ഗസ്സയും ഖുദ്‌സും ജ്ഞാന പ്രൗഢിയുടെ കഥ പറയുന്നു

ലോക മുസ്‌ലിങ്ങളുടെ ജീവിതവുമായും വിശ്വാസവുമായും ഫലസ്തീന്‍ ബന്ധപ്പെട്ടുകിടക്കുന്നു. ചരിത്രങ്ങളും നാഗരികതകളും ഒരുപാട് കണ്ട മണ്ണ്. മുസ്‌ലിങ്ങളുടെ ഒന്നാമത്തെ ഖിബ്‌ലയും രണ്ടാമത്തെ മസ്ജിദുമായ മസ്ജിദുല്‍ അഖ്‌സ്വയുടെ സാന്നിധ്യം സമ്പന്നമാക്കിയ ഭൂമിക. ഈ വിശുദ്ധ ദേശവും നമ്മളും തമ്മിലുള്ള ബന്ധം നിരന്തരം ഓര്‍മിപ്പിക്കാനും ഉണര്‍ത്താനുമാണ് അവിടുത്തെ അത്തിപ്പഴവും ഒലീവും മക്കയും പറഞ്ഞ് അല്ലാഹു സത്യം ചെയ്തത്- ”അത്തിയും ഒലീവും സാക്ഷി, സീനാ മല സാക്ഷി, നിര്‍ഭയമായ ഈ മക്കാ നഗരവും സാക്ഷി.” (സൂറത്തുത്തീന്‍ 1-3) ഇന്ന് ലോകത്തിലെ ഏറ്റവും കലുഷമായ മണ്ണാണ് ഫലസ്തീന്റേതെങ്കില്‍ സംവല്‍സരങ്ങള്‍ക്കപ്പുറം സംസ്‌കാരവും നാഗരികതയും വിദ്യയും അവിടെ വസന്തങ്ങള്‍ തീര്‍ത്തിരുന്നു.
ലോകരിലെ ഏറ്റവും മഹോന്നതരായ നിഷ്‌കളങ്കരുടെ ജീവിതങ്ങളാണ് ഫലസ്തീന്റെ മണ്ണിനെ പാവനമാക്കിയത്. ഇബ്‌റാഹീം(അ), ഇസ്ഹാഖ്(അ), യഅ്ഖൂബ്(അ), യൂസുഫ്(അ), ശുഐബ്(അ), ലൂഥ്(അ), യൂഷഅ്(അ), ദാവൂദ്(അ), സുലൈമാന്‍(അ), സകരിയ്യ(അ), യഹ്‌യ(അ) തുടങ്ങിയ പ്രവാചകന്‍മാരുടെയൊക്കെ പ്രബോധന മേഖലകളില്‍ ഫലസ്തീനുമുണ്ടായിരുന്നു. ഇവരില്‍ ആദ്യത്തെ അഞ്ചുപേര്‍ അന്ത്യവിശ്രമം കൊള്ളുന്നതും ഈ മണ്ണിനു താഴെയാണ്. ഇവരുടെ സ്മൃതികളില്‍ ജീവിച്ച ഫലസ്തീനില്‍ വിദ്യയുടെയും നാഗരികതകളുടെയും എടുപ്പുകളുയര്‍ന്നു. ഖുദ്‌സ്, ഗസ, റാമല്ല, നാബുല്‍സ, ത്വബ്‌രിയ്യ, അരീഹ, ഹിത്തീന്‍ തുടങ്ങിയ പട്ടണങ്ങളില്‍ അറിവും അറിവുള്ളവരും നിറഞ്ഞു ജീവിച്ചിരുന്നു.
ഇന്ന് ഇസ്രയേലിന്റെ ബോംബര്‍ വിമാനങ്ങള്‍ രക്തം വര്‍ഷിക്കുന്ന നാടുകളായി നമ്മള്‍ കേള്‍ക്കുന്ന ഈ പട്ടണങ്ങളുടെ തിളക്കമാര്‍ന്ന ഗതകാല ഓര്‍മകള്‍ സന്തോഷവും അതിലേറെ സങ്കടവും തരുന്നു.

അറിവും അറിവുള്ളവരും ജീവിച്ച ഖുദ്‌സ്
ലോകത്തിലെ ഏറ്റവും പുരാതന പട്ടണങ്ങളിലൊന്നാണ് ഖുദ്‌സ്. മസ്ജിദുല്‍ അഖ്‌സ്വ തന്നെ ഖുദ്‌സിന്റെ സര്‍വസ്വവും. തിരുമേനി(സ്വ)യുടെ രാപ്രയാണം കൊണ്ട് ധന്യമായ മസ്ജിദുല്‍ അഖ്‌സ്വ 16 മാസത്തോളം ലോക മുസ്‌ലിങ്ങളുടെ ഖിബ്‌ലയുമായിരുന്നു. അവിടം സന്ദര്‍ശിക്കുന്നതും നിസ്‌കരിക്കുന്നതും റസൂല്‍(സ്വ) പ്രോത്സാഹിപ്പിച്ചിട്ടുണ്ട്- ”അത് മഹ്ശറിന്റെയും പുനരുത്ഥാനത്തിന്റെയും ഭൂമികയാണ്. അതിലെ നിസ്‌കാരത്തിന് ആയിരമിരട്ടി പ്രതിഫലമുണ്ട്.” ”ആര്‍ക്കെങ്കിലും അതിനു സാധിച്ചില്ലെങ്കിലോ?” നബി(സ്വ) പറഞ്ഞു: ”അവന്‍ അതിലേക്ക് കത്തിക്കാനുള്ള ഒലീവ് എണ്ണ ദാനമായി നല്‍കട്ടെ. ഒലീവെണ്ണ ദാനം നല്‍കിയവന്‍ അവിടെ പോയവനു തുല്യമാണ്.”
ഖലീഫ ഉമര്‍(റ)വിന്റെ കാലത്താണ് മുസ്‌ലിങ്ങള്‍ ഖുദ്‌സ് കീഴടക്കിയത്. മസ്ജിദുല്‍ അഖ്‌സ്വ അന്വേഷിച്ചു നടന്ന ഉമര്‍(റ) അതു കാണാന്‍ കഴിയാതെ വന്നപ്പോള്‍ അവിടുത്തെ പാര്‍ത്രിയാര്‍ക്കീസിനോട് തിരക്കി: ”യഹൂദര്‍ വിശുദ്ധി കല്‍പ്പിക്കുന്ന ദേവാലയമാണോ?” എന്ന് ചോദിച്ച പാത്രിയാര്‍ക്കീസിനോട് ‘അതെ’ എന്ന് ഉമര്‍(റ)വിന്റെ മറുപടി. പാര്‍ത്രിയാര്‍ക്കീസ് സ്ഥലം കാണിച്ചുകൊടുത്തു. ചപ്പുചവറുകള്‍ തള്ളാനുള്ള സ്ഥലമായി ക്രിസ്ത്യാനികള്‍ അതിനെ മാറ്റിയിരുന്നു. മുണ്ടു മുറുക്കി ഉമര്‍(റ) അവിടം വൃത്തിയാക്കാന്‍ ആരംഭിച്ചു. സേനയും അനുയായികളും അദ്ദേഹത്തോട് കൂട്ടുചേര്‍ന്നു. ശേഷം രണ്ടു റക്അത്ത് നിസ്‌കരിച്ച് അഖ്‌സ്വയുടെ പുനര്‍നിര്‍മാണത്തിന് ഉത്തരവിട്ടു. അങ്ങനെ ഇസ്‌ലാമിക സംസ്‌കൃതിയിലൂടെ ഖുദ്‌സിന്റെ നാഗരിക വൈജ്ഞാനിക വളര്‍ച്ചയ്ക്ക് ആരംഭംകുറിക്കപ്പെട്ടു.
ജൂതന്‍മാര്‍ ഖുദ്‌സില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളോ നാഗരിക സംഭാവനകളോ ഒന്നും ചെയ്തില്ല. മുസ്‌ലിങ്ങള്‍ കീഴടക്കിയതോടെ ഖുദ്‌സിലേക്കു പണ്ഡിതരും സാത്വികരും ഒഴുകിത്തുടങ്ങി. അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ) ഹജ്ജിന് ഇഹ്‌റാം കെട്ടാന്‍ ഖുദ്‌സില്‍ വന്നു. ഉബാദത്തുബ്‌നു സ്വാമിത്(റ), ശദ്ദാദ് ബ്‌നു ഔസ്(റ), ഫൈറൂസു ദ്ദൈലമി(റ), ദിഹ്‌യതുല്‍ കല്‍ബി(റ), അബ്ദുറഹ്മാന്‍ ബിന്‍ തമീമില്‍ അശ്അരി(റ), ഔസ്ബിന്‍ സ്വാമിത(റ) തുടങ്ങിയ തിരുമേനി(സ്വ)യുടെ ശിഷ്യന്‍മാര്‍ ഖുദ്‌സില്‍ വന്ന് വൈജ്ഞാനിക പ്രസരണവും പ്രബോധന പ്രവര്‍ത്തനങ്ങളും നടത്തി. മാലിക് ബിന്‍ ദീനാറുല്‍ ഔസഈ(റ), സുഫ്‌യാനുസൗരി(റ), ഇബ്‌നു ശിഹാബി സുഹ്‌രി(റ) തുടങ്ങിയ താബിഈ പ്രമുഖരും ഖുദ്‌സില്‍ വന്നു താമസിച്ചിട്ടുണ്ട്.
ഖുലഫാഉ റാശിദീന്റെ ഭരണ കാലഘട്ടത്തിനു ശേഷം അമവീ കാലഘട്ടത്തില്‍ മസ്ജിദുല്‍ അഖ്‌സ്വ പുനര്‍ നിര്‍മിക്കപ്പെട്ടു. അമവികളിലെ അഞ്ചാം ഖലീഫ അബ്ദുല്‍ മലിക് ബിന്‍ മര്‍വാന്‍ (65-86) ആരംഭിച്ച പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പുത്രന്‍ അല്‍ വലീദ് (86-96) മുഴുമിപ്പിച്ചു. ഖുബ്ബതുസ്വഖ്‌റയുടെ നിര്‍മാണത്തിനു മാത്രം ഈജിപ്തിലെ എട്ടു വര്‍ഷത്തെ നികുതിപ്പണം ചെലവഴിക്കപ്പെട്ടുവെന്ന് ചരിത്രത്തില്‍ കാണാം. നിരവധി നിര്‍മാണാത്മക പ്രവര്‍ത്തനങ്ങളിലൂടെ അബ്ദുല്‍ മലികും വലീദുമാണ് മസ്ജിദുല്‍ അഖ്‌സ്വക്ക് ഇന്നത്തെ മുഖം നല്‍കിയത്. സുലൈമാന്‍ ബിന്‍ അബ്ദില്‍ മലിക് സാമ്രാജ്യത്തിന്റെ തലസ്ഥാനം ഖുദ്‌സിലേക്കോ റാമല്ലയിലേക്കോ മാറ്റണമെന്ന ധീരമായ തീരുമാനം കൈക്കൊണ്ടെങ്കിലും സംഭവിച്ചില്ല. അമവി ഭരണകൂടം പറയത്തക്ക വൈജ്ഞാനിക സംഭാവനകളൊന്നും നടത്തിയിട്ടില്ല.
ഹിജ്‌റ 359ല്‍ ഫാത്വിമികളുടെ കാലത്ത് ഖുദ്‌സ് നാഗരിക വികാസം പ്രാപിച്ചു. ശീഈ ചിന്താഗതികള്‍ പ്രസരണം ചെയ്യാന്‍ പാഠശാലകളും വൈജ്ഞാനിക സദസ്സുകളും അവര്‍ സംഘടിപ്പിച്ചു. ദാറുല്‍ ഉലൂമില്‍ ഫാത്വിമിയ്യ ഇത്തരം പാഠശാലകളിലൊന്നാണ്. ഫാത്വിമികള്‍ ഖുദ്‌സില്‍ ആതുരാലയങ്ങള്‍ പണികഴിപ്പിച്ചു. ഇവയില്‍ ബീമാരിസാതാനെ (ഹോസ്പിറ്റല്‍) ഫാത്വിമിയ്യ പ്രസിദ്ധമാണ്. ഭിശഗ്വരന്‍മാര്‍ക്ക് ശമ്പളം നല്‍കിയിരുന്നത് വഖ്ഫ് സ്വത്തില്‍നിന്നായിരുന്നു. വിദഗ്ധരായ ഡോക്ടര്‍മാരും കലാകാരന്‍മാരും ശില്‍പികളും അന്ന് ഖുദ്‌സില്‍ താമസമാക്കി.
ഇടക്കാലത്ത് കുരിശ് സൈന്യം ഖുദ്‌സ് കീഴടക്കിയെങ്കിലും ഖുദ്‌സിന്റെ വിമോചകന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ വിശ്വവിജയത്തോടെ ഖുദ്‌സില്‍ വീണ്ടും വൈജ്ഞാനിക-സാംസ്‌കാരിക നേട്ടങ്ങളുടെ സുവര്‍ണ നാളുകള്‍ ഉദിച്ചു. ഫാത്വിമികള്‍ നിര്‍മിച്ച ശീഈ ചിന്താധാരകള്‍ പ്രസരണം ചെയ്യാനുള്ള മദ്‌റസകളും സദസ്സുകളും സ്വലാഹുദ്ദീന്‍ അയ്യൂബി നിര്‍ത്തലാക്കി. ശീഈ ഖാളിരിമാരെ നീക്കംചെയ്യുകയും ഫാത്വിമി ഭരണാധികാരികള്‍ക്കുള്ള ജുമുഅയിലെ പ്രാര്‍ത്ഥന നിരോധിക്കുകയും ചെയ്തു. സുന്നി ആദര്‍ശത്തിലധിഷ്ഠിതമായ വിദ്യാകേന്ദ്രങ്ങള്‍ ഖുദ്‌സില്‍ തലപൊക്കി. സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ കാലത്തോടെയാണ് ഖുദ്‌സില്‍ ദ്രുതഗതിയിലുള്ള വൈജ്ഞാനിക വളര്‍ച്ച സംഭവിക്കുന്നത്. ശാഫിഈ ഇമാമിന്റെ ഖബ്‌റിനരികെയുള്ള മദ്‌റസത്തുല്‍ മന്‍ഷഅ, ഖുദ്‌സിലെ മദ്‌റസതുല്‍ സ്വലാഹിയ്യ, മദ്‌റസതുല്‍ ഖുന്‍സനിയ്യ, മദ്‌റസതുല്‍ മൈമൂനിയ്യ തുടങ്ങിയ നിരവധി വിദ്യാലയങ്ങള്‍ സ്വലാഹുദ്ദീന്‍ പണികഴിപ്പിച്ചു. കോട്ടകളും പള്ളികളും ആസ്പത്രികളുമുണ്ടായി. സ്വൂഫി പര്‍ണശാലകള്‍ സ്ഥാപിക്കപ്പെട്ടു. അവിടെ വൈജ്ഞാനിക ചര്‍ച്ചകള്‍ അരങ്ങേറി. ഈ മദ്‌റസയുടെയൊക്കെ നടത്തിപ്പിന് സ്വത്തുക്കള്‍ സ്വലാഹുദ്ദീന്‍ അയ്യൂബി വഖ്ഫ് ചെയ്തു. പഠന സദസ്സുകള്‍ (ഹല്‍ഖാത്) പലതും പിന്നീട് സ്വതന്ത്ര സ്ഥാപനങ്ങളായി വികസിച്ചു.
കുരിശ് അധിനിവേശ കാലത്ത് നിലച്ച ഖുദ്‌സിലേക്കുള്ള പണ്ഡിതരുടെയും സ്വൂഫിവര്യന്‍മാരുടെയും ഒഴുക്ക് സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ ഖുദ്‌സ് വിമോചനത്തിനു ശഷം പതിന്‍മടങ്ങായി. അയ്യൂബി ബൈതുല്‍ മുഖദ്ദസില്‍ സ്ഥിരം ഇമാമിനെ നിയമിക്കുകയും മദ്‌റസകളില്‍ മാനേജര്‍(മുദീര്‍)മാരെ നിശ്ചയിക്കുകയും ചെയ്തു. അവര്‍ക്കെല്ലാം വഖ്ഫ് സ്വത്തുക്കളില്‍ നിന്ന് ശമ്പളം നല്‍കി. സൂഫീ ഖാന്‍ഖാഹുകളും (സത്രങ്ങള്‍) സാമിയകളും (പള്ളിയുടെ ചെരുവുകള്‍) സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ കാലത്ത് വിദ്യയുടെ സ്രോതസ്സുകളായി വളര്‍ന്നു. ഖാന്‍ഖാഹു സ്വലാഹിയ്യയും സാവിയതു ഖുത്‌നിയ്യയും അവയില്‍ പ്രധാനപ്പെട്ടവയാണ്.
വൈജ്ഞാനിക രംഗത്ത് ആദ്യനൂറ്റാണ്ടുകളിലെ മന്ദീഭാവത്തിനും പിന്നീട് സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ കാലത്തു കണ്ട വളര്‍ച്ചയ്ക്കും ശേഷം മംലൂക്കുകള്‍ ഭരണം കൊണ്ട ഹിജ്‌റ ആറാം നൂറ്റാണ്ടു കാലത്ത് ഖുദ്‌സ് നാഗരികതയുടെയും വിദ്യയുടെയും പരകോടിയില്‍ നിലകൊണ്ടു. മംലൂക്കുകള്‍ ധാരാളം വിദ്യാലയങ്ങള്‍ പണിതു. അക്കാലത്തെ ഏറ്റവും മനോഹരമായ വാസ്തുശില്‍പ ചാരുതയിലാണ് വിദ്യാലയങ്ങളൊക്കെ നിര്‍മിച്ചത്. അധ്യാപനത്തിനും പ്രാര്‍ത്ഥനയ്ക്കും വേണ്ടി ഉപയോഗിക്കപ്പെടുന്ന അല്‍പം ഉയര്‍ന്ന, കല്ലുവച്ച് പണിത മസ്ബതകള്‍ (തിണ്ണകള്‍) ബൈതുല്‍ മുഖദ്ദസില്‍ നിലനിന്നിരുന്നു. മസ്ബതതുള്ളാഹിരി (795 ഹിജ്‌റ), മസ്ബതതുല്‍ ബുസൈ്വരി (800 ഹിജ്‌റ) തുടങ്ങിയവ അക്കാലത്തെ പ്രസിദ്ധ മസ്ബത കളാണ്.
മംലൂക്ക് കാലഘട്ടത്തില്‍ ഇസ്‌ലാമിക ലോകത്തെ മൂന്നാമത്തെ പ്രധാന പട്ടണമായി ഖുദ്‌സ് വളര്‍ന്നു. നൂറുകണക്കിന് പണ്ഡിതരും പ്രബോധകരും ഫുഖഹാഉം മുഹദ്ദിസീങ്ങളും ഖാസിമാരും ഖുദ്‌സിലേക്ക് ഒഴുകിയെത്തി. ഖുദ്‌സ് വൈജ്ഞാനിക കേന്ദ്രമായി പ്രാജ്ജ്വലിച്ചു.
മൊറോക്കോ, സ്‌പെയിന്‍, ഇറാഖ്, ഇറാന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള പണ്ഡിതരൊക്കെ ഖുദ്‌സില്‍ സമ്മേളിച്ചു. അമ്പതോളം മദ്‌റസകളും 12 പര്‍ണശാലകളും 40 സാവിയകളും മംലൂക്ക് കാലഘട്ടത്തില്‍ ഖുദ്‌സില്‍ വിദ്യയുടെ വെളിച്ചം പരത്തി.
മംലൂക്കുകള്‍ക്കു ശേഷം അവസാന മുസ്‌ലിം ഭരണ സാമ്രാജ്യമായ ഉസ്മാനികളുടെ കാലത്തും ഖുദ്‌സില്‍ വൈജ്ഞാനിക മുന്നേറ്റങ്ങള്‍ നടന്നു. 1263ല്‍ ഒട്ടോമന്‍ സാമ്രാജ്യം വിദ്യാഭ്യാസ പരിഷ്‌കരണ നിയമം കൊണ്ടുവന്നു. പ്രധാനമായും സുലൈമാനുല്‍ ഖാനൂനിയുടെ കാലത്ത് മദ്‌റസകളും പര്‍ണശാലകളും സ്ഥാപിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഭാര്യ പണിത ‘തകിയ്യ (മഠം) ആമിറ’ പ്രസിദ്ധമായിരുന്നു. (ഭക്ഷണശാലയും പള്ളിയും വിദ്യാലയവും കൂടിയതാണ് തകിയ്യ. അവിടെ വിദ്യാര്‍ത്ഥികള്‍ താമസിച്ചു പഠിച്ചിരുന്നു.)

ഖാന്‍ഖാഹുകള്‍, റിബാത്വുകള്‍, സാവിയകള്‍
അമ്പതോളം പ്രധാന മദ്‌റസകള്‍ ഖുദ്‌സിലുണ്ടായിരുന്നു. അമീര്‍ അലാഉദ്ദീന്‍ അബാസ്വീരിയ്യ നിര്‍മിച്ച അല്‍ മദ്‌റസതുല്‍ അബാസ്വീരിയ്യ (693 ഹിജ്‌റ) അമീര്‍ അര്‍ഗൂന്‍ കാമിലിയുടെ അല്‍ മദ്‌റസത്തുല്‍ അര്‍ഗൂനിയ്യ, അല്‍ മദ്‌റസത്തുല്‍ അഷ്‌റഖിയ്യ, അല്‍മദ്‌റസത്തുല്‍ അഫ്‌ളലിയ്യ (589), അല്‍ മദ്‌റസത്തുല്‍ ജൗഹദിയ്യ (697 ഹിജ്‌റ) തുടങ്ങിയവ അവയില്‍ ചിലതാണ്. എല്ലാ മദ്‌റസകളിലും അധ്യാപകരും (മുദര്‍രിസ്) സഹ അധ്യാപകരും നിയമിക്കപ്പെട്ടിരുന്നു.
ഖുദ്‌സ് പള്ളിയുടെ കോണുകളില്‍ വൈജ്ഞാനിക ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും ആരാധനകള്‍ക്കും വേണ്ടി പ്രത്യേകം സാവിയ (കോണുകള്‍) ഉണ്ടായിരുന്നു. 587ല്‍ സ്വലാഹുദ്ദീന്‍ അയ്യൂബി നിര്‍മിച്ച അസ്സാവിയതുല്‍ ഖുതനിയ്യ, സാവിയതുല്‍ ജിറാഹിയ്യ, ശൈഖ് നാസിറുല്‍ മഖ്ദസിയുടെ സാവിയതുല്‍ നാസ്വിരിയ്യ, സാവിയതുല്‍ സ്വഫാഇയ്യ, സാവിയതുല്‍ ശൈഖൂനിയ്യ തുടങ്ങിയവ പ്രധാന സാവിയകളാണ്.
സാവിയകളെപ്പോലെ വിദ്യയുടെ കൈമാറ്റത്തിനും പ്രാര്‍ത്ഥനയ്ക്കും ഖുദ്‌സില്‍ വരുന്നവര്‍ക്ക് ഭക്ഷണസൗകര്യം ഏര്‍പ്പെടുത്തുന്നതിനുമൊക്കെ റിബാത്വു(സത്രം)കള്‍ സ്ഥാപിക്കപ്പെട്ടു. സൂഫികളും ആലിമീങ്ങളും ഇത്തരം റിബാത്വുകളില്‍ വിദ്യയുടെയും സല്‍ജീവിതത്തിന്റെയും പാഠങ്ങള്‍ പകര്‍ന്നു. അല്‍സ്സമിനീ, അല്‍ കുര്‍ദി, അല്‍ മന്‍സൂരീ എന്നിവയൊക്കെ മംലൂക്കുകളുടെ കാലത്തെ പ്രധാന റിബാത്വുകളാണ്.
കര്‍മശാസ്ത്രവും ഹദീസും തസ്വവ്വുഫും അധ്യാപനം ചെയ്യപ്പെട്ട ഖാന്‍ഖാഹുകള്‍ (മഠങ്ങള്‍) ഖുദ്‌സിന്റെ വൈജ്ഞാനിക കാലഘട്ടത്തിലെ ശ്രദ്ധാകേന്ദ്രങ്ങളായിരുന്നു. അവിടങ്ങളില്‍ സൂഫികളുടെ നേതൃത്വത്തില്‍ ദിക്ര്‍ സദസ്സുകളും പ്രാര്‍ത്ഥനാ സംഗമങ്ങളും അരങ്ങേറി. ഖാന്‍ഖാഹു സ്വലാഹിയ (സ്വലാഹുദ്ദീന്‍ അയ്യൂബി നിര്‍മിച്ചത്) ഇവയില്‍ ശ്രദ്ധേയമാണ്. ഫഖ്‌റിയ്യ, സാനിത്വിയ്യ തുടങ്ങിയവയും ഇവയില്‍ പ്രധാനപ്പെട്ടവയാണ്.
വീടുകളിലും പള്ളികളിലും സ്വതന്ത്ര സ്ഥാപനങ്ങളിലും നടന്ന കതാതീബ് (പള്ളിക്കൂടം) ഖുദ്‌സില്‍ ധാരാളമുണ്ടായിരുന്നു. കുട്ടികള്‍ക്ക് ഖുര്‍ആന്‍ പാരായണവും മതകീയ വിജ്ഞാനങ്ങളുടെ അടിസ്ഥാന തത്വങ്ങളും പഠിപ്പിക്കുകയായിരുന്നു ഇവയുടെ ലക്ഷ്യം.

സന്ദര്‍ശനകേന്ദ്രവും പ്രവര്‍ത്തനഗോദയും
‘അല്‍ അഹാദീസുല്‍ മുഖ്താറ’ എന്ന പ്രസിദ്ധ ഹദീസ് ഗ്രന്ഥത്തിന്റെ രചയിതാവും പ്രമുഖ ഹദീസ് പണ്ഡിതനുമായ ളിയാഉദ്ദീനുല്‍ മഖ്ദസി, പ്രമുഖ മുഹദ്ദിസും ഫഖീഹുമായ മൗഖിഫുദ്ദീനു ബ്‌നു ഖദാമതില്‍ മഖ്ദസി (വ:620 ഹിജ്‌റ) ചരിത്രകാരനും മുഹദ്ദിസുമായ ഇബ്‌നുല്‍ ബറൂദില്‍ മഖ്ദസി, സഞ്ചാരിയായ ശംസുദ്ദീനുല്‍ മഖ്ദസി (വ: 380 ഹിജ്‌റ) തുടങ്ങിയവര്‍ ഖുദ്‌സ് സംഭാവന ചെയ്ത മഹല്‍വ്യക്തിത്വങ്ങളാണ്. പ്രമുഖ ചിന്തകന്‍ ആരിഫുല്‍ ആരിഫ് (വ: 1310 ഹിജ്‌റ), ഭാഷാ പണ്ഡിതന്‍ അന്നഷാബീബി, സാത്വികനായ അഹ്മദ് സാമിഹുല്‍ ഖാലിദി എന്നിവരും ഖുദ്‌സില്‍ ജനിച്ചു വളര്‍ന്ന പ്രധാനികളാണ്.
ഖുദ്‌സ് സന്ദര്‍ശിക്കാനും അവിടെ താമസിക്കാനും വന്ന പണ്ഡിതന്‍മാരും സൂഫീവര്യന്‍മാരും നിരവധിയാണ്. ഖുദ്‌സിന് ഇസ്‌ലാം കല്‍പ്പിച്ച മഹത്വവും അവിടുത്തെ നാഗരിക വളര്‍ച്ചയുമൊക്കെയായിരുന്നു അവരെ ആകര്‍ഷിച്ചത്. ഇമാം ശാഫിഈ(റ), ഇമാം ഗസ്സാലി (ഖുദ്‌സില്‍ വച്ചാണ് അദ്ദേഹം ഇഹ്‌യാ ഉലൂമുദ്ദീന്റെ രചന ആരംഭിച്ചത്), ഇബ്‌റാഹീമുബ്‌നു അദ്ഹം(റ), ഉവൈസുല്‍ ഖര്‍നി(റ), സുഫ്‌യാനു സൗരി, ദുന്നൂനില്‍ മിസ്‌രി തുടങ്ങിയവരുടെ സന്ദര്‍ശനം ഖുദ്‌സിനെ ചൈതന്യധന്യമാക്കി.
ഖുദ്‌സ് കീഴടക്കിയപ്പോള്‍ ബൈതുല്‍ മുഖദ്ദസിന്റെ ഖാളിയായി സ്വലാഹുദ്ദീന്‍ അയ്യൂബി നിയമിച്ച പ്രമുഖ ശാഫിഈ പണ്ഡിതന്‍ മുഹ്‌യിദ്ദീനുസക്കീ, അയ്യൂബി സുല്‍ത്താന്‍ സ്വലാഹ് നജ്മുദ്ദീന്റെ കാലത്ത് മദ്‌റസത്തുല്‍ സ്വലാഹിയ്യയില്‍ അധ്യാപകനായി നിശ്ചയിക്കപ്പെട്ട ഫഖീഹും മുഹദ്ദിസും മുഫസ്സിറുമായിരുന്ന ഇസ്സുദ്ദീന്‍ അബ്ദുസ്സലാം, ചരിത്രകാരനും ബൈതുല്‍ മുഖദ്ദസിലെ ഖാളിയുമായിരുന്ന ബഹാഉദ്ദീന്‍ ഷദ്ദാദ്, കര്‍മശാസ്ത്ര പണ്ഡിതനും മുഖദ്ദസില്‍ മുദര്‍രിസുമായിരുന്ന റാഗിബ് നുഅ്മാനുല്‍ ഖാലിദി എന്നിവരുടെയൊക്കെ കര്‍മമണ്ഡലമായിരുന്നു ഖുദ്‌സ്. സഞ്ചാരികളായ ഇബ്‌നു ജുബൈറും (585ല്‍) ഇബ്‌നു ബത്തൂത്തയും (725ല്‍) ഇദ്‌രീസിയുമൊക്കെ ഖുദ്‌സ് സന്ദര്‍ശിച്ച് അവിടുത്തെ സാംസ്‌കാരിക-നാഗരിക-വൈജ്ഞാനിക വളര്‍ച്ചയെ അടയാളപ്പെടുത്തി.

വിശ്വപണ്ഡിതന്‍ ജനിച്ച നാട്
ഗസ്സയും ലോകത്തെ പഴക്കം ചെന്ന നാടുകളിലൊന്നാണ്. പൗരാണിക കാലത്തെ പ്രമുഖ വാണിജ്യനഗരം കൂടിയായിരുന്നു അത്. ഖുര്‍ആന്‍ സൂചിപ്പിച്ച ഖുറൈശികളുടെ വേനല്‍ക്കാല കച്ചവടത്തിന്റെ ലക്ഷ്യങ്ങളില്‍ ഗസ്സയുണ്ടായിരുന്നു. ഇത്തരമൊരു കച്ചവടയാത്രയിലായിരുന്നു പ്രവാചക പിതാമഹന്‍ ഹാഷിം ബിന്‍ അബ്ദുമനാഫ് ഗസ്സയില്‍വച്ച് മരണപ്പെട്ടത്. അവിടുത്തെ ജാമിഉ സയ്യിദ് ഹാശിം പള്ളിയങ്കണത്തിലാണവരുടെ ഖബര്‍. പ്രവാചകത്വത്തിനു മുമ്പ് നബിയും ഗസ്സ സന്ദര്‍ശിച്ചിട്ടുണ്ട്.
ബി.സി 332ല്‍ അലക്‌സാണ്ടര്‍ ഗസ ആക്രമിച്ചു കീഴടക്കി. ക്രിസ്താബ്ദം ഒന്നാം നൂറ്റാണ്ടില്‍ ഇവിടെ ഗ്രീക്ക് തത്വശാസ്ത്രവും സാഹിത്യങ്ങളും പഠിപ്പിക്കപ്പെട്ട പാഠശാലകളുണ്ടായിരുന്നുവത്രെ. ക്രിസ്താബ്ദം 637ല്‍ അംറുബ്‌നുല്‍ ആസ്വ്(റ) കീഴടക്കിയതോടെ ഗസ്സ സുപ്രധാന ഇസ്‌ലാമിക നഗരമായി വളര്‍ന്നു. അബ്ബാസി കാലഘട്ടത്തില്‍ സാഹിതീയ മേഖലയില്‍ അതു ശോഭിച്ചിരുന്നു.
മദ്‌റസകളും പള്ളികളും ആതുരാലയങ്ങളുമൊക്കെ സ്ഥാപിതമായ മംലൂക്കുകളുടെ കാലത്താണ് ഗസ്സയും വിദ്യാകേന്ദ്രമായി ഉയര്‍ന്നുവരുന്നത്. ഇല്‍മുല്‍ ബിദാഅ (പാരായണ ശാസ്ത്രം), തഫ്‌സീര്‍, ഫിഖ്ഹ്, ഹദീസ്, തസ്വവ്വുഫ് തുടങ്ങിയ വിജ്ഞാന ശാഖകളൊക്കെ ഗസ്സയില്‍ പന്തലിച്ചുനിന്നു. തഫ്‌സീറില്‍ മുഹമ്മദുബിന്‍ ഹമ്മാദ് ത്വബ്‌റാനും തസ്വവ്വുഫില്‍ മുഹമ്മദ് ബിന്‍ ഹുസൈന്‍ ബന്‍ അലി അല്‍ഗസിയും മുഹമ്മദുബിനു ഉമറില്‍ ഖര്‍ഖിയും പേരെടുത്തു. ഹദീസ് പഠിക്കാന്‍ സ്‌പെയിനില്‍ നിന്നു മറ്റു രാഷ്ട്രങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ഗസ്സയിലേക്കു യാത്ര ചെയ്തു.
വിശ്വപണ്ഡിതനും മദ്ഹബിന്റെ ഇമാമുമായ ഇമാം ശാഫിഈ(റ)യുടെ ജന്മസ്ഥലമായിട്ടാണ് ഗസ്സ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ടതും പറയപ്പെട്ടതും. ഇമാം ശാഫിഈയുടെ ചെറുപ്പകാലം അവിടെയാണു ചെലവഴിച്ചത്.
1154ല്‍ ഇദ്‌രീസി ഗസ്സ സന്ദര്‍ശിച്ചു; 1355ല്‍ ഇബ്‌നു ബത്തൂത്തയും. പിന്നീട് ഇബ്‌നുല്‍ ബത്തൂത്ത എഴുതി: ”വലിയ ജനസാന്ദ്രതയുള്ള ധാരാളം പള്ളികളുടെ നാടാണ് ഗസ്സ.” അഹ്മദുബിന്‍ രിള്‌വാന്റെ ഭരണകാലത്ത് ഗവര്‍ണറും സുപ്രസിദ്ധ ഫഖീഹുമായ ഖൈറുദ്ദീന്‍ റംലിയുടെ സാരഥ്യത്തില്‍ ഈ നഗരം മത-സാംസ്‌കാരിക കേന്ദ്രമായി ശോഭിച്ചു. ഗസ്സയില്‍ ഭരണം നടത്തിയ രിള്‌വാന്‍ കുടുംബം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഒരുപാട് നടത്തിയിട്ടുണ്ട്. 1978ല്‍ സ്ഥാപിച്ച ഗസ്സ യൂനിവേഴ്‌സിറ്റി ആധുനിക ഗസ്സയുടെ വിദ്യാഭ്യാസ മുഖമാണ്.

പ്രഭ പരത്തിയ റംലികള്‍
പണ്ഡിതന്‍മാരുടെ നാടായിരുന്നു റാമല്ല. അബ്ബാസി ഖലീഫ സുലൈമാന്‍ ബിന്‍ അബ്ദുല്‍ വലീദ് ആണ് ഈ പട്ടണം സ്ഥാപിച്ചത്. പിന്നീട് ഫലസ്തീന്‍ സൈനിക കേന്ദ്രമായി അതു വളര്‍ന്നു. അബു അബ്ദില്ല മുഹമ്മദു ബ്‌നു അഹമ്മദുല്‍ ബഷാറുല്‍ മഖ്ദസി തന്റെ ‘ഹുസനുത്തഖാസീം’ എന്ന ഗ്രന്ഥത്തില്‍ റാമല്ലയെ രേഖപ്പെടുത്തി: ”അവിടെ ഒരു നദി കൂടിയുണ്ടായിരുന്നെങ്കില്‍ ഏറ്റവും നല്ല മുസ്‌ലിം നാട് അതാണ് എന്നതില്‍ രണ്ടഭിപ്രായമുണ്ടായിരുന്നില്ല.” നാല്‍പതോളം വരുന്ന പണ്ഡിതന്‍മാരും സാഹിത്യകാരന്‍മാരും റാമല്ലയിലേക്ക് ചേര്‍ത്തു പറയപ്പെടുന്നുണ്ട്.
പ്രമുഖ ഹദീസ് പണ്ഡിതന്‍ ഖൈറുദ്ദീന്‍ റംലി റാമല്ലയുടെ പുത്രനാണ്. ”അദ്ദേഹത്തിന്റെ കാലത്ത് റാമല്ല മതകീയ വിജ്ഞാനങ്ങളുടെയും ഫത്‌വകളുടെയും കേന്ദ്രമായിരുന്നു” (ഖുലാസതുല്‍ അസര്‍). ഫലസ്തീന്‍, സിറിയ, ഹിജാസ്, മൊറോക്കോ എന്നിവിടങ്ങളില്‍ നിന്നൊക്കെ ശിഷ്യന്‍മാര്‍ അദ്ദേഹത്തെ തേടിയെത്തിയിരുന്നു. ‘പണ്ഡിതനും സൂഫിയുമായിരുന്ന’ മൂസല്‍ ഖുബ്ബി (വ: 1007), വിശ്രുത ഹനഫീ കര്‍മശാസ്ത്ര പണ്ഡിതന്‍ ഇബ്‌റാഹീം ബിന്‍ ഇസ്മാഈലു റംലി (വ: 1049), ഫഖീഹും സാഹിത്യകാരനുമായിരുന്ന മുഹ്‌യിദ്ദീന്‍ ബിന്‍ ഖൈറുദ്ദീന്‍ റംലി(വ: 1097), മുഫ്തിയും ഇല്‍മുത്ത്വിബ്ബില്‍ അഗാധജ്ഞാനിയുമായ മുഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ അലി അല്‍ ഗസവി, സൂഫീ വനിത ആമിന റംലിയ്യ തുടങ്ങിയവരൊക്കെ റാമല്ലയുടെ സന്തതികളോ റാമല്ല അവരുടെ കര്‍മഗോദയോ ആയിരുന്നു. സുലൈമാനുത്താജുല്‍ ഫാറൂഖി, അബ്ദുല്‍ ഹമീസ് അശ്ശാഫിഈ, അബ്ദുറഹ്മാന്‍ ഖയാലീ, ഈസ സഖരി തുടങ്ങിയ സാഹിത്യ കുലപതികളും റാമല്ലയുടെ സംഭാവനകളാണ്.

വിദ്യയുണര്‍ന്ന മറ്റു നാടുകള്‍
വിജ്ഞാനവും നാഗരികതയുമുണര്‍ന്ന മറ്റൊരു ഫലസ്തീന്‍ നാടാണ് നാബുല്‍സ. പ്രസിദ്ധ കവി ഇബ്‌റാഹീം തുഖാന്റെയും പ്രമുഖ പണ്ഡിതന്‍ അബ്ദുല്‍ ഹമീസ് സാഇശിന്റെയും നാടാണ് നാബുല്‍സ്. 22ഓളം നദികളൊഴുകിയതു കാരണം മഖ്ദസി അതിനെ ‘ചെറിയ ഡമസ്‌കസ്’ എന്നു വിളിച്ചു. ‘മുഅ്ജമുല്‍ കബീര്‍ ഫീ അസ്മാഇ സ്വഹാബ, മുഅ്ജമുല്‍ ഔസഥ്, മുഅ്ജമുല്‍ സ്വഗീര്‍ എന്നീ പ്രസിദ്ധ ഗ്രന്ഥങ്ങളുടെ രചയിതാവ് സുലൈമാന്‍ ബിന്‍ അഹ്മദ് ബിന്‍ അബ്ബാസ് ത്വബരിയുടെ ത്വബ്‌രിയ്യയും പ്രമുഖ ഹദീസ് പണ്ഡിതന്‍ ഇബ്‌റാഹീം ബിന്‍ മുഹമ്മദ് ബിന്‍ അബ്ദുറസാഖുല്‍ ഹീഥ്വിയുടെ ജന്മസ്ഥലമായ ഹീത്വയും ലോകത്തിലെ അതിപുരാണ നഗരങ്ങളിലൊന്നായ അരീഹയും മക്കാ ഹറമിലെ ഫഖീഹും മുഹദ്ദിസുമായിരുന്ന അബൂ മുഹമ്മദ് ഹയാജില്‍ ഹിത്തീനിയുടെയും ‘നുഖ്ബതു ദ്ദഹ്‌റി’ന്റെ രചയിതാവ് മുഹമ്മദ് ബിന്‍ അബീത്വാലിബില്‍ അന്‍സ്വാരിയുടെയും നാടായ ഹിത്തീനുമൊക്കെ ഫലസ്തീനിലെ അറിവും അറിവുള്ളവരും ജനിച്ചുവളര്‍ന്ന നാടുകളാണ്. ഫലസ്തീന്റെ ഈ വെളിച്ചം കെടുത്തിയ ജൂതന്‍മാര്‍ അവിടെ പകര്‍ന്നിരിക്കുന്നത് നൂറ്റാണ്ടുകളിലേക്കുള്ള ഇരുട്ടാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter