മൈക്കല്‍ ബി വൂള്‍ഫ് കേട്ട ഇസ്‍ലാമിന്റെ വിളിയാളം

അമേരിക്കന്‍ ബഹുമുഖ പ്രതിഭ മൈക്കൽ ബി. വൂൾഫ് നാല്‍പതാം വയസ്സിലാണ് ഇസ്‍ലാം സ്വീകരിക്കുന്നത്. കവിയും എഴുത്തുകാരനും യൂണിറ്റി പ്രൊഡക്ഷൻസ് ഫൗണ്ടേഷന്റെ പ്രസിഡന്റും കോ-എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറുമെല്ലാമായ വൂള്‍ഫിന്റെ ഇസ്‍ലാമാശ്ലേഷണം ഏവരെയും അതിശയിപ്പിച്ചിരുന്നു. മതം മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗം. 

കുടുംബ പശ്ചത്താലത്തെ കുറിച്ച് പറയാമോ?

ഓഹിയോയിലെ സിൻസിനാറ്റിയിലാണ് ഞാന്‍ ജനിക്കുന്നത്. എന്റെ അമ്മ ക്രിസ്ത്യാനിയും അച്ഛന്‍ ജൂത വിശ്വാസിയുമാണ്. ഞാന്‍ തീര്‍ത്തും ഒരു സെക്യുലർ ചിന്താഗതിക്കാരനായാണ് വളര്‍ന്നത്. 

താങ്കൾ ഇസ്‍ലാം മതം സ്വീകരിക്കുകയും മതപരിവർത്തനവുമായി ബന്ധപ്പെട്ട് പുസ്തകങ്ങൾ എഴുതുകയും ചെയ്തിട്ടുണ്ട്. മുസ്‍ലിമാവാനുണ്ടായ പ്രധാന കാരണം എന്തായിരുന്നു?

വൂൾഫ്: നാൽപ്പതാം വയസ്സിലാണ് ഞാൻ മുസ്‍ലിമായത്. മക്കയെ കുറിച്ചും അവിടത്തെ ആരാധനാരീതികളെ കുറിച്ചുമുള്ള വായനകളാണ് എന്നെ ഇസ്‍ലാമിലെത്തിച്ചത് എന്ന് പറയാം. മാൽ‌ക്കം എക്സും വംശീയതയും എന്നെ വല്ലാതെ സ്വാധീനിച്ചിരുന്നു. ഇംഗ്ലണ്ട് വംശജൻ ആണെന്നതിന്റെ പേരിൽ തന്നെ ധാരാളം അധിക്ഷേപങ്ങൾക്ക് ഞാന്‍ ഇരയായിട്ടുണ്ട്. പലപ്പോഴും ഉള്‍വലിഞ്ഞ് ജീവിക്കാനായിരുന്നു അവ എന്നെ പ്രേരിപ്പിച്ചത്. അപ്പോഴാണ്, ഇസ്‍ലാമിന്റെ മാനവികതയും സര്‍വ്വസമത്വവും ഞാന്‍ മനസ്സിലാക്കുന്നത്. മതകീയമായും രാഷ്ട്രീയമായും ഇസ്‍ലാം മുന്നോട്ട് വെക്കുന്നത് അർത്ഥവത്തും സമ്പൂര്‍ണ്ണവുമായ ആശയങ്ങളാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. നീണ്ട യാത്രകള്‍ക്കൊടുവില്‍ ഞാന്‍ മക്കയിൽ എത്തിച്ചോരുകയും ചെയ്തു.

ക്രിസ്ത്യാനികളുമായോ ജൂതന്മാരുമായോ മറ്റേതെങ്കിലും മതത്തിൽ നിന്നുള്ളവരുമായോ എനിക്ക് തർക്കമോ അഭിപ്രായവ്യത്യാസങ്ങളോ ഇല്ല. പക്ഷേ ഇസ്‍ലാം ആണ് പൂർണ മതമെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. അത് എന്നോട് നേരിട്ട് സംസാരിക്കുന്നതായി എനിക്ക് തോന്നി. ഒരു മികച്ച വ്യക്തിയാകാൻ എന്നെ അത് സഹായിക്കുകയും ചെയ്തു.

അമേരിക്കൻ വീക്ഷണകോണിൽ നിന്ന് ഹജ്ജിനെക്കുറിച്ച് നിങ്ങൾ ഒരു പ്രധാന പുസ്തകം എഴുതിയിട്ടുണ്ട്. ഹജ്ജിൽ നിങ്ങളെ ഏറ്റവും ആകർഷിച്ചത് എന്താണ്?

വൂൾഫ്: ലോകമെമ്പാടുമുള്ള മൂന്ന് ദശലക്ഷത്തിലേറെ ആളുകളാണ് ഹജ്ജ് നിർവഹിക്കുന്നത്. ഒരേ സമയം ഒരിടത്ത്, ഒരു വ്യത്യാസവുമില്ലാതെ ഒരുമിച്ച് പ്രാർത്ഥിക്കുക, ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുക, ഒരുമിച്ചിരുന്ന് കര്‍മ്മങ്ങള്‍ ചെയ്യുക, ഇതിനെല്ലാം ശക്തമായ ഒരു സമന്വയ ശക്തി ഇല്ലാതെ കഴിയില്ലല്ലോ. വ്യക്തിപരമായും സാമുദായികമായും ഒരു മുസ്‌ലിം എന്ന നിലയിലുള്ള എല്ലാ ഘടകങ്ങളും എനിക്ക് ഹജ്ജില്‍ ഒരുമിച്ച് കാണാനായി. പാകമായ ഒരു മാവുപോലെയാണ് എന്നെ ഞാന്‍ നോക്കിക്കണ്ടത്, മക്ക എല്ലാ ചേരുവകളും യോജിച്ച ചൂട് പിടിച്ച അടുപ്പ് പോലെയും. അൽഹംദുലില്ലാഹ് അതു രണ്ടും ഒരുമിച്ചതോടെ, സ്വാദിഷ്ടമായ വിഭവം തയ്യാറായി എന്ന് പറയാം.

ദാഇഷ് പോലുള്ള തീവ്രവാദ ഗ്രൂപ്പുകളിലേക്ക് ചില മുസ്‍ലിംകളെ നയിക്കുന്നത് എന്താണ്, ഇതിനെ എങ്ങനെ തടയാം?

വൂൾഫ്: വ്യക്തിപരമായ ചില നിരാശകൾ കാരണമാണ് പലരും തീവ്രവാദ ഗ്രൂപ്പുകളിൽ ചേരുന്നത്. അനീതിക്കു മുമ്പിൽ തകർന്നവരും അവകാശം നിഷേധിക്കപ്പെട്ടവരുമാണ് അവര്‍. ഇത് അവരെ സമ്മിശ്ര ചിന്തകൾക്കും പ്രതികാര വികാരങ്ങൾക്കും ഇരയാക്കുന്നു. അത്തരക്കാരെ വഴി തെറ്റിക്കാൻ എളുപ്പമാണ്. അതാണ് നടക്കുന്നത്. നീതിയും സമാധാനവും ലഭ്യമാക്കുക എന്നത് തന്നെയാണ് അതിനുള്ള പരിഹാരം.

മുസ്‍ലിംകളെ കുറിച്ച് അമേരിക്കന്‍ സമൂഹത്തിന്റെ കാഴ്ചപ്പാട് എന്താണ്, മുസ്‍ലിംകൾ എന്തൊക്കെ വെല്ലുവിളികളാണ് നേരിടുന്നത്?

വൂൾഫ്: അമേരിക്കൻ ഗവൺമെന്റും ഇസ്‌ലാമിന്റെ വിമർശകരും ഇടയ്‌ക്കിടെ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ഇഷ്ടമുള്ള രീതിയിൽ ജീവിക്കാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം അവിടെയുണ്ട് എന്നത് പറയാതെ വയ്യ. കൂടാതെ നിരവധി വ്യത്യസ്ത മതങ്ങൾ നൂറുകണക്കിന് വർഷങ്ങളായി അവിടെ തഴച്ചുവളരുന്നു. വിവിധ ആശയക്കാർ ഒന്നായി ജീവിക്കുന്നു. എനിക്കറിയാവുന്ന ഒട്ടുമിക്ക അമേരിക്കക്കാരും ഇസ്‌ലാമിനെ വേണ്ടവിധം മനസ്സിലാക്കിയിട്ടില്ലെങ്കിലും, അവരൊക്കെ ഇസ്‍ലാമിന്റെ നല്ല അയൽക്കാരാണ് എന്ന് പറയാം. ഇസ്‌ലാം മറ്റ് മതങ്ങളേക്കാൾ മികച്ചതാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ നമുക്ക് സാധിച്ചില്ല എന്നതാണ് സത്യം.

അമേരിക്കയിലെ ഇസ്‍ലാമിന്റെയും മുസ്‍ലിംകളുടെയും ഭാവിയെ എങ്ങനെ കാണുന്നു?

വൂൾഫ്: ഇസ്‍ലാം ഇതിനകം ഇവിടെ വിജയിച്ചുവെന്നാണ് ഞാൻ കരുതുന്നത്. അമേരിക്കയിൽ ആയിരക്കണക്കിന് പള്ളികളുണ്ട്, അമേരിക്കൻ ഡോക്ടർമാരിൽ 10% (50,000 ആളുകൾ) മുസ്‍ലിംകളാണ്. പരിശ്രമിക്കുന്നവര്‍ക്ക് ഇവിടെ ധാരാളം അവസരങ്ങളുണ്ട്. മുസ്‍ലിംകള്‍ക്കും അങ്ങനെത്തന്നെ. നമ്മുടെ ഭാഗത്ത് നിന്ന് ചെയ്യേണ്ടത് ചെയ്യാതെ, അവരെ കുറ്റപ്പെടുത്തി ഇരുന്നത് കൊണ്ട് ഒന്നും നടക്കുമെന്ന് പ്രതീക്ഷിക്കരുത് എന്ന് മാത്രം.

നിങ്ങളുടെ പുതിയ പുസ്തകത്തെക്കുറിച്ച് പറയാമോ?

വുൾഫ്: കുടിയേറ്റത്തെക്കുറിച്ചുള്ള ഒരു പുസ്തകമാണ് ഞാന്‍ ഇപ്പോള്‍ എഴുതുന്നത്. മൈ മദേഴ്‌സ് പീപ്പിൾ എന്നാണ് ഈ പുസ്തകത്തിന്റെ പേര്. പുസ്തകം ഭാഗികമായി എന്റെ കുടുംബത്തിന്റെ ചരിത്രത്തെക്കുറിച്ചാണ്. എന്റെ എട്ടാമത്തെ മുത്തച്ഛൻ നാനൂറ് വർഷങ്ങൾക്ക് മുമ്പ്, 1635 ൽ ഇംഗ്ലണ്ടിൽ നിന്ന് അമേരിക്കയിലെത്തിയതായിരുന്നു. യുനൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക എന്ന രാഷ്ട്രം ആരംഭിക്കുന്നതിന്റെ 150 വർഷം മുമ്പായിരുന്നു അത്. വിഷാദത്തിൽ നിന്നും മതപരമായ പീഢനങ്ങളിൽ നിന്നും രക്ഷപ്പെട്ടാണ് അദ്ദേഹം ഇവിടെ വന്നത്. കുറച്ച് വർഷങ്ങൾക്ക് ശേഷം, ഇംഗ്ലണ്ടിൽ ഭയങ്കരമായ ഒരു ആഭ്യന്തര യുദ്ധം നടക്കുകയും അതോടെ, സ്വദേശത്തേക്കുള്ള മടക്കം അസാധ്യമാവുകയും ചെയ്തു.

ഇംഗ്ലണ്ടിൽ നിന്നെത്തിയ വേറെ അനേകം പേരുണ്ടായിരുന്നു. അവരുമായി ചേര്‍ന്ന് അദ്ദേഹം മസാച്യുസെറ്റ്സില്‍ ഒരു കോളനി തന്നെ രൂപപ്പെടുത്തി. ഇവിടെയെത്തുമ്പോഴേക്കും ഭാര്യയും ആറ് കുട്ടികളുമുള്ള, അമ്പത് വയസ്സുള്ള ഒരു മരപ്പണിക്കാരനായിരുന്നു അദ്ദേഹം. ഇംഗ്ലണ്ടിൽ സാമ്പത്തിക മാന്ദ്യം ഉണ്ടായിരുന്നതിനാൽ, അവിടെ ജോലിക്ക് കൂലി കിട്ടാതെ അദ്ദേഹം വിഷമിച്ചിരുന്നു. കൂടാതെ, രാജകീയ ഭരണകൂടം അംഗീകരിച്ച മതത്തിൽ നിന്ന് അൽപം വ്യത്യസ്തമായ മതം ഉള്ളവരെ ഇംഗ്ലണ്ടിലെ രാജാവ് ശിക്ഷിക്കുകയും തടവിലിടുകയും ചെയ്തിരുന്നു. അതില്‍നിന്ന് രക്ഷ നേടാനും മെച്ചപ്പെട്ട ജീവിതം തേടിയുമാണ് മുത്തച്ഛന്‍ അമേരിക്കയിൽ എത്തിയത്. 

അമേരിക്കയിലേക്കുള്ള കുടിയേറ്റം ഇന്നും ശക്തമാണ്. അതിന്റെ പശ്ചാത്തലത്തിൽ ഈ കഥ പറയാനാണ് ഞാൻ ആഗ്രഹിക്കുന്നത്. രണ്ട് കാര്യങ്ങളിൽ അമേരിക്ക ഒരു അദ്വിതീയ രാജ്യമാണ്. ഒന്നാമതായി, അതിന്റെ ജനസംഖ്യയിലെ ഭൂരിപക്ഷവും കുടിയേറ്റക്കാരാണ് എന്നത് തന്നെ. രണ്ടാമതായി, രാജ്യത്തെ നിയമങ്ങൾ കുടിയേറ്റക്കാർക്കും ഇവിടെ താമസിക്കുന്നവര്‍ക്കും അനുകൂലമാണ് എന്നതും. 

ഇത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ. നാഥന്‍ എന്നെ കൈവെടിയില്ലെന്ന ഉറച്ച വിശ്വാസമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്.

കടപ്പാട്: ശഫഖാനാ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter