ഫലസ്തീനും ഖുദ്സും, ചരിത്രത്തിന്റെ ഇന്നലെകളിലൂടെ

ചരിത്രത്തിലെ അതിപുരാതന നഗരങ്ങളിലൊന്നാണ് ഫലസ്തീന്‍. ദാവൂദ്(അ), സുലൈമാന്‍(അ), സകരിയ്യാ(അ), യഹ്‍യാ(അ), ഈസാ(അ) തുടങ്ങി പല പ്രവാചകന്മാരുടെയും കര്‍മ്മ മണ്ഡലമാവാന്‍ ഭാഗ്യം ലഭിച്ച മണ്ണ്. പ്രധാന അരാമിക് മതങ്ങളായ, ജൂതമതം, ക്രിസ്തു മതം, ഇസ്‍ലാം എന്നിവയിലെല്ലാം ഒരു പോലെ പ്രധാനമാണ് ഈ ഭൂമിക. 
ദാവൂദ്(അ)ഉം ശേഷം മകന്‍ സുലൈമാന്‍(അ)ഉം ഇസ്‍റാഈല്‍ ദേശം ഭരിച്ച വേളയില്‍ ഫലസ്തീനും ഖുദ്സുമായിരുന്നു അവരുടെ തലസ്ഥാനം. ജൂതവിശ്വാസപ്രകാരം, അധികാരത്തിന്റെ ചിഹ്നമായ ദൈവികപേടകം സൂക്ഷിച്ചിരിക്കുന്നത് ഇവിടെയുള്ള സുലൈമാന്‍ ഗോപുരത്തിലാണ്. ഇത് തകര്‍ക്കപ്പെട്ട ശേഷം പിന്നീട് സ്ഥാപിക്കപ്പെട്ട ഹൈറൂദ് ഗോപുരവും ജുതരുടെ തീര്‍ത്ഥാടന കേന്ദ്രം തന്നെയാണ്. അതില്‍ നിലവില്‍ ശേഷിക്കുന്ന ഭാഗമെന്ന് കരുതപ്പെടുന്ന ബുറാഖ് മതിലിനരികിലെത്തി വേദം പാരായണം ചെയ്യുന്നതും പ്രാര്‍ത്ഥിക്കുന്നതും വലിയ പുണ്യകര്‍മ്മമായാണ് ജൂതര്‍ ഇന്നും വിശ്വസിക്കുന്നത്. 
പഴയ വേദത്തില്‍ ഏറെ പരാമര്‍ശിക്കപ്പെട്ട ഈ പ്രദേശം ക്രിസ്ത്യാനികളുടെയും വിശുദ്ധ ദേശമാണ്. അതോടൊപ്പം, അവര്‍ ദൈവപുത്രനായി കാണുന്ന യേശു ക്രിസ്തുവിന്റെ പ്രധാന കര്‍മ്മ മണ്ഡലവും ഇവിടെയായിരുന്നു. തന്റെ ശിഷ്യരോടൊപ്പം അവസാന അത്താഴം കഴിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന സിയോണ്‍ കുന്നും യേശുവിനെ കുരിശിലേറ്റിയെന്ന് പറയപ്പെടുന്ന ഗോല്‍ഗോത് കുന്നും സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. ക്രിസ്ത്യാനികളുടെ സുപ്രധാന തീര്‍ത്ഥാടന കേന്ദ്രമായ അല്‍ഖിയാമ ചര്‍ച്ച് നിര്‍മ്മിച്ചിരിക്കുന്നതും ഈ കുന്നിന് മുകളിലാണ്.
അന്ത്യപ്രവാചകനായ മുഹമ്മദ് നബിയും അനുയായികളും ഒരു വര്‍ഷത്തോളം തിരിഞ്ഞ് നിസ്കരിച്ചത് ഈ പള്ളിയിലേക്കായിരുന്നു. പ്രവാചകരുടെ നിശാപ്രയാണത്തിനും വാനാരോഹണത്തിനും സാക്ഷിയായതും ഈ പ്രദേശം തന്നെ. വിശുദ്ധ ഖുര്‍ആന്‍, അനുഗ്രഹീത ദേശം എന്ന വിശേഷണത്തോടെ ഇത് വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്. അവിടെയെത്തിയ പ്രവാചകര്‍ ആ വിശേഷ യാത്രക്ക് നിയോഗിക്കപ്പെട്ട വാഹനമായ ബുറാഖിനെ കെട്ടിയിട്ടതിനോട് ചേര്‍ന്നുള്ള മതിലാണ് ബുറാഖ് മതില്‍ എന്ന പേരിലറിയപ്പെടുന്നത്. മസ്ജിദുല്‍ അഖ്സയില്‍ വെച്ച് മുഴുവന്‍ പ്രവാചകര്‍ക്കും ഇമാം ആയി നിസ്കരിച്ച ശേഷം വാനാരോഹണം തുടങ്ങിയത് അവിടെയുള്ള ഒരു പാറയില്‍നിന്നായിരുന്നു. ഖുബ്ബതുസ്വഖ്റ (ടോംബ് ഓഫ് ദ റോക്) നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് ഈ പാറയുടെ മുകളിലാണ്.  
ഭൂമിയില്‍ ആദ്യമായി നിര്‍മ്മിക്കപ്പെട്ട പള്ളികളിലൊന്നാണ് മസ്ജിദുല്‍ അഖ്സാ. ബൈതുല്‍ മഖ്ദിസ്, ബൈതുല്‍ മുഖദ്ദസ് എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. മക്കയിലെയും മദീനയിലെയും ഹറം പള്ളികള്‍ കഴിഞ്ഞാല്‍ മൂന്നാം സ്ഥാനമാണ് ലോകമുസ്‍ലിംകള്‍ ബൈതുല്‍ മുഖദ്ദസിന് നല്കുന്നത്. കഅ്ബയെ പോലെത്തന്നെ, മലകുകളാണ് ഈ പള്ളി ആദ്യം നിര്‍മ്മിച്ചതെന്നും ശേഷം, പ്രവാചകരായ ആദം(അ), നൂഹ്(അ), യഅ്ഖൂബ്(അ), സുലൈമാന്‍(അ) തുടങ്ങിയവരെല്ലാം പുനര്‍നിര്‍മ്മാണം നടത്തിയെന്നും പണ്ഡിതര്‍ അഭിപ്രായപ്പെടുന്നുണ്ട്.
ചരിത്രത്തിലുടനീളം ആക്രമണങ്ങള്‍ക്ക് വിധേയമാവാന്‍ കൂടി വിധിക്കപ്പെട്ടതാണ് ഖുദ്സ് നഗരം എന്ന് പറയാം. ക്രിസ്തുവിന് 587 വര്‍ഷം മുമ്പ് ബാബിലോണിയന്‍ രാജാവായ നബൂകഡ് നസറ് നടത്തിയ ആക്രമണം പ്രസിദ്ധമാണ്. നഗരം കീഴടക്കിയ അദ്ദേഹം ആക്രമണങ്ങള്‍ അഴിച്ച് വിടുകയും അവിടെയുണ്ടായിരുന്ന ജൂതരെയെല്ലാം ബന്ദികളാക്കി ബാബിലോണിയയിലേക്ക് കൊണ്ട് പോവുകയും ചെയ്തു.
അമ്പത് വര്‍ഷം കഴിഞ്ഞപ്പോഴേക്കും ബാബിലോണിയയില്‍ പുതുതായി വന്ന രാജാവ്, വേണ്ടവര്‍ക്കെല്ലാം ഫലസ്തീനിലേക്ക് തന്നെ തിരിച്ച് പോവാന്‍ അനുവാദം നല്കിയതോടെ, പലരും തിരിച്ച് വരികയും വീണ്ടും ജൂതസാന്നിധ്യം ശക്തമാവുകയും ചെയ്തു. ശേഷം അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ വരവ് വരെ  അവിടെ ഭരണം നടത്തിയത് പേര്‍ഷ്യന്‍ രാജാക്കന്മാരായിരുന്നു. പിന്നീട് സിറിയന്‍ ഭരണാധികാരികളായിരുന്ന സലൂഖികളും ഹശ്മൂനാഈമികളും ഫലസ്തീന്‍ വരുതിയിലാക്കുകയും ശേഷം അത് റോമന്‍ സാമ്രാജ്യത്തിന് കീഴിലാവുകയും ചെയ്തു. ക്രിസ്തു വര്‍ഷം 66ലും 115ലും റോമന്‍ സാമ്രാജ്യത്തിനെതിരെ ജൂതവിപ്ലവങ്ങള്‍ നടന്നെങ്കിലും അവ പരാജയപ്പെടുകയായിരുന്നു. ശേഷം 132ല്‍ നടന്ന ശക്തമായ വിപ്ലവത്തിലൂടെ റോമന്‍ ഭരണം അവസാനിക്കുകയും ഫലസ്തീന്‍ തലസ്ഥാനമായി വീണ്ടും ജൂത ഭരണം നിലവില്‍ വരികയും ചെയ്തു. പക്ഷേ, അധികം വൈകാതെ റോമന്‍ രാജാവ് വീണ്ടും ശക്തമായ ആക്രമണം നടത്തി, മുഴുവന്‍ ജൂതരെയും അവിടെനിന്ന് പുറത്താക്കി ക്രിസ്ത്യാനികളെ മാത്രം ശേഷിപ്പിച്ചു. ജൂതര്‍ ആരും തന്നെ അങ്ങോട്ട് തിരിച്ച് വരരുതെന്ന് പ്രത്യേകം നിയമം നടപ്പിലാക്കിയ അദ്ദേഹം, ജൂതദേശം എന്ന പേര് പോലും മാറ്റി സിറിയന്‍ ഫലസ്തീന്‍ പ്രദേശം എന്നാക്കി. ശേഷം ഏഴാം നൂറ്റാണ്ട് വരെ റോമന്‍ ബൈസന്റൈന്‍ ചക്രവര്‍ത്തിമാരുടെ കീഴിലായി തന്നെ ഫലസ്തീനും ഖുദ്സും തുടര്‍ന്നു. അല്‍ഖിയാമ ചര്‍ച്ച് അടക്കമുള്ള അവിടത്തെ ചരിത്രപ്രധാനങ്ങളായ ക്രിസ്ത്യന്‍ ചിഹ്നങ്ങളെല്ലാം നിര്‍മ്മിക്കപ്പെട്ടത് ഈ കാലയളവിലായിരുന്നു.
ക്രിസ്ത്വബ്ദം 614ല്‍ പേര്‍ഷ്യന്‍ രാജാവായിരുന്ന കിസ്റാ രണ്ടാമന്‍ ബൈസന്റൈന്‍ നിയന്ത്രണത്തില്‍നിന്ന് ഫലസ്തീന്‍ തിരിച്ച് പിടിച്ചു. റോമാസാമ്രാജ്യത്തോട് പ്രതികാരം ചെയ്യാന്‍ കാത്തിരുന്ന ജൂതന്മാരും ഇതില്‍ പേര്‍ഷ്യന്‍ സൈന്യത്തെ സഹായിച്ചു. അധികം വൈകാതെ, 629ല്‍ ഹിറഖ്‍ല്‍ രാജാവ് ഫലസ്തീന്‍ വീണ്ടും റോമന്‍ അധികാരത്തിലേക്ക് തന്നെ തിരിച്ച് കൊണ്ട് വന്നു.
രണ്ടാം ഖലീഫ ഉമര്‍(റ) ന്റെ കാലത്ത് നടന്ന സൈനിക നീക്കങ്ങളുടെ ഭാഗമായാണ് ഫലസ്തീനും ഖുദ്സും ഇസ്‍ലാമിക ഭരണത്തിന് കീഴിലാവുന്നത്. അബൂഉബൈദ(റ)വും ഖാലിദുബ്നുല്‍ വലീദ്(റ)വും അംറുബ്നുല്‍ ആസ്(റ)വും ആയിരുന്നു അതിന് നേതൃത്വം നല്കിയത്. ഹിജ്റ 15 (ക്രി. 637) ശവ്വാലില്‍ ഖുദ്സിലെത്തിയ മുസ്‍ലിം സൈന്യം, ഖുദ്സിന്റെ മണ്ണില്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാവരുതെന്ന ലക്ഷ്യത്തോടെ നഗരം ഉപരോധിക്കാനാണ് തീരുമാനിച്ചത്. ആറ് മാസത്തോളം നീണ്ട ഉപരോധത്തിനൊടുവില്‍ ഹിജ്റ 16 റബീഉല്‍ അവ്വലില്‍, ഖുദ്സ് പാട്രിയാര്‍ക് സഫറൂന്യോസും സംഘവും, മുസ്‍ലിം ഭരണത്തിന് ജിസ്‍യ നല്കാം എന്ന് സമ്മതിച്ച്  കീഴടങ്ങി. അതിന്റെ ഭാഗമായി, കൈമാറ്റ കരാറില്‍ ഒപ്പ് വെക്കാനും പട്ടണത്തിന്റെ താക്കോല്‍ ഏറ്റ് വാങ്ങാനും ഖലീഫ തന്നെ നേരിട്ട് വരണമെന്നും അവര്‍ നിബന്ധന വെച്ചു.
സൈന്യാധിപനായ അബൂഉബൈദ(റ) വിവരം ഉമര്‍(റ)നെ അറിയിച്ചു. കൂടെയുണ്ടായിരുന്നവരോടെല്ലാം അഭിപ്രായം ആരാഞ്ഞ ശേഷം, പുറപ്പെടാന്‍ തന്നെ തീരുമാനിക്കുകയും ഖലീഫ നേരിട്ട് ഫലസ്തീനിലെത്തുകയും ചെയ്തു. ആരവങ്ങളോ ഉപചാരങ്ങളോ ഇല്ലാതെ, തന്റെ ഏകസേവകനൊപ്പം രണ്ട് പേരും ഒരു ഒട്ടകം മാറി മാറി ഉപയോഗിച്ച് കടന്നുവന്ന ഇസ്‍ലാമിക ഭരണത്തിന്റെ അധിപനെ കണ്ട പാട്രിയാര്‍കും ഫലസ്തീനിലെ ക്രിസ്ത്യാനികളും അല്‍ഭുതപ്പെട്ടുപോയി. 
ഫലസ്തീനിലെ മുഴുവന്‍ ക്രിസ്ത്യാനികള്‍ക്കും അവരുടെ മതചിഹ്നങ്ങള്‍ക്കുമെല്ലാം ഇസ്‍ലാമിക ഭരണത്തിന് കീഴില്‍ പൂര്‍ണ്ണ സുരക്ഷിതത്വവും സംരക്ഷണവും ഉറപ്പ് നല്കുന്ന കരാര്‍ ഒപ്പ് വെച്ച് കൊണ്ട് ഉമര്‍(റ) ഖുദ്സിന്റെ താക്കോലുകള്‍ ഏറ്റ് വാങ്ങി. അതോടെ ഫലസ്തീനും ബൈതുല്‍ മുഖദ്ദസും ഔദ്യോഗികമായി മുസ്‍ലിംകളുടെ കൈകളിലായി. ക്രി. 638 ഏപ്രില്‍ (ഹിജ്റ 16, റബീഉല്‍ അവ്വല്‍) മാസത്തിലായിരുന്നു ഇത്. ഖാലിദുബ്നുല്‍ വലീദ്(റ), അംറുബ്നുല്‍ ആസ്(റ), അബ്ദുറഹ്മാന്‍ബ്നു ഔഫ്(റ), മുആവിയ(റ) തുടങ്ങിയ സ്വഹാബി പ്രമുഖരെല്ലാം ഇതിന് സാക്ഷികളായി. 
ഉമരീ കരാര്‍ എന്ന പേരിലാണ് ഉമര്‍(റ) ഒപ്പ് വെച്ച ധാരണാപത്രം അറിയപ്പെടുന്നത്. ഈ കരാര്‍പത്രവും ശേഷം ഉമര്‍(റ) നടത്തിയ പ്രസംഗവും ഖുദ്സിന്റെ ചരിത്രത്തില്‍ ഏറെ പ്രസിദ്ധമാണ്. അവിടത്തെ ക്രിസ്ത്യന്‍ സഹോദരങ്ങളെ അഭിസംബോധന ചെയ്ത് കൊണ്ട് അദ്ദേഹം പറഞ്ഞു, നിങ്ങള്‍ ഇപ്പോള്‍ ഞങ്ങളുടെ ഭാഗമാണ്. ഒരു മുസ്‍ലിം പൌരന് ഇസ്‍ലാമിക ഭരണത്തിന് കീഴില്‍ എന്തെല്ലാം അവകാശങ്ങളുണ്ടോ, അതെല്ലാം നിങ്ങള്‍ക്കുമുണ്ടായിരിക്കും. അവരുടെ ബാധ്യതകള്‍ എന്തെല്ലാമാണോ അത് തന്നെയായിരിക്കും നിങ്ങളുടെയും ബാധ്യതകള്‍. ജിസ്‍യ നല്കി എല്ലാ വിധ അവകാശങ്ങളോടെയും മുസ്‍ലിം ഭരണത്തിന് കീഴില്‍ ഖുദ്സില്‍ താമസിക്കാനുള്ള അനുവാദം അവിടത്തെ ജൂതന്മാര്‍ക്കും ഖലീഫ അന്ന് വക വെച്ചുകൊടുത്തു.
ശേഷം അല്‍ഖിയാമ ചര്‍ച്ച് സന്ദര്‍ശിച്ച ഉമര്‍(റ) നിസ്കാരത്തിന് സമയമായപ്പോള്‍, കൂടെയുണ്ടായിരുന്ന പാട്രിയാര്‍കിനോട്, എവിടെയാണ് നിസ്കരിക്കുക എന്ന് അന്വേഷിച്ചു. ഇവിടെത്തന്നെ നിസ്കരിച്ചോളൂ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇത് കേട്ട ഉമര്‍(റ) പ്രതികരിച്ചു, ഉമര്‍ ഒരിക്കലും ഒരു ചര്‍ച്ചില്‍ നിസ്കരിക്കില്ല. കാരണം, ഇത് ഞങ്ങളുടെ ഖലീഫ ഉമര്‍ നിസ്കരിച്ച സ്ഥലമാണെന്ന് പറഞ്ഞ് ശേഷം വരുന്ന മുസ്‍ലിംകള്‍ അതിന് അവകാശം ഉന്നയിക്കുകയും അവിടെ പള്ളി പണിയുകയും ചെയ്യുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു. ശേഷം ചര്‍ച്ചിന് പുറത്ത് കടന്ന് അല്‍പം ദൂരെ തന്റെ മേല്‍മുണ്ട് വിരിച്ചാണ് അദ്ദേഹം നിസ്കാരം നിര്‍വ്വഹിച്ചത്. അവിടെ ശേഷം ഒരു പള്ളി നിര്‍മ്മിക്കുകയും അത് മസ്ജിദു ഉമര്‍ എന്ന പേരില്‍ അറിയപ്പെടുകയും ചെയ്തു. 
മിഅ്റാജിന് (പ്രവാചകരുടെ വാനാരോഹണം) തുടക്കം കുറിച്ച പാറ കൃത്യമായി കണ്ടെത്താനുള്ള ശ്രമവും ഉമര്‍(റ) നടത്തുകയും പ്രദേശ വാസികള്‍, അവരുടെ ഊഹ പ്രകാരം വിവിധ സ്ഥലങ്ങള്‍ കാണിച്ചുകൊടുത്തതില്‍, പ്രവാചകരില്‍നിന്ന് താന്‍ നേരിട്ട് കേട്ട അടയാളങ്ങളുടെ അടിസ്ഥാനത്തില്‍ ഉമര്‍(റ) അത് കൃത്യമായി കണ്ടെത്തുകയും ചെയ്തു. അവിടെയെത്തിയ അദ്ദേഹം വികാരാധീനനാവുകയും മണ്ണും പൊടിയും നിറഞ്ഞിരുന്ന ആ ഭാഗം സ്വന്തം കൈകൊണ്ട് തന്നെ വൃത്തിയാക്കുകയും അതിനോട് ചേര്‍ന്ന് ഒരു പള്ളി പണിയാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. 691ല്‍ അമവീ ഖലീഫ അബ്ദുല്‍മലിക് ബിന്‍ മര്‍വാന്‍ സ്വര്‍ണ്ണവര്‍ണ്ണത്തിലുള്ള ഖുബ്ബ (ഖുബ്ബതുസ്വഖ്റ) പണിതത് ഈ പാറയുടെ മുകളിലായിരുന്നു. 
ശേഷം 1099ല്‍ ഒന്നാം കുരിശ് യുദ്ധത്തിലൂടെ ക്രിസ്ത്യന്‍ സൈന്യം തിരിച്ച് പിടിക്കുന്നത് വരെ ഖുദ്സും ഫലസ്തീനും മുസ്‍ലിംകളുടെ കൈകളിലായി തുടര്‍ന്നു. പിന്നീട് വന്ന പല ഭരണാധിപരും അമീറുമാരും ഖുദ്സ് തിരിച്ച് പിടിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നിരുന്നെങ്കിലും അവ വിജയം കണ്ടില്ല. ഇമാദുദ്ദീന്‍ സങ്കിയും മകന്‍ നൂറുദ്ദീന്‍ സങ്കിയും ഫലസ്തീനും ബൈതുല്‍ മുഖദ്ദസും സദാസമയവും മനസ്സില്‍ കൊണ്ട് നടന്നവരായിരുന്നു. ഇതെല്ലാം കണ്ട് വളര്‍ന്ന സ്വലാഹുദ്ദീന്‍ അയ്യൂബി അവസാനം അത് സാധ്യമാക്കി. 
ഹിജ്റ 583, റജബ് 27 (1187, ഒക്ടോബര്‍ 2), വെള്ളിയാഴ്ച. ഖുദ്സ് തിരിച്ച്പിടിച്ച് അയ്യൂബി, ഇസ്‍ലാമികചരിത്രത്തിലേക്ക് അഭിമാനത്തിന്റെയും പ്രതാപത്തിന്റെയും നഷ്ടനാളുകള്‍ തിരിച്ചുകൊണ്ടുവന്നു. 
അയ്യൂബിക്ക് ശേഷം കുടുംബത്തില്‍ ഉടലെടുത്ത അധികാര തര്‍ക്കങ്ങളുടെ ഫലമായി, 1235ല്‍ ഖുദ്സ് വീണ്ടും കുരിശ് സൈന്യത്തിന്റെ കൈകളിലെത്തി. ശേഷം വന്ന  അയ്യൂബി ഭരണത്തിലെ ഏഴാമത്തെ സുല്‍ത്വാന്‍ മുഹമ്മദ് ബിന്‍ അയ്യൂബ് പിതാമഹന്റെ പാത പിന്തുടരുകയും 1244ല്‍ മസ്ജിദുല്‍ അഖ്സാ വീണ്ടും ഇസ്‍ലാമിക ഭരണത്തിന് കീഴില്‍ കൊണ്ട് വരികയും ചെയ്തു. 
വൈകാതെ വന്ന താര്‍ത്താരികളുടെ പടയോട്ടത്തില്‍ ബൈതുല്‍മുഖദ്ദസും ഫലസ്തീനും അവരുടെ കൈകളിലായി. 1260ല്‍ ഐന്‍ജാലൂത് യുദ്ധത്തില്‍ താര്‍താരികളെ പരാജയപ്പെടുത്തിയതോടെ ഖുദ്സ് മംലൂകികളുടെ കൈകളിലായി. ശേഷം രണ്ടര നൂറ്റാണ്ടിലേറെ കാലം ഫലസ്തീനും പരിസര പ്രദേശങ്ങളുമെല്ലാം ഈജിപ്ത് കേന്ദ്രമായ മംലൂകി ഭരണകൂടത്തിന് കീഴിലായിരുന്നു.
1517ല്‍ ഉസ്മാനി സുല്‍ത്വാന്‍ സലീം ഒന്നാമന്‍ മര്‍ജ്ദാബിഖ് യുദ്ധത്തില്‍ (സിറിയയിലെ ഹലബിന് അടുത്തുള്ള സ്ഥലം) മംലൂകികളെ പരാജയപ്പെടുത്തുകയും അതോടെ ഖുദ്സും ഫലസ്തീനും ഉസ്മാനീ ഭരണത്തിന് കീഴിലാവുകയും ചെയ്തു. ശേഷം, ഈജിപ്ത് ഭരിച്ചിരുന്ന മുഹമ്മദ് അലി ബാഷക്ക് കീഴിലായ ഒമ്പത് വര്‍ഷങ്ങളൊഴിച്ച് (1831 മുതല്‍ 1840 വരെ) നാല് നൂറ്റാണ്ടുകള്‍ അതൊരു സുപ്രധാന ഉസ്മാനി പട്ടണമായി തന്നെ തുടര്‍ന്നു. മൊറോക്കോ, അള്‍ജീരിയ തുടങ്ങിയ പടിഞ്ഞാറന്‍ അറബ് നാടുകളില്‍നിന്ന് ധാരാളം മുസ്‍ലിംകളും ജൂതരും ഫലസ്തീനിലേക്ക് വന്നത് ഇക്കാലത്തായിരുന്നു. പെസഹ പോലോത്ത വിശേഷ ദിനങ്ങളില്‍ ധാരാളം ക്രിസ്ത്യന്‍ വിശ്വാസികള്‍ ഇവിടെയെത്തുന്നതും പതിവായി മാറി. 
പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ, ഉസ്മാനി ഭരണത്തിന് കീഴിലുള്ള മത ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഉറപ്പ് വരുത്തുക എന്ന വ്യാജേന ലോകവന്‍ശക്തികളുടെ ഇടപെടലുകള്‍ വര്‍ദ്ധിച്ചുവന്നു. ക്രിസ്ത്യന്‍ തീര്‍ത്ഥാടകരുടെ കാര്യങ്ങള്‍ നോക്കാനായി വിവിധ സംഘടനകളും ഇക്കാലയളവില്‍ ഫലസ്തീനില്‍ നിലവില്‍വന്നു. 1872ല്‍, ജറൂസലേം, യാഫാ, ഹിബ്രോണ്‍, ഗസ്സ, ബീര്‍ശബ എന്നിവ ഉള്‍പ്പെടുന്ന പ്രദേശത്തെ, ഉസ്മാനിയ ഖിലാഫതിന് കീഴില്‍ പ്രത്യേക അധികാരങ്ങളുള്ള ഭരണപ്രദേശമാക്കി പ്രഖ്യാപിച്ചു.   1898 ല്‍ ജര്‍മന്‍ രാജാവായിരുന്ന വില്യം രണ്ടാമന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഖുദ്സിന് ചുറ്റുമുണ്ടായിരുന്ന പഴയ മതിലുകള്‍ പൊളിച്ച് നീക്കി നഗരം കൂടുതല്‍ വിശാലമാക്കി.
1917ല്‍ ഉസ്മാനി സൈന്യം പരാജയപ്പെട്ടതോടെ, ഖുദ്സ് ബ്രിട്ടീഷ് സൈന്യത്തിന്റെ കൈകളിലായി. ജൂതസമൂഹത്തിന് ഔദ്യോഗിക രാഷ്ട്രം സ്ഥാപിക്കാനുള്ള പിന്തുണ ഉറപ്പ് കൊടുത്തുകൊണ്ട് ബ്രിട്ടന്‍ 1917, നവംബര്‍ 2ന് ബാല്‍ഫോര്‍ കരാര്‍ ഒപ്പ് വെച്ചു. 1922ല്‍ ഫലസ്തീനും ജോര്‍ദാന്‍-ഇറാഖ് എന്നിവയുടെ ചില ഭാഗങ്ങളും അടങ്ങുന്ന പ്രദേശങ്ങളുടെ അധികാരം ഔദ്യോഗികമായി തന്നെ ബ്രിട്ടന്‍ ഏറ്റെടുത്തു. അതോടെ, ഫലസ്തീനിലേക്കുള്ള ജൂത കുടിയേറ്റം ശക്തമായി. ലോകത്തിന്റെ പല ഭാഗങ്ങളിലായി ചിതറിക്കിടന്നിരുന്ന ജൂതരെയെല്ലാം ഫലസ്തീനിലെത്തിക്കാനുള്ള ശ്രമങ്ങളും തകൃതിയായി നടന്നു.  
സ്വന്തമായി ഭൂമി വാങ്ങാനുള്ള അനുവാദം കൂടി അവര്‍ക്ക് നല്കപ്പെട്ടതോടെ, മുസ്‍ലിംകളുടെയും ക്രിസ്ത്യാനികളുടെയും പല വിശുദ്ധ സ്ഥലങ്ങളും കേന്ദ്രങ്ങളും പതുക്കെപ്പതുക്കെ ജൂതരുടെ കൈകളിലായി തുടങ്ങി. ഇത് പലപ്പോഴും സാമുദായിക അസ്വാരസ്യങ്ങള്‍ക്ക് കാരണമായി. 1929 ല്‍ അരങ്ങേറിയ, ഏതാനും ജൂതര്‍ കൊല്ലപ്പെട്ട ബുറാഖ് കലാപം ഇതിന്റെ ഭാഗമായിരുന്നു. അപ്പോഴൊക്കെ അവര്‍ക്ക് പിന്തുണയുമായി കൂടെ നിന്നത് ബ്രിട്ടനായിരുന്നു. ജൂതന്മാരെ അവിടെ സ്വസ്ഥമായി കുടിയിരുത്താനും അവര്‍ക്ക് ആവശ്യമുള്ള സംവിധാനങ്ങളൊരുക്കാനുമൊക്കെ ബ്രിട്ടന്‍ പ്രത്യേക താല്‍പര്യം കാണിച്ചു. ഇസ്റാഈല്യര്‍ക്കിടയിലെ പല പ്രമുഖരെയും വാര്‍ത്തെടുത്ത അബ്‍രി സര്‍വ്വകലാശാല സ്ഥാപിക്കപ്പെട്ടതെല്ലാം ഇതിന്റെ ഭാഗമായിരുന്നു.
രണ്ടാം ലോക മഹായുദ്ധാനന്തരം ഫലസ്തീന്‍ പ്രശ്നം ഐക്യരാഷ്ട്ര സഭയുടെ മേശപ്പുറത്തെത്തി. ബത്‍ലഹേം അടക്കമുള്ള പ്രദേശങ്ങള്‍ ഐക്യരാഷ്ട്രസഭക്ക് കീഴില്‍ പ്രത്യേക രാഷ്ട്രമായി പത്ത് വര്‍ഷം തുടരട്ടെ എന്നും ശേഷം പ്രദേശവാസികളുടെ അഭിപ്രായം ആരാഞ്ഞ് ഭൂരിപക്ഷാഭിപ്രായ പ്രകാരം തീരുമാനമെടുക്കാമെന്നുമായിരുന്നു ധാരണയിലെത്തിയത്. ഇത് പ്രകാരം ബ്രിട്ടീഷ് സൈന്യം പിന്‍വലിഞ്ഞെങ്കിലും ഐക്യരാഷ്ട്രസഭക്ക് കാര്യങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയാതെ വരികയും ജുതര്‍ അവസരം മുതലെടുത്ത് ഇസ്റാഈല്‍ രാഷ്ട്രം നിലവില്‍ വന്നതായി പ്രഖ്യാപിക്കുകയും ചെയ്തു.1948 മെയ് 14നായിരുന്നു ഇത്. അതോടെ, ഫലസ്തീനികളും അറബികളും ശക്തമായ പ്രതിഷേധങ്ങളുമായി രംഗത്തിറങ്ങുകയും ഇസ്റാഈലിനെതിരെ യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തു. ഫലസ്തീന്‍-അറബ് സൈന്യത്തിന്റെ ആക്രമണത്തില്‍ ഏതാനും ഇസ്റാഈല്യര്‍ കൊല്ലപ്പെടുകയും പലരെയും ബന്ദികളായി പിടിക്കുകയും ചെയ്തത് ഇക്കാലത്തായിരുന്നു. 
യുദ്ധാനന്തരം ഫലസ്തീന്‍ രണ്ടായി ഭാഗിക്കപ്പെട്ട്, പടിഞ്ഞാറ് ഭാഗം ഇസ്റാഈലിന് കീഴിലും കിഴക്ക് ഭാഗം ജോര്‍ദ്ദാന് കീഴിലുമായി മാറി. ശേഷം ഇസ്റാഈല്‍ സൈന്യാധിപന്‍ മോശെ ദായാനും ജോര്‍ദ്ദാന്‍ കമാന്റര്‍ അബ്ദുല്ല അല്‍തല്ലും ഖുദ്സില്‍ യോഗം ചേരുകയും രണ്ട് പ്രദേശത്തെയും വേര്‍തിരിച്ച് അതിരുകള്‍ നിശ്ചയിക്കുകയും ചെയ്തു. ഇസ്‍റാഈല്‍ പ്രദേശങ്ങളെ ചുവപ്പ് നിറത്തിലും ജോര്‍ദ്ദാന് കീഴിലുള്ള ഭാഗങ്ങളെ പച്ച നിറത്തിലും അടയാളപ്പെടുത്തിയ അവര്‍ മധ്യത്തിലായി ചെറിയൊരു ഭാഗം ഒഴിച്ചിട്ടു. 
1949ല്‍ ഇസ്റാഈല്‍, ലബനാന്‍, ഈജിപ്ത്, ജോര്‍ദ്ദാന്‍, സിറിയ എന്നീ രാഷ്ട്രങ്ങള്‍ ചേര്‍ന്ന് സമാധാന കരാര്‍ ഒപ്പ് വെച്ചപ്പോള്‍ ഈ അതിര്‍ത്തികളായിരുന്നു പരിഗണിച്ചിരുന്നത്. കരാര്‍ പ്രകാരം, തര്‍ക്ക പരിഹാരത്തിന്റെ ഭാഗമായി ഇസ്റാഈല്യര്‍ നിലവിലെ പ്രദേശത്ത് മാത്രമേ താമസിക്കാവൂ എന്നും കൂടുതല്‍ പ്രദേശങ്ങള്‍ കൈയ്യേറ്റം ചെയ്യരുതെന്നും അംഗീകരിക്കപ്പെട്ടു. അതോടെ നഗരത്തിന്റെ മധ്യഭാഗത്തായി ഇരു പ്രദേശങ്ങളെയും വേര്‍തിരിക്കുന്ന സിമന്റ് മതിലുകളും മുള്‍വേലികളും അങ്ങോട്ടും ഇങ്ങോട്ടുമുള്ള സഞ്ചാരത്തിനായി പ്രത്യേക പ്രവേശന കവാടങ്ങളും സ്ഥാപിക്കപ്പെടുകയും ഇസ്റാഈലും ജോര്‍ദ്ദാനും ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. ഈ പ്രഖ്യാപനത്തോട് മുസ്‍ലിം രാഷ്ട്രങ്ങള്‍ വിവിധ രീതികളിലായിരുന്നു പ്രതികരിച്ചത്. 
ഇത് പ്രകാരം, മസ്ജിദുല്‍ അഖ്സയും ഖുബ്ബതുസ്വഖ്റയും (ടോംബ് ഓഫ് ദ റോക്) ജോര്‍ദ്ദാന് കീഴിലായിരുന്നു. അവര്‍ അവിടെ ആവശ്യമായ അറ്റകുറ്റ പണികള്‍ നടത്തുകയും ക്രിസ്ത്യാനികള്‍ക്ക് സന്ദര്‍ശനാനുവാദം നല്കുകയും ചെയ്തു. രാഷ്ട്രീയമായ കാരണങ്ങളാല്‍ ജുതന്മാര്‍ക്ക് പ്രവേശം നിഷേധിക്കപ്പെട്ടിരുന്നു. 
1967ല്‍ ഇസ്റാഈലും അറബികളും തമ്മില്‍ വീണ്ടും യുദ്ധം അരങ്ങേറുകയും അതില്‍ വിജയം വരിച്ച ഇസ്റാഈല്‍ ഖുദ്സിന്റെ കിഴക്ക് ഭാഗം കൂടി കൈയ്യേറുകയും ചെയ്തു. അതോടെ, ജൂതന്മാര്‍ക്കുണ്ടായിരുന്ന പ്രവേശന നിയന്ത്രണങ്ങളെല്ലാം എടുത്ത് കളയുകയും സ്വതന്ത്രമായ സഞ്ചാരം അനുവദിക്കപ്പെടുകയും ചെയ്തു. അപ്പോഴും മസ്ജിദുല്‍അഖ്സയും ഖുബ്ബതുസ്വഖ്റയും ഫലസ്തീന്‍ മതകാര്യ വകുപ്പിന് കീഴില്‍ തന്നെയായിരുന്നു. 
ഖുദ്സിലെ സുപ്രധാന തെരുവ് ആയിരുന്നു ഹാറതുല്‍മഗാരിബ. ജൂതരുടെ വിശുദ്ധ കേന്ദ്രമായ ബുറാഖ് മതില്‍ സ്ഥിതി ചെയ്തിരുന്നത് അതിനോട് അഭിമുഖമായിട്ടായിരുന്നു. അവിടെയെത്തിയ ഒരു കൂട്ടം ഇസ്റാഈല്യര്‍ മഗാരിബ തെരുവിന്റെ മതില്‍ പൊളിച്ച് മാറ്റുകയും അവിടെ ആരാധനക്കുള്ള സൌകര്യങ്ങള്‍ ഒരുക്കുകയും ചെയ്തു. യുദ്ധാനന്തരവും ഇസ്റാഈല്‍ സൈന്യം ജോര്‍ദ്ദാന്‍ നിയന്ത്രണത്തിലായിരുന്ന കിഴക്കന്‍ ഖുദ്സിലെ അധിനിവേശം വ്യാപിപ്പിച്ചുകൊണ്ടേയിരുന്നു. പട്ടണത്തെ പരമാവധി ജൂതവല്‍ക്കരിക്കാനായിരുന്നു അവരുടെ ശ്രമം.
ഐക്യ രാഷ്ട്ര സഭ അടക്കം ലോക രാഷ്ട്രങ്ങളധികവും ഈ നീക്കങ്ങളെ ശക്തിയുക്തം എതിര്‍ക്കുകയും പല രാഷ്ട്രങ്ങളും ഇസ്റാഈലുമായുള്ള നയതന്ത്ര ബന്ധം വിഛേദിക്കുകയും ചെയ്തു. എങ്കിലും ഇസ്റാഈല്‍ തങ്ങളുടെ ശ്രമങ്ങളുമായി മുന്നോട്ട് പോവുകയും അറബ്-ഇസ്റാഈല്‍ സംഘട്ടനങ്ങള്‍ പതിവാകുകയും ചെയ്തു.  അനധികൃതമായി ഒട്ടേറെ താമസകേന്ദ്രങ്ങള്‍ സ്ഥാപിച്ച ഇസ്റാഈല്‍ 2002ല്‍ വെസ്റ്റ് ബാങ്കിനെ ഒറ്റപ്പെടുത്തുന്ന വിധം ഒരു കൂറ്റന്‍ മതിലും നിര്‍മ്മിച്ചു. 2007ലെ കണക്കുകള്‍ പ്രകാരം ഖുദ്സിലെ ജനസംഖ്യ 747,600 ആണ്. അതില്‍ 64 ശതമാനം ജൂതരും 32 ശതമാനം മുസ്‍ലിംകളും 2 ശതമാനം ക്രിസ്ത്യാനികളുമായിരുന്നു എന്നാണ് കണക്ക്. 
ഫലസ്തീനില്‍ ശാശ്വത പരിഹാരം കൊണ്ട് വരുന്നതിന്, മുന്‍അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഒരു മാര്‍ഗ്ഗരേഖ മുന്നോട്ട് വെച്ചു. നൂറ്റാണ്ടിന്റെ ഇടപാട് (deal of the century) എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ബഹ്റൈനില്‍ വെച്ച് നടന്ന ചര്‍ച്ചകളുടെ കൂടി അടിസ്ഥാനത്തില്‍ ഏറെ സമയമെടുത്ത് തയ്യാറാക്കിയതെന്ന് പറയപ്പെടുന്ന ഇത് 2020 ജനുവരി 28നായിരുന്നു ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. ഇസ്റാഈലിന്റെ തലസ്ഥാനം ഖുദ്സ് ആയിരിക്കുമെന്നും അവിടത്തെ മുഴുവന്‍ വിശുദ്ധ സ്ഥലങ്ങളുടെയും അധികാരം ഇസ്റാഈലിനായിരിക്കുമെന്നും പറയുന്ന മാര്‍ഗ്ഗരേഖ തീര്‍ത്തും ഏക പക്ഷീയവും ഇസ്റാഈല്‍ അനുകൂലവുമാണെന്നാണ് പൊതുവെ വിലയിരുത്തപ്പെട്ടത്. അത് കൊണ്ട് തന്നെ, ഇസ്റാഈലൊഴികെ മറ്റാരും അത് സ്വീകരിക്കാന്‍ തയ്യാറായതുമില്ല. പ്രശ്നങ്ങള്‍ക്ക് പരിഹാരമാവാതെ ഫലസ്തീന്‍ ഇപ്പോഴും പ്രശ്നകലുഷിതമായി തന്നെ തുടരുകയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter