നവൈതു 09– റഹ്മത് ലഭ്യമാവാന്‍ ഇതും ആവശ്യമാണ്
അല്ലാഹുമ്മര്‍ഹംനീ യാ അര്‍ഹമറാഹിമീന്‍
നാം അല്ലാഹുവിനോട് അവന്റെ റഹ്മത് ചോദിച്ചുകൊണ്ടേയിരിക്കുകയാണ്. അല്ലാഹു റഹ്മാനും റഹീമുമാണെന്ന് നാം പല തവണ പറയുന്നതും ഓര്‍ക്കുന്നതുമാണ്. ഖുര്‍ആനിലെ ഓരോ സൂറതും തുടങ്ങുന്നതും ഓരോ തവണ നാം പാരായണം തുടങ്ങുന്നതുമെല്ലാം അല്ലാഹുവിന്റെ ഈ നാമങ്ങള്‍ ഉരുവിട്ടുകൊണ്ടാണ്. വിശ്വാസിയുടെ ജീവിതത്തിലെ ഏതൊരു നല്ല കാര്യവും തുടങ്ങുന്നതും തുടങ്ങേണ്ടതും ഈ വാക്യങ്ങളിലൂടെ തന്നെ.
ഇതേ പദത്തിന്റെ ധാതുവില്‍നിന്നാണ്, കുടുംബം എന്നര്‍ത്ഥം വരുന്ന റഹിം എന്ന അറബി പദവും നിഷ്പന്നമായിരിക്കുന്നത്. അഥവാ, അവിടെയും കാരുണ്യം അത്യാവശ്യമാണ് എന്നര്‍ത്ഥം. ബന്ധങ്ങള്‍ ഏറെ ഊഷ്മളമായിരിക്കണമെന്നാണ് വിശ്വാസികളോടുള്ള ഇസ്‍ലാമിന്റെ നിര്‍ദ്ദേശം. ഇങ്ങോട്ട് പിണങ്ങി നില്ക്കുന്നവരോട് അങ്ങോട് ഇണങ്ങണമെന്നും ഇങ്ങോട്ട് ബന്ധം വിഛേദിക്കാന്‍ ശ്രമിക്കുന്നവരോട് പോലും അങ്ങോട്ട് ചെന്ന് ബന്ധം വിളക്കിച്ചേര്‍ക്കാനും മുറിയാതെ സൂക്ഷിക്കാനും പരമാവധി ശ്രമിക്കണമെന്നുമാണ് പ്രവാചകാധ്യാപനം.
മറ്റൊരു ഹദീസ് ഇങ്ങനെ മനസ്സിലാക്കാം, കുടുംബബന്ധം എന്നും അല്ലാഹുവിനോട് ഇങ്ങനെ തേടിക്കൊണ്ടേയിരിക്കുന്നു, നാഥാ, എന്നെ വിഛേദിച്ചവനെ നീയും വിഛേദിക്കണേ, എന്നെ ചേര്‍ത്തവനെ നീയും ചേര്‍ക്കേണമേ.
അഥവാ, അല്ലാഹുവിന്റെ റഹ്മത് ലഭ്യമാവാന്‍ ഏറ്റവും പ്രധാനമാണ് കുടുംബബന്ധം കാത്ത് സൂക്ഷിക്കുക എന്നത്. റഹിം എന്ന കുടുംബത്തിന്റെ സാക്ഷ്യപത്രമില്ലാതെ, റഹ്മാനും റഹീമുമായ അല്ലാഹുവിന്റെ കാരുണ്യം അവതരിക്കില്ല തന്നെ.
ഈ റമദാനിലെ ഒരു നവൈതു അതിന് കൂടിയായിരിക്കട്ടെ. മുറിഞ്ഞോ പിണങ്ങിയോ നില്ക്കുന്ന ബന്ധങ്ങളെ വിളക്കിച്ചേര്‍ക്കാന്‍, ജീവിതത്തിലുടനീളം ബന്ധങ്ങളെ മുറിയാതെ സൂക്ഷിക്കാന്‍, ഇടക്കിടെ സന്ദര്‍ശിച്ചും വിശേഷങ്ങളന്വേഷിച്ചും സാധ്യമാവുന്ന വേളകളില്‍ അങ്ങോട്ടുമിങ്ങോട്ടും ക്ഷണിച്ചും ഇടക്കെപ്പോഴെങ്കിലും പാരിതോഷികങ്ങള്‍ കൈമാറിയും അവയെ അത്യൂഷ്മളമായി കൊണ്ട് നടക്കാന്‍, സന്തോഷത്തിലെന്ന പോലെ സന്താപ വേളകളില്‍ ആശ്വാസവചസ്സുകളായി കൂടെ നിന്നും ആവശ്യമാവുന്ന പക്ഷം, സാധിക്കുന്ന വിധം സാമ്പത്തിസഹായങ്ങള്‍ വരെ നല്കിയും അവയെ ചേര്‍ത്ത് പിടിക്കാന്‍... ഇങ്ങനെ ഈ റമദാനിലെ നമ്മുടെ ഒരു നവൈതു കുടുംബബന്ധങ്ങളുടെ പരിപാലനത്തിനായിരിക്കട്ടെ... എങ്കില്‍ അല്ലാഹുവിന്റെ റഹ്മത് നമ്മെ തേടി വരാതിരിക്കില്ല.
Leave A Comment