രണ്ടു വർഷങ്ങൾക്കു ശേഷം അവർ മക്കയിൽ വീണ്ടും ഒത്തുകൂടുന്നു

ലബ്ബൈക്കള്ളാഹുമ്മ ലബ്ബൈക്ക്… ലബ്ബൈക്ക ലാ ശരീക്ക ലക ലബ്ബൈക്ക്… ഇന്നൽഹംദ, വന്നിഅ്മത്ത ലക വൽമുൽക്... ലാശരീക്ക ലക്…

കൊറോണ തീര്‍ത്ത അകല്‍ച്ചയുടെ രണ്ട് വർഷങ്ങൾക്ക് ശേഷം മക്കാനഗരം വീണ്ടും ഉണർന്നിരിക്കുകയാണ്. സര്‍ക്കാറും ഉദ്യോഗസ്ഥരും നാട്ടുകാരും  എല്ലാ ഒരുക്കി അല്ലാഹുവിന്റെ അതിഥികളെ സ്വീകരിക്കാനായി തയ്യാറായി കഴിഞ്ഞിരിക്കുന്നു. ലോകത്തിന്റെ അഷ്ടദിക്കുകളില്‍നിന്നും ലബ്ബൈകയുടെ മന്ത്രധ്വനികള്‍ മുഴക്കി വിശ്വാസികള്‍ ഒറ്റയായും കൂട്ടമായും നടന്നും വാഹനപ്പുറത്തും എത്തിക്കൊണ്ടേയിരിക്കുന്നു. 

2019 ന് ശേഷം, അന്താരാഷ്ട്ര തീര്‍ത്ഥാടകരെ സ്വീകരിക്കുന്ന ആദ്യ ഹജ്ജാണ് ഇതെന്ന് പറയാം. എട്ടര ലക്ഷം വിദേശ തീര്‍ത്ഥാടനകര്‍ അടക്കം ഒരു ദശ ലക്ഷം ആളുകള്‍ ഈ വര്‍ഷം ഹജ്ജില്‍ സംബന്ധിക്കുമെന്നാണ് ഔദ്യോഗിക കണക്കുകള്‍. ഇതില്‍ ആറര ലക്ഷം പേര്‍ ഇതിനകം തന്നെ മക്കയിലും മദീനയിലുമായി എത്തിക്കഴിഞ്ഞിരിക്കുന്നു. ആ സന്തോഷം എല്ലായിടത്തും പ്രകടമാണ്. എങ്ങും അല്ലാഹുവിന്റെ അതിഥികളെ സ്വാഗതം ചെയ്യുന്ന ബാനറുകൾ... റോഡുകളും വഴികളുമെല്ലാം പ്രത്യേകം അലങ്കരിച്ചിരിക്കുന്നു. തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പ് വരുത്താനായി എല്ലായിടത്തും ക്രമസമാധാന പാലകരെയും കാണാം. 

മാനവികതയുടെ ഏറ്റവും വലിയ സംഗമത്തിന് മക്കയും അറേബ്യയും വീണ്ടും സാക്ഷിയാവുകയാണ്. കറുത്തവരെന്നോ വെളുത്തവരെന്നോ വ്യത്യാസമില്ലാതെ എല്ലാവരെയും ഏകനായ സ്രഷ്ടാവിന്റെ അടിമകളാണ് തീരുകയാണ് ഇവിടെ. എല്ലാവര്‍ക്കും ഒരേ വസ്ത്രം... ഉറങ്ങുന്നതും ഉണരുന്നതും ഒരേ പോലെ സംവിധാനിച്ച കൊച്ചു കൊച്ചു തമ്പുകളില്‍... എല്ലാവരുടെയും ചുണ്ടുകള്‍ ഉരുവിടുന്നത് ഒരേ മന്ത്രം... എല്ലാവരുടെയും മനസ്സുകളും കേന്ദ്രീകരിച്ചിരിക്കുന്നതും അല്ലാഹുവെന്ന ഒരേ ബിന്ദുവില്‍ തന്നെ. മാൽക്കം എക്സ് പറയുന്നതു പോലെ അവരെല്ലാം ഒരു പാത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കുന്നു, ഒരു ഗ്ലാസിൽ നിന്ന് കുടിക്കുന്നു, ഒരേ കിടക്കയിൽ കിടക്കുന്നു, അവരെല്ലാം ഒരു ദൈവത്തെ ആരാധിക്കുന്നു. 

മക്കയാണ് എല്ലാവരുടെയും ലക്ഷ്യം. അല്ലാഹുവിനെ ആരാധിക്കാനായി ഭൂമിയില്‍ പടുത്തുയര്‍ത്തപ്പെട്ട ആദ്യ ഗേഹമുള്ളത് ഇവിടെയാണ്. ആദ്യപിതാവ് ആദമും ഭാര്യ ഹവ്വയും ഭൂമിയില്‍ ആദ്യമായി സംഗമിച്ചതും ഈ നഗരത്തിലാണ്. സഹസ്രാബ്ദങ്ങള്‍ക്കും ഇബ്റാഹീം നബിയുടെ കാലം മുതലാണ് ഇവിടെ സജീവ മനുഷ്യസാന്നിധ്യത്തിന് തുടക്കം കുറിക്കുന്നത്. അത് വരെ കൃഷിയോ പച്ചപ്പുകളോ ഇല്ലാത്ത സൈകത ഭൂമികയായിരുന്നു ഇവിടം. 

അല്ലാഹുവിന്റെ കല്‍പനപ്രകാരം ഭാര്യ ഹാജറിനെയും പിഞ്ചുകുഞ്ഞായ ഇസ്മാഈലിനെയും (അ) അദ്ദേഹം കൊണ്ട് വന്നാക്കിയത് ഇവിടെയാണ്. തനിച്ചാക്കി തിരിച്ച് നടക്കുമ്പോള്‍ ആ കണ്ഠം തീര്‍ച്ചയായും ഇടറിയിട്ടുണ്ടാവണം. അല്ലാഹു കല്‍പിച്ചതാണെങ്കില്‍ താങ്കള്‍ പോയിക്കൊള്ളുക, അവന്‍ ഞങ്ങളെ കൈവെടിയില്ല എന്ന് പറഞ്ഞ ഹാജറക്ക് ഒട്ടുമേ ഇടര്‍ച്ച ഇല്ലായിരുന്നു താനും.

പോകുന്ന വേളയില്‍ ഇബ്റാഹീം (അ) നാഥനിലേക്ക് കൈകളുയര്‍ത്തി ഇങ്ങനെ പ്രാര്‍ത്ഥിച്ചു, എന്റെ നാഥാ, ഞാനിതാ എന്റെ സന്താനങ്ങളെ കൃഷിപോലുമില്ലാത്ത ഈ താഴ്‍വരയില്‍ വിട്ടേച്ചുപോകുകയാണ്. ജനങ്ങളുടെ മനസ്സുകളെ നീ ഇവിടേക്ക് ആകൃഷ്ടരാക്കേണമേ. അവര്‍ക്ക് പഴങ്ങള്‍ നല്കേണമേ. ആ പിതാവിന്റെ പ്രാര്‍ത്ഥന നാഥന്‍ പൂര്‍ണ്ണാര്‍ത്ഥത്തില്‍ തന്നെ സ്വീകരിച്ചു. ഇന്നും ആ ആകര്‍ഷണം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ലോകത്ത് ഏറ്റവും വില പിടിപ്പുള്ള ഭൂമികയാണ് ഇന്ന് മക്ക. സമയകാലങ്ങള്‍ക്കതീതമായി, ലോകത്തുള്ള ഏത് പഴവും ഇന്ന് മക്കയില്‍ ലഭ്യവുമാണ്. 

മക്കയില്‍ നിന്ന് നിശ്ചിത ദൂരത്തെത്തുന്നതോടെ, ഹജ്ജ്-ഉംറ കര്‍മ്മങ്ങള്‍ക്കുള്ള കരുത്തുമായി പ്രത്യേക വസ്ത്രം ധരിച്ച് ഇഹ്റാം ചെയ്താണ് എല്ലാവരും യാത്ര തുടരുന്നത്. പുരുഷന്മാര്‍ക്ക്  ഉടുക്കാന്‍ ഒരു തുണിയും പുതക്കാന്‍ ഒരു മേല്‍മുണ്ടും. അതാണ് ഇഹ്റാമിന്റെ വസ്ത്രം. അതിലധികം ആര്‍ക്കും അനുവദനീയമല്ല. സാമൂഹിക പദവിയോ സമ്പന്നതയോ ദാരിദ്ര്യമോ ദേശമോ ഭാഷയോ ജാതിയോ ഗോത്രമോ ഒന്നും തന്നെ പ്രകടമാവാത്ത വളരെ ലളിതമായ വസ്ത്രം. സ്ത്രീകളും മുഖവും കൈകളുമൊഴിച്ച് ബാക്കിയെല്ലാം മറയുന്ന വസ്ത്രമാണ് ധരിക്കേണ്ടത്. സുഗന്ധദ്രവ്യങ്ങൾ ഉപയോഗിക്കുന്നതോ നഖം മുറിക്കുന്നതോ മുടിയോ താടിരോമങ്ങളോ വെട്ടിമാറ്റുന്നതോ പിന്നെ അനുവദനീയമല്ല. എല്ലാവരെയും തുല്യരാക്കി മാറ്റുന്ന, മരണത്തെ ഓര്‍മ്മിപ്പിക്കുന്ന വസ്ത്രധാരണം തന്നെ.

ഇഹ്റാം ചെയ്ത് വരുന്നവര്‍ ആദ്യമായി എത്തുന്നത് മക്കയിലെ പള്ളിയായ മസ്ജിദുൽ ഹറാമിലാണ്. എല്ലാവരുടെയും കണ്ണുകള്‍ പരതുന്നത്, അതിന്റെ മധ്യഭാഗത്തുള്ള, ക്യൂബിക് ഘടനയുള്ള ആ കറുത്ത നിര്‍മ്മിതയെയാണ്. വകതിരിവ് വന്നേടം മുതല്‍ ജീവിതത്തില്‍ ഇത്രയും കാലം തിരിഞ്ഞ് നിസ്കരിച്ച ആ കഅ്ബ കാണുന്നതോടെ നനയാത്ത കണ്ണുകളുണ്ടാവില്ല, ഇടറാത്ത കണ്ഠങ്ങളുണ്ടാവില്ല. ആദ്യമായി കഅ്ബ കാണുമ്പോള്‍ ചെയ്യുന്ന പ്രാര്‍ത്ഥനക്ക് പ്രത്യേക സ്വീകാര്യത ഉണ്ടെന്ന് പറയുന്നതും അത് കൊണ്ട് തന്നെ.  നേരെ കഅബയുടെ അടുത്തെത്തി അതിന് ചുറ്റും ഏഴ് തവണ ത്വവാഫ് ചെയ്യുന്നതോടെ കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. 

ചിലര്‍ ഹജ്ജിന്റെ ഭാഗമായി ചെയ്യേണ്ട സഅ്‍യ് (സ്വഫാ-മര്‍വ്വാ കുന്നുകള്‍ക്കിടയിലെ നടത്തം) കൂടി ഇതോടൊപ്പം നിര്‍വ്വഹിക്കുന്നു. ഭര്‍ത്താവ് തനിച്ചാക്കി യാത്ര പറഞ്ഞ് പോയ ശേഷം, കുഞ്ഞിളം പൈതലായ ഇസ്‍മാഈല്‍(അ) വെള്ളത്തിനായി കരഞ്ഞ വേളയില്‍ ദാഹജലം അന്വേഷിച്ച് ആ മാതാവ് ഓടിയത് ഇവിടെയാണ്. സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ആ ഓര്‍മ്മകളാണ് ഹാജിമാര്‍ ഇന്നും അയവിറക്കുന്നത്. അല്ലാഹുവിന്റെ അനുഗ്രഹം തേടിയുള്ള നെട്ടോട്ടം കൂടിയാണ് ഇത് സൂചിപ്പിക്കുന്നത്. 

ഇനിയുള്ള ദിനങ്ങളിലോരോന്നിലും പ്രത്യേകം കര്‍മ്മങ്ങളാണ് എല്ലാവര്‍ക്കും ചെയ്യാനുള്ളത്. പത്ത് കിലോമീറ്ററുകള്‍ക്കുള്ളിലായി ദശലക്ഷക്കണക്കിന് ആളുകള്‍ അങ്ങോട്ടുമിങ്ങോട്ടും ഒരുപോലെ ഒഴുകിക്കൊണ്ടിരിക്കുന്ന മാനവികതയുടെ മഹാമാതൃകകളാണ് അവയെല്ലാം. നമുക്കും അവരോടൊപ്പം സഞ്ചരിക്കാം, ഇന്‍ ശാ അല്ലാഹ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter