai, the woman behind Chola Dynasty
TIMES OF INDIA,2023 Apr 28
Leave A Comment