റമദാന്‍ ചിന്തകള്‍ - നവൈതു..26. വിശ്വാസിയുടെ ബന്ധങ്ങളും ഊഷ്മളം തന്നെ

പ്രവാചകരുടെ അനുയായികളില്‍ ഒരാള്‍ ഒരിക്കല്‍ ആ തിരുസന്നിധിയിലെത്തി ഇങ്ങനെ ഒരു പരാതി ബോധിപ്പിച്ചു, അല്ലാഹുവിന്റെ ദൂതരേ, എനിക്ക് കുറച്ച് ബന്ധുക്കളുണ്ട്. ഞാന്‍ അവരോട് ബന്ധം ചേര്‍ക്കാന്‍ പരമാവധി ശ്രമിക്കുമ്പോഴും അവര്‍ അത് വിഛേദിക്കാനാണ് ശ്രമിക്കുന്നത്, ഞാന്‍ അവര്‍ക്ക് നന്മ ചെയ്യുമ്പോഴും അവര്‍ എന്നോട് തിന്മയാണ് ചെയ്യുന്നത്, ഞാന്‍ അവരോട് എത്ര സഹനത്തോടെ വര്‍ത്തിച്ചാലും അവര്‍ എന്നോട് വിവരക്കേട് കാണിക്കുകയാണ്. ഇത് കേട്ട പ്രവാചകരുടെ പ്രതികണം ഇങ്ങനെയായിരുന്നു, നീ പറയുന്ന പോലെയാണ് കാര്യങ്ങളെങ്കില്‍, നീ അവരെ ചുടുവെണ്ണീര്‍ തീറ്റിക്കുന്ന പോലെയാണ്. നീ ഇങ്ങനെത്തന്നെ തുടരുന്ന കാലത്തോളം അല്ലാഹുവിന്റെ ഭാഗത്ത് നിന്ന് നിനക്ക് പ്രത്യേക സഹായമുണ്ടാവുകയും ചെയ്യും.

ബന്ധങ്ങളെയും ബന്ധുക്കളെയും ഏറെ ശ്രദ്ധിക്കുന്നവനാണ് വിശ്വാസി. കുടുംബവും സുഹൃദ് ബന്ധങ്ങളുമെല്ലാം അങ്ങനെത്തന്നെ. കുടുംബബന്ധത്തെ സൂചിപ്പിക്കാനായി അറബിയില്‍ പ്രയോഗിക്കുന്ന പദം റഹിം എന്നാണ്. പരമ കാരുണ്യവാന്‍ എന്ന അര്‍ത്ഥമുള്ള റഹ്മാന്‍ എന്ന അല്ലാഹുവിന്റെ നാമവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് ഈ പദവും. ഇതേ കുറിച്ച്, ഇമാം തുര്‍മുദീ നിവേദനം ചെയ്യുന്ന ഖുദ്സിയായ ഒരു ഹദീസിലൂടെ അല്ലാഹു പറയുന്നത് ഇങ്ങനെയാണ്, ഞാനാണ് അല്ലാഹു, റഹ്മാനും ഞാന്‍ തന്നെ. റഹിമിനെ (കുടുംബ ബന്ധത്തെ) സൃഷ്ടിച്ചതും ഞാന്‍ തന്നെ. അതിന്റെ നാമമെന്നോണം എന്റെ നാമത്തില്‍ നിന്ന് തന്നെ ഒരു ഭാഗം മുറിച്ച് നല്കിയിരിക്കുകയാണ് ഞാന്‍. അത് കൊണ്ട് തന്നെ, ആരെങ്കിലും ബന്ധങ്ങളെ ചേര്‍ത്താല്‍ ഞാന്‍ അവനോട് ചേര്‍ന്ന് നില്ക്കും, ആരെങ്കിലും അവയെ വിഛേദിച്ചാല്‍ ഞാനും അവനുമായുള്ള ബന്ധം വിഛേദിക്കും.

ബന്ധങ്ങള്‍ക്ക് ഇസ്‍ലാം കല്പിക്കുന്ന മഹത്വവും പ്രാധാന്യവുമാണ് ഉപര്യക്ത വചനങ്ങള്‍ വെളിവാക്കുന്നത്. മക്കയില്‍നിന്ന് പലായനം ചെയ്ത് മദീനയിലെത്തിയ പ്രവാചകര്‍ അവിടെയുള്ളവരോട് ആദ്യമായ ഉപദേശിച്ച കാര്യങ്ങളിലും ബന്ധങ്ങളെ ചേര്‍ത്ത്സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം അടിവരയിട്ട് പറയുന്നുണ്ട്. കുടുംബ ബന്ധങ്ങളെ ചേര്‍ക്കുന്നതിലൂടെ ലഭ്യമാവുന്ന ഐഹികവും പാരത്രികവുമായ വിവിധ നേട്ടങ്ങളും വിവിധ ഹദീസുകളില്‍ കാണാവുന്നതാണ്.

Read More:റമദാന്‍ ചിന്തകള്‍ - നവൈതു.. 25- വിശ്വാസിയുടെ അയല്‍വാസി

സുഹൃദ് ബന്ധങ്ങളിലും ഈ കരുതലും പരിഗണയും നമുക്ക് കാണാവുന്നതാണ്. എന്തെങ്കിലും വിഷയത്തില്‍ തര്‍കിച്ച് പിരിയേണ്ടിവന്നാല്‍ പോലും തന്റെ സുഹൃത്തുമായി മൂന്ന് ദിവസത്തിലധികം പിണങ്ങി നില്ക്കരുതെന്നാണ് പ്രവാചകാധ്യാപനം. ഇതിനിടയില്‍ പരസ്പരം കണ്ട് മുട്ടുമ്പോള്‍ സലാം പറയണമെന്നും രണ്ടാമന്‍ സലാം മടക്കിയാല്‍ രണ്ട് പേര്‍ക്കും അതിന്റെ പ്രതിഫലം ലഭിക്കുമെന്നും മടക്കാതിരുന്നാല്‍ അതിന്റെ കുറ്റം അവന്‍ വഹിക്കേണ്ടിവരുമെന്നും ഹദീസുകളില്‍ കാണാം.

അഥവാ, മാതാപിതാക്കള്‍, ഭാര്യ, മക്കള്‍, അയല്‍വാസികള്‍ എന്നിവരെപ്പോലെതന്നെ, വിശ്വാസിയുടെ ബന്ധങ്ങളും ഏറെ ഊഷ്മളമാവണം എന്നര്‍ത്ഥം. ഒന്നും മറച്ച് വെക്കാത്ത, ഉള്ളും പുറവും ഒരു പോലെ നിര്‍മ്മലവും സുതാര്യവുമായിരിക്കണം വിശ്വാസിയുടെ ബന്ധങ്ങള്‍. അഥവാ, ഒരു വിശ്വാസിയുടെ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഭാഗ്യം ചെയ്തവര്‍ തന്നെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter