ലുബ്‌ന ഖുര്‍ത്തുബിയ്യ, അന്ദലൂസിയന്‍ സാംസ്‌കാരിക വിപ്ലവത്തിന് കരുത്തു പകര്‍ന്ന വനിത

പത്താം നൂറ്റാണ്ടില്‍ കൊര്‍ദോവയിലെ ഉമവി ഖിലാഫത്തിന് കീഴില്‍ അന്നത്തെ സാംസ്‌കാരിക ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് വിശാലമായ സാംസ്‌കാരിക മുന്നേറ്റേങ്ങള്‍ക്കും വിദ്യാഭ്യാസ നവോത്ഥാനത്തിനും ചുക്കാന്‍ പിടിച്ച ഒരു വനിതയുണ്ടായിരുന്നു. രാജ കൊട്ടാരത്തില്‍ കാലങ്ങളായി ജോലി ചെയ്തു വന്നിരുന്ന ഒരു അടിമ കുടുംബത്തിലെ മകളായി ജനിക്കുകയും കൊട്ടാരത്തെ ചുറ്റിപ്പറ്റി വളര്‍ന്ന് രാജാവിന്റെ മുതിര്‍ന്ന കാര്യനിര്‍വാഹക വരെയായി മാറുകയും ചെയ്തവരായിരുന്നു അവരെന്ന് അറിയുമ്പോള്‍ വീണ്ടും നമ്മുടെ അല്‍ഭുതം വര്‍ദ്ധിക്കും. ബുദ്ധി ജീവിയും ഗണിതശാസ്ത്രജ്ഞയുമായിരുന്ന  ലുബ്‌ന ഖുര്‍തുബിയ്യയായിരുന്നു അത്. കൊര്‍ദോവയിലെ ഇത്തരം നൂറ്  നൂറ്കണക്കിന് സ്ത്രീകള്‍ക്ക് ആവേശം കൂടിയായിരുന്നു ലുബ്ന.

ഉമവിഖലീഫയായിരുന്ന അബ്ദുറഹമാന്‍ മൂന്നാമന്റെ ഭരണകാലത്താണ് മദീനത്തുല്‍ സഹ്‌റയിലെ കൊട്ടാരത്തിലെ അടിമ കുടുംബത്തില്‍ ലുബ്‌ന ജനിക്കുത്. അപാരമായ ബുദ്ധിവൈഭവവും വിദ്യാഭ്യാസവുമുണ്ടായിരുന്ന  അവര്‍ ചെറുപ്രായത്തില്‍ തന്നെ രാജകുടുംബാംഗങ്ങളില്‍ മതിപ്പുളവാക്കി. അബ്ദുല്‍ ഹക്കം രണ്ടാമന്റെ കാലത്ത് അടിമത്വമോചനം നേടുകയും കൊട്ടാരത്തിലെ വിവിധ സ്ഥാനമാനങ്ങള്‍ അലങ്കരിക്കുകയും ചെയ്ത ലുബ്‌ന ഖലീഫയുടെ ഖാതിബുല്‍ഖുബ്‌റ എന്ന മുതിര്‍ന്ന സെക്രട്ടറിയുടെ പദവിവരെ അലങ്കരിച്ചു. മോചനം നേടിയ അടിമകള്‍ക്ക് വരെ അക്കാലത്ത് ഉയര്‍ന്ന ഭരണ സ്ഥാനമാനങ്ങങ്ങള്‍ എത്തിപ്പിടിക്കാമായിരുന്നു എന്നത് കൂടി ഇവിടെ നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

വൈവിധ്യങ്ങളായ കഴിവുകളുടെ മഹാസംഗമമായിരുന്നു ലുബ്‌ന ഖുര്‍ത്തുബിയ്യ. സ്പെയ്ന്‍ ചരിത്രകാരനായിരുന്ന ഇബ്‌നു ബഷ്‌കാവല്‍ തന്റെ ഗ്രന്ഥത്തില്‍ സൂചിപ്പിക്കുന്നത് പോലെ, സാഹിത്യകാരിയും ഗണിതശാസ്ത്രജ്ഞയും അറബി വ്യാകരണത്തിലെ അധിപയുമായിരുന്നു ലുബ്‌ന ഖുര്‍ത്തുബിയ്യ.

ജീവിതത്തിന്റെ സിംഹഭാഗവും ലുബ്‌ന ലൈബ്രറികള്‍ക്ക്‌ വേണ്ടി ഉഴിഞ്ഞു വെച്ചു. കൊട്ടാരലൈബ്രറിയിലെ പകര്‍പ്പെഴുത്തുകാരിയായി നിയമിതയായതോടെയാണ് തന്റെ ഭാവി നെയ്‌തെടുക്കാന്‍ തുടങ്ങുന്നത്. പിന്നീട് അഞ്ച്‌ ലക്ഷത്തോളം പുസ്തകങ്ങളുള്‍ക്കൊള്ളുന്ന കൊര്‍ഡോവ ലൈബ്രറിയുടെ ക്യൂറേറ്ററായി നിയമിതയായ ലുബ്‌ന അവിടത്തെ മിക്ക കയ്യെഴുത്തു പ്രതികളുടെയും തര്‍ജ്ജമ നിര്‍വഹിക്കുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്നു. ഹസ്ദായ് ബ്‌നു ശബ്‌റൂത്ത് എന്ന ജൂതന്റെ കുടെ മദീനത്തുല്‍സഹ്‌റയിലെ പ്രശസ്തമായ ലൈബ്രറിയുടെ സ്ഥാപനത്തിലും വലിയ പങ്ക് വഹിച്ചിട്ടുണ്ട് അവര്‍.

ഒരു കവയത്രിയും കാലിഗ്രഫറും തത്വചിന്ത പണ്ഡിതയും കൂടിയായിരുന്ന ലുബ്‌ന രചനകളും തര്‍ജമകളും കാലിഗ്രഫികളുമടങ്ങുന്ന അമൂല്യമായ കലാസൃഷ്ടികളുടെ സമ്പന്നമായ പൈതൃകമാണ്‌ വരുംതലമുറക്ക് അവശേഷിപ്പിച്ചിട്ടുള്ളത്. യൂക്ലിഡിന്റെയും ആര്‍ക്കിമിഡീസിന്റയും അടക്കം ഒരു പക്ഷെ വിഞാന ലോകത്തിന് പൂര്‍ണമായും നഷ്ടപ്പെട്ടുപോകുമായിരുന്ന നിരവധി അമൂല്യമായ ഗ്രന്ഥങ്ങള്‍ ഗ്രീക്കു ഭാഷയില്‍ നിന്നുംഅറബിയിലേക്ക് അവര്‍ തര്‍ജമ ചെയ്തു.

ഗതാഗത സംവിധാനങ്ങള്‍ വളരെ പരിമിതമായിരുന്ന അക്കാലത്ത് അറിവിന് വേണ്ടി ലുബ്‌ന ഖുര്‍ത്തുബിയ്യ നടത്തിയ യാത്രകളും ചരിത്രത്തില്‍ ഇടം പിടിച്ചവയാണ്. കോര്‍ഡോവായിലെ പുസ്തകശാലകളിലേക്ക് പുതിയ പുസ്തകങ്ങള്‍ എത്തിക്കുതിനായി കൈറോയും ഡമസ്‌കസും ബഗ്ദാദുമടങ്ങുന്ന വിദൂര ദേശങ്ങളിലേക്ക്‌ വിജ്ഞാനദാഹവും സമര്‍പ്പണബോധവുമായി അവര്‍ ഒറ്റക്ക്‌ യാത്ര ചെയ്തുവെന്നത് അമ്പരപ്പിക്കുന്ന മറ്റൊരു വസ്തുതയാണ്.

സാംസ്‌കാരിക തലത്തില്‍ ക്രിസ്ത്യന്‍ അധീന യുറോപ്പിനെ അപ്രസക്തമാക്കും വിധം ലോകത്തിന്റെ സാംസ്‌കാരിക നവോത്ഥാന കേന്ദ്രമായി ഇസ്‌ലാമിക ഭരണത്തിന് കീഴില്‍ അന്‍ദലൂസിയയെ മാറ്റിയതില്‍ മുഖ്യ പങ്ക് വഹിച്ചത്അവിടത്തെ ലൈബ്രറികളായിരുന്നു. അതില്‍ തന്നെ സ്ത്രീകളുടെ പങ്ക് എടുത്തു പറയേണ്ട കാര്യമാണ്. മുസ്‌ലിം സ്പയിനിലെ സാംസ്‌കാരിക അഭിവൃദ്ധിയുടെ കാലമായി ഗണിക്കപെടുന്ന ഖലീഫ അല്‍ ഹകം രണ്ടാമന്റെ ഭരണകാലത്ത് വ്യത്യസ്ത പ്രദേശങ്ങളിലായി നൂറ്റിഎഴുപതോളം സ്ത്രീ എഴുത്തുകാരുണ്ടായിരുന്നതായി ചരിത്ര ഗ്രന്ഥങ്ങള്‍ സാക്ഷ്യപ്പെടുത്തുുന്നുണ്ട്. സ്ത്രീ സാക്ഷരത നിരക്കിലും വിദ്യാഭ്യാസത്തിലുമെല്ലാം അന്നത്തെ ക്രിസ്ത്യന്‍ യൂറോപ്യന്‍ രാജ്യങ്ങളേക്കാള്‍ ഒരുപടി മുന്നിലായിരുന്നു മുസ്‌ലിം സ്‌പെയിന്‍. ഖലീഫ അല്‍ ഹകം രണ്ടാമന്റെ കാലത്ത്‌ കൊട്ടാരത്തില്‍ സേവനമനുഷ്ഠിച്ചിരുന്ന സ്ത്രീ ബുദ്ധിജീവികളില്‍ ലുബ്‌നക്ക് പുറമെ ചരിത്രത്തില്‍ വേണ്ടവിധം സ്മരിക്കപ്പെടാതെ പോയ ഒരു പാട്‌ സ്ത്രീകളുമുണ്ടായിരുന്നു.

സാഹിത്യകാരിയെന്നതിന് പുറമേ ഗണിതശാസ്ത്രജ്ഞയായും ലുബ്‌ന ഖുര്‍ത്തുബിയെ ചരിത്രത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. ചരിത്രത്തിലെ അപൂര്‍വം ചില സ്ത്രീ ഗണിതശാസ്ത്രജ്ഞരില്‍ ഒരാളെന്ന നേട്ടം കൂടിയുണ്ട് ഇസ്‌ലാമിക ചുറ്റുപ്പാടില്‍ വളര്‍ന്ന് ഉയരങ്ങള്‍ എത്തിപ്പിടിച്ച ലുബ്‌ന ഖുര്‍ത്തുബിയ്യക്ക്. ഗണിതത്തില്‍ അതീവ തല്‍പരയും അഗ്രഗണ്യയുമായിരുന്ന അവര്‍ തന്റെ അറിവ്‌ വളര്‍ന്നുവരുന്ന പുതുതലമുറക്ക്‌ കൈമാറുന്നതിന് വേണ്ടി കൊര്‍ദോവയിലെ മദ്രസകളും തെരുവോരങ്ങളും ഉപയോഗപ്പെടുത്തി.

സാസ്‌കാരികമായി അത്യുന്നതിയില്‍ നിന്നിരുന്ന മുസ്‌ലിം സ്‌പെയ്‌നിലെ സാംസ്‌കാരിക വിപ്ലവത്തിലെ ചാലക ശക്തിയായി മാറിയ എന്നാല്‍ ചരിത്രത്തില്‍ ലേണ്ടവിധം പ്രാധാന്യം ലഭിക്കാതെ പോയ പ്രതിഭാധനരായ സ്ത്രീ സാന്നിധ്യത്തിലെ ഒരു കണ്ണി മാത്രമാണ്‌ലുബ്‌ന ഖുര്‍ത്തുബിയ്യ എന്ന് കൂടി നാം തിരിച്ചറിയുമ്പോള്‍, സര്‍വ്വ തലങ്ങളിലും എത്രമാത്രം മാതൃകാപരമായിരുന്നു മുസ്‍ലിം സ്പെയ്ന്‍ എന്ന് നാം അറിയാതെ വിസ്മയിച്ചുപോവും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter