ഇന്ത്യ മരിക്കുകയാണ്, നാം തന്നെയാണ് ഉത്തരവാദികള്‍

കേരള ഡിജിപി പദവി വരെ അലങ്കരിച്ച, റിട്ടയേഡ് ഐ.പി.എസ് ഓഫീസര്‍ ഡോ. എന്‍.സി. ആസ്താന, സമകാലിക ഇന്ത്യന്‍ സാഹചര്യങ്ങളെ വിലയിരുത്തുന്ന കുറിപ്പിന്‍റെ സ്വതന്ത്ര വിവര്‍ത്തനം

സാമുദായിക വിഭജനം ദിനം തോറും വഷളായിക്കൊണ്ടിരിക്കുകയാണ് നമ്മുടെ ഇന്ത്യയില്‍. ഇത്, ന്യൂനപക്ഷങ്ങളെ, വിശിഷ്യാ മുസ്‍ലിംകളെ ഏറെ ആശങ്കയിലാഴ്ത്തുന്നുണ്ട്. എൻറെ പല ബാല്യകാല മുസ്‌ലിം  സുഹൃത്തുക്കളുമായുള്ള സംസാരത്തില്‍ നിന്ന് തന്നെ എനിക്കിത് വായിച്ചെടുക്കാനാവുന്നുണ്ട്. 

വിഖ്യാത നോബൽ ജേതാവും ജർമൻ ഫിസിസ്റ്റുമായ ഓട്ടോ ഹാന്‍, ഹിറ്റ്‍ലറുടെ ജൂതവംശഹത്യയില്‍ അനുഭവിച്ച  നിസ്സഹായാവസ്ഥ ലോകം വായിച്ചതാണ്, അത് എന്റെ ഉറക്കം കെടുത്താറുണ്ട്. അദ്ദേഹത്തിൻറെ  ഉറ്റ സുഹൃത്തും ദീര്‍ഘകാല സഹപ്രവർത്തകയുമായ ‘ലീസ് മൈറ്റ്ന’, ഒരു ജൂത സ്ത്രീയായിരുന്നു. 1038 ൽ നാസി ജർമനിയിൽ നിന്നും, കൈയ്യില്‍ വെറും 10 മാർക്ക് (ജർമൻ കറൻസി) മായി നെതെർലാന്റിലേക്ക്, ജീവരക്ഷക്ക് വേണ്ടി പലായനം ചെയ്യുമ്പോള്‍, എല്ലാറ്റിനും ദൃക്സാക്ഷിയായ ഓട്ടോ ഹാനിന് അത് നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. പോകുന്ന വഴിയില്‍ അതിർത്തി ഭടന്മാർക്ക് കൈക്കൂലി കൊടുക്കാായി, തന്റെ മാതാവിൻറെ  വജ്ര മോതിരം നല്‍കി ലീസിനെ യാത്രയാക്കുമ്പോള്‍ അദ്ദേഹത്തിന്റെ നിസ്സഹായാവസ്ഥ എത്രമാത്രമാണെന്ന് നാം മനസ്സിലാക്കുന്നു. അവസാനം നെതര്‍ലാന്റിലെത്തിയ ‘ലീസ് മൈറ്റ്ന’ ‘ഓട്ടോ ഹാനി’ ന് ഇങ്ങനെ എഴുതി, "നിങ്ങളെല്ലാവരും നിശബ്ദമായാണെങ്കിലും നാസി ജർമനിക്കു വേണ്ടി പ്രവർത്തിച്ചവരാണെന്ന് പറയാതെ വയ്യ;  എന്നിട്ട് നിങ്ങളുടെ മനസാക്ഷിയെ തൃപ്തിപ്പെടുത്താൻ വേണ്ടി അവിടെയും ഇവിടെയുമുള്ള ഏതാനും പീഡിതരെയും അഭയാര്‍ത്ഥികളെയും സഹായിക്കുന്നു. എന്നാല്‍ ദശലക്ഷക്കണക്കിനു പേർ യാതൊരുവിധ എതിർപ്പുകളുമില്ലാതെ കശാപ്പു ചെയ്യപ്പെട്ടതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് നിങ്ങള്‍ക്കാര്‍ക്കും ഒരിക്കലും ഒളിച്ചോടാനാവില്ല” 

സമകാലിക ഇന്ത്യയിലെ ഓരോ പൌരനും ഇത് ഉറക്കെ ചിന്തിക്കേണ്ടതാണ്. ഇത് പോലൊരു കത്ത് സ്വീകരിക്കേണ്ടിവരുന്ന അവസ്ഥ എനിക്ക് ആലോചിക്കാന്‍ പോലും കഴിയുന്നില്ല. ആ പാപം എന്നെ കൊണ്ട്  താങ്ങാനാവില്ല. അത് കൊണ്ടാണ് ഞാനിത് നേരത്തെ തന്നെ പറഞ്ഞുതുടങ്ങുന്നത്. ഇങ്ങനെ ഉറക്കെ പറയാന്‍ ആഗ്രഹിക്കുന്ന ഒരുപാട് പേര്‍ എനിക്ക് ചുറ്റുമുണ്ടെന്നറിയാം, പക്ഷെ, ഇരയാക്കപ്പെടുമെന്ന ഭീതിയാല്‍ അധികപേരും നിശബ്ദത പാലിക്കുകയാണ്, എന്നാല്‍ ആ നിശബ്ദതയാണ് ഏറ്റവും വലിയ പാപമെന്ന് ഞാന്‍ തിരിച്ചറിയുന്നു. ഇത് ഏതെങ്കിലും ഒരു മതത്തിന്റെയോ ഒരു സംഘടനയുടെയോ ഒരു രാഷ്ട്രീയ പാർട്ടിയുടെയോ ഒരു സർക്കാരിന്റെയോ കാര്യമല്ല, മറിച്ച്, നമ്മുടെ ജനതയെ കുറിച്ച് തന്നെയാണ് ഇത് പറയുന്നത്. 

നിരന്തരമായ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക വേർതിരിവ്

നമ്മുടെ ദൈനംദിന ജീവിതം തന്നെ വെറുപ്പിനാല്‍ വിഷലിപ്തമാണെന്നത് ഏറെ ഭീതിദമാണ്. കേവലം ഒരു ടിവി പരസ്യത്തിൻറെ  പേരില്‍, പ്രമുഖ ജ്വല്ലറി നിർമാതാക്കളായ  തനിഷ്കിനെതിരെയുള്ള ആസൂത്രിതമായ  ആക്രമണം നാം കണ്ടതാണ്. ഈയടുത്ത് ഒരു രാഷ്ട്രീയ നേതാവ് ഹൈദരാബാദിലെ പഴയ സിറ്റിയിൽ (അതൊരു മുസ്‌ലിം  ഭൂരിപക്ഷ സ്ഥലമാണ്) സർജിക്കൽ സ്ട്രൈക്ക് നടപ്പിലാക്കുന്നതിനെ കുറിച്ച് പരസ്യമായി പറഞ്ഞതും നാം കേട്ടതാണ്. അസദുദ്ധീൻ ഉവൈസിക്കുള്ള ഓരോ വോട്ടും ഇന്ത്യക്ക് എതിരെ, പാകിസ്ഥാന് വേണ്ടിയുള്ള വോട്ടാണെന്ന് പറഞ്ഞതും കാര്യമായ ചലനങ്ങളൊന്നും സൃഷ്ടിച്ചില്ല.

ഇപ്പോഴത്തെ ഇന്ത്യൻ ജനത പൂർണ്ണമായും നയിക്കപ്പെടുന്നത് വളരെ കൃത്യമായ ദ്വിവിധ ക്രമത്തിലാണ്. ഒന്നുകിൽ നിങ്ങൾ ഭൂരിപക്ഷത്തിൻറെ  കൂടെയാവണം. അല്ലെങ്കിൽ നിങ്ങൾ വല്ല ജിഹാദിയോ, അർബൻ നക്സലോ, ഐ സ് ഐ അനുഭാവിയോ ആക്കപ്പെട്ട് ജയിലിലടക്കപ്പെടേണ്ട അല്ലങ്കിൽ രാജ്യഭ്രഷ്ട് കല്പിക്കപ്പെടേണ്ട   രാജ്യദ്രോഹിയായി മാറും. രാജ്യത്തെ ന്യൂനപക്ഷമായ മുസ്‍ലിംകള്‍, എല്ലാ മേഖലയിലും പിന്നാക്കമാണെങ്കിലും, വിചാരണ തടവുകാരായി  ജയിലുകളിലടക്കപ്പെടുന്നവരില്‍ അവരാണ് കൂടുതലെന്നത് ഇന്നത്തെ പതിവ്പല്ലവിയായി. കാര്യങ്ങള്‍ മുന്നോട്ട് പോയി, അവരുടെ കച്ചവടങ്ങളും വാണിജ്യങ്ങളുമെല്ലാം തടയുകയോ ബഹിഷ്കരിക്കുകയോ ചെയ്ത് സാമ്പത്തികമായും സാമൂഹ്യമായും ഷണ്ഡീകരിക്കുന്നിടത്ത് വരെ, പലയിടങ്ങളിലും കാര്യങ്ങളെത്തി നില്‍ക്കുന്നു.

ഭൂരിപക്ഷ അക്രമങ്ങൾ പലപ്പോഴും ശിക്ഷാവിമുക്തവാവുന്നു

ഭൂരിപക്ഷം നടത്തുന്ന കലാപങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. സര്‍ക്കാറിന്റെയും നിയമപാലകരുടെയും പിന്തുണയുള്ളതിനാല്‍, തങ്ങളൊരിക്കലും ശിക്ഷിക്കപ്പെടുകയില്ല എന്ന് കലാപകാരികള്‍ക്ക് നന്നായറിയാം, മാത്രമല്ല, പലപ്പോഴും അധികാരികളുടെ പ്രത്യേക പ്രശംസയും തെരഞ്ഞെടുപ്പുകളിലെ സ്ഥാനമാനങ്ങള്‍ പോലും അവര്‍ക്ക് ലഭിക്കുന്നതാണ് ഇന്ന് നാം കാണുന്നത്. സെന്റർ ഫോർ ഇക്വിറ്റി സ്റ്റഡീസിലെ സുരഭി ചോപ്ര, “കൂട്ട ആക്രമണത്തിൻറെ  ഉത്തരവാദിത്തം; സർക്കാർ രേഖകളുടെ ഒരു പരിശോധന" എന്ന ഗവേഷണ ഗ്രന്ഥത്തില്‍ ഇത് തെളിവുകള്‍ സഹിതം സ്ഥാപിക്കുന്നുണ്ട്. സാമുദായിക കലാപങ്ങളുടെ കേസുകൾ ക്ലോസ് ചെയ്യുന്നതിന്റെ തോത്, ദേശീയ കേസ് ക്ലോസിംഗ് തോതിനെക്കാൾ എത്രയോ ഉയര്‍ന്നതാണ് എന്നത് അധികാരം എങ്ങനെ ദുർവിനിയോഗം ചെയ്യുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ്. 

ബാബരി മസ്ജിദ് കേസിൽ കുറ്റാരോപിതരായ 32 പേരെയും "തെളിവുകളുടെ അഭാവം" കാരണം വിട്ടയച്ചത് ഈയ്യടുത്താണല്ലോ. 42 മുസ്‌ലിംകളെ യു.പി പോലീസ് കൊല ചെയ്ത  കുപ്രസിദ്ധമായ ഹാഷിംപുര കൂട്ടക്കൊലക്കേസിലെ പ്രതികളെ വിചാരണ കോടതി കുറ്റ വിമുക്തമാക്കി വിട്ടയച്ചതിനു ശേഷം, ഡൽഹി ഹൈകോടതി അവരെ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നത് 31 വർഷത്തിന് ശേഷമായിരുന്നു. 

ഭൂരിപക്ഷ അക്രമങ്ങളുടെ ഏറ്റവും ഹീനവും ദാരുണവുമായ ഫലം, ഇരകൾ പലപ്പോഴും നാട് വിട്ടു പോകാൻ നിര്ബന്ധിക്കപ്പെടുന്നുവെന്നതാണ്, അല്ലങ്കിൽ അവർ നാട് വിട്ടതായി വളരെ ലളിതമായി കരുതപ്പെടുന്നു. ഇത്തരം സാഹചര്യങ്ങളില്‍ പ്രതികളെ പിടികൂടാനും നീതി നടപ്പിലാക്കാനുമുള്ള ശബ്ദങ്ങള്‍ പോലും സമാധാനം തകര്‍ക്കാനുള്ള ശബ്ദങ്ങളായി വ്യാഖ്യാനിക്കപ്പെടുന്നു. എന്നാൽ നീതി നടപ്പിലാക്കാതെ ഉണ്ടാക്കിയെടുക്കുന്ന സമാധാനം താല്‍ക്കാലികവും അതിലേറെ അപകടകരവുമാണെന്ന് ആരും മനസ്സിലാക്കുന്നില്ല. 

ഒരു സമുദായത്തിൻറെ  നിലനിൽപ്പ് തന്നെ കുറ്റമാവുമ്പോള്‍

കൊറോണ വൈറസില്‍ പോലും മുസ്‍ലിം വിദ്വേഷം വിതക്കുന്നതും നാം കണ്ടു. അത് മുസ്‌ലിംകൾക്കെതിരെയുള്ള പകപോക്കലാണെന്നും അത് സാമൂഹികാനീതിയാണെന്നും കണ്ടെത്താൻ മൂന്ന് ഹൈകോടതികള്‍  വേണ്ടി വന്നു. കന്നുകാലി കശാപ്പ് നിരോധന നിയമം നിരപരാധികളായ ആളുകൾക്കെതിരെ ദുരുപയോഗം ചെയ്യുപ്പെടുകയാണെന്ന് പറഞ്ഞത് കോടതി തന്നെയാണ്. ആന്റി ലവ് ജിഹാദ് ലോ എന്ന കുപ്രസിദ്ധ നിയമം നിലവിൽ വന്ന് കേവലം ഒരു മാസത്തിനുള്ളിൽ യു.പി പോലീസ് 14 കേസ് രജിസ്റ്റര്‍ ചെയ്യുകയും 51 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതും ഇതിന് അടിവരയിടുകയാണ്.

നിയമ പാലകര്‍ തന്നെ ലംഘനത്തിന് കൂട്ട് നില്‍ക്കുമ്പോള്‍

അനുഭവങ്ങളിൽ നിന്ന് മനസ്സിലാകുന്നത് പോലീസ് നിയമം സംരക്ഷിക്കുന്നതിന് പകരം സാമുദായിക ശക്തികളുടെ ഏജന്റുകളായി അവരുടെ അജണ്ടകൾ നടപ്പിലാക്കാൻ ആക്കം കൂട്ടുന്നു എന്നതാണ്. നിയമം പീഡനത്തിന് വേണ്ടിയുള്ള ഏറ്റവും എളുപ്പമുള്ള ആയുധമായി മാറിയിരിക്കുന്നു. 

ആര്‍ക്കും ഒരു ഉപദ്രവവും ചെയ്യാതെ ജീവിക്കുന്ന പാവം ഒരു അങ്ങാടി കച്ചവടക്കാരനോ റിക്ഷാ ഡ്രൈവറോ പോലും, മുസ്‌ലിം പേരുണ്ടെന്നതിനാല്‍ മാത്രം ഏത് സമയത്തും പ്രതിയായി മാറാമെന്നതാണ് ഇന്നത്തെ അവസ്ഥ. പോലീസിന്റെ  ഈ സമീപനം വളരെ പ്രകടമായ അന്യായമാണെന്ന് സുപ്രീം കോടതി പോലും പ്രസ്താവിക്കുകയുണ്ടായി, എന്നിട്ടും ആര്‍ക്കും ഒരു കുലുക്കവുമില്ലെന്നത് നാം എത്രമാത്രം ഈ സാമൂഹികവ്യവസ്ഥയുമായി പൊരുത്തപ്പെട്ടു എന്ന് വ്യക്തമാക്കുന്നു.  

മധ്യപ്രദേശിലെ ‘മന്തസൗർ’ ജില്ലയിൽ ഭൂരിപക്ഷവിഭാഗം  സംഘടിപ്പിച്ച ഒരു റാലിയിൽ പങ്കെടുത്ത ആളുകൾ, ശേഷം ‘ടൊറാന’ എന്ന ഗ്രാമത്തില്‍ ചെന്ന് അവിടെയുള്ള വീടുകൾ തകർത്ത് പകൽകൊള്ള നടത്തിയിട്ടും, നൂറിൽ പരം പോലീസുകാരുള്ള അവിടത്തെ പോലീസ് കണ്ടൈൻമെൻറ് ഒന്നും ചെയ്യാതെ വളരെ ഉദാസീനരായി നോക്കി നിൽക്കുകയാണ് ചെയ്തത്. കൂട്ടത്തിലുണ്ടായിരുന്ന ഒരു മുസ്‌ലിം  കോൺസ്റ്റബിളിന് പോലും തൻറെ  സ്വന്തം വീടും വാഹനവും തകര്‍ക്കപ്പെടുന്നതും തന്റെ  സഹോദരന്റെ  കട  കൊള്ളയടിക്കപ്പെടുന്നതും നോക്കി നില്ക്കേണ്ടിവന്നു. ഇതിന്റെ  വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി നാമെല്ലാം കണ്ടതാണ്, ആരും ഇതിനെതിരെയൊന്നും ഒന്ന് ശബ്ദിക്കുക പോലും ചെയ്യുന്നില്ലെന്നത് എത്ര ലജ്ജാകരമാണ്.    

സ്വാതന്ത്ര്യം ലഭിച്ച് 73 വർഷം കഴിഞ്ഞിട്ടും മുസ്‌ലിംകൾക്ക് പോലീസിൽ വിശ്വാസമില്ല എന്നത് എത്ര ദയനീയമാണ്. ഭൂരിപക്ഷ വിഭാഗക്കാരുടെ ഒരു റാലിയുണ്ടെന്ന് കേള്‍ക്കുമ്പോഴേക്കും അവരുടെ സ്ത്രീകളെ സുരക്ഷക്ക് വേണ്ടി അയൽ ഗ്രാമത്തിലേക്ക് പറഞ്ഞയക്കേണ്ടി വരുന്ന അവസ്ഥയാണ് ഇന്ന് പലയിടങ്ങളിലും.

സർക്കാർ തങ്ങളുടെ പൗരൻമാർക്കെതിരെ അധികാര ധുർവിനിയോഗം നടത്തുന്നതാണ് യഥാര്‍ത്ഥത്തില്‍ പോലീസ് സ്റ്റേറ്റ് എന്നറിയപ്പെടുന്നത്. അത് തന്നെ, ജനാധിപത്യത്തിലെ ഏറ്റവും ഭീതിദമായ അവസ്ഥയാണ്. എന്നാല്‍ നമ്മുടെ കാര്യത്തിൽ ആ ദുർവിനിയോഗം ചില പ്രത്യേക മതവിഭാഗത്തിനെതിരെ മാത്രമാണെന്നത് ചേര്‍ത്ത് വായിക്കുമ്പോള്‍, അത് എത്രമാത്രം  ദയനീയമാണെന്ന് ബോധ്യപ്പെടുന്നു. 

ആസൂത്രിതമായ രൂപ കൽപന

ഇതിൻറെയെല്ലാം ആത്യന്തിക ലക്ഷ്യം, കേവലം രാഷ്ട്രീയ ലാഭമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. പല തവണ തെരഞ്ഞെടുപ്പുകളില്‍ വിജയിക്കാന്‍ മാത്രം ഇതിനകം തന്നെ അത് വളര്‍ന്നിട്ടുണ്ട്. എന്നിട്ടും ഇനിയും  നിരന്തരം അത് തുടരുന്നത്, ന്യൂനപക്ഷങ്ങളെ, വിശിഷ്യാ മുസ്‌ലിംകളെ സ്വയം സാമൂഹിക നാശം സമ്മതിക്കുന്ന  തരത്തിലാക്കി രണ്ടാം കിട പൌരന്മാരാക്കിത്തീർക്കാനാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. "വേർതിരിവ്" (aothering) എന്ന ആസൂത്രിത പ്രക്രിയയിലൂടെ "രണ്ടാം തര" പൗരന്മാര്‍ (‘second grade citizen’) ആക്കി, ശേഷം "നീച ജാതി" (pariah) ക്കാരാക്കി മാറ്റുക, അവസാനമായി അവരെ "വിലാസമില്ലാത്തവർ" {‘nowhere people’} ആയി മുദ്രണം ചെയ്യുക. ഈ ആസൂത്രിത രൂപകൽപ്പനയാണ് ഇന്ന് നടപ്പിലാക്കപ്പെടുന്നത്.
ഒന്ന ലക്ഷം മാത്രം വരുന്ന ബ്രിട്ടീഷുകാർ 35 കോടിയിലധികം വരുന്ന ഇന്ത്യക്കാരെ നീണ്ടകാലം ഭരിച്ചതും ഇതേ മാനസികാവസ്ഥ സൃഷ്ടിച്ചെടുത്തായിരുന്നു. വെള്ളക്കാരന്റെ ബാധ്യത (Whitemen’s burden) നിലൂടെ ഇത് സ്ഥാപിച്ചെടുക്കാന്‍ ശ്രമിച്ചു. അതിന് വഴങ്ങാത്തവരെ സൈനികരെ ഉപയോഗപ്പെടുത്തി അടിച്ചമര്‍ത്തി. ഇതിന്റെ ആവര്‍ത്തനമാണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്. 19  കോടിയില്‍ താഴെ മാത്രം  വരുന്ന ജനങ്ങളെ സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീയമായും ഷണ്ഡീകരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. "നിയമാനുസൃതമായ രീതി" യിൽ തന്നെ നിയമ വ്യവസ്ഥയെ സമർത്ഥമായി ചൂഷണം ചെയ്ത് അത് നടപ്പിലാക്കുന്നു. മതപരിവർത്തന നിരോധനം അടക്കമുള്ള നിയമങ്ങളെല്ലാം ഇത് തന്നെയാണ് ലക്ഷീകരിക്കുന്നത്. ആദ്യഘട്ടം മുസ്‍ലിംകളാണെങ്കില്‍, ശേഷം ഇതര മതസ്ഥരെല്ലാം ഓരോരുത്തരായി ടാര്‍ജറ്റ് ചെയ്യപ്പെടുമെന്ന് തീര്‍ച്ച. 

പൊട്ടിത്തെറിയുടെ വക്കിലെത്തിനില്‍ക്കുന്ന ഇരുണ്ട ധൂമങ്ങൾ

ഇന്ത്യൻ ജനതക്കിടയിൽ അതിശീഘ്രം നടന്നുകൊണ്ടിരിക്കുന്ന ഈ വിഷം കുത്തിവെക്കലിനെ ഒരു ക്ഷണിക പ്രതിഭാസമായി കാണുന്നവരുമുണ്ട് കൂട്ടത്തില്‍. എന്നാല്‍ വംശഹത്യകളുടെ ചരിത്രം ഒരാവൃത്തിയെങ്കിലും അവര്‍ വായിക്കേണ്ടിയിരിക്കുന്നു. ബ്ലഡ് കാൻസർ പോലും തുടക്കത്തിൽ ഒരു ചെറിയ പനിയായിട്ടാണ് വരുന്നതെന്ന് അവര്‍ തിരിച്ചറിയട്ടെ. 

എന്നെ സംബന്ധിച്ചിടത്തോളം ഈ ചുവരെഴുത്തുകൾ വളരെ വ്യക്തമാണ്. നാം വിഭാവനം ചെയ്യുന്ന സാമുദായിക മൈത്രി, വ്യവസ്ഥാപിത ശ്രമങ്ങളിലൂടെ മരിച്ചു കഴിഞ്ഞിരിക്കുന്നു. ഒരു വിഭാഗത്തോടുള്ള വെറുപ്പും പകയും ഇന്ന് പരസ്യമായി പ്രചാരണം ചെയ്യപ്പെടുകയാണ്. പലരുടെയും അബോധമനസ്സിനകത്തുള്ള മൃഗം ഉണർന്നിരിക്കുന്നു. യാതൊരു കുറ്റബോധവുമില്ലാതെ  അത് അതിന്റെ  സർവ്വ ഉന്മാദവും പുറത്തെടുക്കാൻ  തുടങ്ങിയിരിക്കുന്നു. നമ്മുടെ രാഷ്ട്ര പിതാക്കന്മാർ ആഗ്രഹിച്ചതുപോലുള്ള ഒരു രാജ്യമായി  ഇന്ത്യ ഉയരണമെങ്കിൽ നാം ആ മൃഗത്തെ പരാജയപ്പെടുത്തിയേ തീരൂ. അല്ലെങ്കില്‍, അധികം വൈകാതെ മനുഷ്യകബന്ധങ്ങള്‍ കുന്ന് കൂടുന്ന ഒരു ശ്മശാനമായി നമ്മുടെ നാട് മാറുന്നത് നോക്കി നില്‍ക്കേണ്ടിവരും. അത് മരണം വരെ നമ്മെയെല്ലാം വേട്ടയാടിക്കൊണ്ടേയിരിക്കും, തീര്‍ച്ച.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter