സ്പെയിനിൽ നഷ്ടപ്പെട്ടത് കേവലം ഒരു രാഷ്ട്രമായിരുന്നില്ല
ഇസ്‍ലാമിന്റെ യൂറോപ്യൻ നവോത്ഥാനത്തിന്റെ പ്രധാന ഭാഗമായിരുന്ന സ്പെയിനിൽ മുസ്‍ലിം ഭരണം ഏഴ് നൂറ്റാണ്ടിനടുത്ത് വരെ നീണ്ടുനിന്നിരുന്നുവെന്നതുകൊണ്ട് തന്നെ ഇന്നും സ്പെയിനോ സ്പെയിനിന്റെ ഭാഗമായിരുന്ന മറ്റു പ്രദേശങ്ങളോ പൂർണ്ണമായും ഇസ്‍ലാമിനെ കൈവിട്ടിട്ടില്ല എന്ന് വേണം പറയാൻ. എന്നാൽ 1492 മുതൽ 1800കളുടെ മധ്യഭാഗം വരെ ക്രിസ്ത്യൻ ആധിപത്യമായിരുന്നു സ്പെയിനിലുണ്ടായിരുന്നുവെന്നത് കൊണ്ട് തന്നെ പല മുസ്‍ലിം ചിഹ്നങ്ങളും പ്രതീകങ്ങളും ക്രിസ്തീയ വൽക്കരിക്കപ്പെടുകയോ ക്രിസ്ത്യൻ അവകാശവാദങ്ങൾക്ക് ഇരയായിത്തീരുകയോ ചെയ്തിട്ടുണ്ടെന്നതാണ് സത്യം. അത്കൊണ്ട് തന്നെ വിശ്വാസ ആചാര കാര്യങ്ങളിലേത് പോലെ തന്നെ കലാസാഹിത്യ സാംസ്കാരിക മേഖലകളിലും ഇത്തരത്തിലുള്ള ചോരണങ്ങളോ കണ്ടെഴുത്തുകളോ കാണാൻ സാധിക്കും.
കന്യാ മറിയവും ഫ്ലമൻകോയും
ഗ്രാനഡയിലെ അവസാനത്തെ മുസ്‍ലിം ഭരണാധികാരി ക്രിസ്ത്യൻ ആധിപത്യത്തിന് കീഴടങ്ങിയതിനു ശേഷം ലോകം കണ്ട ഏറ്റവും വലിയ ക്രൂരതകൾക്കാണ് സ്പെയിൻ സാക്ഷ്യം വഹിച്ചത്. ഇൻക്വസിഷനിലൂടെ (ക്രിസ്ത്യാനിറ്റിയല്ലാത്ത മറ്റെല്ലാത്തിനെയും ഇല്ലായ്മ ചെയ്യൽ) സ്പെയിൻ കീഴടക്കിയ സമയത്ത് വാഗ്ദാനത്തിലുണ്ടായിരുന്ന കരാർ നിയമങ്ങൾ ലംഘിച്ചുവന്നതിലുപരി മുസ്‍ലിം പള്ളികൾ ചർച്ചുകളാക്കിത്തീർക്കുകയും ദരിദ്ര-നിരാലംബ മുസ്‍ലിം ജൂത വിഭാഗങ്ങളെ നിർബന്ധിച്ച് മതപരിവർത്തനം നടത്തുകയും ചെയ്തു. അത് മൂലമാണ് ക്രിപ്റ്റോ ജൂതന്മാർ ക്രിപ്റ്റോ മുസ്‍ലിംകൾ എന്നിങ്ങനെയുള്ള വിഭാഗങ്ങൾ അവിടുത്തെ പ്രാദേശിക മുസ്‍ലിം ജൂത സമൂഹങ്ങളിൽ ഉണ്ടായിതീർന്നത്.
1700-800 കാലഘട്ടത്തിൽ സ്പെയിനില്‍ ഉയർന്നുവന്ന മുജേഡര്‍ വാസ്തുവിദ്യ അക്ഷരാർത്ഥത്തിൽ ഇസ്‍ലാമിക നവോത്ഥാനത്തിന്റെ ബാക്കി പത്രമാണ്. മുജേഡർ എന്ന പദം തന്നെ മുജദ്ദാൻ എന്ന അറബി പദത്തിൽ നിന്നും ഉരിത്തിരിഞ്ഞു വന്നതാണെന്ന വസ്തുതയാണ് അതിന്റെ ഏറ്റവും വലിയ തെളിവ് തന്നെ. എന്നാൽ പിൽക്കാലത്ത് മുസ്‍ലിം റിപ്പബ്ലിക്കിൽ അതിന് വേണ്ടത്ര പ്രശസ്തിയും പരിഗണനയും ലഭിക്കാത്തതുകൊണ്ടാവാം, അവ ക്രിസ്ത്യൻ പാരമ്പര്യത്തിന്റെ ഭാഗമായിതീർന്നതെന്നാണ് മനസ്സിലാക്കപ്പെടുന്നത്.
ഫ്ലെമെൻകോ കലാരൂപവും ആദ്യകാല ഇസ്‍ലാമിക കലാബോധ്യങ്ങളുടെ ഭാഗമായിരുന്നു. അറബിപദമായി ഗണിക്കപ്പെടുന്ന ഫലാഹ് മെങ്കു (അലയുന്ന കർഷകൻ) എന്ന പദം പരിണമിച്ചാണ് ഫ്ലെമെൻകോ (ആധുനികരൂപം) ആയിത്തീർന്നത് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഉയർന്നു വന്നതാണ് ബാജി ആൻഡലൂഷ്യ. അടിച്ചമർത്തപ്പെട്ട മുസ്‍ലിം- ജൂത ജനതയുടെ സംഗീതമായി കരുതപ്പെട്ടിരുന്ന ഈ മ്യൂസിക്കൽ ട്രഡീഷൻ കാലാന്തരത്തിൽ ചർച്ചകളുടെയും ക്രിസ്ത്യൻ പാരമ്പര്യത്തിന്റെയും ഭാഗമായിത്തീർന്നുവന്നതാണ് സത്യം.
ക്രിസ്ത്യൻ സൂഫിസവും ചില സാഹിത്യങ്ങളും
ഇൻക്വസിഷനിലൂടെ കേവലം ഒരു ഭരണ നേട്ടമോ ഭൗതിക ഉയർച്ചയോ മാത്രമായിരുന്നില്ല സ്പെയിൻ കത്തോലിക്കൻസ് ലക്ഷ്യം വച്ചത്. മറിച്ച് നൂറ്റാണ്ടുകളായി നിലനിന്നിരുന്ന മുസ്‍ലിം കലാ സാഹിത്യ ദാർശനിക ഉയർച്ചകളെല്ലാം തങ്ങളുടേതാക്കി തീർക്കാനുള്ള ശ്രമങ്ങളും അതിന്റെ കൂടെയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ക്രിസ്ത്യാനിറ്റിയുടെ മൗലിക കൃതികളായി കരുതപ്പെടുന്നവകളിൽ പോലും വ്യക്തമായ ഇസ്‍ലാമിക സ്വാധീനം മുഴച്ച് നിൽക്കുന്നതായി കാണാൻ സാധിക്കും.
അന്നത്തെ ഇസ്‍ലാമിക സൂഫിസത്തിന്റെ വക്താവായിരുന്ന അബു മദിയന്റെ കൃതികൾ, ചിന്തകൾ, സൃഷ്ടികൾ ഒക്കെ തന്നെയും അത്തരത്തിലുള്ള ചോരണങ്ങൾക്ക് വിധേയമായിട്ടുണ്ട്. മാത്രമല്ല ഫ്രാൻസിസ്കോ ബോട്ടല്ല മൽഡോണാഡോ പറയുന്ന പ്രകാരം നോക്കിയാൽ ആധുനിക കാലത്ത് ക്രിസ്ത്യൻ തീർത്ഥാടന കേന്ദ്രങ്ങളായി കരുതി പോരുന്ന പലതും ഒരുകാലത്ത് മുസ്‍ലിം ഭക്തി കേന്ദ്രങ്ങൾ ആയിരുന്നു. സൂഫി ത്വരീഖത്തുകളുടെ ആളുകൾ (സവിയകൾ) അത്തരം പ്രദേശങ്ങളിൽ തമ്പടിച്ചിരുന്നതായും ചരിത്രത്തിൽ കാണാൻ സാധിക്കും.
മറ്റൊരു ചരിത്രകാരൻ ലൂക്കെ ലോപ്പസ് ബാറാൾട്ട് പറയുന്നതിങ്ങനെയാണ്, "സെൻ ജുവാന്റെ കവിതകളും ശ്ലോകങ്ങളുമെല്ലാം മുസ്‍ലിം സ്പെയിനിൽ ജീവിച്ചിരുന്ന ഇബ്നു അറബിയുടെ ചിന്തകളിൽ നിന്നും മൊഴികളിൽ നിന്നും ഉടലെടുത്തവയാണ്". ജോണിന്റെ തന്നെ അസൻസോ അൽ കർമ്മലോയും ഇബ്നു അറബിയുടെ ഫുതൂഹാത്തുൽ മക്കിയ്യയും ഇതിനോട് കൂട്ടി വായിക്കണം. ഇരുരചനകളിലും ആത്യന്തികമായി ജഗനിയന്താവിന്റെ ഏകത്വം വ്യക്തമായി പ്രതിപാദിക്കപ്പെടുന്നുണ്ട് എന്നത് കേവലം യാദൃഛികതയല്ല.
സെന്റ് ജോണിന്റെ രചനകളിൽ ഉടനീളം നിറഞ്ഞുനിൽക്കുന്ന ദാർശനിക സൂഫി ആശയങ്ങൾ എല്ലാം തന്നെ മോറിസ്കോകളിൽ ( ഇസ്‍ലാമിൽ നിന്നും ക്രിസ്ത്യാനിറ്റിയിലേക്ക് മാറിയവർ) നിന്നും കടമെടുത്തതോ കേട്ടറിഞ്ഞതോ ആയവകളാണ്. സ്വന്തം മാതാവായ കാറ്റലിനാ അൽവാരസിൽ നിന്ന് വരെ സെന്റ് ജോൺ അത്തരത്തിൽ കടമെടുപ്പ് നടത്തിയിട്ടുണ്ട്.
ചുരുക്കത്തിൽ എഡി 71 മുതൽ 1492 വരെ നീണ്ടുനിന്ന മുസ്‍ലിം ഭരണ ഘട്ടത്തിലാണ് സ്പെയിൻ യൂറോപ്പിന്റെ ചിന്തോദ്ദീപകമായി മാറിയത്. ആ കാലഘട്ടത്തിലുള്ള അക്കാദമികവും അല്ലാത്തതുമായ നേട്ടങ്ങളെല്ലാം തന്നെ പിൽക്കാലത്ത് പലവിധ അവകാശങ്ങൾക്കിരയായി മറ്റാരുടെയോ ആയിത്തീർന്നുവെന്നതാണ് ചരിത്രവും സത്യവും.
വൽക്കഷ്ണം : ഇക്കാലത്ത് സ്പെയിൻ സന്ദർശിക്കുകയും അവിടെയുള്ള പുരാതന മന്ദിരങ്ങൾ വീക്ഷിക്കുകയും ചെയ്യുന്നവർക്ക് അവിടത്തെ ഭിത്തികളിലും മതിലുകളിലും ഇസ്‍ലാമിക് ഗ്രഫികൾ കൊത്തിവച്ചതായി കാണാൻ കഴിയും. പഴക്കമേറിയ ക്രിസ്ത്യൻ പള്ളികളുടെ മേൽക്കൂരകളുടെ അറ്റത്ത് പോലും അത്തരം ഗ്രാഫിക് ഫീച്ചറുകൾ ഇന്നും നിലനിൽക്കുന്നുണ്ട്.
Leave A Comment