ഇപ്പോള്‍ അവര്‍ ബി.ബി.സിയെയും തേടിയെത്തിയിരിക്കുന്നു

ഇന്ത്യ ദി മോദി ക്വസ്റ്റ്യന്‍ പുറത്തിറങ്ങിയതോടെ, ബി.ബി.സിയുടെ ഓഫീസ് റെയ്ഡ് ചെയ്തിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇത് ഇന്ത്യയിലെ ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും ലോകത്തിന് തന്നെയും നല്കുന്ന ഒരു സന്ദേശമുണ്ട്, ഞങ്ങളുടെ അജണ്ടകള്‍ക്ക് വിരുദ്ധമായതൊന്നും സംഭവിക്കാന്‍ ആരെയും അനുവദിക്കില്ല എന്നത് തന്നെയാണ് അത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന് അത് ഏറ്റവും വലിയ അപമാനമാണെന്ന് പറയേണ്ടതില്ലല്ലോ.

നരേന്ദ്രമോദിയുടെ അധികാര കാലത്ത്, ഇന്ത്യയിൽ അരങ്ങേറിയ വിഭജന സംഘർഷങ്ങളുടെ,  വിവേചന നയങ്ങളുടെ കഥ പറയുന്നതാണ് ഡോക്യുമെന്ററി. അധികാര സീമയിലേക്കുള്ള മോദിയുടെ വഴികൾ ചികയുമ്പോഴുള്ള ചരിത്ര പരിശോധനയിൽ ഗുജറാത്ത് വംശഹത്യയുടെ ചോരമണവും ഉണങ്ങാത്ത മുറിവുകളുടെ നീറ്റലും അനുഭവപ്പെടുക സ്വാഭാവികം. കാലം അത് മറന്നു തുടങ്ങിയെന്നു മോദിയും സർക്കാരും നിനച്ചിരിക്കെയാണ് ഇരുട്ടത്തേറ്റ അടിയായ്  ഡോക്യുമെന്ററി പുറത്തിറങ്ങുന്നത്.

ബിബിസി ഡോക്യുമെന്ററിയുടെ തുടക്കത്തിൽ ഇങ്ങനെ ഒരു വരി കുറിച്ചു വെച്ചിട്ടുണ്ട് - More than 30 people in india declined to take part in this series because of fears about their safety- ഗുജറാത്ത് കലാപത്തിന്റെ നേർ സാക്ഷികളോ ഭാഗധേയമായവരോ അതുമായി ബന്ധപ്പെട്ടവരോ ആയ 30ലേറെ ആളുകൾ, ഈ വീഡിയോയിൽ മുഖം നൽകാൻ തയ്യാറായിട്ടില്ല എന്നതാണ്, കാരണം സുരക്ഷാ ഭയമാണ് അവർക്ക്. ഇന്ത്യാ മഹാരാജ്യത്ത് വ്യക്തി സ്വാതന്ത്രത്തിന്റെ മേൽ വീണ കരിനിഴലിന്റെ ഭയപ്പാടാണ് ഇവിടെ നമുക്ക് വായിച്ചെടുക്കാനാവുന്നത്. 

ഗുജറാത്ത് കലാപത്തിന്റെ യഥാർത്ഥ ചരിത്ര സംഭവം പ്രേക്ഷകർക്ക് മുമ്പിലെത്തിക്കുകയും  മോദിയുടെയും സർക്കാരിന്റെയും കൃത്യമായ പങ്ക് വെളിച്ചത്തു കൊണ്ടുവരികയും ചെയ്ത ബിബിസി ചാനലിനെ പൂട്ടിക്കാൻ വരെ സർക്കാർ ശ്രമിക്കുന്നു എന്നത് ഏറെ സങ്കടകരമാണ്. സർക്കാരിനെ പ്രതിരോധത്തിലാഴ്ത്തിയ ഡോക്യുമെന്ററി ബിബിസി പുറത്തുവിട്ട് ദിവസങ്ങൾക്കകം മുംബൈ ഡൽഹി എന്നിവിടങ്ങളിലെ ബിബിസി ഓഫീസുകളില്‍  ആദായ നികുതി വകുപ്പിനെ പറഞ്ഞയച്ച് പക പോക്കൽ രാഷ്ട്രീയത്തിന് ഇന്ത്യ വീണ്ടും വേദിയായി. 

അന്താരാഷ്ട്ര വിനിമയം, മാതൃകമ്പനിയും ഉപകമ്പനിയും തമ്മിലുള്ള ഇടപാടുകളിലെ നികുതിവെട്ടിപ്പ് തുടങ്ങിയവയായിരുന്നു കാര്യമായി സർക്കാർ ശിങ്കടികൾ പരിഗണിച്ചത്. ജീവനക്കാരുടെ ഫോണുകളും ഓഫീസിലെ കമ്പ്യൂട്ടറുകളും രേഖകളും എല്ലാം ക്ലോൺ ചെയ്ത ശേഷമാണ് മൂന്ന് ദിവസത്തെ മിന്നല്‍ പരിശോധന സംഘം അവസാനിപ്പിച്ചത്. തങ്ങൾക്കു നേരെ ഒരു വിരൽ പോലും ചൂണ്ടാൻ ആരും ധൈര്യപ്പെടാതിരിക്കാൻ ഉള്ള എല്ലാ നടപടികളും സർക്കാർ ചെയ്തുവരുന്നു. അതുതന്നെയാണ് ഇവിടെയും സംഭവിച്ചത്.

നൂറ്റാണ്ടുകളുടെ ചരിതം പേറി നടക്കുന്ന അന്താരാഷ്ട്ര ചാനലിനു ഇക്കാലയളവിൽ യാതൊരു രാജ്യത്തുനിന്നും ഇത്തരമൊരു ദുരവസ്ഥ നേരിടേണ്ടി വന്നിട്ടില്ല എന്നത് വ്യക്തം. എന്നാൽ സ്വാതന്ത്ര്യത്തിന് വ്യത്യസ്ത അർത്ഥ തലങ്ങൾ കാഴ്ചവെക്കുന്ന ഇന്ത്യ മഹാരാജ്യത്ത് ഇത്തരമൊരു ദുരനുഭവം അവർക്ക് അഭിമുഖീകരിക്കേണ്ടി വന്നത് ഇന്ത്യക്കാർ എന്ന നിലയിൽ നമുക്കും അങ്ങേയറ്റത്തെ മാനക്കേടാണ്. കേന്ദ്രസർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്ര ഏജൻസികളായ ആദായനികുതി വകുപ്പ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സിബിഐ യഥാർത്ഥത്തിൽ സർക്കാരിന്റെ കളിപ്പാവകളായും അവരുടെ നയം നടപ്പിലാക്കാനുള്ള ഏജന്റുമാരുമായി മാറുന്നതാണ് നാം ഇവിടെയെല്ലാം കണ്ടത്. സർക്കാരിനെതിരെ മറുത്തൊരു വാക്കു പറയാൻ കഴിയാത്ത അവസ്ഥയിലേക്കാണ് മാധ്യമസ്വാതന്ത്ര്യത്തെ പോലും അവർ കൊണ്ടെത്തിച്ചത്. ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് ബിജെപി സർക്കാരിനെതിരെ സംസാരിച്ച സമാജ് വാദി  ദേശീയ സെക്രട്ടറി രാജിവ് റായിയുടെ വീട്ടിൽ ആദായനികുതി വകുപ്പ് എത്തിയതും മോദിക്കും ബിജെപി സർക്കാരിനും എതിരെ നിരന്തരം എതിർപ്പ് പ്രകടിപ്പിക്കുന്ന തമിഴ്നാടിന്റെ നിലവിലെ മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ പാർട്ടിയായ ഡിഎംകെയുടെ ഓഫീസുകളിലേക്ക് ആദായനികുതിയുടെ സംഘത്തെ പറഞ്ഞയച്ചതും. തീർത്തും അപലനീയവും നാടകീയവുമായ സംഭവവികാസങ്ങൾക്ക് തന്നെയാണ് ഇന്ത്യ ഇന്നും സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്.

മഹാരാഷ്ട്രയുടെ പത്തൊമ്പതാം മുഖ്യമന്ത്രിയായിരുന്ന ഉദ്ധവ്  ബാലസാഹിബ് താക്കറെ കഴിഞ്ഞദിവസം പ്രധാനമന്ത്രിക്ക് ഒരു അപേക്ഷ അയക്കുകയുണ്ടായി. ജനാധിപത്യ രാജ്യം എന്ന നാമകരണം ഇനി സ്വേച്ഛാധിപത്യ രാജ്യം എന്നതിലേക്ക് മാറ്റി ചേർക്കാനുള്ള സമയമായിരിക്കുന്നു എന്നായിരുന്നു അത്. തീർത്തും വ്യക്തിസ്വാതന്ത്ര്യങ്ങൾക്കും മാധ്യമ സ്വാതന്ത്ര്യത്തിനും കൂച്ച് വിലങ്ങേർപ്പെടുത്തി സാമൂഹ്യ മീഡിയകൾക്ക് അവരുടേതായ ധർമ്മം നിറവേറ്റാനുള്ള അവസരം നിഷേധിക്കുകയാണ് സർക്കാർ. ബിജെപിയുടെ രാഷ്ട്രീയ ചാണക്യൻ അമിത് ഷായുടെയും നരേന്ദ്രമോദിയുടെയും അമിതാധികാര പ്രവണതകൾ കാരണമായി ലോകരാജ്യങ്ങൾക്കു മുമ്പിൽ ഇന്ത്യ തലകുനിക്കേണ്ടി വരികയാണ്. പ്രതിപക്ഷത്തുള്ളവരും ഇന്ത്യയെന്ന സത്വത്തില്‍ അഭിമാനിക്കുന്ന മുഴുവന്‍ ആളുകളും ഉദ്ധവ് താക്കറെയുടെ നിലവാരത്തിലേക്കെങ്കിലും ഉയരാന്‍ തയ്യാറാവണമെന്നേ പറയാനുള്ളൂ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter