വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി: മാഞ്ഞുപോയത് പ്രഭാഷണ കുലപതി മാത്രമല്ല, ഒരു തലമുറയുടെ ഓര്‍മകൂടിയാണ്.....

ആറുപതിറ്റാണ്ടു കാലം പ്രഭാഷണ വേദികളില്‍ ജ്വലിച്ചുനിന്ന തെക്കന്‍ കേരളത്തിലെ പ്രമുഖ പണ്ഡിതനും പഴയകാല പ്രസിദ്ധ പ്രഭാഷകനുമായിരുന്നു വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി. പഴയകാല പ്രഭാഷകരില്‍ നിന്ന് വേറിട്ട ശൈലി സ്വീകരിച്ച് സമൂഹത്തെ സ്വാധീനിച്ച വ്യക്തിത്വമായിരുന്നു മൌലവിയുടേത്. തെക്കന്‍ കേരളത്തില്‍ മാത്രമല്ല കേരളത്തിലൊട്ടാകെ മതപ്രഭാഷണ പരമ്പരകള്‍ കൊണ്ട് ശ്രദ്ധേയനായിരുന്നു അദ്ദേഹം. സമര്‍ത്ഥനങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ കഴിവ്.

ജനനവും പ്രാഥമിക പഠനവും

1924 ലാണ് വൈലിത്തറ മുഹമ്മദ് കുഞ്ഞി മൗലവിയെന്ന മഹാനുഭാവന്റെ ജനനം. വൈലിത്തറ മുഹമ്മദ് മുസ്‌ലിയാരാണ് പിതാവ്. വിശുദ്ധ ഖുര്‍ആന്റെ പാഠങ്ങള്‍ ഗ്രഹിച്ചത് കളത്തിപ്പറമ്പില്‍ മൊയ്തീന്‍ കുഞ്ഞ് മുസ്‌ലിയാരില്‍ നിന്നും ഹൈദ്രേസ് മുസ്‌ലിയാരില്‍ നിന്നുമായിരുന്നു. കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ പഠിച്ചെടുത്തത് ആലി മുസ്‌ലിയാര്‍, വടുതല കുഞ്ഞുവാവ മുസ്‌ലിയാര്‍ എന്നിവരില്‍ നിന്നുമായിരുന്നു.

Read More: പൊന്നുരുന്നി കുഞ്ഞ് മുഹമ്മദ് മൗലവിയുമായി അഭിമുഖം

ദര്‍സ് പഠനം

1936ല്‍ തന്റെ പന്ത്രണ്ടാം വയസ്സിലായിരുന്നു  ദര്‍സില്‍ ചേര്‍ന്ന് പഠനം തുടങ്ങിയത്. തകഴിക്കടത്തുള്ള കുന്നുമ്മലിലെ പള്ളിയില്‍ പാപ്പിനിപ്പള്ളി മുഹമ്മദ് മുസ്‌ലിയാരായിരുന്നു മുദരിസ്. അദ്ദേഹം പിന്നീട് ഹറമിലേക്ക് പോവുകയും അവിടെ തന്നെ താമസമാക്കുകയും ചെയ്തു. രണ്ട് വര്‍ഷത്തെ അവിടുത്തെ പഠന ശേഷം 1938 ല്‍ വാഴക്കാടന്‍ മുഹമ്മദ് മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു. വൈലിത്തറ ഉസ്താദിന്റെ പിതാവിന്റെ ഗുരുകൂടിയായിരുന്നു വാഴക്കാടന്‍ മുഹമ്മദ് മുസ്‌ലിയാര്‍. ഓച്ചിറ ഉസ്താദ് എന്ന പേരിലായിരുന്നു സൂഫിവര്യനായ വാഴക്കാടന്‍ മുഹമ്മദ് മുസ്‌ലിയാര്‍ അറിയപ്പെട്ടിരുന്നത്. 

പ്രഭാഷണത്തിലേക്ക് 

1942 ല്‍ തന്റെ പതിനെട്ടാമത്തെ വയസിലായിരുന്നു ആദ്യപ്രഭാഷണത്തിന് അവസരമൊരുങ്ങിയത്. ആലപ്പുഴയിലെ തൃക്കുന്നപ്പുഴ ജ്ഞാനോദയം വായനശാലയുടെ വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനമായിരുന്നു വേദി. ആത്മവിദ്യ സംഘം എന്ന പ്രസ്ഥാനത്തിന്റെ  ആത്മീയാചാര്യനായി അറിയപ്പെട്ടിരുന്ന ആര്യഭട്ടസ്വാമിയും വേദിയിലുണ്ടായിരുന്നു. കന്നിപ്രഭാഷണമായിട്ടും പ്രഭാഷണത്തിലെ ശൈലിയും അവതരണ ഭംഗിയും സമര്‍ത്ഥനവും ആര്യഭ്യട്ട സ്വാമിക്ക് നന്നായി ബോധിച്ചു.  പ്രസംഗശേഷം സ്വാമി കൈപിടിച്ച് പ്രത്യേകം അഭിനന്ദിക്കുകയും വണ്ടര്‍ഫുള്‍ മാന്‍ എന്ന് പ്രശംസിക്കുകയും ചെയ്തു. 

ശേഷം നിരവധി വേദികള്‍ വൈലിത്തറ ഉസ്താദിനെ തേടി വന്നു. അതില്‍ തന്നെ പലതും പ്രഭാഷണ പരമ്പരകളായിരുന്നു. 1960-70 കാലഘട്ടം പ്രഭാഷണ ജീവിതത്തിലെ അദ്ദേഹത്തിന്റെ സുവര്‍ണകാലഘട്ടം കൂടിയാണ്. അക്കാലത്ത് അദ്ദേഹത്തെ ഒഴിച്ചുനിര്‍ത്തിയുള്ള പ്രഭാഷണം വളരെ കുറവായിരുന്നു എന്ന് തന്നെ പറയാം. തുടര്‍ന്ന് ആറ് പതിറ്റാണ്ട് കാലം പ്രഭാഷണ വേദികളില്‍ തന്റെ വൈജ്ഞാനിക പ്രസരണം അദ്ദേഹം തുടര്‍ന്നു. അദ്ദേഹത്തിന്റെ പ്രഭാഷണത്തിലൂടെ ധനസമാഹരണം നടത്തി, കേരളത്തിലും പ്രത്യേകിച്ച് മലബാറിലും നിരവധി മസ്ജിദുകളും മദ്രസകളും ഉയര്‍ന്നുവന്നിട്ടുണ്ട്.

 

പ്രഭാഷണ പരമ്പരകള്‍

പാതിരാപ്രഭാഷണങ്ങളെ പോലെ തന്നെ പ്രഭാഷണ പരമ്പരകള്‍ക്കും പ്രചാരം ലഭിച്ച കാലമായിരുന്നു അത്. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് വെച്ചാണ് ആദ്യ പ്രഭാഷണ പരമ്പരക്ക് അവസരം ലഭിച്ചത്. ഹരിപ്പാട്ടെ താമല്ലാക്കലില്‍ 12 ദിവസത്തോളം നീണ്ടു നിന്ന പ്രഭാഷണ പരമ്പരയാണ് ആദ്യമായി ചെയ്തത്. പിന്നീട് പ്രഭാഷണ പരമ്പരകളുടെ നീണ്ട നിര തന്നെയായിരുന്നു. 

മലബാറിലേക്ക്

തെക്കന്‍ കേരളത്തില്‍ ജനിച്ചിട്ടും കേരളത്തിലാകെ തന്റെ പ്രഭാഷണ മികവ് കൊണ്ട് ജ്വലിച്ച് നിന്നു, പ്രത്യേകിച്ച് മലബാറില്‍. വടകര ബുസ്താനുല്‍ ഉലൂം മദ്രസയിലാണ് ആദ്യമായി മലബാറില്‍ ചെയ്ത പ്രസംഗം. കോഴിക്കോട് കുറ്റിച്ചിറ അന്‍സാറുല്‍ മുസ്‌ലിമീന്‍ മദ്രസയില്‍ വെച്ച് നടത്തിയ പ്രഭാഷണം ആദ്യകാലത്ത് ശ്രദ്ധേയമായ പ്രസംഗ പരമ്പരയില്‍ പെട്ടതാണ്. ഒരാഴ്ചത്തെ പ്രഭാഷണമാണ് സംഘാടകര്‍ ആദ്യം ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ പ്രസംഗ വൈഭവവും കഴിവും കൊണ്ട് ആ പ്രഭാഷണ പരമ്പര 17 ദിവസം വരെ നീണ്ടു നിന്നു. സാധാരണഗതിയില്‍ രാത്രി പത്ത് മണി വരെ ദൈര്‍ഘ്യമുള്ള പ്രഭാഷണങ്ങളാണ് ഉണ്ടാവാറ്, മാത്രമല്ല അതിനാണ് അനുമതി ലഭിക്കാറും. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ ചിലത് രാത്രി 2 മണിവരെ നീണ്ടുനിന്നിരുന്നു. കുറ്റിച്ചിറയിലെ 17 ദിവസം വരെ നീണ്ടുനിന്ന പ്രഭാഷണ പരമ്പരിയിലെ അവസാന നാളുകളില്‍ കേള്‍വിക്കാരനായി സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളും എത്തിയിരുന്നു. പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ 1963 ല്‍ നടന്ന പ്രഥമ സമ്മേളനത്തില്‍ അദ്ദേഹത്തിന്റെ പ്രഭാഷണ പരമ്പര 7 ദിവസമായിരുന്നു.

പ്രഭാഷണ ശൈലി

മത പ്രഭാഷണത്തിന്റെ സാമ്പ്രദായിക ശൈലിയില്‍ നിന്ന് മാറി സ്വന്തമായ ഒരു ശൈലി അദ്ദേഹം തന്നെ രൂപപ്പെടുത്തിയിരുന്നു. ഖുര്‍ആന്‍-ബൈബിള്‍-ഭഗവത്ഗീത-ഉപനിഷത്ത് എന്നിവ ചേര്‍ത്ത് മതവും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങളും അതിന്റെ അറിവുകളും വളരെ ലളിതമായി തന്റെ പ്രഭാഷണങ്ങളില്‍ അദ്ദേഹം അവതരിപ്പിച്ചു. അതുവഴി തന്റെതായ ഒരുശൈലി തന്നെ അദ്ദേഹം രൂപപ്പെടുത്തിയെടുക്കുകയായിരുന്നുവെന്ന് പറയാം.

അതിനുപുറമെ, മലയാളസാഹിത്യ കുലപതികളായ കുമാരനാശാന്റെയും ചങ്ങമ്പുഴയുടെയും കവിതകളും മലയാള ഉദ്ധരണികളും വിശ്വസാഹിത്യ കൃതികളിലെ ഇംഗ്ലീഷ് വാക്യങ്ങളും വൈലിത്തറ ഉസ്താദിന്റെ പ്രഭാഷണങ്ങളില്‍ നിറഞ്ഞുനിന്നു.  മതപ്രഭാഷണ രംഗം മാത്രമല്ല, സാംസ്‌കാരിക സൗഹാര്‍ദ സദസ്സുകളും അദ്ദേഹം കീഴടക്കി. തന്റെ പ്രഭാഷണങ്ങളില്‍ ഇന്ത്യന്‍ ഭരണഘടനയിലെ ഉദ്ദരണികളും ആവശ്യാനുസരണം അദ്ദേഹം ഉപയോഗിച്ചിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റുവിനെയും റസ്സലിനെയും ഉദ്ദരിച്ചു. വിഷയങ്ങള്‍ കൃത്യമായി പഠിച്ചുകൊണ്ടായിരുന്നു അവതരണം. ഖുര്‍ആനെയും ഇസ്‌ലാമിക ജീവിത ചര്യയെയും അമുസ്‌ലിംകള്‍ പഠിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അതിനുതകും വിധമുള്ള പ്രഭാഷണ ശൈലികൂടിയായിരുന്നു അദ്ദേഹത്തിന്റേത്. 

സോഷ്യല്‍ മീഡിയയൊന്നും പ്രചാരത്തിലില്ലാത്ത കാലത്താണ് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളെ കേരള ജനത ഒന്നടങ്കം ഏറ്റെടുത്തത്. 1964 ല്‍ മലയാള രാജ്യം എന്ന പ്രസിദ്ധീകരണത്തില്‍ കെ.കെ വാസുദേവന്‍ നായര്‍ വൈലിത്തറ ഉസ്താദിന്റെ പ്രസംഗത്തെ അപഗ്രഥിച്ച് ലേഖനമെഴുതിയിരുന്നു. 

പ്രഭാഷണ വിഷയങ്ങള്‍

വ്യത്യസ്ത വിഷയങ്ങള്‍ ഗഹനമായ പഠനങ്ങള്‍ നടത്തി ദീര്‍ഘനേരം അവതരിപ്പിക്കാനുള്ള കഴിവും അറിവും അദ്ദേഹത്തിനുണ്ടായിരുന്നു. തവസ്സുല്‍-ഇസ്തിഗാസ, ഖുനൂത്ത്, ഖബര്‍ സിയാറത്ത്, ഇസ്‌ലാമിലെ ബഹുഭാര്യത്വം, യുക്തിവാദം, മദ്ഹബിന്റെ അനിവാര്യത, മതനിരപേക്ഷത ഇന്ത്യന്‍ ഭരണഘടന തുടങ്ങിയ വിവിധ വിഷയങ്ങളില്‍ സമഗ്രമായ വിഷയ സമര്‍ത്ഥനമായിരുന്നു അദ്ദേഹത്തിന്റെത്. 

പണ്ഡിതരും കേള്‍വിക്കാര്‍

'ഈ പച്ച ജാഹില്‍ സംസാരിക്കുമ്പോള്‍ വിജ്ഞാനത്തിന്റെ പര്‍വ്വതം ആയ ശംസുല്‍ ഉലമ മണിക്കൂറുകള്‍ അവിടെ കേട്ടിരുന്നു' തന്റെ പ്രഭാഷണം ശംസുല്‍ ഉലമ കേട്ടതിനെ കുറിച്ച് വൈലിത്തറ ഉസ്താദിന്റെ വാക്കുകളാണിവ. ശംസുല്‍ ഉലമ രണ്ട് മണിക്കൂറോളം സമയമാണ് വൈലിത്തറ ഉസ്താദിന്റെ പ്രസംഗം ശ്രവിച്ചത്. കോഴിക്കോട് കുറ്റിച്ചിറയില്‍ പ്രഭാഷണ പരമ്പര അരങ്ങേറിയപ്പോള്‍ അത്  കേള്‍ക്കാന്‍ സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളും എത്തിയിരുന്നു. 

സമസ്തയും ലീഗും

സമസ്തയും ലീഗും ഇഴപിരിക്കാനാവാത്തവിധം ഹൃദയത്തോട് ചേര്‍ത്ത് നിറുത്തിയിരുന്നു അദ്ദേഹം. സുന്നിയായിക്കൊണ്ട് തന്നെ ബുദ്ധിജീവിയാകാന്‍ കഴിയുമെന്ന് തെളിയിച്ച വ്യക്തികൂടിയായിരുന്നു വൈലിത്തറ ഉസ്താദ്. പാണക്കാട് കുടുംബത്തോട് വല്ലാത്ത അടുപ്പമായിരുന്നു. പൂക്കോയ തങ്ങള്‍ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തെ സന്ദര്‍ശിക്കല്‍ പതിവായിരുന്നു. 'ബാഫഖി തങ്ങളാകുന്ന പെട്രോ മാക്‌സിന്റെ വെളിച്ചം കണ്ട് കരക്കടിഞ്ഞ മത്സ്യചാകര മികവിന്റെ വലകൊണ്ട് സി.എച്ച് കോരിയെടുത്തതാണ് ലീഗിന്റെ ജനപിന്തുണയുടെ നിദാനം' എന്നാണ് അദ്ദേഹം ലിഗിനെ കുറിച്ച് പറഞ്ഞിരുന്നത്. 

രചനാ ലോകത്തും തന്റെ സാനിധ്യം അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഖുര്‍ആനുള്ളപ്പോള്‍ പിന്നെന്തിന് മദ്ഹബ് എന്ന ഒരു ഗ്രന്ഥം അദ്ധേഹം രചിച്ചിട്ടുണ്ട്. 


കുടുംബം
ഭാര്യ ഖദീജ നേരത്തെ മരണപ്പെട്ടിരുന്നു. അഡ്വ. മുജീബ്, ജാസ്മിന്‍, സുഹൈല്‍, സഹല്‍ തസ്‌നി എന്നിവര്‍ മക്കളാണ്. അവര്‍ക്കൊപ്പം വൈലിത്തറയിലെ വീട്ടില്‍ തന്നെയാണ് താമസിച്ചിരുന്നത് .

വിശ്രമ ജീവിതം

മത പ്രഭാഷണരംഗം വിട്ട് വീട്ടില്‍ വിശ്രമ ജീവിതം നയിക്കുമ്പോഴും വെറുതെയിരിക്കുകയായിരുന്നില്ല. ആലപ്പുഴയിലെ പല്ലനയിലെ പാനൂര്‍ ഗ്രാമത്തിലെ വൈലിത്തറവീട്ടില്‍ മക്കളുടെ കൂടെ ജീവിക്കുമ്പോള്‍ ഭൗതിക വിരക്തനായിട്ടായിരുന്നു ജീവിതം നയിച്ചിരുന്നത്. ഖുര്‍ആന്‍ പാരായണമടക്കമുള്ള ആരാധന കര്‍മ്മങ്ങളിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ആത്മീയതയിലായിരുന്നു കൂടുതലും ബന്ധം പുലര്‍ത്തിയിരുന്നത്. ഗസാലി ഇമാം രചിച്ച ഇഹ്‌യാ ഉലൂമിദ്ദീന്‍, ഇര്‍ശാദുല്‍ യാഫിഈ തുടങ്ങിയ ഗ്രന്ഥങ്ങള്‍ മുടങ്ങാതെ വായിക്കാന്‍ ശ്രമിച്ചിരുന്നു. അസ്മാഉല്‍ ബദ്ര്‍ നിത്യവും ചൊല്ലിയിരുന്നു.


വഫാത്ത്

ആറ് പതിറ്റാണ്ടിലധികം കേരളത്തിലെ പ്രഭാഷണ വേദികളില്‍ ജ്വലിച്ച് നിന്ന് ഇസ്‌ലാമിക വൈജ്ഞാനിക പ്രസരണം നടത്തിയ ആ മഹാനുഭാവന്‍ നാഥന്റെ വിളിക്കുത്തരം നല്‍കി 2023 ജനുവരി 31 ന്  വിടവാങ്ങി. പുതിയ പ്രഭാഷകര്‍ക്കും അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വായനക്കാര്‍ക്കുമെല്ലാം, ആഴത്തില്‍ പഠിച്ച് പ്രഭാഷണ പരമ്പരകളില്‍ വിഷയങ്ങള്‍ ദീര്‍ഘനേരം അവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്ന് ഒട്ടേറെ ഗുണപാഠങ്ങള്‍ പകര്‍ത്താനുണ്ട്. അവ പകര്‍ത്താനും പരിശീലിക്കാനും നാഥന്‍ തൗഫീഖ് നല്‍കട്ടെ, അദ്ദേഹത്തിന്റെ സുകൃതങ്ങള്‍ നാഥന്‍ സ്വീകരിക്കട്ടെ ആമീന്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter