ഏറ്റവും സ്വാധീനമുള്ള 500 മുസ്‍ലിംകള്‍: മഹ്മൂദ് മദനി ‘മാന്‍ ഓഫ് ദി ഇയര്‍’, ആഇശ ബെവ്ലെ ‘വുമന്‍ ഓഫ് ദി ഇയര്‍’
ഏറ്റവും സ്വാധീനമുള്ള 500 മുസ്‌ലിംകളുടെ ഏറ്റവും പുതിയ പട്ടിക പ്രസിദ്ധീകരിച്ചു. ‘മാന്‍ ഓഫ് ദി ഇയര്‍’ ആയി ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് പ്രസിഡന്‍റ് മൌലാന മഹ്മൂദ് മദനിയും ‘വുമന്‍ ഓഫ് ദി ഇയര്‍’ ആയി അമേരിക്കന്‍ വിവര്‍ത്തക ആഇശ അബ്ദുര്‍റഹ്മാന്‍ ബേവ്ലെയുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ജോർദാനിലെ അമ്മാന്‍ റോയൽ ഇസ്ലാമിക് സ്ട്രാറ്റജിക് സ്റ്റഡീസ് സെന്റര്‍ അമേരിക്കയിലെ ജോർജ്ജ്ടൗൺ സർവകലാശാലയിലെ പ്രിൻസ് അൽ വലീദ് ബിൻ തലാൽ സെന്റർ ഫോർ മുസ്ലിം-ക്രിസ്ത്യൻ അണ്ടർസ്റ്റാൻഡിംഗുമായി സഹകരിച്ചാണ് വര്‍ഷംതോറും പട്ടിക തയ്യാറാക്കുന്നത്.
സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് പട്ടികയില്‍ ഏറ്റവും സ്വാധീനമുള്ള 50 പേരില്‍ ഒന്നാമനാണ്. ഇറാന്‍ സുപ്രീം ലീഡര്‍ അലി ഖംനഈ രണ്ടാം സ്ഥാനത്തും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ താനി മൂന്നാം സ്ഥാനത്തുമാണ്. നാലാം സ്ഥാനം തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും അഞ്ചാം സ്ഥാനം ജോര്‍ദ്ദാന്‍ രാജാവ് കിംഗ് അബ്ദുല്ല രണ്ടാമനുമാണ് സ്വന്തമാക്കിയിരിക്കുന്നത്.
തീവ്രവാദ ചിന്താഗതികളെ തള്ളിപ്പറയുന്നതിലും ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന ഇസ്‌ലാം വെറുപ്പിനെ പ്രതിരോധിക്കുന്നതിലും, ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിനെ കൂടുതല്‍ സക്രിയമായി മുന്നോട്ട് കൊണ്ടു പോകുന്നതിനും മൌലാന മഹ്മൂദ് മദനി നല്‍കിയ പങ്കാണ് അദ്ദേഹത്തെ മാന്‍ ഓഫ് ദി ഇയറിന് അര്‍ഹനാക്കിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു.
വുമന്‍ ഓഫ് ദി ഇയര്‍’ ആയി തെരഞ്ഞെടുക്കപ്പെട്ട ആഇശ അബ്ദുര്‍റഹ്മാന്‍ ബേവ്ലെ 1968ല്‍ ഇസ്‌ലാം സ്വീകരിച്ച അമേരിക്കന്‍ വിവര്‍ത്തകയാണ്. ശൈഖ് അബ്ദുല്‍ ഖാദിര്‍ അല്‍-സൂഫി അല്‍-മുറാബിഥിയുടെ ആത്മീയ ശിഷ്യത്വം സ്വീകരിച്ച ആഇശ ഒട്ടേറെ ഇസ്ലാമിക് ക്ലാസ്സിക് ഗ്രന്ഥങ്ങള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഇമാം മാലികിന്റെ മുവത്വ, തഫീസ്ര്‍ അല്‍-ഖുര്‍തുബി, ഖാദി ഇയാദിന്റെ അല്‍-ശിഫ, ഇബ്നു സഅദിന്റെ ത്വബഖാത്ത് തുടങ്ങിയവ അവര്‍ വിവര്‍ത്തനം ചെയ്ത ചില പ്രധാന ഗ്രന്ഥങ്ങളാണ്.
ഏറ്റവും സ്വാധീനമുള്ള 500 മുസ്‌ലിംകളുടെ പട്ടികയില്‍ സ്ഥാനം പിടിച്ച മലയാളികള്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‍വി, കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്രാഹീം ഖലീല്‍ അല്‍-ബുഖാരി എന്നിവരാണ്.
വര്‍ഷംതോറും പുറത്തിറങ്ങുന്ന ഈ റിപ്പോര്‍ട്ടില്‍ മുസ്‌ലിം ലോകത്തെക്കുറിച്ച് പൊതുവായ പഠനങ്ങളും ഓരോ മേഖലകള്‍ തിരിച്ചു മുസ്‌ലിം സമൂഹത്തിന്റെ കാലിക അവസ്ഥയെക്കുറിച്ചും ഉള്‍ക്കാഴ്ച തരുന്ന വിശകലനങ്ങളും ഉള്‍പ്പെടുന്നു.
ലോകത്തെ 90% മുസ്ലിംകളും രാഷ്ട്രീയവല്‍ക്കരിക്കപ്പെടാത്ത പരമ്പരാഗത മുസ്‌ലിംകളാണെന്നും അതില്‍ തന്നെ 90% അശ്അരി-മാതുരീദി വിശ്വാസ സരണികളും ഹനഫി-ശാഫിഈ-മാലികി-ഹന്‍ബലി കര്‍മ്മശാസ്ത്ര സരണികളും പിന്തുടരുന്ന പരമ്പരാഗത സുന്നികളാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
Leave A Comment