നവൈതു 13-നോമ്പ്: ഏറെ ലാഭകരമായ കച്ചവടം
പ്രിയപ്പെട്ട സഹോദരാ, സഹോദരീ, നിങ്ങള്‍ കേട്ടിട്ടില്ലേ.... നബി (സ്വ)പറഞ്ഞത്, “സ്വര്‍ഗം നിങ്ങളില്‍ ഓരോരുത്തരോടും തന്‍റെ ചെരുപ്പിന്റെ വാറിനേക്കാള്‍ അടുത്താണ്. നരകവും അതുപോലെ തന്നെ.” (ബുഖാരി)
അതേ, ഇത് വെറും എണ്ണപ്പെട്ട ദിനങ്ങളാണ്. ഈ ദിനങ്ങളില്‍ അല്ലാഹുവിനു ആത്മാര്‍ഥമായി ആരാധനയര്‍പ്പിക്കൂ. സ്വര്‍ഗത്തില്‍ പ്രവേശിക്കാം. നരകശിക്ഷയില്‍ നിന്നു രക്ഷപ്പെടാം.
റമദാന്‍ മാസത്തില്‍ അല്ലാഹു സ്വര്‍ഗ കവാടങ്ങള്‍ തുറന്നു തന്നു എന്നറിഞ്ഞിട്ടും അവന്‍ തന്‍റെ നാഥനെ ധിക്കരിക്കുകയും നരകാവകാശി ആയിത്തീരുകയും ചെയ്യുന്നവന്‍ എത്ര പരാജിതനാണ്. അവന്‍ എത്രവലിയ നഷ്ടത്തിലാണ്. ഈ ദുന്‍യാവ് വളരെ ഹൃസ്വവും നിസ്സാരവും ആണ്. ഇതിന്‍റെ നശ്വരമായ ആഢംബരങ്ങള്‍ വാരിക്കൂട്ടുന്നതിലും നരകാഗ്നിയിലെ ആദ്യമുക്കലില്‍ തന്നെ നശിച്ചു പോകുന്ന അതിന്‍റെ സുഖസൌകര്യങ്ങള്‍ ആസ്വദിക്കുന്നതിലും നമ്മുടെ ആയുസ്സ് ഹോമിക്കുന്നത് തീരേ ഉചിതമല്ലല്ലോ.
ദുന്‍യാവിനെ വെടിഞ്ഞ് നോമ്പ് നോല്‍ക്കുക. സ്വര്‍ഗത്തില്‍ നോമ്പ് തുറക്കുക ദുഃഖങ്ങളും ആധികളും സങ്കടങ്ങളും മൂലം ദുന്‍യാവ് സങ്കുചിതമായി അനുഭവപ്പെടുന്നുണ്ടോ? എങ്കില്‍ ദുന്‍യാവിനെത്തന്നെ ഉപേക്ഷിച്ചിട്ടുള്ള ഒരു വ്രതമായിരിക്കട്ടെ നിങ്ങളുടേത്. പിന്നീട് അവിടെ സ്വര്‍ഗത്തില്‍ ആ വ്രതം അവസാനിപ്പിച്ച് നോമ്പു തുറക്കുക. അറിയുക. ഈ ദുന്‍യാവിനെ ത്യജിക്കുകയെന്നതാണ് യഥാര്‍ത്ഥ നോമ്പ്. അതിലെ സുഖസൗകര്യങ്ങളെല്ലാം കൈയ്യകലത്തുണ്ടാവുമ്പോഴും അവ വേണ്ടെന്ന് വെക്കുന്നതാണ് യഥാര്‍ത്ഥ വ്രതം.
Read More: നവൈതു 12-അവന്‍ നമ്മെ കാത്തിരിക്കുകയാണ്
നീ അറിഞ്ഞില്ലേ സഹോദരാ, ദുന്‍യാവില്‍ ഏറ്റവും കൂടുതല്‍ വയര്‍ നറച്ചുണ്ണുന്നവനായിരിക്കും ആഖിറത്തില്‍ ഏറ്റവും വിശന്നവന്‍. ഏറ്റവും വിശന്ന് നടന്നവന്ന് വയറ് നിറക്കാനാവശ്യമായതെല്ലാം പടച്ച തമ്പുരാന്‍ നല്കുും.
ദുന്‍യാവില്‍, അല്ലാഹുവിന്റെ കല്പന ശിരസാവഹിച്ച്, കുറഞ്ഞകാലം ഭക്ഷണപാനീയങ്ങളും ശരീരേഛകളും ഉപേക്ഷിക്കുന്നവന്, അതിന് പകരമായി ഒരിക്കലും തീര്‍ന്നു പോവാത്ത ഭക്ഷണപാനീയങ്ങളാണ് അല്ലാഹു ഒരുക്കിവെക്കുന്നത്. ആ ത്യജിക്കലുകളാണ് ഓരോ വിശ്വാസിയും നോമ്പിലൂടെ നടത്തുന്നത്. ആ ഒരുക്കി വെച്ച അന്നപാനീയങ്ങളാണ് അതിലൂടെ അവന്‍ നേടിയെടുക്കുന്നത്.
ഒരു വര്‍ഷത്തിലെ ഏതാനും ദിവസങ്ങളിലെ ഏതാനും മണിക്കൂറുകള്‍, ആത്മാര്‍ത്ഥ ചിന്തയോടെ അല്ലാഹുവിനെ മാത്രം മനസ്സില്‍ കരുതി അവയെല്ലാം വേണ്ടെന്ന് വെക്കുകയേ വേണ്ടൂ... എങ്കില്‍ പകരം ലഭിക്കുന്നതോ, ശാശ്വതമായ സുഖസൗകര്യങ്ങള്‍... അതിലുപരി, അല്ലാഹുവിന്റെ തൃപ്തിയും.
ഓര്‍ത്തുനോക്കിയാല്‍ എത്ര ലാഭകരമായ ഇടപാടാണ് ഇത് അല്ലേ. അതേ, ഒരിക്കലും നഷ്ടം വരാത്ത കച്ചവടം. നമുക്ക് ശ്രമിക്കാം. അതിന് കൂടിയാവട്ടെ നമ്മുടെ നവൈതു.
ശൈഖ് മഹ്മൂദ് അല്‍-മിസ്‌രി എഴുതിയ റമദാനും മഗ്ഫിറത്തിന്റെ (പാപം മോചനം) വഴികളും എന്ന ലഘു ഗ്രന്ഥത്തില്‍നിന്നെടുത്തത്.
Leave A Comment