ഇഖ്റഅ് 05. നോമ്പുകള്‍ ഉത്തമ സ്വഭാവങ്ങളിലേക്ക് നയിക്കട്ടെ

ഇസ്‍ലാമിക ഭരണം മദീനയില്‍ ശക്തിപ്പെട്ടുവരുന്ന കാലം. ഒരു ദിവസം പ്രവാചക സന്നിധിയിലേക്ക് ഏതാനും യുദ്ധത്തടവുകാര്‍ ഹാജരാക്കപ്പെട്ടു. കൂട്ടത്തില്‍ ആരെയും ആകര്‍ഷിക്കുന്ന ഏറെ കുലീനയായ ഒരു സ്ത്രീയുമുണ്ടായിരുന്നു. ബന്ധികളുടെ അസ്വസ്ഥതയോ ആശങ്കയോ അവരുടെ മുഖത്ത് പ്രകടമായിരുന്നേ ഇല്ല. അല്പം കഴിഞ്ഞപ്പോള്‍ തന്റെ കൂടെയുള്ളവര്‍ക്ക് വേണ്ടി ആ സ്ത്രീ തന്നെയാണ് സംസാരിച്ചത്. സംസാരം ഏറെ പക്വവും കുലീനതക്ക് മാറ്റ് കൂട്ടുന്നതുമായിരുന്നു. അവര്‍ സംസാരിച്ചത് ഇങ്ങനെ വായിക്കാം,

മുഹമ്മദ്, എന്റെ പേര് സുഫാന, ഞാന്‍ എന്റെ ഗോത്രത്തിന്റെ നേതാവിന്റെ മകളാണ്. പാവപ്പെട്ടവര്‍ക്കെല്ലാം അന്നം നല്കിയിരുന്ന, വസ്ത്രമില്ലാത്തവര്‍ക്കെല്ലാം ഉടുക്കാന്‍ നല്കിയിരുന്ന, പ്രയാസങ്ങളിലെല്ലാം താങ്ങായി നിന്നിരുന്ന അത്യുദാരനായ ഒരു മനുഷ്യനായിരുന്നു എന്റെ പിതാവ്. ആരെന്ത് ചോദിച്ചാലും കൈ അയഞ്ഞ് സഹായിക്കുന്നതായിരുന്നു അയാളുടെ രീതി. 

ഇത്രയും കേട്ട പ്രവാചകര്‍ ചോദിച്ചു, ആരാണ് നിന്റെ പിതാവ്
അവര്‍ പറഞ്ഞു, ഉദാരതക്ക് പ്രസിദ്ധനായ ഹാതിം ത്വാഈ, അദ്ദേഹത്തിന്റെ അതേ പാത പിന്തുടര്‍ന്ന മകന്‍ അദിയ്യ് എന്റെ സഹോദരനും. 
ആ നാമം കേട്ടതോടെ പ്രവാചകര്‍ അവരോട് പറഞ്ഞു, സുഫാനാ, നീ ഈ പറഞ്ഞതെല്ലാം ഒരു യഥാര്‍ത്ഥ വിശ്വാസിയുടെ സ്വഭാവ ഗുണങ്ങളാണ്. 

ശേഷം പ്രവാചകര്‍ തന്റെ അനുയായികളോട് പറഞ്ഞു, സല്‍സ്വഭാവങ്ങളെ ഇഷ്ടപ്പെട്ടിരുന്ന അവരുടെ പിതാവിനോടുള്ള ആദരവെന്നോണം ആ സ്ത്രീയെ സ്വതന്ത്രയാക്കൂ. ഉടനെ സുഫാന ചോദിച്ചു, എന്നെ മാത്രമാണോ സ്വതന്ത്രയാക്കുന്നത്, അതോ, എന്റെ കൂടെയുള്ള മുഴുവന്‍ ബന്ധികളെയുമോ.

Read More: ഇഖ്റഅ് 04.പ്രതീക്ഷകളാണ് വിശ്വാസിയുടെ കൈമുതല്‍

ലോകത്തിന് മുഴുവന്‍ കാരുണ്യമായി, മുഴുവന്‍ സല്‍സ്വഭാവഗുണങ്ങളുടെയും സമ്പൂര്‍ണ്ണനായി നിയോഗിക്കപ്പെട്ട പ്രവാചകര്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല, അവിടുന്ന് എല്ലാ ബന്ധികളെയും മോചിപ്പിക്കാന്‍ ആവശ്യപ്പെട്ടു. ശേഷം പറഞ്ഞു, മൂന്ന് പേരോട് എപ്പോഴും കാരുണ്യത്തോടെ പെരുമാറണം, അഭിമാനത്തോടെ ജീവിതം കഴിച്ച് കൂട്ടി, അവസാനം നിന്ദ്യത നേരിടേണ്ടിവന്നവന്‍, സമ്പന്നനായി ജീവിതം കഴിച്ച്കൂട്ടി അവസാനം ദാരിദ്ര്യം കൊണ്ട് പരീക്ഷിക്കപ്പെട്ടവന്‍, വിവരമില്ലാത്തവര്‍ക്കിടയിലായതിനാല്‍ അംഗീകാരം ലഭിക്കാതെ പോയ പണ്ഡിതന്‍.

ഇത്രയും കേട്ടതോടെ സുഫാനക്ക് കണ്ണീരടക്കാനായില്ല. അവരും കൂടെയുള്ളവരുമെല്ലാം, താങ്കള്‍ അല്ലാഹുവിന്റെ പ്രവാചകനാണെന്ന സത്യസാക്ഷ്യം ഉരുവിട്ട് ഇസ്‍ലാമിലേക്ക് കടന്നുവന്നു. വൈകാതെ അവരുടെ നാട്ടില്‍ ശേഷിച്ചവരെല്ലാം മുസ്‍ലിംകളാവുകയും ചെയ്തു.

ഇതായിരിക്കണം വിശ്വാസിയുടെ സ്വഭാവഗുണങ്ങള്‍. നമ്മുടെ ജീവിതം കൊണ്ട് തന്നെ, മറ്റുള്ളവര്‍ക്ക് ഇസ്‍ലാമിനെയും അതിന്റെ മഹത്വവൈശിഷ്ട്യങ്ങളെയും വായിച്ചെടുക്കാനാവണം. നമ്മുടെ പൂര്‍വ്വസൂരികളെല്ലാം അത്തരത്തിലായിരുന്നു സമൂഹത്തില്‍ ജീവിച്ചത്. പുറത്ത് പ്രകടമായിരുന്ന ഉദാത്തവും മാതൃകായോഗ്യവുമായ ജീവിതത്തേക്കാള്‍ എത്രയോ മഹത്തരവും നിഷ്കളങ്കവുമായിരുന്നു അവരുടെയെല്ലാം സ്വകാര്യ ജീവിതവും. പല പ്രദേശങ്ങളിലും ഇസ്‍ലാം ഇത്രമാത്രം വ്യാപിച്ചതും അത്തരം സച്ചരിതരായ മഹത്തുക്കളുടെ ജീവിതം നേരില്‍ കണ്ടും അനുഭവിച്ചുമായിരുന്നു.

അത്തരം വിശ്വാസികളാവാന്‍, പ്രവാചകര്‍ പറഞ്ഞ വിശ്വാസിയുടെ ഗുണഗണങ്ങളെല്ലാം സ്വായത്തമാക്കാന്‍ ഈ റമദാന്‍ നമ്മെ സഹായിക്കട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter