ലോക്ഡൗണ്‍ ഇളവുകള്‍: ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കണം-സമസ്ത കോര്‍ഡിനേഷന്‍

കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ രോഗ വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ലോക്ഡൗണില്‍ ഉളവ് അനുവദിച്ച് കൊണ്ടുള്ള ഉത്തരവില്‍ ആരാധനാലയങ്ങളെ കൂടി ഉള്‍പ്പെടുത്തണമെന്ന് സമസ്ത മലപ്പുറം ജില്ലാ കോഡിനേഷന്‍ ആവശ്യപ്പെട്ടു. രോഗ വ്യാപന തോത് പരിഗണിച്ച് തദ്ദേശ സ്ഥാപന പരിധികളില്‍ സര്‍ക്കാര്‍ ഇളവ് അനുവദിച്ചതില്‍ അവശ്യവസ്തുക്കളുടെ വില്‍പനക്കുപുറമെ മറ്റെല്ലാ സ്ഥാപനങ്ങളെയും മദ്യ ശാലകള്‍ പോലും തുറന്ന് പ്രവര്‍ത്തിക്കാവുന്നതിന്റെ പരിധിയില്‍പ്പെടുത്തുകയും സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളില്‍ നിശ്ചിത ശതമാനം കണക്കാക്കി ഹാജര്‍ അംഗീകരിക്കുകയും പൊതുഗതാഗതം ആരംഭിക്കുകയും ചെയ്തിട്ടും പൂര്‍ണ ശുചിത്വം ആരാധനയുടെ തന്നെ നിബന്ധനയാക്കുകയും സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ വ്യവസ്ഥാപിതമായി പാലിക്കാന്‍ സൗകര്യങ്ങളുണ്ടാക്കുകയും ചെയ്യുന്ന ആരാധനാലയങ്ങളെ അവഗണിക്കുന്നതിന് യാതൊരു ന്യായീകരണവുമില്ലെന്ന് യോഗം കുറപ്പെടുത്തി.

പ്രസ്തുത ആവശ്യം ഉന്നയിച്ച് കലക്ടേറ്റിന് മുന്നില്‍ ജില്ലാ നേതാക്കള്‍ ധര്‍മ സമരം നടത്തി. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യതുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട് അധ്യക്ഷനായി. സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി പുത്തനഴി മൊയ്തീന്‍ ഫൈസി, എസ്.എം.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി യു ശാഫി ഹാജി, സമസ്ത ജില്ലാ കോഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍,  സമസ്ത മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ വെസ്റ്റ് ജില്ലാ പ്രസിഡന്റ്  സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, എസ്.വൈ.എസ് വെസ്റ്റ്  ജില്ലാ പ്രസിഡന്റ് സി.എച്ച് ത്വയ്യിബ് ഫൈസി,  എസ്.വൈ.എസ് ഈസ്റ്റ് ജില്ലാ ജനറല്‍ സെക്രട്ടറി സലീം എടക്കര, ജംഇയ്യതുല്‍ ഖുത്വബാഅ് ജില്ലാ ജനറല്‍ സെക്രട്ടറി ഹംസ റഹ്മാനി കൊണ്ടിപറമ്പ്, സമസ്ത പ്രവാസി സെല്‍ സംസ്ഥാന വര്‍ക്കിംഗ് കണ്‍വീനര്‍ ഹംസ ഹാജി മൂന്നിയൂര്‍, ജംഇയ്യതുല്‍ മുഅല്ലിമീന്‍ ഈസ്റ്റ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.ടി ഹുസൈന്‍ കുട്ടി മൗലവി, എസ്.കെ.എസ്.എസ്.എഫ് വെസ്റ്റ് ജില്ലാ ജനറല്‍ സെക്രട്ടറി അനീസ് ഫൈസി മാവണ്ടിയൂര്‍, പി.കെ ലത്തീഫ് ഫൈസി സംബന്ധിച്ചു. തുടര്‍ന്ന് ആരാധനാലയങ്ങള്‍ തുറക്കണമെന്നാവശ്യപ്പെട്ട് സമസ്ത ജില്ലാ കമ്മിറ്റിയുടെ മുഖ്യമന്ത്രിക്കുള്ള നിവേദനം പാണക്കാട് സയ്യിദ് ഹമദീലി ശിഹാബ് തങ്ങള്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറി

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter