ഇഖ്റഅ് 16- ഏറ്റവും വലിയ ഗ്രന്ഥം മനുഷ്യരായ നാം തന്നെയല്ലേ

സൃഷ്ടിച്ച നാഥന്റെ നാമത്തില്‍..
അവന്‍ ഭൂമിയിലുള്ളതെല്ലാം നിങ്ങള്‍ക്കായി സൃഷ്ടിച്ചവനാകുന്നു. പിന്നെ അവന്‍ ആകാശത്തിന്റെ നേര്‍ക്ക് ഉദ്ദേശിച്ചു, അങ്ങനെ അതിനെ ഏഴാകാശങ്ങളായി ശരിപ്പെടുത്തി. അവന്‍ എല്ലാ കാര്യങ്ങളെയും ഏറ്റവും അറിയുന്നവനാകുന്നു (സൂറതുല്‍ ബഖറ)

മനുഷ്യശരീരം അല്‍ഭുതങ്ങളുടെ കലവറയാണ്. ഓരോ ദിവസം ചെല്ലുംതോറും അതിലെ അല്‍ഭുതങ്ങളും വിസ്മയവിശേഷങ്ങളും കണ്ട് പിടിക്കപ്പെട്ടുകൊണ്ടേയിരിക്കുകയാണ്. പ്രപഞ്ച നാഥന്റെ സൃഷ്ടിവൈഭവം വിളിച്ചോതുന്ന ഏറ്റവും വലിയ ഗ്രന്ഥമാണ് മനുഷ്യശരീരം എന്ന് പറയാം.

ഭൂമിലോകത്തെ ഇതര കോടാനുകോടി ജീവജാലങ്ങളില്‍നിന്ന് മനുഷ്യനെ വ്യത്യസ്തമാക്കുന്നത് തന്നെ വല്ലാത്തൊരു വിസ്മയമാണ്. എത്ര ശക്തരെയും കീഴ്പ്പെടുത്താനും എത്ര അസാധ്യമെന്ന് തോന്നുന്നതിനെയും സാധ്യമാക്കാനുമുള്ള മനുഷ്യന്റെ കഴിവ് അപാരം തന്നെ. കായിക ശേഷിയില്‍ തന്നേക്കാള്‍ എത്രയോ മുന്‍പന്തിയില്‍ നില്‍ക്കുന്ന ജീവികളെപോലും തന്റെ ബുദ്ധി കൊണ്ട് കീഴടക്കാനും ഇഷ്ടത്തിനൊത്ത് സഞ്ചരിക്കുകയും വേണ്ടതെല്ലാം ചെയ്ത് തരുകയും ചെയ്യുന്ന വിനീത വിധേയനാക്കി മാറ്റാനും മനുഷ്യന് അധിക സമയം വേണ്ടിവന്നിട്ടില്ല. ആനയും സിംഹവും കടുവയുമെല്ലാം പണ്ട് മുതലേ മനുഷ്യന്റെ കളിപ്പാട്ടങ്ങളാണ്. 

ചിറകുകളുടെ സഹായത്തോടെ ആകാശത്തിലൂടെ പാറി നടക്കുന്ന കിളികളെ നോക്കി നിന്ന മനുഷ്യന്‍ അധികം വൈകാതെ അവക്കും മുകളിലൂടെ പറക്കുക എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കുന്നതാണ് നാം കാണുന്നത്. കടലിലും വെള്ളത്തിലും നീന്തിത്തുടിക്കുന്ന മല്‍സ്യങ്ങളെപ്പോലെ നീന്താനും അവന്‍ പഠിച്ചെടുത്തു.

ഭൂമിയെ നോക്കി കണ്ണ് ചിമ്മിത്തുറന്ന് നില്‍ക്കുന്ന നക്ഷത്രങ്ങളെയും പാല്‍നിലാവ് പൊഴിച്ച് നില്ക്കുന്ന ചന്ദ്രനെയും കീഴടക്കാനും അവിടങ്ങളിലും പര്യവേഷണങ്ങള്‍ നടത്താനും മനുഷ്യന്‍ ധൈര്യം കാണിച്ചുവെന്ന് മാത്രമല്ല, വൈകാതെ അവ കൈപ്പിടിയിലൊതുങ്ങുകയും ചെയ്തു. പിടികൊടുക്കാതെ അനന്തവിശാലമായി നീണ്ട് കിടന്നിരുന്ന കടലിലൂടെയും ഒരിറ്റ് വെള്ളം പോലും ശരീരത്തിലാകാതെ സഞ്ചരിച്ച് മറുകര കാണുന്നത് അവന് നിഷ്പ്രയാസകരമായി മാറി.

ആദമിന്റെ പുത്രനെ നാം ആദരിച്ചിരിക്കുന്നുവെന്നും നാമങ്ങളെല്ലാം നാം ആദമിന് പഠിപ്പിച്ചിരിക്കുന്നു എന്നുമുള്ള ഖുര്‍ആന്റെ പ്രഖ്യാപനത്തിന്റെ ആഴവും പരപ്പും എത്രത്തോളമുണ്ടെന്നതാണ് ഇതിലൂടെയെല്ലാം നമുക്ക് ബോധ്യമാവുന്നത്. ഭൂമിയിലുള്ളതെല്ലാം നിങ്ങള്‍ക്ക് വേണ്ടിയാണ് അവന്‍ സൃഷ്ടിച്ചിരിക്കുന്നത് എന്നതും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. 

നാഥാ, ഈ സൃഷ്ടികര്‍മ്മങ്ങളെല്ലാം നടത്തിയ, ഞങ്ങളെ ഇത്രമാത്രം സമുന്നതരാക്കിയ നീ എത്ര പരിശുദ്ധന്‍. നിനക്കാണ് സര്‍വ്വ സ്തുതിയും. 

നമുക്ക് വായന തുടരാം... നാഥന്റെ നാമത്തില്‍...

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter